പലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐക്യരാഷ്ട്ര സഭ പ്രതിനിധി ഫ്രാന്‍സെസ്‌ക അല്‍ബാനിസിന് ഉപരോധം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. വെസ്റ്റ് ബാങ്കിലും ഗാസയിലും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ യുഎന്‍ നിയോഗിച്ച സ്വതന്ത്ര നിയമവിദഗ്ധയാണ്, ഇറ്റാലിയന്‍ അഭിഭാഷകയായ ഫ്രാന്‍സെസ്‌ക അല്‍ബനീസ്. ഇവരെ ഈ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ അമേരിക്ക ഐക്യരാഷ്ട്ര സഭയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഫ്രാന്‍സെസ്‌കയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. ഇസ്രയേല്‍ കഴിഞ്ഞ 21 മാസമായി പലസ്താനീല്‍ നടത്തി വരുന്ന യുദ്ധത്തില്‍ അതീവഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ലോകം അറിയാതെ അടിച്ചമര്‍ത്തുകയാണെന്നാണ് ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേയുള്ള ആക്ഷേപം.
ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ‘വംശഹത്യ’ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മനുഷ്യാവകാശ വക്താക്കളില്‍ ഒരാളാണ് ഫ്രാന്‍സെസ്‌ക അല്‍ബനീസ്. എന്നാല്‍ ഇവരുടെ ആക്ഷേപങ്ങള്‍ ഇസ്രയേലും അവര്‍ക്ക് സൈനിക പിന്തുണ നല്‍കി വരുന്ന യുഎസും ഇക്കാര്യത്തില്‍ ഫ്രാന്‍സെസ്‌കയെ എതിര്‍ക്കുകയാണ്.
ഗാസയില്‍ നടത്തുന്ന വിനാശകരമായ സൈനിക ആക്രമാണത്തിന്റെ പേരില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രയേല്‍ വംശഹത്യ കുറ്റം നേരിടുന്നുണ്ട്. അതുപോലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ യുദ്ധക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇസ്രയേലിനെതിരായ തെളിവുകള്‍ നല്‍കി വരുന്നവരില്‍ പ്രധാനിയാണ് അല്‍ബനീസ്. അവരുടെ നിലപാടിനെ ലോകത്തില്‍ നിന്നും വളരെയധികം പിന്തുണ നല്‍കുന്നുണ്ട്.
ഉപരോധ വാര്‍ത്തയ്ക്ക് പിന്നാലെ ഫ്രാന്‍സെസ്‌ക അല്‍ബനീസ് എക്‌സില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിലവര്‍ പറയുന്നത്, എപ്പോഴുമെന്ന പോലെ നീതിയുടെ പക്ഷത്ത് തന്ന ഉറച്ചു നില്‍ക്കുമെന്നാണ്. അമേരിക്കയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു അല്‍ബനീസിന്റെ വാക്കുകള്‍. അതേസമയം അല്‍-ജസീറയ്ക്ക് അയച്ചൊരു ശബ്ദ സന്ദേശത്തില്‍, യുഎസ് നീക്കത്തെ ‘മാഫിയ ശൈലിയിലുള്ള ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍’ ആയി കണ്ട് താന്‍ തള്ളിക്കളയുകയാണെന്ന് പറയുന്നുണ്ട്.
ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കാന്‍ ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ഇസ്രയേലിനെതിരെ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് ഫ്രാന്‍സെസ്‌ക അല്‍ബനീസിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമീപ ആഴ്ചകളില്‍ അല്‍ബനീസ് നിരവധി കത്തുകള്‍ പുറത്തുവിട്ടിരുന്നു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രയേലി അധികാരികള്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റം ചുമത്തിയതിനെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ഈ ഇറ്റാലിയന്‍ പൗര. ഇസ്രയേല്‍ അധിനിവേശത്തിനും ഗാസയ്ക്കെതിരായ യുദ്ധത്തിനും സഹായിക്കുന്ന കമ്പനികളുടെ പട്ടികയില്‍ നിരവധി യുഎസ് ഭീമന്മാരെ ഉള്‍പ്പെടുത്തി ഫ്രാന്‍സെസ്‌ക അടുത്തിടെ ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.
ഫ്രാന്‍സെസ്‌ക അല്‍ബനീസിനെ തങ്ങളുടെ പ്രധാന എതിരാളിയായാണ് അമേരിക്ക കാണുന്നതെന്ന് തെളിവാണ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ‘അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ അല്‍ബനീസിന്റെ രാഷ്ട്രീയ, സാമ്പത്തിക യുദ്ധ പ്രചാരണം ഇനി അനുവദിക്കില്ല,’ എന്നാണ് മാര്‍ക്കോ റൂബിയോ പറയുന്നത്. ‘സ്വയം പ്രതിരോധത്തിനുള്ള ഞങ്ങളുടെ പങ്കാളികളുടെ അവകാശത്തില്‍ ഞങ്ങള്‍ എപ്പോഴും അവരുടെ കൂടെ നില്‍ക്കും.’ എന്നു കൂടി സെക്രട്ടറി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
അമേരിക്കയിലും മിഡില്‍ ഈസ്റ്റിലുമെല്ലാം ഇസ്രയേല്‍ അനുകൂലികളുടെ മുഖ്യ എതിരാളിയാണ് ഫ്രാന്‍സെസ്‌ക അല്‍ബനീസ്. കഴിഞ്ഞാഴ്ച്ച ഐക്യരാഷ്ട്രസഭയില്‍ യുഎസ് സംഘം അവരെ നിശബ്ദയാക്കാനുള്ള ശ്രമം നടത്തിയിരുന്നു. അവര്‍ കടുത്ത ജൂത വിരോധിയും, ഇസ്രയേലിനെ ശത്രുപക്ഷത്ത് കാണുന്ന പക്ഷപാതിയാണെന്നുമായിരുന്നു അമേരിക്ക നിരത്തിയ കുറ്റം. ഇതിന്റെ പേരില്‍ അവരെ ഐക്യരാഷ്ട്ര സഭ പുറത്താക്കണണെന്നായിരുന്നു ആവശ്യം.
ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തുകയാണെന്ന അല്‍ബനീസിന്റെ ആരോപണം തെറ്റും കുറ്റകരമായതുമാണെന്നായിരുന്നു അമേരിക്ക ഐക്യരാഷ്ട്ര സഭയില്‍ വാദിച്ചത്.
2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ ഗാസയില്‍ തുടരുന്ന മാരകമായ യുദ്ധത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താനാണ്, ട്രംപ് രണ്ടാമതും അമേരിക്കയില്‍ ഭരണത്തില്‍ വന്നതിനുശേഷമുള്ള ആറുമാസക്കാലമായി ശ്രമിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഐക്യരാഷ്ട്ര സഭയിലും കണ്ടത്.
അല്‍ബനീസിനെതിരായ യുഎസ് ഉപരോധങ്ങള്‍ മനുഷ്യാവകാശ വിദഗ്ധരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസി തിങ്ക് ടാങ്കിലെ ഗവണ്‍മെന്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് ഡിലന്‍ വില്യംസ് ഈ ഉപരോധത്തെ കുറ്റപ്പെടുത്തിയത്, ‘റോഗ് സ്റ്റേറ്റ് ബിഹേവിയര്‍'(അന്താരാഷ്ട്ര നയങ്ങളുടെ ലംഘനം) എന്നാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികളെ ഉപരോധിക്കുകയല്ല, പിന്തുണയ്ക്കുകയാണ് വേണ്ടതെന്നായിരുന്നു ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചത്.
2023 ഒക്ടോബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കടന്നു കയറി 1,200 ഓളം പേരെ കൊന്നൊടുക്കുകയും, 251 പേരെ തടവുകാരാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇസ്രയേല്‍ പ്രതികാരം തുടങ്ങിയത്. ഇതുവരെ 57,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിനെതിരായ യുദ്ധമെന്നാണ് ഇസ്രയേല്‍ പറയുന്നതെങ്കിലും അവര്‍ കൊന്നൊടുക്കുന്നതില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണെന്നാണ് പരാതി. എന്നാല്‍ സാധാരണക്കാരുടെ എണ്ണം കുറച്ചു കാണിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. 21 മാസത്തിലേറെയായി തുടരുന്ന ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയിലെ 2.3 മില്യണ്‍ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും നിരാലംബരായിക്കഴിഞ്ഞു. സ്വന്തം നാട്ടില്‍ തന്നെ അവര്‍ അഭയാര്‍ത്ഥികളായി അലയുകയാണ്.
‘പലസ്തീനില്‍ വംശീയ ഉന്മൂലനം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് ഇസ്രയേല്‍. ഈ വംശഹത്യ നമ്മള്‍ അവസാനിപ്പിക്കണം. അതേസമയം ഈ വംശഹത്യ നടപ്പിലാക്കാന്‍ വേണ്ട രൂപകല്‍പ്പന ചെയ്ത കൊലയാളി യന്ത്രത്തെ തുറന്നു കാട്ടുകയും വേണം’, അല്‍ബനീസ് എക്സില്‍ സമീപകാലത്ത് ചെയ്‌തൊരു പോസ്റ്റില്‍ പറയുന്നതാണ്. ആ പോസ്റ്റില്‍ അവര്‍ പ്രധാനപ്പെട്ടൊരു കാര്യം പറയുന്നു; ‘എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ല.’ US issues sanctions against UN special rapporteur Francesca Albanese who investigating human rights abuses in Gaza
Content Summary; US issues sanctions against UN special rapporteur Francesca Albanese who investigating human rights abuses in Gaza
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.