ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിലെ കേന്ദ്ര കഥാപാത്രമാണ് ആയുത്തള്ള അലി ഖൊമേനി; ഇറാന്റെ പരമോന്നത് നേതാവ്. ഖൊമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഖൊമേനി അമേരിക്കയുടെ ലക്ഷ്യത്തില്‍ ഉണ്ടെന്നും, ഒളിച്ചിരിക്കുന്നതുകൊണ്ട് കാര്യമില്ലെന്നുമാണ് ട്രംപിന്റെ മറ്റൊരു ഭീഷണി. ഇറാനു മുകളിലുള്ള ആകാശത്തിന്റെ പൂര്‍ണമായ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമെന്നുമായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തത്. ഖമേനി ഒരു ‘എളുപ്പമുള്ള ലക്ഷ്യമാണ്’ എന്നാല്‍ ‘ഇപ്പോള്‍’ സുരക്ഷിതമാണെന്നാണ് ട്രംപ് പറയുന്നത്.
ഇസ്രയേല്‍ പ്രധാനമന്ത്രിയും യു എസ് പ്രസിഡന്റും പ്രധാന ലക്ഷ്യമായി പറയുന്ന ഖൊമേനി, ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ നെടുംതൂണാണ്. ഇറാന്റെ ആണവ പദ്ധതികള്‍ അവസാനിപ്പിക്കുന്നതിലുപരി, അവിടുത്തെ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇസ്രയേലിന്റെ ഏറ്റവും വലിയ ഭീഷണിയാണ് നിലവില്‍ ഇറാന്‍. അവിടെ ഭരണമാറ്റം വരുത്തി, തങ്ങളുടെ ആശ്രിതരായൊരു ഭരണകൂടത്തെ സ്ഥാപിക്കുകയെന്നത് ഇസ്രയേല്‍ സ്വപ്‌നം കാണുന്നുണ്ട്. അതിനിടയില്‍ അവര്‍ക്കുള്ള പ്രധാന തടസം ഖൊമേനിയാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇറാനെ നിയന്ത്രിക്കുന്ന നേതാവാണ് ആയത്തുള്ള അലി ഖൊമേനി. ഇസ്ലാമിക വിപ്ലവകാരിയില്‍ നിന്നും പരമോന്നത നേതാവിലേക്കുള്ള ഖൊമേനിയുടെ ജീവിതം ഹ്രസ്വമായി പരിശോധിക്കാം.
കിഴക്കന്‍ ഇറാനിലെ ഒരു തീര്‍ത്ഥാടന നഗരമായ മഷാദ്. അവിടെ ഒരു വിശ്വാസ കുടുംബത്തില്‍ 1939 ലാണ് ഖൊമേനി ജനിക്കുന്നത്. ഇറാനില്‍ ആരംഭിച്ച ഷാ വിരുദ്ധ, ഇസ്ലാമിക വിപ്ലവത്തില്‍ ചെറുപ്രായത്തില്‍ തന്നെ ഖൊമേനി പങ്കാളിയായിരുന്നു. 1962ല്‍ തന്റെ 23 മത്തെ വയസില്‍ പലസ്തീന്‍ ലക്ഷ്യത്തെ പിന്തുണച്ചതിന് ആദ്യമായി അറസ്റ്റിലായി. ഇറാനിലെ അവസാനത്തെ ഷാ ഭരണാധികാരിയായിരുന്ന മുഹമ്മദ് റെസ പഹ്‌ലാവിയുടെ കാലത്ത് ഖൊമേനി പലതവണ അറസ്റ്റിലായിട്ടുണ്ട്. അമേരിക്കന്‍ പിന്തുണയോടെ ഭരിച്ചിരുന്ന ഏകാധിപതിയായ ഷാ മൂന്ന് വര്‍ഷത്തേക്ക് ഖൊമേനിയെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കുകയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിക്കുകയും ചെയ്ത അയത്തുള്ള റുഹുള്ള ഖൊമേനിയുടെ അടുത്ത അനുയായിരുന്ന ഖൊമേനി, പ്രതിപക്ഷ നിരയില്‍ വളരെ വേഗം തന്നെ മുന്നിലേക്ക് ഉയര്‍ന്നു വന്നു. ഷായെ വീഴ്ത്തി ഇറാനില്‍ ഇസ്ലാമിക ഭരണകൂടം സ്ഥാപിതമായതോടെ, ഖൊമേനി അതിലെ പ്രധാനിയായി. 1980 കളില്‍ അദ്ദേഹം ഇറാന്റെ പ്രസിഡന്റ് പദത്തില്‍ ഉണ്ടായിരുന്നു.
1989ല്‍ ആയത്തുള്ള റൂഹുള്ള ഖൊമേനി അന്തരിച്ചു. അടുത്ത അയത്തുള്ള ബഹുമതി നേടാന്‍ പോകുന്നത് ആരാണെന്നത് തീര്‍ച്ചയാക്കപ്പെട്ടിരുന്നു(ഷിയ ഇസ്ലാമില്‍, പ്രത്യേകിച്ച് ഇറാനില്‍, ഉന്നത പദവിയിലുള്ള ഒരു മതനേതാവിന് നല്‍കുന്ന ഒരു സ്ഥാനപ്പേരാണ് ‘ആയത്തുള്ള’. ‘ദൈവത്തിന്റെ അടയാളം’ ‘ദൈവത്തിന്റെ പ്രതിഫലനം’ എന്നൊക്കെയാണ് ആ പദത്തിന് അര്‍ത്ഥം. ഇസ്ലാമിക നിയമത്തിലും ദൈവശാസ്ത്രത്തിലും വിപുലമായ അറിവുള്ള ഒരു പുരോഹിതനായാണ് ആയുത്തുള്ളയെ കണക്കാക്കുന്നത്). അങ്ങനെ ആയത്തുള്ള അലി ഖൊമേനി ഇറാന്റെ പരമോന്നത നേതാവ് ആയി. അതോടെ ഇറാന്റെ പരമാധികാരവും അദ്ദേഹത്തിന്റെ കൈകളിലായി.
രാജ്യത്തിന്റെ രാഷ്ട്രീയ, സൈനിക, സുരക്ഷാ സംവിധാനങ്ങളുടെ നിയന്ത്രിതാവ്, ഇറാനുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും അന്തിമ തീരുമാനമെടുക്കാന്‍ അധികാരമുള്ളയാള്‍ എന്നീ നിലകളില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനായി വിയോജിപ്പുകളെ അടിച്ചമര്‍ത്തി.
ഖൊമേനിയുടെ അധികാരം പരിതികളില്ലാത്തതാണ്. ഇറാന്റെ പരമോന്നത നേതാവെന്ന നിലയില്‍, അയത്തുള്ള ഖമേനി ഭരണകൂടത്തിന്റെ എല്ലാവിഭാഗങ്ങള്‍ക്കും മുകളിലാണ്. ജുഡീഷ്യറി, സ്റ്റേറ്റ് മീഡിയ, പ്രധാന സുരക്ഷാ ഏജന്‍സികള്‍ എന്നിവയുടെ തലവന്മാരെ നിയമിക്കുന്നത് അദ്ദേഹമാണ്, പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍ക്കൊക്കെ മത്സരിക്കാമെന്ന് തീരുമാനിക്കുന്നത് വരെ ഖൊമേനിയാണ്.
ഇറാനിലെ ഇസ്ലാമിക ഭരണ വ്യവസ്ഥയുടെ കാവല്‍ക്കാരായി അറിയപ്പെടുന്നതാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ്. ഇതിന്റെ തലവനും ഖൊ മേനിയാണ്. കൂടാതെ മിഡില്‍ ഈസ്റ്റിലുടനീളമുള്ള ഇറാന്റെ വിദേശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖുദ്സ് ഫോഴ്സിന്റെ മേല്‍നോട്ടവും ഖൊമേനിയാണ് വഹിക്കുന്നത്. അതായത്, ഇറാന്റെ വിദേശ, സൈനിക നയങ്ങളുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിനാണ്.
ഇറാന്റെ ആണവ പദ്ധതികളുടെ ചുക്കാനും ഖൊമേനിയുടെ കൈകളിലേക്ക് എത്തുമെന്നതാണ് അമേരിക്കയ്ക്കും ഇസ്രയേലിനും ഖൊമേനി അവരുടെ പ്രധാന ലക്ഷ്യമാക്കുന്നത്.
പതിറ്റാണ്ടുകളായി, ഇറാന്‍ പുലര്‍ത്തുന്ന കടുത്ത വിദേശനയത്തിനു പിന്നില്‍ ഖൊമേനിയാണ്. മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍, ഇസ്രയേല്‍, സൗദി സ്വാധീനത്തിന് വഴങ്ങാതെ ഇറാന്‍ നിലകൊള്ളുന്നതിന് കാരണവുമതാണ്.
ലെബനന്‍ മുതല്‍ യെമന്‍ വരെ വ്യാപിച്ചുകിടക്കുന്ന നിഴല്‍ സേനകളുടെ ഒരു ശൃംഖലയെ പരിശീലിപ്പിക്കുകയും അവര്‍ക്ക് ആയുധങ്ങളും ധനസഹായം നല്‍കി ശക്തിപ്പെടുത്തുകയും ചെയ്തത് ഖൊമേനി വിജയിപ്പിച്ച തന്ത്രമായിരുന്നു. ഇറാനിയന്‍ മണ്ണില്‍ ഒരു യുദ്ധത്തിന് പ്രകോപനം സൃഷ്ടിക്കാതെ തന്നെ ടെഹ്റാന് അതിന്റെ ശക്തി പ്രകടിപ്പിക്കാനും എതിരാളികളെ നേരിടാനും അവരുടെ സഖ്യകക്ഷികളെ മുന്‍നിര്‍ത്തിക്കൊണ്ട് സാധിച്ചു.
എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച വരെയായിരുന്നു അത്തരമൊരു പ്രതിരോധത്തിന് ഇറാന് സാധിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ ഇറാന്റെ മണ്ണില്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണ്, ഇസ്രയേല്‍ തുടങ്ങിവച്ചത്. അവര്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആരംഭിച്ചു, റെവല്യൂഷണറി ഗാര്‍ഡ്സിലെ ഉന്നതന്മാരെയും ഉയര്‍ന്ന ആണവ ശാസ്ത്രജ്ഞരെയും വകവരുത്തി. തലസ്ഥാനമായ ടെഹ്റാനില്‍ ആവര്‍ത്തിച്ച് ബോംബിട്ടു.
ഇറാന്റെ ആണവ പദ്ധതികള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ പറയുമ്പോള്‍, ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യം, തങ്ങളുടെ ആണവ പദ്ധതികള്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നാണ്. ആണവ ബോംബ് നിര്‍മ്മിക്കുന്നുണ്ടെന്ന ആരോപണം അവര്‍ നിഷേധിക്കുകയാണ്. ഇസ്ലാം വിശ്വാസ പ്രകാരം ആണവായുധങ്ങള്‍ നിരോധിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് 2003 ല്‍ അയത്തുള്ള ഖൊമേനി ഒരു മത വിധി അഥവാ ഫത്വ പുറപ്പെടുവിച്ചിരുന്നുവെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്രയേലും അമേരിക്കയും ഉള്‍പ്പെടെയുള്ളവരുടെ ഭയം, അങ്ങനെയൊരു ആണവായുധം എപ്പോള്‍ വേണമെങ്കിലും ഇറാന് ഉണ്ടാക്കാന്‍ കഴിയുമെന്നാണ്.
ഇറാനില്‍ ഏറ്റവും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതും ഖൊമേനിക്കാണ്. ആയത്തുള്ള ഖൊമേനിയുടെ നീക്കങ്ങള്‍ വളരെ സൂക്ഷ്മമായാണ് നടക്കുന്നത്. ക. അദ്ദേഹം എവിടെയാണെന്ന് വളരെ അപൂര്‍വമായി മാത്രമേ വെളിപ്പെടുത്താറുള്ളൂ. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്സ് യൂണിറ്റാണ് ഖൊമേനിയുടെ സ്വകാര്യ സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഇസ്രയേല്‍ ആക്രമണം തുടങ്ങുകയും, ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഖൊമേനി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് പുതിയ വിവരം. സൈന്യത്തിന് ബന്ധം പുലര്‍ത്താന്‍ കഴിയുന്നിടമാണിതെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം ലെബനന്‍ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നേതാവും ഇറാന്റെ ദീര്‍ഘകാല സഖ്യകക്ഷിയുമായിരുന്ന ഹസ്സന്‍ നസ്രല്ലയുടെ കൊലപാതകം നടന്നതിന് പിറ്റേദിവസം തന്നെ ആയത്തുള്ള ഖൊമേനിയെ ഇതുപോലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
ഇറാന്റെ പല ഉന്നതരെയും വധിക്കുകയും ലക്ഷ്യമിടുകയും ചെയ്യുന്നുണ്ടെങ്കിലും ഖൊമേനിക്കെതിരേ എന്തെങ്കിലും നീക്കം ഇസ്രയേല്‍ നടത്തുകയാണെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മിഡില്‍ ഈസ്റ്റില്‍ ഉടനീളം വ്യാപിക്കും. Who is Iran’s Supreme Leader Ayatollah Ali Khamenei? why israel and US targeting him?
Content Summary; Who is Iran’s Supreme Leader Ayatollah Ali Khamenei? why israel and US targeting him?
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.