ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ചരിത്രം ആവര്‍ത്തിക്കപ്പെടാന്‍ പോവുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഫലത്തെ ഒറ്റവരിയില്‍ ഇങ്ങനെ പ്രവചിക്കാം. വരും ദിനങ്ങളില്‍ ഇന്ത്യ സാക്ഷ്യം വഹിക്കാന്‍ പോവുന്നത് ഒരു ചരിത്രത്തിന്റെ ആവര്‍ത്തനത്തിനാണ്. മോദി മൂന്നാം തവണയും അധികാരത്തിലേറുമ്പോള്‍, സ്വതന്ത്രാനന്തര ഇന്ത്യയുടെ ആദ്യകാല തെരഞ്ഞെടുപ്പ് ചരിത്രം ഒരിക്കല്‍ കൂടി ഓര്‍മിക്കപ്പെടും. അതായത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നേടിയ 16 വര്‍ഷം നീണ്ട ഭരണതുടര്‍ച്ച കാലം. മോദിയും ആ നേട്ടത്തിന് ഒപ്പം എത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിയും മുന്‍പ് തന്നെ മോദിയ ഭരണതുടര്‍ച്ചാ അവകാശ വാദം ഉന്നയിച്ചു കഴിഞ്ഞു. ഇരുനേതാക്കളെയും താരതമ്യം ചെയ്യുമ്പോള്‍ നെഹ്‌റു സ്വന്തം ഭരണ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചിരുന്നെന്ന വ്യത്യാസം ഉയര്‍ന്നു നില്‍ക്കും എന്നത് പറയാതെ വയ്യ. മോദിയെ സംബന്ധിച്ച് എതിരാളി എന്നൊരു വാക്ക് നിഘണ്ടുവില്‍ ഇല്ല, മുന്നണിക്കുള്ളിലും അതേ, പ്രതിപക്ഷ നിരയിലും അതേ. എവിടെയാണെങ്കിയും അവര്‍ വേട്ടയാടപ്പെടാനുള്ളവരാണ്. എന്ത് തന്നെയായാലും അന്നും ഇന്നും തോറ്റത് ഇന്ത്യന്‍ ജനാധിപത്യമാണ്. ദ ഗാര്‍ഡിയന്‍ ഒപ്പീനിയന്‍ പീസിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ജനാധിപത്യത്തിന്റെ ആണിക്കല്ലുകളിലൊന്നാണ് തുല്യത. പൗരന്‍മാര്‍ക്ക് തുല്യ പരിഗണനയും സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത ആശയങ്ങളെ അംഗീകരിക്കാനും സാധിക്കുന്നയിടത്താണ് ജനാധിപത്യം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുക. മോദിയുടെ ഇന്ത്യയില്‍ പൊടിക്ക് പോലും കാണാന്‍ സാധിക്കാത്തതും അതാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുക, മുന്‍ നിര പ്രതിപക്ഷ നേതാക്കളെ എന്‍ഫോഴ്സ്മെന്റും നികുതി വകുപ്പിനെയും ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുക ഇവയെല്ലാം യാദൃശ്ചികമായി സംഭവിക്കുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുണ്ടോ?. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഉപകരണങ്ങളാണ് കാലങ്ങളായി എതിരാളികള്‍ക്കെതിരായി മോദി ഉപയോഗിക്കുന്ന വജ്രായുധം. സത്യത്തില്‍ അതിന്റെ ആവശ്യം പോലും ഇല്ല. കാരണം 2018 മുതല്‍ ബിജെപിയിലേക്ക് ഒഴുകി എത്തിയത് 1.25 ബില്യണ്‍ പൗണ്ട് ആണ്. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച തുകയെക്കാള്‍ എത്രയോ മടങ്ങാണ് അത്. മോദി കാലം തൊട്ട് മുന്നോട്ടുപോവാനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ തന്നെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍.
അതേസമയം, മോദിയെ അത്ഭുതപ്പെടുത്തുക, 10 വര്‍ഷത്തെ ഭരണത്തിന് ശേഷവും വോട്ട് നല്‍കുന്ന ഇന്ത്യന്‍ ജനത തന്നെയായിരിക്കും. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വരുമാന അരക്ഷിതാവസ്ഥ ഇവയെല്ലാം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു ഭരണതുടര്‍ച്ചയ്ക്ക് ജനം അവസരം നല്‍കുന്നത്. ദൈനംദിന ആവശ്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു, ഒപ്പം ഭരണത്തില്‍ അഴിമതി വര്‍ധിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയുടെ ഫലം സമ്പന്ന വിഭാഗങ്ങളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതായും വോട്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ അസമത്വം കൊളോണിയല്‍ ഭരണത്തിന്‍ കീഴിലുള്ളതിനേക്കാള്‍ മോശവുമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ഉയര്‍ത്തുന്നു. അതേസമയം ഭരണം നിയമവിധേയമാക്കാന്‍ മോദിക്ക് ഒരു ജനവിധി ആവശ്യമാണ്. അതുകൊണ്ട് തന്നെ മോദിയോടുള്ള ചെറുത്തുനില്‍പ്പ് അപകടകരമായ കളിയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ റദ്ദാക്കപ്പെടുന്നത് പോലുള്ള വേട്ടയാടലുകളാണ് എതിരാളിയെ കാത്തിരിക്കുന്നതെന്നതിന് വിശദീകരണങ്ങളുടെ ആവശ്യമില്ലല്ലോ. ആധുനിക ഇന്ത്യ മതത്തിന്റെയോ വംശീയതയുടെയോ അടിസ്ഥാനത്തില്‍ അതിന്റെ സ്വത്വത്തെ നിര്‍വചിച്ചിട്ടില്ല. എങ്കിലും ഹിന്ദുഭൂരിപക്ഷ രാജ്യമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ രാജ്യത്ത് 200 ദശലക്ഷം മുസ്ലീങ്ങള്‍ കൂടിയുണ്ട്. എന്നാല്‍ മോദിയെപ്പോലുള്ളവര്‍ ഹിന്ദു ദേശീയവാദം ഉയര്‍ത്തിയാണ് കളിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിജിലന്റ് ഗ്രൂപ്പുകള്‍ താഴേത്തട്ടിലുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമാസക്തമാവുന്നതാണ് അതിന്റെ പ്രധാന പ്രത്യാഘാതം.
ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ക്രിസ്റ്റഫ് ജാഫ്രലോട്ട് ഗുജറാത്ത് അണ്ടര്‍ മോദി എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത് ഒരു ബഹുജന പ്രസ്ഥാനത്തിന് മാത്രമേ ഭരണസിര കേന്ദ്രത്തെ പോലും തോല്‍പ്പിക്കുന്ന ഇത്തരം അധികാരശക്തിയെ പിഴുതെറിയാന്‍ സാധിക്കു എന്നാണ്. അങ്ങനെ നോക്കുകയാണെങ്കില്‍,ഹിന്ദുമതത്തിന്റെ അധികാരശ്രേണികളെ വെല്ലുവിളിക്കുന്ന മേഖല ദക്ഷിണേന്ത്യയാണ്.പ്രാദേശിക സാംസ്‌കാരിക സ്വത്വത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്ട്രീയ മുന്നേറ്റമാണ് അവിടെ നടക്കുന്നത്.ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് തന്നെ ഉദാഹരണമാണ്. അവിടെ മോദി അത്ര ജനപ്രീയനല്ല. അതേസമയം, ജനസാന്ദ്രതയുള്ള വടക്കന്‍ ശക്തികേന്ദ്രങ്ങളില്‍ പുരോഗതിയുടെ അഭാവം മറയ്ക്കാന്‍, മോദിയുടെ പാര്‍ട്ടി ഹിന്ദുത്വത്തെ ഉപയോഗിക്കുന്നു. ഉത്തരേന്ത്യയിലെ അതിന്റെ എതിരാളികളില്‍ പ്രധാനി അരവിന്ദ് കെജ്രിവാള്‍ ആയിരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ദക്ഷിണേന്ത്യന്‍ മാതൃക അനുകരിക്കാന്‍ ശ്രമിച്ച നേതാവാണ് അദ്ദേഹം. കഴിഞ്ഞ മാസം അദ്ദേഹം അറസ്റ്റിലായി. ഇന്ത്യന്‍ വോട്ടര്‍മാര്‍ ഇത്തരം പ്രവര്‍ത്തികള്‍ മോദിയുടെ ആത്മവിശ്വാസത്തേക്കാള്‍ അരക്ഷിതാവസ്ഥയുടെ അടയാളമായി കണ്ടേക്കാം.