February 19, 2025 |
Share on

പട്ടിണിയിലാണ്‌ ഗാസ

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഗാസയിലെ പകുതി ജനങ്ങളും-ഏകദേശം 22 ലക്ഷം ജനങ്ങള്‍-പട്ടിണിയിലാണെന്നാണ്

സ്വന്തം കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നില്‍ക്കുന്ന അമ്മമാരുടെ നാടാണ് ഗാസ. വാലാ സെയ്റ്ററും നിര്‍ഭാഗ്യവതിയായൊരു അമ്മയാണ്. അവരുടെ നാല് മക്കള്‍ ആഴ്ച്ചകളായി പട്ടിണിയിലാണ്. ആ അമ്മ നിസ്സഹായയാണ്. ഇന്റര്‍നെറ്റ് ലഭ്യമായിരുന്നൊരു നാള്‍, തന്റെ ഫോണിലെ യൂട്യൂബില്‍ ആരോ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന മക്കളെ കണ്ടപ്പോള്‍ വാലാ ആകെ തകര്‍ന്നു പോയി.

ഗാസക്കാരും ഇപ്പോള്‍ മുഴുപ്പട്ടിണിയിലാണ്. ബോംബുകളെക്കാള്‍ മാരകമാണ് വിശപ്പ്. ന്യൂയോര്‍ക്ക് ടൈംസ് വാലാ സെയ്റ്ററോട് ടെലിഫോണ്‍ വഴി സംസാരിച്ചിരുന്നു. ഇസ്രയേല്‍ ബോംബുകളില്‍ നിന്നും രക്ഷപ്പെട്ട് ഓടിവന്നവരാണ് എഴംഗങ്ങള്‍ അടങ്ങുന്ന വാലയുടെ കുടുംബം. അത്രയും പേര്‍ക്ക് വിശപ്പടക്കാന്‍ ആകെയുള്ള വഴി ഐക്യരാഷ്ട്ര സഭ ആഴ്ച്ചയില്‍ ഒരിക്കല്‍ റാഫയില്‍ വിതരണം ചെയ്യുന്ന ഒരു പാത്രം ധാന്യം, കുറച്ച് ചീസ്, പാക്കറ്റ് പാനീയം എന്നിവയാണ്. ഒരു കുടുംബത്തിനുള്ള റേഷനാണ്. ഇതുകൊണ്ട് വാലായുടെ കുടുംബത്തിലെ കുട്ടികളുടെ വിശപ്പ് പോലും മാറുന്നില്ല. ഒമ്പത് മാസം മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളാണ് വാലായ്ക്കുള്ളത്. ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്നൊരു അമ്മയാണ് താനെന്നാണ് വാലാ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നത്.

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഗാസയിലെ പകുതി ജനങ്ങളും-ഏകദേശം 22 ലക്ഷം ജനങ്ങള്‍-പട്ടിണിയിലാണെന്നാണ്. താന്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഗാസയില്‍ നടക്കുന്നതെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ ചീഫ് ഇക്കണോമിസ്റ്റ് ആരിഫ് ഹുസൈന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നത്. അവിടുത്തെ ജനങ്ങളില്‍ 20 ശതമാനവും കൊടും പട്ടിണിയിലാണെന്നാണ് ആരിഫ് ചൂണ്ടിക്കാണിക്കുന്നത്. യെമന്‍, ദക്ഷണി സുഡാന്‍, വടക്കു കിഴക്കന്‍ നൈജീരിയ, എത്യോപ്യ തുടങ്ങിയിടങ്ങളിലൊന്നും കാണാത്തയത്ര ഭീകരതയാണ് ഗാസയിലുള്ളതെന്നും ആരിഫ് പറയുന്നു.

ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ തുടങ്ങിയിരിക്കുന്ന യുദ്ധത്തില്‍ ഇതുവരെ 20,000 മുകളില്‍ പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഹമാസ് തങ്ങളുടെ രാജ്യത്ത് അതിക്രമിച്ച് കയറി 1200 ഓളം ജനങ്ങളെ കൊന്നൊടുക്കുകയും നൂറിലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിന്റെ തിരിച്ചടിയായാണ് ഇസ്രയേല്‍ ഈ യുദ്ധത്തെ ന്യായീകരിക്കുന്നത്. ഗാസയുടെ പകുതിയിലേറെ പ്രദേശങ്ങളും ആ നാടിന്റെ സാമ്പത്തികാവസ്ഥയും ഒരുപോലെ തകര്‍ത്തെറിയിപ്പെട്ടിരിക്കുകയാണ്. വെള്ളം, ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ എന്നിവയ്ക്ക് ഇസ്രയേല്‍ യുദ്ധത്തിനു മുന്നേ തന്നെ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഗാസ ഒക്ടോബര്‍ ഏഴിന് മുമ്പ് തന്നെ വറുതിയിലായിരുന്നു. യുദ്ധം അതിനെ ഏറ്റവും മോശം അവസ്ഥയിലാക്കി തീര്‍ത്തിരിക്കുന്നു. സഹായങ്ങളുമായി വരുന്ന വാഹനങ്ങള്‍ റാഫയില്‍ പാതിവഴിയില്‍ തന്നെ തടഞ്ഞു നിര്‍ത്തി ഭക്ഷണം പരതുന്ന അവസ്ഥയിലാണിപ്പോള്‍ ഗാസക്കാര്‍ എന്നാണ് ഐക്യരാഷ്ട്ര സഭ പ്രതിനിധി ഫിലിപ്പീ ലസ്സാറിനി ജനീവയില്‍ നടത്തിയൊരു യോഗത്തില്‍ വെളിപ്പെടുത്തിയത്. ഗാസയില്‍ എവിടെ പോയാലും വിശന്ന മനുഷ്യരെ കാണാം, അവര്‍ നിരാശയിലും ഭീതിയിലുമാണ്’ ഫിലിപ്പീയുടെ വാക്കുകള്‍.

സാധാരണ മനുഷ്യരെ പട്ടിണിക്കിടുന്നത് ഒരു യുദ്ധരീതിയായി ഇസ്രയേല്‍ ഉപയോഗിക്കുകയാണെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിക്കുന്നത്. ഹമാസിനോടുള്ള പ്രതികാരത്തിന് സാധാരണക്കാരെയാണ് ഇസ്രയേല്‍ ശിക്ഷിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. രണ്ട് മാസത്തിലേറെയായി ഗാസയിലെ ജനങ്ങള്‍ക്ക് ആഹാരവും വെള്ളവും നിഷേധിക്കുകയാണ് ഇസ്രയേല്‍. ഉന്നത സൈനികോദ്യോഗസ്ഥര്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നൊരു യുദ്ധ രീതിയുടെ ഭാഗമായി സാധാരണക്കാരെ പട്ടിണിക്കിടുകയാണ്’ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഇസ്രയേല്‍-പലസ്തീന്‍ ഡയറക്ടര്‍ ഒമര്‍ ഷക്കീര്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പറയുന്നു.

അതേസമയം ഇസ്രയേല്‍ ആരോപിക്കുന്നത്, ഗാസിയിലെ ജനങ്ങളുടെ ദുര്‍വിധിക്ക് കാരണം തങ്ങളല്ല, ഹമാസ് ആണെന്നാണ്. ഗാസയില്‍ മനുഷ്യസഹായങ്ങള്‍ ലഭിക്കുന്നതില്‍ തങ്ങള്‍ തടസം നില്‍ക്കുന്നില്ലെന്നും, എന്നാല്‍ അവിടെ എത്തിക്കുന്ന എണ്ണയും ഭക്ഷണവുമടക്കമുള്ള സഹായങ്ങള്‍ ഹമാസ് തട്ടിയെടുത്ത് അവരുടെ മാത്രം കാര്യത്തിന് ഉപയോഗിക്കുകയാണെന്നുമാണ് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് ഇലോണ്‍ ലെവി ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്. എന്നാല്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രയേല്‍ ഭരണകൂടം പ്രതിജ്ഞ ചെയ്തതാണ്, ഒരുതരത്തിലുള്ള മാനുഷിക സഹായം സ്വീകരിക്കുന്നതിനും ഗാസയെ അനുവദിക്കില്ലെന്ന്. ഒക്ടോബര്‍ 9 ന് പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ് പരസ്യമായി പറഞ്ഞത്, ഗാസയി സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്താന്‍ താന്‍ ഉത്തരവ് ഇട്ടിരുന്നുവെന്നാണ്. വെള്ളമോ, ഭക്ഷണമോ വൈദ്യുതിയോ ഒന്നും ലഭ്യമാക്കില്ലെന്നായിരുന്നു ഗല്ലന്റിന്റെ തീരുമാനം. ആദ്യ രണ്ടാഴ്ച്ച അങ്ങനെ തന്നെയായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. നവംബര്‍ 18 മുതലാണ് മാനുഷിക സഹായങ്ങള്‍ ചെറിയ തോതിലെങ്കിലും ഗാസക്കാര്‍ കിട്ടി തുടങ്ങിയത്. സമീപ ആഴ്ച്ചകളായി ഭക്ഷണം, മരുന്ന്, വെള്ളം, ഇന്ധനം തുടങ്ങിയവ എത്തിക്കുന്ന വാഹനങ്ങള്‍ നിയന്ത്രണത്തോടെയാണെങ്കിലും കടത്തിവിടാന്‍ ഇസ്രയേല്‍ തയ്യാറായിട്ടുണ്ട്.

ഇപ്പോള്‍ എത്തുന്ന സഹായം പോലും ഒന്നുമൊന്നുമാകുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം. മാസങ്ങള്‍ മാത്രമായ കുഞ്ഞുങ്ങള്‍ തൊട്ട് വൃദ്ധര്‍ വരെ വിശപ്പ് മാറാതെ കരയുകയാണ്, ഭക്ഷണ വണ്ടികള്‍ക്കു നേരെ ആളുകള്‍ ഭ്രാന്ത് പിടിച്ചവരെ ഓടുകയാണ്.

സ്വയം ആഹാരം പാകാന്‍ ചെയ്യാന്‍ ഒന്നും തന്നെ ഗാസയില്‍ ഇല്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അവിടെയുള്ള ജനങ്ങളുടെ പ്രതികരണമായി പറഞ്ഞിട്ടുള്ളത്. ധാന്യങ്ങളോ, പഴങ്ങളോ, പയറുവര്‍ഗങ്ങളോ ഒന്നുമില്ല. എന്തെങ്കിലും കുറച്ച് ഭക്ഷണം ഒപ്പിക്കുന്ന എന്നതാണ് ഇപ്പോള്‍ ഇവിടെയുള്ള മനുഷ്യരുടെ ഓരോ ദിവസത്തേയും പ്രയത്‌നം എന്നാണ് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിലെ അനലിസ്റ്റ് അസ്മി കേഷാവി ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നത്. യുദ്ധത്തിന് മുമ്പ് റാഫയില്‍ നിങ്ങള്‍ക്ക് ആയിരം രൂപയ്്ക്ക് ഒരു ചാക്ക് ധാന്യമാവ് കിട്ടുമായിരുന്നുവെങ്കില്‍ ഇന്നതിന് പതിനായിരത്തിനും പതിമൂവായിരത്തിനും മുകളില്‍ പണം കൊടുക്കണമെന്നാണ് ആ നാടിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കി അസ്മി പറയുന്നത്. ഇപ്പോള്‍ അല്പമെങ്കിലും സുരക്ഷിതമെന്ന് പറയാവുന്ന മുനമ്പിലെ ഒരേയൊരു ഭാഗമാണ് റാഫ. മുമ്പ് ഉണ്ടായിരുന്ന റാഫ അല്ല ഇപ്പോള്‍, ആയിരങ്ങള്‍ അവിടെ അഭയാര്‍ത്ഥികളായി തമ്പടിക്കാന്‍ തുടങ്ങിയതോടെ ആഹാര സാധാനങ്ങള്‍ക്കൊക്കെയും തീവിലയായി. ഒന്നര രൂപയ്ക്ക് ഒരു കഷ്ണം ട്യൂണ കിട്ടിയിരുന്നെങ്കില്‍ ഇന്നതേ കഷ്ണത്തിന് 120 മുകളില്‍ കൊടുക്കണം. നൂറു രൂപയ്ക്ക് കിട്ടിയിരുന്ന ഉപ്പിലിട്ട് സൂക്ഷിക്കുന്ന ഇറച്ചിക്ക് ഇപ്പോള്‍ 500 രൂപയ്ക്ക് അടുത്ത് നല്‍കണം. സ്വന്തം വീടും നാടും വിട്ടും ഇങ്ങോട്ടേക്ക് ഓടിപ്പോന്നവര്‍ക്ക് ഉടുതുണിയില്ലാതെ ഒന്നും തന്നെ സ്വന്തമായി ഉണ്ടായിരുന്നില്ല. ഒരു രൂപ പോലും കൈയില്‍ ഇല്ലാത്ത മനുഷ്യര്‍ക്ക് സാധനങ്ങള്‍ വാങ്ങി ഭക്ഷണം ഉണ്ടാക്കുകയെന്നത് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത കാര്യമാണ്. അതുകൊണ്ട് ആ മനുഷ്യര്‍ വിശന്നലയുകയാണ്…

×