July 13, 2025 |
Share on

ഗാസ; എന്തുകൊണ്ട് ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് സമ്മതിക്കുന്നു?

കരാര്‍ നിലവില്‍ വന്നാല്‍, ഈ യുദ്ധകാലത്ത് ഉണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാറാണിത്

വെടി നിര്‍ത്തല്‍ കരാറിന് ഹമാസും സമ്മതം പറഞ്ഞിരിക്കുന്നു. 21 മാസമായി തുടരുന്ന രക്തരൂക്ഷിത യുദ്ധം അവസാനിച്ച്, മേഖലയില്‍ സമാധാനം പുലരും എന്നാരും കരുതുന്നുണ്ടാകില്ല. അറിയേണ്ട കാര്യം; വെടിനിര്‍ത്തല്‍ കരാര്‍ എപ്പോള്‍ നിലവില്‍ വരും? ഗാസയില്‍ ഇപ്പോഴും മനുഷ്യര്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ 300 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതുകൊണ്ട് വെടിനിര്‍ത്തല്‍ എന്ന് നിലവില്‍ വരും എന്നത് തന്നെയാണ് ലോകം കാത്തിരിക്കുന്നത്. ഒരാഴ്ച്ചയില്‍ കൊല്ലപ്പെട്ടത് 300 പേര്‍, 24 മണിക്കൂറില്‍ 90 പേര്‍; വെടിനിര്‍ത്തല്‍ പറയുകയും കൂട്ടക്കൊല തുടരുകയും ചെയ്യുന്ന ഇസ്രയേല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥം വഹിക്കുന്ന വെടിനിര്‍ത്തല്‍ കരാറിനോട് വെള്ളിയാഴ്ച്ച ഹമാസില്‍ നിന്നും അനുകൂല സമീപനമാണ് ഉണ്ടായത്. ഇസ്രയേല്‍ നേരത്തെ തന്നെ ട്രംപിന് അനുകൂലമായി തലകുലുക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് കൂടി അവസരമൊരുങ്ങുന്ന കരാര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ തങ്ങളും തയ്യാറാണെന്നാണ് ഹമാസും ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

നിരീക്ഷകര്‍ നടത്തുന്ന പ്രവചനം, തിങ്കളാഴ്ച്ച കരാര്‍ നിലവില്‍ വരുമെന്നാണ്. തിങ്കളാഴ്ച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ വാഷിംഗ്ടണിലെത്തുന്നുണ്ട്. ട്രംപിന്റെ രണ്ടാം ടേം തുടങ്ങിയശേഷം ഇത് മൂന്നാം തവണയാണ് നെതന്യാഹൂ യുഎസില്‍ എത്തുന്നത്.

കരാര്‍ നിലവില്‍ വന്നാല്‍, ഈ യുദ്ധകാലത്ത് ഉണ്ടാകുന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാറാണിത്. 2023 ഒക്ടോബര്‍ 7 ന് തുടങ്ങിയ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ ഇതുവരെ 57,000 ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമാണ് കൊല്ലപ്പെട്ടത്.

ആദ്യത്തെ വെടിനിര്‍ത്തല്‍ കരാര്‍ 2023 നവംബറിലായിരുന്നു. വെറും 10 ദിവസം മാത്രമേ ഇതു നീണ്ടുനിന്നുള്ളൂ. രണ്ടാമത്തേത് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെ, അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിന് തയ്യാറാവുകയായിരുന്നു. എന്നാല്‍ മാര്‍ച്ചിലേക്ക് വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രയേല്‍ വിസമ്മതിച്ചതോടെ രണ്ടാമത്തെ കരാറും അവസാനിച്ചു.

മൂന്നാമത്തെ കരാറില്‍ പറയുന്ന പ്രധാന വ്യവസ്ഥകള്‍ ഇവയാണ്; ഹമാസ് തടവിലാക്കിയ ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കുക, ഇസ്രയേല്‍ ജയിലുകളിലെ നൂറുകണക്കിന് പലസ്തീനികളെ മോചിപ്പിക്കുക, ഗാസയ്ക്ക് അത്യാവശ്യമായി സഹായങ്ങള്‍ ലഭ്യമാക്കുക, സമീപ മാസങ്ങളില്‍ പിടിച്ചെടുത്ത ഗാസയുടെ ചില ഭാഗങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിക്കുക എന്നിവയാണ് പുതിയ വ്യവസ്ഥകള്‍.

കരാറില്‍ 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പറയുന്നത്. ഈ കാലയളവില്‍ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തും. ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അംഗീകരിച്ചാല്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നും, യുദ്ധത്തിന് സ്ഥിരമായ അന്ത്യം കുറിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താമെന്നും ഹമാസിന് ട്രംപ് ഉറപ്പു നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം നടന്ന ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ വെടിനിര്‍ത്തലിലേക്ക് വഴിതെളിച്ചത്. യുഎസ് മധ്യസ്ഥതയിലാണ് ഇറാനും ഇസ്രയേലും സംഘര്‍ഷം അവസാനിപ്പിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ട്രംപ് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലിനും ട്രംപ് ഇടപെട്ടിരിക്കുന്നതെന്നാണ് വാദം.

ഇറാനുമായി നടന്ന ഏറ്റുമുട്ടല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് നേട്ടമായിട്ടുണ്ട്. ഒറു വിഭാഗം ഇസ്രയേലികള്‍ ഇത് അവരുടെ രാജ്യത്തിന്റെ വിജയമായാണ് ആഘോഷിക്കുന്നത്. ഇതിലൂടെ നെതന്യാഹുവിന് വ്യക്തിപരമായും അദ്ദേഹത്തിന്റെ ലിക്കുഡ് പാര്‍ട്ടിക്കും നേരിയ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സര്‍വേകള്‍ പറയുന്നത്.

ഇതേസമയം തന്നെ ഗാസയിലെ യുദ്ധവും ഒരു വിജയമായിരുന്നുവെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചാല്‍ നെതന്യാഹുവിന് കാര്യങ്ങള്‍ കുറച്ചു കൂടി അനുകൂലമാകും. ഇസ്രയേലിനെ ഇതുവരെയില്ലാത്ത വിധം സുരക്ഷിതമാക്കിയ വ്യക്തി താനാണെന്ന് അവകാശപ്പെട്ട് നെതന്യാഹുവിന് അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 2023 ഒക്ടോബറില്‍ ഹമാസ് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 251 പേരെ ബന്ദികളാക്കുകയും 1,200 പേരെ(കൂടുതലും സാധാരണക്കാര്‍) കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരമൊരു ആക്രമണത്തിന് കാരണമായ സുരക്ഷാ, തന്ത്രപരമായ പരാജയങ്ങള്‍ പക്ഷേ ഇപ്പോഴും പ്രധാനമന്ത്രിക്കെതിരായ രോഷമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നത് വേറൊരു കാര്യം. എല്ലാവരുംതന്നെ അതൊന്നും മറന്നിട്ടില്ല. ഗാസയിലെയും ഇറാനിലെയും ആക്രമണങ്ങളുടെ പേരില്‍ രാജ്യത്ത് പ്രധാനമന്ത്രിക്കെതിരേ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ മാസം അവസാനത്തോടെ, ഇസ്രയേല്‍ പാര്‍ലമെന്റ്(നെസെറ്റ്) മൂന്ന് മാസത്തെ ഇടവേളയെടുക്കുന്നുണ്ട്(നെസെറ്റിന്റെ വാര്‍ഷിക കലണ്ടറില്‍ നിശ്ചയിച്ചിരിക്കുന്ന ഷെഡ്യൂള്‍ പ്രകാരമാണ് ഈ ഇടവേള. നെസെറ്റ് നിയമം അനുസരിച്ച് ഹൗസ് കമ്മിറ്റി നിര്‍ണ്ണയിക്കുന്നതാണ് ഇടവേള. ഇടവേള എന്ന് പറയുമെങ്കിലും ഈ കാലയളവില്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെടാറില്ല). നെതന്യാഹുവിനെ സംബന്ധിച്ച് ഈ ഇടവേള അനുഗ്രഹമാണ്. ഈ സമയത്ത് കോടതികള്‍ യോഗം ചേരില്ല. അവിശ്വാസ വോട്ടെടുപ്പിന്റെയോ പാര്‍ലമെന്റ് പിരിച്ചുവിടല്‍ പ്രമേയത്തിന്റെയോ ഭീഷണിയില്‍ നിന്നും അഴിമതിക്കെതിരായ വിചാരണയില്‍ ക്രോസ് വിസ്താരം തുടരുന്നതില്‍ നിന്നും നെതന്യാഹുവിന് ഇടവേള കിട്ടും.

ഹമാസിന് ഈ വെടിനിര്‍ത്തല്‍ കരാര്‍ അവരുടെ നിലനില്‍പ്പിന്റെ കാര്യംകൂടിയാണ്. ഹമാസ് ഇപ്പോള്‍ ശിഥിലമായിട്ടുണ്ടെന്നാണ് അതിന്റെ നേതാക്കളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇസ്രയേല്‍ ആക്രമണം അവരെ വളരെയധികം ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നവരും ഇപ്പോള്‍ ദുര്‍ബലരായിരിക്കുകയാണ്.

ഗാസയില്‍ സാന്നിധ്യം നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഹമാസിന്റെ പ്രധാന ലക്ഷ്യം എന്നാണ് അതിന്റെ നേതാക്കള്‍ പറയുന്നത്. പഴയ ശക്തിയോടെയല്ലെങ്കിലും, അവശേഷിക്കുന്ന രീതിയിലെങ്കിലും. ഇത് മാത്രമേ ഏതെങ്കിലും തരത്തിലുള്ള വിജയത്തിന് കാരണമാകൂ എന്നാണ് നേതാക്കള്‍ പറയുന്നത്. യുദ്ധത്തിന് ശാശ്വതമായ ഒരു അന്ത്യം കുറിക്കാന്‍ ഹമാസ് ആഗ്രഹിക്കുന്നുണ്ടെന്നു കൂടിയാണ് ഇപ്പോള്‍ അവര്‍ കരാറിന് സമ്മതിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

എന്നാല്‍, ഹമാസ് ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ തിരിയുമോയെന്നതില്‍ വ്യക്തമല്ല. ഹമാസിനെ ഗാസയില്‍ നിരായുധീകരിക്കാനും അവിടെ നിന്നും അവരുടെ നേതാക്കളെ നാടുകടത്താനും കഴിയുന്നില്ലെങ്കില്‍, ഇസ്രയേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും ഗാസ വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്നുമാണ് നെതന്യാഹുവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഈ തീരുമാനത്തെ യുഎസ് പിന്തുണയ്ക്കുമെന്നുമാണ് നെതന്യാഹു വൃത്തങ്ങള്‍ ഇസ്രയേലി മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. പലസ്തീനികളെ ഗാസയില്‍ നിന്നും ഒഴിപ്പിക്കുക എന്ന ലക്ഷ്യം അവര്‍ക്കുണ്ടെന്നാണ് നെതന്യാഹു വൃത്തങ്ങള്‍ പറയുന്നത്. ഒന്നുകില്‍ അവരെ മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയക്കുക, അല്ലെങ്കില്‍ പലസ്തീനില്‍ തന്നെ വേറെയെതെങ്കിലും ഇടത്തേക്ക്.  Gaza ceasefire; Why it could happen now?

Content Summary; Gaza ceasefire; Why it could happen now?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×