UPDATES

ആദ്യ സര്‍പ്രൈസ് ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍, പിന്നാലെ ഫോണ്‍ വിളി…

ക്യാപ്റ്റന്‍സി ഒഴിഞ്ഞതും ‘ധോണി സൈറ്റിലി’ല്‍

                       

ഐപിഎല്‍ കാണാന്‍ കോടിക്കണക്കിന് ആരാധാകരെ പ്രേരിപ്പിക്കുന്നതില്‍ ഒരു പ്രധാന കാരണം ധോണി ആണെന്നു പറഞ്ഞാല്‍, അതിശയോക്തായാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും ‘തല’യുടെ കളിക്ക് ഇപ്പോഴും എത്രത്തോളം ആരാധകരുണ്ടെന്നതിന് കഴിഞ്ഞ ഐഎപിഎല്‍ തന്നെ സാക്ഷ്യം. ഏത് ഗ്രൗണ്ടില്‍ കളിച്ചാലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന് വേണ്ടി ആര്‍ത്തു വിളിക്കുന്ന ഗാലറികള്‍ നിത്യകാഴ്ച്ചയായിരുന്നു. ഇത്തവണയും അതേ പ്രതീക്ഷയും ആവേശവുമായി കാത്തിരുന്നവരെ തകര്‍ത്തു കളഞ്ഞൊരു വാര്‍ത്തയാണ് വ്യാഴാഴ്ച്ച പുറത്തു വന്നത്- ധോണി ക്യാപ്റ്റന്‍സി ഒഴിയുന്നു, ഋതുരാജ് ഗെയ്ക്‌വാദ് പുതിയ ക്യാപ്റ്റന്‍.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതു സംബന്ധിച്ച് സൂചന ധോണി നല്‍കിയിരുന്നു. പുതിയ സീസണില്‍ പുതിയ റോള്‍ എന്ന ഒറ്റവരി മെസേജില്‍ വലിയെന്തോ തീരുമാനം ഒളിഞ്ഞിരിക്കുന്നുവെന്ന് ആരാധകര്‍ക്ക് മനസിലായിരുന്നുവെങ്കിലും, ഇങ്ങനെയൊരു അപ്രതീക്ഷിത വാര്‍ത്തയുണ്ടാകുമെന്ന് കരുതിയില്ല.

ഇവിടെയും ‘ധോണി സ്‌പെഷ്യല്‍’ തന്നെയാണ് ഉണ്ടായിരിക്കുന്നത്. എപ്പോഴും എല്ലാവരെയും സര്‍പ്രൈസ് ചെയ്യിക്കലാണല്ലോ, ധോണിയുടെ രീതി. അതു തന്നെയാണ് ക്യാപ്റ്റന്‍സി ഒഴിയാനുള്ള കാര്യത്തിലും കാണിച്ചത്.

വ്യാഴാഴ്ച്ച ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ വച്ചാണ് സഹതാരങ്ങളെയും ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുകളെയും ഞെട്ടിച്ചുകൊണ്ട് ധോണി തന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്, പിന്നാലെ ചെന്നെ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റിനെ ഫോണ്‍ ചെയ്തും കാര്യം പറഞ്ഞു. കളിക്കാരുമൊത്തുള്ള യോഗത്തിലാണ് ധോണി തന്റെ തീരുമാനം ആദ്യം പറയുന്നത്. അതിനുശേഷമാണ് ടീം മാനേജ്‌മെന്റിനെ വിളിച്ച് താന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറുകയാണെന്നും ഋതുരാജിനെ ആ സ്ഥാനത്തേക്ക് കൊണ്ടു വരണമെന്നും പറയുന്നത്.

ഋതുരാജ് ഒരു അപ്രതീക്ഷിത ക്യാപ്റ്റനല്ല. അയാളെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനായി പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ചെന്നെ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞത്. ടീം മാനേജ്‌മെന്റില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പ്രകാരം, 2022 ലെ സീസണില്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതുപോലെയാകില്ല ഇത്തവണയെന്നാണ്. കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതുപോലെയാണ് നടക്കുന്നത്. ജഡേജ ക്യാപ്റ്റനായെങ്കിലും ടീമിന്റെ തുടര്‍ പരാജയങ്ങള്‍ ആ യാത്ര പാതിയില്‍ അവസാനിപ്പിച്ചു, ധോണി വീണ്ടും ക്യാപ്റ്റനായി. ഇത്തവണയങ്ങനെയൊരു വച്ചുമാറല്‍ ഉണ്ടാകില്ലെന്നാണ് വിശ്വനാഥന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ തവണ(2022) ധോണിയുടെ തീരുമാനം മാനേജ്‌മെന്റിനെ അക്ഷരാര്‍ത്ഥത്തതില്‍ അമ്പരപ്പിച്ചിരുന്നുവെങ്കിലും, ഇത്തവണ അങ്ങനെയൊരു സാഹര്യമില്ലെന്നാണ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും പ്രതികരിച്ചിരിക്കുന്നത്. ഫ്‌ളെമിംഗിന്റെ വാക്കുകളും വ്യക്തമാക്കുന്നത്, ‘തല’ മാറ്റം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്ന ഒന്നാണെന്നാണ്. അത് അവതരിപ്പിച്ചതില്‍ മാത്രമാണ് ഒരു സര്‍പ്രൈസ് വന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ധോണി അത്തരമൊരു തീരുമാനം എടുത്തത്
ടീമിനെ മൊത്തത്തില്‍ പിടിച്ചുകുലുക്കിയിരുന്നുവെന്നാണ് ഫ്‌ളെമിംഗ് പറയുന്നത്. അത്തരമൊരു കാര്യത്തിനായി ടീം തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ മാറിനില്‍ക്കല്‍ പരിശീലകരെ ഉള്‍പ്പെടെ ബാധിക്കുമായിരുന്നു. ആ ഘട്ടത്തില്‍ ധോണി മാറുകയെന്നത് അചിന്തനീയമായിരുന്നു. എന്നാല്‍, അവിടം തൊട്ട് ഞങ്ങള്‍ കാര്യങ്ങള്‍ മറ്റൊരുവഴിയില്‍ കാണാന്‍ ശ്രമിച്ചുവെന്നും, തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ കഠിനമായി പരിശ്രമിച്ചുവെന്നുമാണ് സ്റ്റീഫന്‍ ഫ്‌ളെമിംഗ് പറയുന്നത്.

ടീമിനെ നയിക്കാനുള്ള ചുമതല ഉത്തരവാദിത്തതോടെ നിര്‍വഹിക്കാന്‍ ഋതുരാജിന് കഴിയുമെന്നാണ് മാനേജ്‌മെന്റും പരിശീലകനും വിശ്വസിക്കുന്നത്. ടീമിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള കളിക്കാരനാണ് 27കാരനായ ഋതുരാജ്. അന്താരാഷ്ട്ര മത്സര പരിചയവുമുണ്ട്. 2019 സീസണിലാണ് ഋതുരാജ് ഗെയ്ക്‌വാദ് ചെന്നെയ്‌ക്കൊപ്പം ചേരുന്നത്. അന്ന് 20 ലക്ഷം എന്ന അടിസ്ഥാന വിലയ്ക്കായിരുന്നു ചെന്നൈ ആ കളിക്കാരനെ വാങ്ങുന്നത്. അവിടെ നിന്നാണ് ഋതുരാജ് ടീമിന്റെ വിശ്വസ്തനായ ഒപ്പണറായി വളരുന്നത്. ടീമിന്റെ ഡ്രസ്സിംഗ് റൂമിലും ചെന്നെ സിമന്റസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും ഒരുപോലെ അയാള്‍ മതിക്കപ്പെട്ടു. 2022 ല്‍ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ ഓറഞ്ച് ക്യാപ് നേടിയതോടെ ഐഎപിഎല്‍ ലേലത്തില്‍ ഋതുരാജിന്റെ വില കോടികള്‍ കടന്നു. ലേലത്തിനു മുന്നോടിയായി ചെന്നൈ നിലനിര്‍ത്തിയ നാല് കളിക്കാരില്‍ ഒരാള്‍ ഋതുരാജ് ആയിരുന്നു. 20 ലക്ഷത്തില്‍ നിന്നും അയാളുടെ വില ആറ് കോടിയായി ഉയര്‍ന്നുവെന്നു മാത്രമല്ല, സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയായും അയാള്‍ തീരുമാനിക്കപ്പെട്ടു.

തന്റെ നിയോഗത്തെക്കുറിച്ച് ഋതുരാജിനും അറിവുണ്ടായിരുന്നുവെങ്കിലും, ഒരു സീസണ്‍ കൂടി ധോണിയുടെ കീഴില്‍ കളിക്കാന്‍ കഴിയുമെന്നായിരുന്നു അയാള്‍ കരുതിയിരുന്നത്. ആ വിശ്വാസത്തില്‍ തന്നെയായിരുന്നു മാര്‍ച്ച് മൂന്നിന് ആരംഭിച്ച പ്രീ-സീസണ്‍ ക്യാമ്പിലേക്ക് എത്തിയത്. എന്നാല്‍, അവിടെ ഋതുരാജിനെ കാത്തിരുന്നത് ധോണിയുടെ സര്‍പ്രൈസ് ആയിരുന്നു. ഈ സീസണില്‍ തന്നെ തനിക്ക് ഈ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് ഋതുരാജ് തിരിച്ചറിഞ്ഞത് വ്യാഴാഴ്ച്ച ബ്രേക്ക് ഫാസ്റ്റ് ടേബിളില്‍ വച്ചായിരുന്നു. ധോണി കണക്കുകൂട്ടി തന്നെയാണ് കാര്യങ്ങള്‍ നീക്കിയിരിക്കുന്നത്. ഈയൊരു സീസണ്‍ കൂടി കഴിഞ്ഞാല്‍ ധോണി ഐപിഎല്‍ അവസാനിപ്പിച്ചേക്കും, ഒരു കളിക്കാരനെന്ന നിലയിലെങ്കിലും. അങ്ങനെയൊരു തീരുമാനം ഉള്ളതുകൊണ്ടായിരിക്കും, ഋതുരാജിനെ ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഒരുക്കിയെടുക്കാന്‍ കൂടെ നില്‍ക്കാന്‍ ധോണി നിശ്ചയിച്ചത്. ഗ്രൗണ്ടില്‍ നിന്നും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതോളം വരില്ല, പുറത്തു നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക്. വിരാട് കോഹ്‌ലിയെയും ധോണി അങ്ങനെ തന്നെയായിരുന്നു പരിശീലിപ്പിച്ചെടുത്തത്. വിരാട് എത്രത്തോളം ഗ്രൗണ്ടില്‍ ധോണിയെ ആശ്രയിച്ചിരുന്നുവെന്ന് കണ്ടതാണ്, അതേ ഭാഗ്യം തന്നെയാണ് ഋതുരാജിനും കിട്ടിയിരിക്കുന്നത്. ഇനി അയാളാണ് തെളിയിക്കേണ്ടത്, താന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമിയാണെന്ന്.

Share on

മറ്റുവാര്‍ത്തകള്‍