UPDATES

ഈ തെരഞ്ഞെടുപ്പിലും വണ്‍ മാന്‍ ഷോ; ഊര്‍ജമില്ലാതെ പ്രധാനമന്ത്രി, മങ്ങിയോ വ്യക്തി പ്രഭാവം?

ആ ഒറ്റ രാത്രികൊണ്ട് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെട്ടത്

                       

ടി20 മല്‍സരത്തില്‍ എല്ലാ ഓവറുകളും ചെയ്യാന്‍ ജസ്പ്രീത് ബുംറയോട് ആവശ്യപ്പെട്ടാല്‍ കളി തീരുമ്പോള്‍ ബുംറ ഏത് അവസ്ഥയിലായിരിക്കും. നൂറ്റിപത്ത് വാള്‍ട്ടുമായി ഇറങ്ങിയവന് ഓവര്‍ കഴിയുമ്പോള്‍ സീറോ വാള്‍ട്ട് വെളിച്ചമെങ്കിലും ശേഷിച്ചാല്‍ ഭാഗ്യം അല്ലേ?. തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പിന്നിടുമ്പോള്‍ അതേ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷീണവും തളര്‍ച്ചയും അദ്ദേഹത്തില്‍ കാണാം. അമിത പ്രചാരണത്തിന്റെ ക്ഷീണം ശരീരഭാഷയില്‍ നിന്ന് വായിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ജയം ഉറപ്പിച്ചിരുന്നു എന്‍ഡിഎ മുന്നണി. പിന്നീട് നടന്നത് പ്രചാരണ ടൈംടേബിള്‍ ഒരുക്കല്‍ മാത്രമാണ്. മുന്‍ തെരഞ്ഞെടുപ്പുകളിലേത് പോലെ തന്നെ ഇത്തവണയും ബിജെപിയുടെ താരപ്രചാരകന്‍ മോദിയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം വോട്ടാക്കുക എന്ന ലക്ഷ്യത്തില്‍ തന്നെയായിരുന്നു ബിജെപി പ്രചാരണ ടൈം ടേബിള്‍ തയ്യാറാക്കിയതും. പിന്നാലെ ഓരോ സംസ്ഥാനത്തും അജണ്ട സെറ്റാക്കി, താര മണ്ഡലങ്ങളിലെല്ലാം അദ്ദേഹത്തെ എത്തിച്ചാല്‍ മതി, ജനവികാരം എളുപ്പത്തില്‍ അനുകൂലമാകും. ഇതായിരുന്നു ബിജെപി കണ്ട സ്വപ്നം. എന്നാല്‍ കാര്യം വിചാരിച്ചയത്ര എളുപ്പമായിരുന്നില്ല. ഒന്നാം ഘട്ടം കഴിഞ്ഞപ്പോഴേക്കും താര പ്രചാരകനെ തളര്‍ത്തിയതും അതാണ്. മാക്‌സ് വെബര്‍ എന്ന മഹാനായ സാമൂഹ്യശാസ്ത്രജ്ഞനാണ് കരിഷ്മ എന്ന ആശയം രൂപപ്പെടുത്തിയത്.

ഹര്‍ദിക്, ഈ വിധി നിങ്ങളുടേത് മാത്രമല്ല

ഒരു കരിസ്മാറ്റിക് വ്യക്തിത്വം എന്നതിനെ അദ്ദേഹം നിര്‍വചിക്കുന്നത് ഇങ്ങനെയാണ്-സന്യാസിയോ മതനേതാവോ, സിനിമ-കായിക, രാഷ്ട്രീയം പോലുള്ള മേഖലയിലെ താരമോ ആയ വ്യക്തി, അവര്‍ തന്റെ പുതുമയും ജനപ്രീതിയും നഷ്ടപ്പെടുമ്പോള്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന ആകര്‍ഷണീയത ഉണ്ട്. അതാണ് കരിഷ്മാറ്റിക് പ്രഭാവം. ഈ കരിഷ്മാറ്റിക് പ്രഭാവം അവരെ സമാന മേഖലയിലെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കി മാറ്റും. എല്ലാ ശ്രദ്ധയും അവരിലേക്ക് കേന്ദ്രീകരിക്കപ്പെടും. ഒടുവിലത് ഒരു വണ്‍ മാന്‍ ഷോ ആയി മാറും. ഇതോടെ പ്രേക്ഷകര്‍ക്ക് കരിസ്മാറ്റിക് വ്യക്തിയുടെ ശരീരഭാഷയടക്കം സുപരിചിതമായി മാറും. ഓരോ സാഹചര്യത്തിലും അവര്‍ എങ്ങനെ പെരുമാറും എന്തായിരിക്കും പ്രതികരണം എല്ലാം പ്രവചിക്കാന്‍ പ്രേക്ഷകന് സാധിക്കും. ഇത്തരം അവസ്ഥയില്‍ അവര്‍ നിരന്തരം സ്വയം നിര്‍മിത ആകര്‍ഷണീയതകള്‍ പുതുക്കേണ്ടി വരും. അത്തരം വ്യക്തിയ്ക്ക മാത്രമാണ് സ്വയംനിര്‍മ്മിത പ്രഭാവത്തില്‍ തുടരാന്‍ സാധിക്കു എന്നാണ് വെബര്‍ പറയുന്നത്. ഈ നിര്‍വചനത്തെ അടിസ്ഥാനമാക്കി നോക്കുകയാണെങ്കില്‍ മോദിയിലെ ഊര്‍ജ്ജ നഷ്ടം സ്വയം നിര്‍മ്മിത പ്രഭാവത്തിന് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുന്നുവെന്ന് പറയാം.

മങ്ങുന്ന കരിഷ്മയും കോട്ടം തട്ടാത്ത മോദി ആരാധനയും

മോദി പ്രഭാവം എന്നതിന് അപ്പുറം ഇന്നും നിലനില്‍ക്കുന്ന ഒന്നാണ് മോദി ആരാധന എന്നത് വിസ്മരിച്ചുകൂട. അതിന് കരിഷ്മയും വിശ്വാസവും തമ്മിലെ വ്യത്യാസം വ്യക്തമാവണം. തങ്ങളുടെ മൂര്‍ത്തിയുടെ പരിധിയില്ലാത്ത അധികാരത്തിലും ജ്ഞാനത്തിലും ആരാധകന്‍ അര്‍പ്പിക്കുന്ന ഭക്തിയാണ് വിശ്വാസം. അത് ചോദ്യം ചെയ്യപ്പെടാന്‍ സാധിക്കാത്തതാണ്. അതാണ് ആരാധനയുടെ സവിശേഷതയും. മോദിയുടെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. ഇന്നും നിലനില്‍ക്കുന്നതും അതാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭഗവാന്‍ സമൂഹത്തെ (മനുഷ്യരാശിയെ) എല്ലാത്തരം പ്രതികൂലസാഹചര്യങ്ങളില്‍ നിന്നും സംരക്ഷിക്കും. മോദി വിശ്വാസികളെ സംബന്ധിച്ചിടത്തോളം മോദിയ്്ക്ക് ഒരു തെറ്റും ചെയ്യാന്‍ കഴിയില്ല, മാത്രമല്ല നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും അദ്ദേഹത്തിലുണ്ടെന്നാണ് ആ ഭക്തര്‍ കരുതുന്നത്. അതുകൊണ്ടാണ് കരിഷ്മ മങ്ങുമ്പോഴും മോദി ആരാധന നിലനില്‍ക്കുന്നത്.

തെരഞ്ഞെടുപ്പ് ആദ്യഘട്ടം: സാഹചര്യങ്ങളും സാധ്യതകളും

ഇനി കരിഷ്മ അഥവ വ്യക്തി പ്രഭാവത്തില്‍ മങ്ങലുണ്ടായത് എങ്ങനെയെന്ന് നോക്കിയാല്‍, ആദ്യത്തേത് കച്ചത്തീവ് ദ്വീപ് വിഷയമാണ്. ഒരു പ്രകോപനവുമില്ലാതെ ഭൗമരാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിരുത്തരവാദപരമായാണ് അദ്ദേഹം ഉന്നയിച്ചതെന്നത് നിസ്സംശയം പറയാം. രണ്ടാമതായി, ‘ഇലക്ടറല്‍ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. സുപ്രീം കോടതി വിധി വന്ന ശേഷമായിരുന്നു അതെന്ന് കൂടി ഓര്‍മിക്കണം. ആര്‍ട്ടിക്കിള്‍ 370, അയോധ്യയില്‍ രാമക്ഷേത്രം വിഷയങ്ങളില്‍ നിയമവ്യവസ്ഥ ദുരുപയോഗം ചെയ്‌തെന്ന ആരോപണം നിലനില്‍ക്കെയാണ് ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ പ്രതികരണം വന്നെതന്നും ചേര്‍ത്ത് വായിക്കാം. ചന്ദ ദോ, ദണ്ഡാ ലോ (സംഭാവന നല്‍കു, ബിസിനസ് ചെയ്യു) എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം സത്യമാണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാവുന്നതിന് ഇലക്ടറല്‍ ബോണ്ട് വിഷയം സഹായിച്ചു. ആ ഒറ്റ രാത്രികൊണ്ട് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെട്ടത്. അധാര്‍മികതയുടെ പ്രഭാവം അദ്ദേഹത്തിലേക്ക് എത്തിചേര്‍ന്നു. ആ പ്രവൃത്തി പരമ്പരയുടെ തുടര്‍ച്ചയായി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് വന്നു. അറസ്റ്റ് പ്രതികാര പ്രവര്‍ത്തിയാണെന്നത് ജനം മനസിലാക്കി. ഇതോടെ പൊട്ടിവീണത് മോദിയുടെ അഴിമതി വിമുക്ത ഭാരതമെന്ന മുദ്രാവാക്യത്തിന്റെ വിശ്വാസ്യതയാണ്. മോദിയുടെ അഴിമതി വിരുദ്ധ പോരാട്ടം ഒരു കുരിശുയുദ്ധമായി കാണാന്‍ കഴിയില്ല. മറിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ യുദ്ധ ഉപകരണമാണെന്ന് തിരിച്ചറിവ് അത് നല്‍കി. അബ് കി ബാര്‍, 400 പര്‍- എന്ന വീമ്പിളക്കല്‍ മോദി സര്‍ക്കിളിലെ ചിലരില്‍ തന്നെ അസ്വസ്ഥത സൃഷ്ടിച്ചു.”ബാബാസാഹെബിന്റെ ഭരണഘടന” ഉപയോഗിച്ച് കുരങ്ങ് കളിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മോദിയ്ക്ക് വിശദീകരിക്കേണ്ടി വന്നതും അതുകൊണ്ട് തന്നെയാണ്.

ഭയപ്പെടാത്ത പ്രതിപക്ഷം

മറുവശത്ത്, 2024ലും ഞങ്ങള്‍ തൂക്കി എന്ന തരത്തിലുള്ള ബിജെപിയുടെ ഭയപ്പെടുത്തലുകളില്‍ വീഴാതെ പിടിച്ച് നിന്ന പ്രതിപക്ഷവും മോദിയ്ക്ക് മങ്ങലേല്‍പ്പിച്ചതായി കാണാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍, പ്രതിപക്ഷ മുന്നണി മോദി പറഞ്ഞതും പാലിക്കാത്തതുമായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചു. പത്തുവര്‍ഷത്തെ ഭരണത്തെ ഇഴകീറി പരിശോധിച്ച് നെല്ലും പതിരും വേര്‍തിരിച്ച് ജനങ്ങളിലേക്ക് എത്തിച്ചു. പ്രധാനമന്ത്രിയും കൂട്ടാളികളും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും അവകാശവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ മിനിറ്റുകള്‍ക്കകം തന്നെ പ്രതിരോധിച്ചു. സത്യം തുറന്ന് കാട്ടി. മധ്യപ്രദേശും ഗുജറാത്തും ഒഴിച്ചുള്ള ഇടങ്ങളിലെല്ലാം പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായോ ഒറ്റയ്ക്കോ, ബിജെപിയുടെ കുതന്ത്രങ്ങളെ വെല്ലുവിളിക്കുന്നതില്‍ അമ്പരിപ്പിക്കുന്ന പുതുമകളാണ് കൊണ്ട് വന്നത്. ദേശീയത വാദമെന്ന ബിജെപിയുടെ സുപ്രധാന ആയുധത്തെ ശക്തമായ പ്രതിരോധം ഉയര്‍ന്നത് എടുത്തുപറയേണ്ടത് തന്നെയാണ്.
അതേസമയം, തന്ത്രങ്ങളും കുതന്ത്രങ്ങളുമുള്‍പ്പെടെ സംഘടനാപരമായ വിഭവസമൃദ്ധിയില്‍ ബി.ജെ.പി.യെ ഇപ്പോഴും എതിരാളികളേക്കാള്‍ തലയുയര്‍ത്തി നില്‍ക്കുന്നു എന്നത് സത്യമായ കാര്യമാണ്. ഈ ശക്തിയുടെ ആഘാതമുണ്ടായ മേഖലകളിലൊന്നാണ് എന്‍ജിഒ. കഴിഞ്ഞ പത്ത് വര്‍ഷത്തെ മോദി ഭരണം ജനാധിപത്യ ഇന്ത്യയുടെ ഈ നിര്‍ണായക വിഭാഗത്തെ ഫലത്തില്‍ ഇല്ലാതാക്കിയെന്ന് പറയാം. ആര്‍എസ്എസുമായി യോജിച്ചു നില്‍ക്കുന്നവ ഒഴികെയുള്ള മിക്കവാറും എല്ലാ എന്‍ജിഒകളും അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത്, സോഷ്യല്‍ മീഡിയയിലൂടെ ജനാധിപത്യപരവും പുരോഗമനപരവുമായ ശബ്ദങ്ങള്‍ തനിയെ ഉയര്‍ന്നുവരുന്നുണ്ട്. ഭരണകക്ഷിക്കെതിരെ ജനകീയ അതൃപ്തിയും നീരസവും രോഷവും അവിടെ അണിനിരക്കുന്നു. അപ്പോഴും പറഞ്ഞു പഴകിയ ഹിന്ദു-മുസ്ലിം വിഭവം പലതരം തട്ടില്‍ വിളമ്പുന്നതിലേക്ക് പ്രധാനമന്ത്രി സ്വയം ചുരുങ്ങി. അദ്ദേഹം അനുദിനം ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് പോലും ഒരുതരം അപകര്‍ഷതയുണ്ട്.

മോദിയെ ഞെട്ടിക്കുന്ന ഇന്ത്യന്‍ ജനത: ആവര്‍ത്തിക്കപ്പെടുക തെരഞ്ഞെടുപ്പ് ചരിത്രം

 

കടപ്പാട്: ദ വയറില്‍ ഹരീഷ് ഖരെ എഴുതിയ ലേഖനം

English Summary:  prime minister narendra modi finds himself on the back-foot

Share on

മറ്റുവാര്‍ത്തകള്‍