ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രം യു എസ് ലക്ഷ്യം വച്ചിട്ടുണ്ടെന്ന് സൂചന. ഇറാനെതിരായ ആക്രമണ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച വൈകുന്നേരം മുതിര്‍ന്ന സഹായികളോട് പറഞ്ഞിരുന്നു. എന്നാല്‍ ടെഹ്റാന്‍ അവരുടെ ആണവ പദ്ധതി ഉപേക്ഷിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നാണ് ഈ വിഷയത്തെക്കുറിച്ച് അറിവുള്ള ആളുകള്‍ പറഞ്ഞതായി ദി വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. അമേരിക്ക അഥവ ഇറാനെ ആക്രമിക്കാന്‍ തയ്യാറായാല്‍ അവരുടെ പ്രധാന ലക്ഷ്യം ഫോര്‍ഡോ ആണവ കേന്ദ്രമായിരിക്കുമെന്നാണ് സൂചന.
ഇറാന്റെ മറ്റ് ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ആക്രമിക്കുമ്പോഴും ഇസ്രയേലിന് തൊടാന്‍ കഴിയാത്ത ഒന്നാണ് ഫോര്‍ഡോ. അതുകൊണ്ട് തന്നെ ട്രംപിനോട് അവിടം ആക്രമിക്കാന്‍ ബഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടത്.
ഫോര്‍ഡോയില്‍, മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) പോലുള്ള വലിയ ബങ്കറുകള്‍ തകര്‍ക്കുന്ന ബോംബുകള്‍ അമേരിക്ക പ്രയോഗിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത് (മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ (എംഒപി) എന്നത് അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്ന വളരെ കൃത്യതയുള്ള, 30,000 പൗണ്ട് ഭാരമുള്ള ‘ബങ്കര്‍ ബസ്റ്റര്‍’ ബോംബാണ്. ഭൂഗര്‍ഭ ബങ്കറുകള്‍ അല്ലെങ്കില്‍ ആണവ സൗകര്യങ്ങള്‍ പോലെ ഭൂമിക്കടിയില്‍ വളരെ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്).
ടെഹ്റാനില്‍ നിന്ന് ഏകദേശം 95 കിലോമീറ്റര്‍ (60 മൈല്‍) തെക്ക് പടിഞ്ഞാറായി കോം നഗരത്തിനടുത്താണ് ഇറാന്റെ ഫോര്‍ഡോ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ്. വ്യോമാക്രമണങ്ങളെയും ബങ്കര്‍ ബസ്റ്റര്‍ ആക്രമണങ്ങളെയും അതിജീവിക്കുന്നതിനായി 80-90 മീറ്റര്‍ (260300 അടി) വരെ താഴ്ച്ചയില്‍ ഭൂമിക്കടിയിലായി ഒരു പര്‍വതത്തിനോട് ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 2006 ലാണ് നിര്‍മാണം ആരംഭിച്ചത്, 2009 ല്‍ പ്രവര്‍ത്തനക്ഷമമായതായി പറയുന്നു.
ഇറാന്റെ ഏറ്റവും സുപ്രധാന ആണവ കേന്ദ്രങ്ങളിലൊന്നായാണ് ഫോര്‍ഡോ കണക്കാക്കപ്പെടുന്നത്. ഈ ലക്ഷ്യം തകര്‍ക്കാന്‍ തക്ക ശേഷിയുള്ള ബോംബുകളോ അവയെ വഹിക്കാനുള്ള വിമാനങ്ങളോ ഇസ്രയേല്‍ കൈവശം ഇല്ലാത്തതുകൊണ്ടാണ് അവര്‍ അമേരിക്കയുടെ സഹായം തേടുന്നത്.
എന്നാല്‍, ദൂര്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന അത്തരമൊരു നീക്കത്തിന് അമേരിക്ക തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണോ എന്നു തീരുമാനിച്ചോ എന്ന ചോദ്യത്തിന്, ട്രംപ് പറഞ്ഞത്, ‘ഞാന്‍ അത് ചെയ്‌തേക്കാം, അല്ലെങ്കില്‍ ചെയ്യില്ലായിരിക്കാം.’ എന്നായിരുന്നു. ഇറാന്റെ നിരുപാധികമായ കീഴടങ്ങലിനു വേണ്ടിയാണ് ട്രംപ് ഇപ്പോഴും നിര്‍ബന്ധം പിടിക്കുന്നത്. അതിനായി യു എസ് പ്രസിഡന്റ് സമയപരിധിയും വച്ചിട്ടുണ്ട്. ‘അടുത്ത ആഴ്ച വളരെ നിര്‍ണായകമായിരിക്കും, ഒരുപക്ഷേ ഒരു ആഴ്ചപോലും കാണില്ല’ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാല്‍ അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തിരിച്ചടിച്ചത്. അമേരിക്കയുടെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം തങ്ങള്‍ക്കെതിരേ ഉണ്ടായാല്‍ വലിയ വിപത്ത് നേരിടേണ്ടി വരുമെന്ന് ഖൊമേനി തിരിച്ച് ട്രംപിനും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
ഇത്തരത്തില്‍ തര്‍ക്കം മുറുകി നില്‍ക്കുന്നതോടെയാണ് ടെഹ്റാനിലെ ആണവ പദ്ധതിയുടെ കേന്ദ്രബിന്ദുവായി വിശ്വസിക്കപ്പെടുന്ന ഫോര്‍ഡോ ആണവ കേന്ദ്രം (ഫോര്‍ഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ്) നശിപ്പിക്കപ്പെടുമോ എന്ന ചോദ്യവും ശക്തമാകുന്നത്. അതിന് കഴിവുള്ള ഒരേയൊരു ആയുധം യുഎസിന്റെ 30,000 പൗണ്ട് (13,000 കിലോഗ്രാം) ബങ്കര്‍ ബസ്റ്റര്‍ ബോംബാണെന്നതാണ് എല്ലാ കണ്ണുകളും ട്രംപിനു നേരേ നീളുന്നതിന് കാരണം. ഇറാന്‍ ആവര്‍ത്തിച്ചു പറയുന്നത് ഫോര്‍ഡോയിലടക്കം തങ്ങളുടെ ആണവ പദ്ധതികള്‍ സിവിലയന്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നാണ്. ആണവ ബോംബുകള്‍ ഉണ്ടാക്കുന്നില്ലെന്ന അവരുടെ വാദം പക്ഷേ ഇസ്രയേലോ അമേരിക്കയോ അംഗീകരിക്കുന്നില്ല.
ബങ്കര്‍ ബസ്റ്റര്‍ ബോംബുകളുമായി പറക്കുന്ന ബി-2 ബോംബറുകള്‍ ഇറാനില്‍ കടന്നു ചെന്നാല്‍ അത് ആ രണ്ടു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള യുദ്ധത്തിന് കാരണമാകും. ഇപ്പോള്‍ ഇസ്രായേലിനെതിരേ ഇറാന്‍ തൊടുക്കുന്ന മിസൈലുകള്‍ പ്രതിരോധിക്കുക മാത്രമാണ് യുഎസ് ചെയ്യുന്നത്. കാര്യങ്ങള്‍ മാറിയാല്‍ മിഡില്‍ ഈസ്റ്റ് ഘോര യുദ്ധത്തിന് സാക്ഷിയാകും. Iran’s Fordow Nuclear site; Israel wants US bunker busters to hit this target
Content Summary; Iran’s Fordow Nuclear site; Israel wants US bunker busters to hit this target
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.