UPDATES

ഉപയോക്താക്കളുടെ ജീവനെക്കാള്‍ ലാഭത്തിന് വില കല്‍പ്പിക്കുന്ന ക്രൂരത

ഗുരുതര ആരോപണവുമായി സ്ഥാനമൊഴിഞ്ഞ മനഃശാസ്ത്രജ്ഞ

                       

മെറ്റയിലെ തന്റെ ഉപദേശക സ്ഥാനമൊഴിഞ്ഞ് മനഃശാസ്ത്രജ്ഞ. ഇൻസ്റ്റാഗ്രാമിലെ ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന വിദഗ്ധോപദേശം തുടർച്ചയായി അവഗണിച്ചതായി ചൂണ്ടി കാണിച്ചാണ് മെറ്റയിലെ തന്റെ ഉപദേശക സ്ഥാനമൊഴിഞ്ഞത്. ഉപയോക്താക്കളുടെ ജീവനേക്കാൾ ലാഭത്തിനാണ് മെറ്റ മുൻഗണന നൽകുന്നതെന്നും ആരോപണം

ഹാനികരാമായ ഉള്ളടക്കങ്ങൾ  പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ മെറ്റ പരാജയം നേടുന്നുവെന്നും, അത് മാനസികമായി ദുർബലരായ വ്യക്തികളെ സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായും ലോറ്റെ പറയുന്നു. മെറ്റയുടെ അനാസ്ഥ വർധിച്ചു വരുന്ന ആത്മഹത്യകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ലോറ്റെ വ്യക്തമാക്കി. മൂന്ന് വർഷത്തിലേറെയായി മെറ്റയുടെ വിദഗ്‌ധ ഗ്രൂപ്പിൽ അംഗമായിരുന്നു ലോറ്റെ റുബെയ്ക്ക്. മെറ്റ തങ്ങളുടെ ഉപയോക്താക്കളുടെ ക്ഷേമത്തിലും സുരക്ഷയിലും ശ്രദ്ധിക്കുന്നില്ലെന്നത്, തന്നെ നിരാശപ്പെടുത്തുന്ന വസ്തുതയാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ലോറ്റെ മെറ്റയുടെ സൈക്കോളജിസ്റ്റ് ഗ്രൂപ്പിൽ നിന്ന് രാജിവച്ചത്. വാസ്തവത്തിൽ, കമ്പനി അമിത ലാഭം ലക്ഷ്യം വച്ചുകൊണ്ട് ദുർബലരായ യുവാക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നതിനായി ഹാനികരമായ ഉള്ളടക്കങ്ങൾ സ്വീകരിക്കുന്നുവെന്നാണ് ലോറ്റെയുടെ വാദം.

“എനിക്ക് ഇനിയും മെറ്റയുടെ വിദഗ്‌ധ പാനലിൻ്റെ ഭാഗമാകാൻ കഴിയില്ല, കാരണം കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷക്കായി ഞങ്ങൾ നൽകുന്ന നിർദേശങ്ങൾ നിങ്ങൾ കൈക്കൊള്ളുമെന്നോ സ്വാധീനം ചെലുത്തുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല” എന്നാണ് തന്റെ രാജികത്തിൽ ലോറ്റെ എഴുതിയത്.

‘പുറമെ നിന്ന് നോക്കിയാൽ എല്ലാം ഭംഗിയായി നടക്കുന്നുവെന്ന തരത്തിൽ ആണെങ്കിലും, എന്നാൽ തിരശ്ശീലയ്ക്ക് പിന്നിൽ അവർ മുൻഗണന നൽകുന്ന മറ്റൊരു അജണ്ടയുണ്ട്. തങ്ങളുടെ ഉപയോക്താക്കളെ എങ്ങനെ നിലനിർത്താം അത് വഴി ലാഭമുണ്ടാക്കാം എന്നത് മാത്രമാണ് മെറ്റയുടെ ലക്ഷ്യം. കൂടാതെ ഉപയോക്തക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അവ വിൽക്കുക തുടങ്ങിയ പ്രവർത്തികളും മെറ്റ നടത്തുന്നുണ്ട്’. എന്ന് ഒബ്സെർവറിനു നൽകിയ അഭിമുഖത്തിൽ ലോറ്റെ വെളിപ്പെടുത്തിയിരുന്നു.

ഡെൻമാർക്കിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ വിഭാഗ ടീമിനെ
നയിച്ചിരുന്ന മുഖ്യ വ്യക്തികളിൽ ഒരാളായിരുന്ന ലോറ്റെയെ 2020 ഡിസംബറിൽ, 24 നാണ് മെറ്റയിലെ മനഃശാസ്ത്രജ്ഞരുടെ വിദഗ്ധരുടെ ഗ്രൂപ്പിൽ അംഗമാകുന്നതിനായി ക്ഷണിക്കുന്നത്. യുവാക്കൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇടങ്ങളായി സാമൂഹ്യമാധ്യമങ്ങൾ മാറ്റാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ലോറ്റെ മെറ്റയുടെ ഭാഗമാകാൻ സമ്മതം അറിയിച്ചത്. എന്നാൽ വർഷങ്ങളായുള്ള തന്റെ ശ്രമങ്ങൾ വിഫലമായെന്നും, സാമൂഹ്യമാധ്യമങ്ങൾ അപകടകരമായവിധത്തിൽ തന്നെയാണുള്ളതെന്നും ലോറ്റെ കണ്ടെത്തുകയായിരുന്നു. പാനൽ വെറും പ്രദർശനത്തിന്മാ ത്രമുള്ളതാണെന്നും ലോറ്റെ ആരോപിക്കുന്നുണ്ട്. മെറ്റയുടെ വിമർശകയായിരുന്ന തന്നെ നിശ്ശബ്ദയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  അവരുടെ അംഗമാക്കിയത് എന്ന വിശ്വാസത്തിലാണ് ലോറ്റെ. ‘ഒരു പക്ഷെ ഞാൻ അവരുടെ ഭാഗമായി കഴിഞ്ഞാൽ ഭാവിയിൽ താൻ നിശബ്ദയായിരിക്കുമെന്ന് അവർ വിശ്വസിച്ചിരിന്നിരിക്കാം’ എന്നും ലോറ്റെ പറയുന്നു.

2021 ഒക്‌ടോബറിൽ മെറ്റ ഇടങ്ങളിലുള്ള ചില ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നതിൽ ഉപയോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മെറ്റയുടെ പബ്ലിക് പോളിസി മേധാവി മാർട്ടിൻ റൂബിയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും. വിഷയം പരിഗണനയിലുണ്ട് എന്ന മറുപടി മാത്രമാണ് ലഭിച്ചത് എന്നും ലോറ്റെ പറയുന്നു. എഐ സാങ്കേതിക വിദ്യ വളരെ പുരോഗമിച്ച ഇക്കാലത്ത് എന്തുകൊണ്ട് ഹാനികരമായ ചിത്രങ്ങൾ തങ്ങളുടെ സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ മെറ്റ പരാജപ്പെടുന്നുവെന്നും ലോറ്റെ ചോദിക്കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍