UPDATES

ഇന്ത്യ

പൊള്ളിച്ചും പട്ടിണിക്കിട്ടും കുട്ടികളോട് ക്രൂരത; അനാഥാലയത്തിനെതിരേ അന്വേഷണം

സ്ഥാപനം നടത്തുന്ന ട്രസ്റ്റ് ആരോപണങ്ങള്‍ നിഷേധിക്കുകയാണ്‌

                       

മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളാണ് മധ്യപ്രദേശിലെ ഒരു അനാഥാലയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്. അന്തേവാസികളായ കുട്ടികളോട് കാണിക്കുന്നത് സമാനതകളില്ലാത്ത പീഡനങ്ങള്‍. വനിത ശിശു വികസന വകുപ്പിന്റെ നിര്‍ദേശ പ്രകാരം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അനാഥാലയത്തില്‍ ജന്മദിനം ആഘോഷിക്കാനെത്തിയ ഒരു സംഘം ആളുകള്‍ അന്തേവാസികളായ കുട്ടികള്‍ സ്ഥാപനത്തില്‍ ശാരീരികമായി ഉപദ്രവിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് സ്ഥാപനത്തെക്കുറിച്ച് അന്വേഷണം തുടങ്ങുന്നത്. സാമൂഹ മാധ്യമത്തിലെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട വനിതാ ശിശു വികസന വകുപ്പ് സ്വകാര്യ സ്ഥാപനമായ അനാഥാലയം പരിശോധിക്കുകയും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. പാചകം ചെയ്യുന്ന ഉപകരണം കൊണ്ട് കുട്ടികളെ പൊള്ളിച്ചതായും മുളക് പുക ശ്വസിപ്പിച്ചതായും പരാതി ലഭിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണു പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചത്.

അനാഥാലയത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തിയെന്നും വിശദമായ അന്വേഷണത്തിന് ജില്ല കളക്ടറുടെ ഉത്തരവനുസരിച്ച് ഒരു സംഘം രൂപീകരിച്ചതായും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ പല്ലവി പോര്‍വാള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറയുന്നുണ്ട്. ”കുട്ടികളോടൊപ്പം അനാഥാലയത്തില്‍ ജന്മദിനം ആഘോഷിച്ച ചിലരാണ് സോഷ്യല്‍ മീഡിയയില്‍ കൂടി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചത്. ഞങ്ങള്‍ അത് പിന്തുടര്‍ന്നു. രണ്ടു കുട്ടികളെ ചൂട് കൊണ്ട് പൊള്ളിച്ചതായും, മുളക് പുക ശ്വസിപ്പിച്ചതായും കണ്ടെത്തി. ഒരു ദിവസം ആഹാരം നല്‍കാതെ ശിക്ഷയായി പട്ടിണിക്കിട്ടെന്നും ഒരു കുട്ടി പറയുന്നു. നിലവില്‍ കുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പരിശോധന സംഘത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡോറിലെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അനാഥാലയത്തില്‍ 25 പെണ്‍കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 21 പേര്‍ റെയ്ഡ് നടന്ന ദിവസം ഹാജരായിട്ടുണ്ടെന്നും സിഡബ്ല്യുസി അംഗം സംഗീത ചൗധരി പറഞ്ഞു. 21 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് മധ്യപ്രദേശില്‍ നിന്നുള്ളവര്‍, മറ്റുള്ളവര്‍ ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഗേറ്റുകളില്‍ സുരക്ഷയോ സന്ദര്‍ശക രജിസ്റ്ററോ ഇല്ലായിരുന്നു. ഇത് അനാഥാലയമാണെന്ന് സ്ഥാപനത്തിന്റെ അധികൃതര്‍ ആദ്യം അവകാശപ്പെട്ടെങ്കിലും പിന്നീട് കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയതായി അവര്‍ ആരോപിക്കുന്നു. രാജ്യത്തുടനീളമുള്ള 13 ഹോസ്റ്റലുകളെങ്കിലും നിയന്ത്രിക്കുന്ന വാത്സല്യപുരം ജെയിന്‍ ട്രസ്റ്റാണ് ഈ സ്ഥാപനം നടത്തുന്നത്.

പ്രായപൂര്‍ത്തിയാകാത്ത 21 കുട്ടികളുടെ സംരക്ഷണം തങ്ങള്‍ക്ക് കൈമാറണമെന്നും സീല്‍ ചെയ്ത ഹോസ്റ്റല്‍ തുറക്കാന്‍ ഇന്‍ഡോര്‍ ഭരണകൂടത്തോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ട്രസ്റ്റ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചില കുട്ടികളുടെ മാതാപിതാക്കളും കോടതിയില്‍ ഹാജരായി, തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ അധികാരികള്‍ അനധികൃതമായി കൊണ്ടുപോയതായി അവര്‍ ആരോപിക്കുന്നു.

സംസ്ഥാന അധികാരികളുടെ നടപടി നിയമവിരുദ്ധവും ഭയാനകവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വേദനിപ്പിക്കുന്നതുമാണ് എന്ന് വാദിച്ച ട്രസ്റ്റ്, പെണ്‍കുട്ടികളെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയാതായി വാദിച്ചു. പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാക്കളുടെയോ അഭ്യര്‍ത്ഥന പ്രകാരം മാത്രമാണ് സ്ഥാപനത്തില്‍ താമസിച്ചിരിപ്പിക്കുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി. പത്തും, ഏഴും വയസുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ കോടതിയില്‍ ഹാജരായിരുന്നു. ട്രസ്റ്റ് കുട്ടികളെ പരിചരിക്കുന്നതില്‍ തങ്ങള്‍ക്ക് പാകപ്പിഴകള്‍ തോന്നിയിട്ടില്ലെന്നും സംതൃപ്തരാണെന്നും രക്ഷിതാക്കള്‍ കോടതിയെ അറിയിച്ചു. കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അധികൃതര്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് ട്രസ്റ്റിന്റെ അഭിഭാഷകന്‍ വിഭോര്‍ ഖണ്ഡേല്‍വാള്‍ പറയുന്നു. ”അടിസ്ഥാനപരമായി ഒരു കുട്ടിയെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് അയയ്ക്കുന്നതിന് ഒരു നടപടിക്രമമുണ്ട്. നടപടി ക്രമങ്ങള്‍ പാലിക്കാതെയും അന്വേഷണം നടത്താതെയുമാണ് പരിശോധനാ സമിതി കുട്ടികളെ അയച്ചത്. ഒരു നടപടിക്രമവും പാലിക്കാതെയാണ് അവര്‍ പരിസരം സീല്‍ ചെയ്തിരിക്കുന്നത്,” അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Share on

മറ്റുവാര്‍ത്തകള്‍