UPDATES

‘ഫാസ്റ്റ് ഫൈവി’ന് ഇടയില്‍ നടന്ന ക്രൂരത

വിന്‍ ഡീസലിനെതിരേ ലൈംഗികാരോപണവുമായി മുന്‍ സഹായി

                       

ഫാസ്റ്റ് ഫ്യൂരിയസ് താരം വിന്‍ ഡീസലിനെതിരേ ലൈംഗിക പീഡനത്തിന് കേസ് ഫയല്‍ ചെയ്ത് മുന്‍ സഹായി. 2010-ല്‍ ഫാസ്റ്റ് ഫൈവ്-ന്റെ ചിത്രീകരണ കാലയളവില്‍ നടന്ന സംഭവമാണ് കേസിന് ആധാരമാക്കിയിരിക്കുന്നത്. അസ്റ്റ ജോനാസണ്‍ ആണ് പരാതിക്കാരി. ലൈംഗികാതിക്രമം നേരിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഡീസലിന്റെ പ്രൊഡക്ഷന്‍ കമ്പനി തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും അസ്റ്റ ഹര്‍ജിയില്‍ ആരോപിക്കുന്നു.

അമേരിക്കന്‍ ആക്ടറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വണ്‍ റേസ് പ്രൊഡക്ഷന്‍സിനും, കമ്പനിയുടെ പ്രസിഡന്റ് കൂടിയായ ഡീസലിന്റെ സഹോദരിക്കും എതിരേ പരാതിയുണ്ട്. തന്റെ കാര്യത്തില്‍ ലിംഗ അസമത്വം നടന്നുവെന്നാണ് അസ്റ്റ വാദിക്കുന്നത്. ഡീസലിന്റെ ലൈംഗികാതിക്രമം മൂടിവയ്ക്കാനാണ് മറ്റുള്ളവര്‍ ശ്രമിച്ചതെന്നാണ് അസ്റ്റയുടെ അഭിഭാഷകന്‍ ക്ലെയര്‍-ലിസെ കുട്‌ലെ ആരോപിക്കുന്നത്. ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ആ വിഷയത്തില്‍ ഇതുവരെ വീന്‍ ഡീസലോ, പ്രൊഡക്ഷന്‍ കമ്പനിയോ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്.

ഹോളിവുഡിലെ വിലയേറിയ താരങ്ങള്‍ക്കും വലിയ പ്രൊഡക്ഷന്‍ കമ്പനികള്‍ക്കും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അസ്റ്റ ജോനാസണ്‍ എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2010-ല്‍ ആണ് അവര്‍ വണ്‍ റേസ് പ്രൊഡക്ഷന്‍സില്‍ ഡീസലിന്റെ സഹായിയായി ചേരുന്നത്. ഉടന്‍ തന്നെ ഫാസ്റ്റ് ഫൈവിന്റെ അറ്റ്‌ലാന്റയിലെ സെറ്റിലേക്ക് പോവുകയും ചെയ്തു. അവിടെ താരത്തിന്റെ ആവശ്യപ്രകാരം പാര്‍ട്ടികളും വിരുന്നുകളുമൊക്കെ സജ്ജീകരിച്ചിരുന്നത് അസ്റ്റയായിരുന്നു. പാര്‍ട്ടികളില്‍ തന്റെ കാമുകി ഒപ്പമില്ലെങ്കില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പം ഇടപഴകുന്നതായിരുന്നു ഡീസലിന്റെ രീതിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് അസ്റ്റ ജോനാസണ്‍ ഹര്‍ജിയില്‍ പറയുന്നത് ഇപ്രകാരമാണ്; ഒരു വൈകുന്നേരം ഡീസലിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ അസ്റ്റയെ ബന്ധപ്പെട്ടു, ഫോണില്‍ വിളിച്ചിട്ട് താരത്തെ കിട്ടുന്നില്ലെന്നും സെന്റ്. റെയ്‌സ് ഹോട്ടലില്‍ നിന്നും പുറപ്പെടേണ്ട സമയമായെന്നും അറിയിച്ചു. അതിന്‍പ്രകാരം മുറിയിലെത്തിയ തന്നെ, നഗ്നനായി നിന്നിരുന്ന ഡീസല്‍ ബലം പ്രയോഗിച്ച് കിടക്കയിലേക്ക് തള്ളിയിട്ട് ലൈംഗികോദ്ദേശ്യത്തോടെ ബലപ്രയോഗം നടത്തി. താന്‍ അപേക്ഷിച്ചിട്ടും, കുതറിമാറാന്‍ ശ്രമിച്ചിട്ടും താരം പിന്‍വാങ്ങിയില്ല. ഒരുവിധത്തില്‍ അയാളുടെ കൈയില്‍ നിന്നും ഒഴിഞ്ഞുമാറി എഴുന്നേറ്റ് പുറത്തേക്കു പോകാന്‍ ഓടി. എന്നാല്‍ ഡീസല്‍ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല. ശുചിമുറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ബലപ്രയോഗത്തിലൂടെ തന്നെ ലൈംഗിക പീഢനത്തിന് ഇരയാക്കുകയാണുണ്ടായത്. ഈ സംഭവം തന്നെ മനസികമായി തളര്‍ത്തി. തന്റെ സുരക്ഷയെക്കുറിച്ചും ജോലിയെക്കുറിച്ചും ഓര്‍ത്തു ഭയപ്പെട്ടുവെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു.

ഈ സംഭവത്തിന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വണ്‍ റേസ് പ്രൊഡക്ഷന്‍സിലെ ഒരു സൂപ്പര്‍വൈസറും തന്നോട് ലൈംഗികാതിക്രമത്തിന് തുനിഞ്ഞതായി അസ്റ്റ ജോനാസണ്‍ പറയുന്നുണ്ട്. എന്നാല്‍, ഈ സൂപ്പര്‍വൈസറുടെ പേര് അവര്‍ വെളിപ്പെടുത്തിയിട്ടില്ല, അയാളെ ഹര്‍ജിയിലും ഉള്‍പ്പെടുത്തിയിട്ടില്ല.

ഡീസലില്‍ നിന്നും തനിക്ക് ഉപദ്രവം നേരിടേണ്ടി വന്നു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഡീസലിന്റെ സഹോദരി സമാന്ത വിന്‍സെന്റ് വിളിച്ചു ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണെന്ന് അറിയിച്ചു. തന്നെ ജോലിയില്‍ പ്രശംസിച്ചിരുന്നയാളായിരുന്നു സമാന്തയെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഡീസലിന്റെ പ്രവര്‍ത്തിയെ താന്‍ എതിര്‍ത്തതാണ് പിരിച്ചുവിടാന്‍ കാരണം. താരം ചെയ്തത് മറച്ചുവയ്ക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും ഹര്‍ജിയില്‍ അസ്റ്റ ആരോപിക്കുന്നു.

ജോലി സ്ഥലത്ത് സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് മറ്റൊരു ഉദ്ദാഹരണമാണിതെന്നാണ് പരാതിക്കാരിയുടെ അഭിഭാഷകന്‍ പറയുന്നത്. തൊഴിലിടത്ത് ഇരകളാകേണ്ടി വന്ന മറ്റുള്ളവര്‍ക്ക് കൂടി നിയമപോരാട്ടം നടത്താന്‍ പ്രചോദനമാകുകയാണ് അസ്റ്റ ജോനാസണ്‍ എന്നാണ് അഭിഭാഷകന്‍ അവകാശപ്പെട്ടത്.

അന്നത്തെ സംഭവത്തിനുശേഷം വീണ്ടും സിനിമകളും ടെലിവിഷന്‍ പരിപാടികളുമായി സഹകരിച്ചു മുന്നോട്ടു പോയി. എന്നാല്‍ തനിക്ക് നേരിട്ടതിനെക്കുറിച്ച് തുറന്നു പറയാന്‍ അവള്‍ക്ക് ഭയമായിരുന്നു. താന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നതായിരുന്നു അവരെ ചിന്താക്കുഴപ്പത്തിലാക്കിയത്. അങ്ങനെയാണ് പതിവ്, ശക്തര്‍ സംരക്ഷിക്കപ്പെടുകയും ഇരകള്‍ നിശബ്ദരാക്കപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാല്‍ മീടൂ, ടൈംസ് അപ്പ് എന്നീ മുന്നേറ്റങ്ങളും പുതിയ നിയമങ്ങളും അവള്‍ക്ക് ധൈര്യവും പിന്തുണയും നല്‍കിയതോടെയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയാനും നിയമപോരാട്ടം നടത്താനും അസ്റ്റ ജോനാസണ്‍ പ്രാപ്തയായതെന്നു ഹര്‍ജിയില്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍