UPDATES

വിദേശം

വില കുതിക്കുന്നു; ഗാസ യുദ്ധം എണ്ണ വിപണയിലും പൊട്ടിത്തെറിയുണ്ടാക്കുന്നു

വിപണിയില്‍ എണ്ണ എത്തിക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷിതത്വമാണ് യഥാര്‍ത്ഥ ഉത്കണ്ഠ

                       

ഒക്ടോബര്‍ ഏഴിന് ഇസ്രയേലും ഹമാസും തമ്മിലാരംഭിച്ച ഏറ്റുമുട്ടല്‍ തുടര്‍ച്ചയായി രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു. ഇസ്രയേല്‍ നടത്തി വരുന്ന മാരകമായ ആക്രമണവും പലസ്തിന്റെ ചെറുത്തു നില്‍പ്പും മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ, വാതക പ്രവാഹങ്ങളെ കാര്യമായി ബാധിക്കുന്നില്ലെങ്കിലും എണ്ണ വിപണിയില്‍ വില ബാരലിന് 94 ഡോളര്‍ (77യൂറോ) ആയി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാരലിന് 100 ഡോളര്‍ കടന്നേക്കാമെന്നുമുള്ള ആശങ്കയിലാണ് വ്യാപാരികളും സാമ്പത്തിക വിദഗ്ധരും. മധ്യേഷ്യയില്‍ നിന്ന് ആഗോള വിപണിയിലേക്കുള്ള എണ്ണയുടെയും വാതകത്തിന്റെയും കടല്‍ വഴിയുള്ള ചരക്കു നീക്കത്തിന്റെ പ്രധാന മാര്‍ഗത്തിലുണ്ടായിരിക്കുന്ന പിരിമുറുക്കം വര്‍ദ്ധിക്കുന്നതോടെ, എണ്ണ വില ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സെന്‍ട്രല്‍ ബാങ്കര്‍മാരുടെ ശ്രമങ്ങള്‍ക്ക് എണ്ണ വില ഉയരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണ, വാതക വിതരണത്തെ യുദ്ധം ബാധിക്കുന്നതെങ്ങനെ?

ഇപ്പോഴത്തെ സംഘര്‍ഷം മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ, വാതക വിതരണത്തെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, ഊര്‍ജ്ജ സമ്പന്നമായ മേഖലയില്‍ നിന്നുള്ള കയറ്റുമതി തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണ, വാതക വിലയിലെ സമീപകാല വര്‍ദ്ധനയ്ക്ക് കാരണമായത്.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടയിലും മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ, വാതക പ്രവാഹങ്ങള്‍ താരതമ്യേന അപകടരഹിതമായി തുടരുന്നുണ്ട്. വലിയതോതില്‍ എണ്ണ സമ്പത്ത് സ്വന്തമായി ഇല്ലാത്ത ഇസ്രയേല്‍ തങ്ങളുടെ തെക്കന്‍ തീരത്തുള്ള താമര്‍ എന്ന വലിയ പ്രകൃതി വാതക പാടത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴിന് ഹമാസില്‍ നിന്നേറ്റ തിരിച്ചടിയോടെ തുടങ്ങിയ ആക്രമണങ്ങളുടെ ഭാഗമായി ഇസ്രയേല്‍ സര്‍ക്കാര്‍ താമറില്‍ നിന്നുള്ള വാതക ഉത്പാദനം നിര്‍ത്തിവച്ചു. ഇവിടെ നിന്നുത്പാദിപ്പിക്കുന്ന വാതകം പ്രധാനമായും അയല്‍രാജ്യമായ ഈജിപ്തിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. അവിടെ നിന്നാണ് ഇറക്കുമതിയുടെ പകുതിയോളം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് കപ്പല്‍ വഴി കയറ്റി അയക്കുന്നത്. അതിനാല്‍, ഇസ്രയേല്‍ വാതക ഉത്പാദനം നിര്‍ത്തിവച്ചതോടെ ഈജിപ്തിലേക്കുള്ള കയറ്റുമതിയുടെ അളവും പരിമിതപ്പെട്ടു. ഈ പരിമിതിപ്പെടുത്തല്‍ ഈജിപ്തിലെയും, ഈജിപ്തില്‍ നിന്നുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന യൂറോപ്പിലെയും വാതക വിതരണത്തെ സാരമായി ബാധിക്കും.

ശൈത്യകാലത്തേക്കുള്ള പ്രകൃതി വാതകം ഉയര്‍ന്ന തോതില്‍ യൂറോപ്പില്‍ സംഭരിച്ചിട്ടുണ്ടെങ്കിലും ഈജിപ്തില്‍ നിന്ന് ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) നിറയ്ക്കാന്‍ ശ്രമിച്ച ഒരു ടാങ്കറിനെ അതിനനുവദിക്കാതെ കാലിയാക്കി മറ്റൊരു തുറമുഖത്തേക്ക് വഴി തിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഈ ആഴ്ച ഗ്യാസ് വില ഉയര്‍ന്നിരുന്നു. ഇതോടെ യൂറോപ്പും ഗ്യാസ് വിതരണത്തെക്കുറിച്ചുള്ള കനത്ത ആശങ്കയിലാണ്.

‘നിലവില്‍ വിപണിയില്‍ എണ്ണയ്ക്ക് നഷ്ടമില്ലെങ്കിലും സംഘര്‍ഷം നീണ്ടുപോവുന്നതിനനുസരിച്ചു വിലയില്‍ അപകടകരമായ മാറ്റം ഉണ്ടായേക്കാമെന്ന്’ മിഡില്‍ ഈസ്റ്റേണ്‍ എനര്‍ജി പോളിസിയിലും ജിയോപൊളിറ്റിക്സിലും വിദഗ്ധനായ ഡോ. നീല്‍ ക്വില്ല്യം പറയുന്നു.

യുദ്ധം രൂക്ഷമായാല്‍ ഊര്‍ജ വിപണിയെ എങ്ങനെ ബാധിക്കും?

രൂക്ഷമായി കൊണ്ടിരിക്കുന്ന സംഘര്‍ഷം മേഖലയില്‍ വ്യാപിക്കുകയാണെങ്കില്‍ മിഡില്‍ ഈസ്റ്റിന്റെ എണ്ണ, വാതക കയറ്റുമതി ഇപ്പോഴുള്ളതിനേക്കള്‍ പരിതാപകരമായി മാറിയേക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസുമായും ഹിസ്ബുള്ളയുമായും ടെഹ്റാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍, മധ്യേഷ്യയുടെ വ്യാപരബന്ധത്തിലെ പ്രധാന പങ്കാളിയായ ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതിയില്‍ യുഎസ് ഉടന്‍ തന്നെ ഉപരോധം കര്‍ശനമാക്കിയേക്കുമെന്ന് വിപണി നിരീക്ഷകര്‍ ആശങ്കപ്പെടുന്നുണ്ട്.

കടുത്ത യുഎസ് ഉപരോധത്തിന്റെ ഫലമായി ഇറാന്റെ എണ്ണ ഉത്പ്പാദനം പ്രതിദിനം ഒരു മില്യണ്‍ ബാരല്‍ കുറയാന്‍ നാലിലൊന്നു സാധ്യതയുണ്ടെന്ന് ബിസിഎ റിസര്‍ച്ചിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് റോബര്‍ട്ട് റയാന്‍ പറയുന്നു. ഇതേ കാരണങ്ങളാല്‍ റഷ്യന്‍ എണ്ണ ഉത്പാദനത്തലും മാന്ദ്യം സംഭവിക്കാനുള്ള സാധ്യതകള്‍ അദ്ദേഹം ചൂണ്ടികാണിക്കുന്നുണ്ട്. ഇതോടെ അടുത്ത വര്‍ഷത്തെ എണ്ണവില ബാരലിന് 140 ഡോളറിലേക്ക് മാറുമെന്ന് റയാന്‍ പറയുന്നു. എന്നിരുന്നാലും, എണ്ണ ഉത്പാദനം നിയന്ത്രിക്കുന്ന സൗദി അറേബ്യ വിപണിയെ സുസ്ഥിരമാക്കാന്‍ സഹായിക്കുന്നതിന് കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഈ ഉപരോധങ്ങളുടെ ആഘാതം ലഘൂകരിക്കാനാകും.

‘നിലവില്‍ എണ്ണ വിതരണത്തിന് തടസമില്ലെങ്കിലും  വിപണിയില്‍ എണ്ണ എത്തിക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷിതത്വമാണ് യഥാര്‍ത്ഥ ഉത്കണ്ഠയെന്ന്’ക്വില്ല്യം പറയുന്നു. ആഗോളതലത്തില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 20%-ലധികവും ലോകത്തിലെ കടല്‍ വഴിയുള്ള വാതക കയറ്റുമതിയുടെ മൂന്നിലൊന്നിന്റെയും ഗതാഗതമാര്‍ഗം ഗള്‍ഫിലെ ഹോര്‍മുസ് കടലിടുക്കാണ്, ആഗോള വിപണികള്‍ക്ക് ഒരു സുപ്രധാന ഊര്‍ജ്ജ ധമനി കൂടിയാണ് ഇവിടം. ഇറാന്‍ ഈ പാത തടയാന്‍ ശ്രമിച്ചാല്‍, ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കയറ്റുമതിക്കാരും ഹമാസ് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ ദീര്‍ഘകാല പിന്തുണയുള്ളവരുമായ ഖത്തറില്‍ നിന്നുള്ള യൂറോപ്പിന്റെ വാതക വിതരണത്തിന് ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഖത്തറിന്റെ കയറ്റുമതിയുടെ ഏകദേശം 16% കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനിലക്ക് അയച്ചിരുന്നു. ഇത് യുഎസിനുശേഷം യൂറോപ്പിന്റെ രണ്ടാമത്തെ വലിയ എല്‍എന്‍ജി ഉറവിടമാക്കി ഖത്തറിനെ മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്നുള്ള പൈപ്പ്‌ലൈന്‍ ഗ്യാസ് ഇറക്കുമതി അവസാനിച്ചതിന് ശേഷം ഈ വിതരണം നിര്‍ണായകമായാണ് കണക്കാക്കപ്പെടുന്നത്.

മധ്യേഷയിലെ പ്രധാന എണ്ണ-വാതക നിയന്ത്രിതാക്കള്‍ ആരാണ്?

ഫോസില്‍ ഇന്ധനങ്ങളുടെ വിതരണത്തില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള രാജ്യമാണ് സൗദി അറേബ്യ. എണ്ണ ഉത്പാദനം നിയന്ത്രിക്കുകയും ആഗോള എണ്ണ വിപണി വില കണക്കാക്കുകയും ചെയുന്ന ഒപെക് + എന്ന ഗ്രൂപ്പിനെ നിയന്ത്രിക്കുന്നതും സൗദി അറേബ്യയാണ്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച് സൗദി അറേബ്യ പ്രതിദിനം 9 മില്യണ്‍ ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ഇറാനും യുണൈറ്റഡ് അറബ് എമിറേറ്റുകളും പ്രതിദിനം മൂന്നു മില്യണിലധികം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഏജന്‍സി പറയുന്നു. ഒപെക്കിന്റെ പ്രധാന സഖ്യകക്ഷിയായ റഷ്യ പ്രതിദിനം 9 മില്യണ്‍ ബാരല്‍ എണ്ണയാണ് ഉത്പാദിപ്പിക്കുന്നത്.

ആക്രമണത്തിന് മുമ്പ്, സൗദി അറേബ്യയും റഷ്യയും 2024 വരെ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ വില്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയെക്കുറിച്ച് ആളുകള്‍ ആശങ്കാകുലരായതിനാല്‍ എണ്ണ വില കുറയാതിരിക്കാനാണ് ഈ തീരുമാനം എടുത്തത്. എന്നിരുന്നാലും, യുദ്ധത്തിന്റെ തീവ്രത വ്യാപിക്കുന്ന മുറയ്ക്ക് എണ്ണ വില ഉയരുകയാണെങ്കില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ എണ്ണ വില്പന നടത്തിയേക്കും.

അമേരിക്കയുടെയും റഷ്യയുടെയും അവസ്ഥ

രണ്ട് രാജ്യത്തെ സംബന്ധിച്ചും ഉയര്‍ന്ന എണ്ണ വില നിര്‍ണായകമാണ്. ജോ ബൈഡനെ സംബന്ധിച്ചിടത്തോളം, എണ്ണവില ഉയരുന്നത് അടുത്ത വര്‍ഷം യുഎസ് തെരഞ്ഞെടുപ്പിലെ പരാജയത്തിലേക്ക് നയിച്ചേക്കാമെന്ന് റയാന്‍ പറയുന്നു. റഷ്യയെ സംബന്ധിച്ചിടത്തോളം, യുക്രയ്‌നിനെതിരായ യുദ്ധം തുടരുന്ന അവസ്ഥയില്‍ ക്രെംലിന്റെ ഖജനാവ് സംരക്ഷിക്കാന്‍ ഉയര്‍ന്ന എണ്ണവില അത്യന്താപേക്ഷിതമാണ്.

ഹമാസ് ആക്രമണത്തിന് മുമ്പ് സൗദി-ഇസ്രയേല്‍ ബന്ധം സാധാരണ നിലയിലാക്കാനുള്ള ബൈഡന്റെ ശ്രമം, എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള യുഎസ് ശ്രമമായി ആളുകള്‍ കണ്ടിരുന്നുവെങ്കിലും, നിലവിലെ സ്ഥിതി പ്രവചനതീതമാണ്. ഹമാസിന്റെ സഖ്യകക്ഷികളായ ഇറാനെയോ ലെബനന്റെ ഹിസ്ബുള്ളയെയോ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യുഎസ് രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് അയച്ചിരിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍