UPDATES

വിദേശം

13 വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുത്‌

സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി നിശ്ചയിച്ച് ഫ്രാന്‍സ്‌

                       

ഫ്രാൻ‌സിൽ ഇനി 13 വയസുവരെ  കുട്ടികളെ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ടിക്‌ടോക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ പരമ്പരാഗത സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്നും വിദഗ്ധ റിപ്പോർട്ട്. ഇമ്മാനുവൽ മാക്രോൺ നിയോഗിച്ച വിദഗ്ധരുടെ റിപ്പോർട്ടിലാണ് വിദഗ്ധ നിർദ്ദേശം.

കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് ഫ്രാൻസ് നടപടികൾ കൈക്കൊള്ളുന്നതിനാൽ കുട്ടികൾക്കായി സ്‌ക്രീൻ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കാൻ ഫ്രഞ്ച് പ്രസിഡൻ്റ് ശാസ്ത്രജ്ഞരോടും വിദഗ്ധരോടും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സർക്കാർ എന്ത് തീരുമാനം കൈക്കൊള്ളും എന്ന് വ്യക്തമല്ല. എന്നാൽ നിരോധനങ്ങളും, നിയന്ത്രണങ്ങളും ഉണ്ടാകാം എന്നാണ് 2024 ജനുവരിയിൽ ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നത്.

സാങ്കേതിക വ്യവസായത്തിൻ്റെ ലാഭേച്ഛകൾ കുട്ടികളെ ബാധിക്കരുതെന്നും ഇളവ് വിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കുട്ടികളെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം കുട്ടികളെ ഇത്തരം പ്ലാറ്റ്ഫോമുകളിൽ പിടിച്ച് നിർത്തി പണം സമ്പാദിക്കുന്നതിൽ നിന്ന് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു. സാങ്കേതിക വിപണിയിൽ കുട്ടികൾ ചരക്ക് വസ്തുവായി മാറിക്കൊണ്ടിരിക്കുകയാണ്, എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ന്യൂറോളജിസ്റ്റ് ആയ സെർവാൻ മൗട്ടൺ, പോൾ-ബ്രൂസ് ഹോസ്പിറ്റലിലെ സൈക്യാട്രി ആൻഡ് അഡിക്ഷൻ വിഭാഗത്തിലെ മേധാവി അമിൻ ബെൻയാമിന എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞരും വിദഗ്ധരും നടത്തിയ മൂന്ന് മാസത്തെ പഠന റിപ്പോർട്ട് ആണ് സമർപ്പിച്ചിരിക്കുന്നത്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ, ടെലിവിഷൻ ഉൾപ്പെടെ ഒന്നും നല്കാൻ പാടുള്ളതല്ല. കൂടാതെ, 11 വയസ്സിന് മുമ്പ് ഒരു കുട്ടിക്കും സ്വന്തമായി മൊബൈൽ ഫോൺ നൽകരുത്.

11 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഇനി അഥവാ ഫോൺ നൽകുന്നുണ്ടെങ്കിൽ ഇൻ്റർനെറ്റ് ആക്‌സസ് ഇല്ലാത്തത് ആയിരിക്കണം. ഇൻ്റർനെറ്റ് സേവനമുള്ള സ്‌മാർട്ട്‌ഫോൺ അനുവദിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രായം 13 ആണ്.

ടിക്‌ടോക്ക്, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ സ്‌നാപ്‌ചാറ്റ് പോലുള്ള പരമ്പരാഗതവും വൻതോതിൽ വിപണനം ചെയ്യപ്പെടുന്നതും ലാഭം മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ സോഷ്യൽ മീഡിയ കൗമാരക്കാർക്ക് 18 വയസ്സ് ആകുന്നതുവരെ ലഭ്യമാകാൻ പാടില്ല. കൂടാതെ ആവശ്യത്തിന് ഉറങ്ങേണ്ടതിൻ്റെ ആവശ്യകതയും മികച്ച വിദ്യാഭ്യാസവും കൗമാരക്കാർക്ക് ലഭിക്കണം എന്നും റിപ്പോർട്ട് പറയുന്നുണ്ട്.

ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക്, ടെലിവിഷനും മൊബൈലും ഉൾപ്പടെ എല്ലാ തരത്തിലുമുള്ള സ്‌ക്രീനുകളുടെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കണം, കൂടാതെ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രമേ വിദ്യാഭ്യാസ ആവശ്യങ്ങൾക്കടക്കം ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പാടുള്ളു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള നഴ്‌സറി സ്‌കൂളുകളിൽ സ്‌ക്രീനുകൾ പൂർണമായും നിരോധിക്കണം.

ആറ് വയസ്സിന് മുമ്പ്, ഒരു കുട്ടിക്കും മൊബൈൽ ഫോണിന്റെയോ, ടിക്‌ടോക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടെയോ ആവശ്യമില്ല, മാത്രമല്ല കുട്ടികളുടെ തലച്ചോറിന്റെ ശരിയായ വികാസത്തിന് തടസം നിൽക്കാനും ഇവയുടെ ഉപയോഗം വഴി സാധിക്കും എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ ഇവയുടെ ഉപയോഗം കുഞ്ഞുങ്ങളിലെ വൈകാരിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു.

കുട്ടികളെ അടിമയാക്കാനും ധനസമ്പാദനം നടത്താനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന അൽഗോരിതം സൃഷ്‌ടിചിരിക്കുന്ന, പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിലെ സാങ്കേതിക വ്യവസായത്തെ തുറന്ന് കാട്ടുന്നതിനുള്ള റിപ്പോർട്ട് ആയി ഇതിനെ പരിഗണിക്കണമെന്നും പറഞ്ഞിട്ടുണ്ട്.
കാഴ്ച്ച, മെറ്റബോളിസം,ബുദ്ധി, ഏകാഗ്രത, എന്നിവയെ ദോഷകരമായി ബാധിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനോടുള്ള ആസക്തി കുട്ടികളൂം മുതിർന്നവരും ഒരു പോലെ സൂക്ഷിക്കേണ്ട ഒന്നാണ്. ഒരിക്കലും താല്പര്യം നഷ്ട്ടപ്പെടാതിരിക്കുന്നതിനുള്ള അൽഗോരിതങ്ങൾക്ക് ആസക്തിയുള്ള ചലനാത്മകതയുണ്ട് എന്നും വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്.

 

content summary : Children should be banned from most social media until 18 study report.

Share on

മറ്റുവാര്‍ത്തകള്‍