June 03, 2026 |

വൺവേയിൽ തെറ്റിച്ച് വന്നത് ബസ്, മർദനം ബൈക്ക് യാത്രക്കാരന്; ഏറ്റുമാനൂരിൽ പൊലീസിന്റെ അതിക്രമം

കാരണം പോലും തിരക്കാതെയാണ് മർദിച്ചത്

കോട്ടയം, ഏറ്റുമാനൂരിൽ പ്രൈവറ്റ് ബസ് ഡ്രൈവറും യുവാവും തമ്മിലുള്ള വാക്ക് തർക്കവും തുടർന്ന് യുവാവിനെ പൊലീസ് മർദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വീഡിയോയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്.

പ്രൈവറ്റ് ബസ് തടഞ്ഞുനിർത്തി, യാത്രക്കാരെയും ജീവനക്കാരെയും തെറി വിളിക്കുകയും ബസിന്റെ ട്രിപ്പ് മുടക്കി ഗുണ്ടായിസം കാണിക്കുകയും ചെയ്ത യുവാവിനെതിരെ കൃത്യമായ നടപടിയാണ് ഏറ്റുമാനൂർ പൊലീസ് കൈക്കൊണ്ടതെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. എന്നാൽ സത്യാവസ്ഥ അങ്ങനെയല്ലെന്നും കാരണം പോലും അന്വേഷിക്കാതെയാണ് പൊലീസ് യുവാവിനെ മർദിച്ചതെന്നും ഹൈക്കോടതി അഭിഭാഷകനായ ഡി. വിനോദ് അഴിമുഖത്തോട് പ്രതികരിച്ചു.

‘മാർച്ച് 20, വൈകുന്നേരം 6 മണിക്കാണ് സംഭവം നടക്കുന്നത്. സംഭവം നടക്കുന്നതിന്റെ രണ്ട് മിനിറ്റ് മുൻപ് വൺവേയിൽ കൂടി ബൈക്കുമായി വരികയായിരുന്നു അഭയ്. എസ്. രാജീവ്. എന്നാൽ ബസ് വൺവേയിൽ കൂടി തെറ്റിച്ച് വരികയും അഭയുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ളതുമായിരുന്നു. എങ്ങനെയോ രക്ഷപ്പെട്ടാണ് അവൻ ബസിനെ തടഞ്ഞ് നിർത്തിയതും ഡ്രൈവറോട് ദേഷ്യത്തിൽ സംസാരിക്കുകയും ചെയ്തത്. ബസ് ഡ്രൈവറുടെ ഭാ​ഗത്താണ് തെറ്റെന്ന് മനസിലായത് കൊണ്ടാണ് യാത്രക്കാർ ആരും തന്നെ അവനെ കുറ്റപ്പെടുത്താത്തത്.

അഭയ്‌യെ അറസ്റ്റ് ചെയ്തുകൊണ്ട് പോയ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്‍സല്‍ അബ്ദുല്‍, കോട്ടയം ജില്ലാ പൊലീസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്. അയാൾക്കുള്ള രാഷ്ട്രീയ സ്വാധീനം കാരണമാണ് എല്ലാ പൊലീസുകാരും അയാളെ പിന്തുണയ്ക്കുന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അവനെ മർദിച്ചിരുന്നു. മാത്രമല്ല, പൊലീസ് സ്റ്റേഷനിലത്തിയിട്ടും ചെറുപ്പക്കാരനെ പൊലീസ് മർദിച്ചിരുന്നു.

പയ്യന്റെ ശത്രുക്കളാണ് അവനെ മർദിച്ചതെന്നാണ് ഇതിന് മറുപടിയായി പൊലീസ് പറയുന്നത്. അഞ്ച് കേസുകൾ ഇവനെതിരെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. അതിൽ ഒന്നിൽ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. രണ്ടാമത്തെ കേസ് ഇവനെതിരെ ചാർജ് ചെയ്തിട്ടില്ല. ഒരമ്മയെയും മകനെയും തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു എന്നതാണ് മൂന്നാമത്തേത്. ഇതിലെല്ലാം റൗഡി ലിസ്റ്റിലാണ് ഇവനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

379, 390 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 354 പ്രകാരം സ്ത്രീകളെ അപമാനിച്ചു എന്നൊരു കേസ് കൂടി ചാർജ് ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന തരത്തിലും കേസെടുത്തിട്ടുണ്ട്. ബസ് നിർത്തി കാര്യം അന്വേഷിക്കുമ്പോൾ ബസ് ഡ്രൈവർ ഇവനെ ചവിട്ടാനായി വരുന്നതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ആക്രമണാത്മക സ്വഭാവമെല്ലാം കാണിക്കുന്നത് ബസ് ഡ്രൈവറാണ്. അഭയ് റൗഡിയായതിനാൽ ബസ് ഡ്രൈവർ അവനെ കണ്ട് ഭയന്ന് പോയി എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പയ്യൻ ഒരു എസ്എഫ്ഐ പ്രവർത്തകൻ കൂടിയാണ്. പാർട്ടിയുമായി ബന്ധപ്പെട്ടുള്ള സംഘർഷങ്ങളുടെ പേരിലുള്ള കേസുകളാണ് ഇവന്റെ പേരിലുള്ളത്.

ചിങ്ങവനം കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കൊലപാതക ശ്രമത്തിന് ഇവനെതിരെ ഒരു കേസ് എടുത്തിരുന്നു. അഞ്ച് പേർ ഇവനെ കൂട്ടം ചേർന്ന് ആക്രമിച്ചപ്പോൾ കൈയിലിരുന്ന മോട്ടോർ സൈക്കിളിന്റെ താക്കോൽ കൊണ്ട് കൂട്ടത്തിലൊരാൾക്ക് കഴുത്തിൻ്റെ ഭാ​ഗത്ത് പരിക്ക് പറ്റിയതാണ് ആ കേസ്.

മദ്യപിച്ച് കോളേജിലെ പരിപാടിയിൽ പ്രശ്നമുണ്ടാക്കാനെത്തിയ അഞ്ച് കെഎസ് യു പ്രവർത്തകരെ തടയുകയും അതിൻ്റെ വൈരാ​ഗ്യത്തിലാണ് അഞ്ച് പേരും ചേർന്ന് ഇവനെ ആക്രമിക്കാൻ എത്തിയ സമയത്താണ് സ്വയരക്ഷയ്ക്ക് വേണ്ടി താക്കോൽ ഉപയോ​ഗിച്ച് തള്ളിമാറ്റിയത്. ഇക്കാര്യം അന്നത്തെ കേസിലും പറയുന്നുണ്ട്.

നിലവിലെ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ലഭിച്ചത് മുതൽ കേസിന്റെ പിറകെയാണ് ഞാൻ. ബസിലെ ഡ്രൈവർ ഫോണെടുത്ത് പൊലീസിനെ വിവരമറിയിക്കുന്നത് ദൃശ്യങ്ങൾ ശ്രദ്ധിച്ചാൽ മനസിലാകും. അയാൾ വിളിച്ച് ഒന്നര മിനിറ്റിനുള്ളിൽ പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്‍സല്‍ അബ്ദുല്‍ ആണ് പയ്യനെ മർദിച്ചത്. കോട്ടയം ജില്ലാ പൊലീസ് അസോസിയേഷൻ പ്രസിഡന്റാണ്. എന്താണ് പ്രശ്നമെന്ന് പോലും തിരക്കാതെയാണ് എസ്എച്ച്ഒ അയാളെ മർദിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വന്നയുടൻ പിന്നിൽ നിന്ന് പിടിച്ചുമാറ്റുകയാണ്. യുവാവിന്റെ ഒരു ലക്ഷം വിലയുള്ള മൊബൈൽ ഫോൺ പൊലീസ് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു.

യുവാവിന് ചെറിയ മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വീട്ടിൽ നിന്ന് ഇറങ്ങി അരമണിക്കൂർ ഇടവേളകളിൽ ഇയാളുടെ അച്ഛൻ വിളിച്ചുകൊണ്ടിരിക്കും. 15 ദിവസത്തോളം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് കഴിഞ്ഞതിന് ശേഷം തിരിച്ചുവന്ന സമയത്താണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. പൊലീസുകാരുടെ മർ​ദനമേറ്റതോടെ അവന്റെ അവസ്ഥ കൂടുതൽ മോശമാവുകയാണ് ചെയ്തത്. കുറച്ചധികം ദിവസം അവന് ചികിത്സ തേടേണ്ടി വന്നു. പിന്നീട് ആരെ കണ്ടാലും അവൻ ഭയക്കാൻ തുടങ്ങി.

പൊലീസ് സ്റ്റേഷനിൽ നിന്നും കൊണ്ട് പോയ ഡോക്ടറുടെ പക്കൽ നിന്നും പൊലീസ് തെറ്റായ മൊഴിയും രേഖപ്പെടുത്തി. യുവാവ് ലഹരിക്ക് അടിമയാണെന്നും അക്രമാസക്തമായി പെരുമാറുന്ന സ്വഭാവമാണെന്നുമാണ് ഡോക്ടർ നൽകിയ മൊഴിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരാളെ പൊലീസ് വ്യക്തിഹത്യ നടത്തുകയാണ് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണെന്നാണ് പൊലീസ് വാദിക്കുന്നത്. വീഡിയോ എഡിറ്റ് ചെയ്തതല്ലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ക്രൈം റെക്കോർഡ്സിൽ ഏറ്റവും ലോങ്ങസ്റ്റ് ആയിട്ടുള്ള ഷോട്ടാണ് നമുക്ക് വീഡിയോയായി നൽകിയിരിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ആദ്യം നൽകിയ കേസ് ഹൈക്കോടതി തളളിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും മറ്റ് തെളിവുകൾ ഹാജരാക്കിയാൽ മാത്രമേ കേസുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്നും പറഞ്ഞാണ് കേസ് തള്ളിയത്. നിലവിൽ അതിൽ അപ്പീൽ നൽകിയിരിക്കുകയാണ്’, ഹൈക്കോടതി അഭിഭാഷകനായ ഡി. വിനോദ് അഴിമുഖത്തോട് പ്രതികരിച്ചു.

സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനെ ബന്ധപ്പെട്ടപ്പോൾ ഫോണിലൂടെ സംസാരിക്കാൻ തയ്യാറല്ല എന്നാണ് അറിയിച്ചത്. സംഭവത്തിന്റെ ഞെട്ടലിൽ നിന്നും അഭയ് ഇപ്പോഴും പുറത്തുവന്നിട്ടില്ലായെന്നാണ് അഭിഭാഷകനിൽ നിന്നും അറിയാൻ കഴിഞ്ഞത്.

Content Summary: Police brutality in Ettumanoor; man was forcibly taken into custody

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×