ഗാസയിൽ അടിയന്തിര വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് അവതിരപ്പിച്ച പ്രമേയത്തെ മറ്റു യുഎൻ രാജ്യങ്ങൾ പിന്തുണച്ചെങ്കിലും പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്ന് ഇന്ത്യ. പൊതുസഭയിൽ സ്പെയിൻ അവതരിപ്പിച്ച പ്രമേയത്തെ 149 രാജ്യങ്ങളാണ് അനുകൂലിച്ചപ്പോൾ 12 രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. 19 രാജ്യങ്ങളാണ് പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നത്. ഇക്വഡോർ, റൊമാനിയ, ചെക്കിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കൊപ്പം വിട്ടുനിന്ന രാജ്യങ്ങളിൽ ചിലത്. പട്ടിണിയെ യുദ്ധതന്ത്രമാക്കുകയും മാനുഷിക സഹായങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന നടപടിയെ പ്രമേയം ശക്തമായി എതിർക്കുന്നുണ്ട്. ഹമാസും മറ്റു സായുധ സംഘടനകളും ബന്ദികളാക്കിയിരിക്കുന്ന എല്ലാവരെയും മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങളിലുണ്ടായ വോട്ടെടുപ്പിൽ മുമ്പും ഇന്ത്യ വിട്ടുനിന്നിട്ടുണ്ടെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതേനി ഹരീഷ് പറഞ്ഞു. വഷളാകുന്ന മാനുഷിക പ്രതിസന്ധിയിൽ ഇന്ത്യ ആശങ്കാകുലരാണ്, സ്ഥിരമാകുന്ന മനുഷ്യകുരുതികളെ ഞങ്ങൾ അപലപിക്കുന്നു. ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ മാനുഷികതയുടേയും പക്ഷത്താണെന്നും പി ഹരീഷ് വ്യക്തമാക്കി.
ഇസ്രായേൽ പലസ്തീൻ അധിനിവേശത്തെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശക അഭിപ്രായം തേടിയ 2022ലെ പൊതുസഭയുടെ പ്രമേയത്തിലും, ഐക്യരാഷ്ട്രസഭയോടും മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ഇസ്രായേലിന്റെ ബാധ്യതകളെക്കുറിച്ച് ഐസിജെ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച 2024ലെ മറ്റൊരു പ്രമേയത്തിലും ഇന്ത്യ സമാനമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. A/RES/77/247, A/RES/79/232 എന്നീ പ്രമേയങ്ങളിലെ വോട്ടെടുപ്പിൽ ഇന്ത്യ നേരത്തെ വിട്ടുനിന്നിരുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കൂവെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി യോജിച്ച പരിശ്രമമുണ്ടാകണം. അതുകൊണ്ടാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്നും പർവതേനി ഹരീഷ് പറഞ്ഞു. ഗസ്സയിലെ മാനുഷിക സാഹചര്യം വഷളായ സാഹചര്യത്തിലാണ് പുതിയ പ്രമേയം വന്നത്.
ഗസ്സയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്നും മാനുഷിക സഹായങ്ങൾ എത്തിക്കണമെന്നും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കുറ്റപ്പെടുത്തലുകളും വാദപ്രതിവാദങ്ങളും തുടരുന്നത് സമാധാനത്തിൻ്റെ വഴിയിൽ കല്ലുകടിയാവും. പലസ്തീൻ- ഇസ്രായേൽ പ്രശ്നത്തിൽ ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും പർവതേനി ഹരീഷ് വ്യക്തമാക്കി. വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കൊണ്ട് 2024 ഡിസംബർ 11ന് അവതരിപ്പിച്ച ജനറൽ അസംബ്ലി പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തിരുന്നു. ഡിസംബർ 3ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ദ്വിരാഷ്ട്ര സമ്മേളനത്തെ പിന്തുണയ്ക്കുന്ന ഒരു പ്രത്യേക പ്രമേയത്തിലും ഇന്ത്യ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേൽ പലസ്തീൻ പ്രദേശങ്ങൾ കൈവശപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന ഐസിജെയുടെ ഉപദേശക അഭിപ്രായത്തെയും ആ പ്രമേയം പരാമർശിച്ചിരുന്നു.
സമാധാന ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് ഇന്ത്യ ആവർത്തിക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഗാസയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്കും നയതന്ത്രത്തിനുമുള്ള സാഹചര്യമുണ്ടാക്കാൻ ഈ ഓഗസ്റ്റ് അസംബ്ലി ആഹ്വാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പർവതേനി ഹരീഷ് പറയുന്നു. ഗാസയുമായി വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് പ്രമേയത്തിന് ശക്തമായ പിന്തുണ ലഭിച്ചത് ഒരു മാറ്റത്തിലേക്കാണ് വഴിത്തുറക്കുന്നത്. പല രാജ്യങ്ങളും മുമ്പ് ഗാസ വിഷയത്തിലെ വോട്ടുകളിൽ നിന്ന് വിട്ടുനിന്നിരുന്നു. സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ അമേരിക്ക ഒഴികെയുള്ള എല്ലാവരും അനുകൂലമായാണ് വോട്ട് ചെയ്തത്. മനുഷ്യരാശിക്കും മുഴുവൻ പലസ്തീൻ രാഷ്ട്രത്തിന്റെയും പ്രതിരോധത്തിനും വേണ്ടി നിലകൊണ്ടതിന്” പ്രമേയത്തെ പിന്തുണച്ചവരോട് നന്ദി പറഞ്ഞു കൊണ്ട് ഐക്യരാഷ്ട്രസഭയിലെ പലസ്തീന്റെ സ്ഥിരം നിരീക്ഷകൻ വോട്ടെടുപ്പിനെ സ്വാഗതം ചെയ്തു. ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ പ്രമേയത്തെ വിമർശിച്ചു. ഇസ്രായേൽ പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നുവെന്ന വാദവും ഡാനി ഡാനോൺ നിഷേധിച്ചു
content summary: UN General Assembly Overwhelmingly Supports Gaza Ceasefire; India Stands Apart