അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കൂടിക്കാഴ്ച്ച പരാജയപ്പെട്ടതോട യുഎസ് -ഇന്ത്യ വ്യാപാര കരാർ വീണ്ടും അനിശ്ചിതത്തിലായിരിക്കുകയാണ്. കൂടിക്കാഴ്ച വിജയമായിരുന്നെങ്കിൽ ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയ കയറ്റുമതി ചുങ്കം പിൻവലിക്കുമെന്നായാരുന്നു വിലയിരുത്തൽ.
ഇരുനേതാക്കളും തമ്മിൽ പോസിറ്റീവായ തരത്തിലാണ് ചർച്ച നടന്നതെങ്കിലും യുക്രെയ്ൻ – റഷ്യ വെടിനിർത്തൽ സംബന്ധിച്ച് ധാരണയിലെത്താൻ കഴിഞ്ഞില്ല. ‘ഞങ്ങൾ ഒരുപാട് കാര്യങ്ങളിൽ യോജിച്ചു. എന്നാൽ പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ ഇപ്പോഴും തീരുമാനമായിട്ടില്ല, പക്ഷേ അതിൽ പുരോഗതിയുണ്ടായി. അതിനാൽ ഒരു കരാറിലെത്തുന്നത് വരെ കരാറില്ല’, പുടിനുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
യുഎസ് സഖ്യകക്ഷികൾ ഇരുരാജ്യങ്ങളും തമ്മിൽ സംസാരിച്ച പുരോഗതി തടയാൻ ആഗ്രഹിക്കില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പുടിൻ പറഞ്ഞു. യുദ്ധത്തെക്കുറിച്ചുള്ള റഷ്യയുടെ നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും യുഎസ്-റഷ്യ ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രണ്ടാം ലോകമഹായുദ്ധകാലത്തെ രാജ്യങ്ങളുടെ ഐക്യം അനുസ്മരിച്ചുകൊണ്ട് വിശാലമായ വ്യാപാര ബന്ധങ്ങളുടെ അവസരവും പുടിൻ ചൂണ്ടിക്കാട്ടി.
റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപും ട്രംപ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ റഷ്യയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനുള്ളിലും യൂറോപ്യൻ സഖ്യകക്ഷികൾക്കിടയിലും കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സമാധാന കരാർ ഒപ്പുവെച്ചാൽ കൂടി റഷ്യയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടാകുമെന്ന് യൂറോപ്പ് ഭയപ്പെടുന്നു.
യുക്രെയ്നെ മുന്നിൽവെച്ചുള്ള ട്രംപിന്റെ താരിഫ് തന്ത്രമാണ് ഇന്ത്യയുടെ ആശങ്ക. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ കടുത്ത തീരുവയാണ് യുഎസ് ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ൽ റഷ്യ ഉക്രെയ്ൻ അധിനിവേശം നടത്തിയതിനുശേഷം ഇന്ത്യ വലിയ അളവിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജ സുരക്ഷ വർദ്ധിപ്പിക്കാനാണെന്നാണ് വാദമെങ്കിലും പാശ്ചാത്യ ലോകത്തെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നാണ് ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തിയത്. സമാധാന കരാറിലെത്തിയില്ലെങ്കിൽ കൂടുതൽ താരിഫുകൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് ഉച്ചകോടിക്ക് മുമ്പ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പും നൽകിയിരുന്നു. റഷ്യയ്ക്ക് യുദ്ധം നടത്താൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതായി കരുതപ്പെടുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ചുമത്താൻ പ്രസിഡന്റിനെ അനുവദിക്കാൻ യുഎസ് കോൺഗ്രസിൽ ഒരു ബിൽ പാസാക്കുമെന്നും സൂചന നൽകിയിരുന്നു.
നിലവിൽ യുക്രെയ്ൻ ചർച്ചകൾ എങ്ങനെയാകും പുരോഗമിക്കുകയെന്നും എന്താണ് യുഎസിന്റെ തീരുമാനമെന്നും അറിയാനായി ഇന്ത്യ ഇനിയും കാത്തിരിക്കണം. വിലകുറഞ്ഞ റഷ്യൻ എണ്ണയെ ഇന്ത്യ ആശ്രയിക്കുന്നത് യുക്രെയ്ൻ യുദ്ധത്തിന്റെ ഭൗമരാഷ്ട്രീയവുമായി ട്രംപ് ബന്ധിപ്പിച്ചിരിക്കുകയാണ്. അമേരിക്കയും റഷ്യയും ഉടൻ തന്നെ ഒരു കരാറിലെത്തുമെന്നാണ് മോദി സർക്കാർ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ താരിഫുകളെക്കുറിച്ചുള്ള ഓഗസ്റ്റ് 27 ലെ തീരുമാനത്തിലെങ്കിലും യുഎസ് നികുതി കുറയ്ക്കുമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
Content Summary: Russia-US agreement failed; Is India in crisis again over oil imports?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.