July 12, 2025 |
Share on

‘ടെഹ്‌റാനില്‍ നിന്നും ഉടന്‍ എല്ലാവരും ഒഴിഞ്ഞുപോയ്‌ക്കോ’; ഇസ്രയേലിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പും

ഏകദേശം ഒമ്പത് മില്യണ്‍ ജനങ്ങള്‍ ടെഹ്‌റാനിലുണ്ട്

ടെഹ്‌റാനില്‍ നിന്നും എല്ലാവരും ഉടന്‍ ഒഴിഞ്ഞു പോകാന്‍ ഉപദേശം നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. ടെഹ്റാനിലെ താമസക്കാര്‍ക്ക് ഇസ്രയേല്‍ വക ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് ട്രംപും അവരോട്, ഉടന്‍ ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം!’ എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് ട്രംപ് ഇറാനെയാണ് പഴിക്കുന്നത്. തന്റെ വാക്കുകള്‍ കേള്‍ക്കാത്തിന്റെ ഫലമാണ് ഇറാന്‍ അനുഭവിക്കുന്നതെന്നാണ് യുഎസ് പ്രസിഡന്റിന്റെ കുറ്റപ്പെടുത്തല്‍. ആണവകരാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പിട്ട് സന്ധി ചെയ്യണമെന്നാണ് ഇറാന്റെ മുന്നില്‍ ട്രംപ് വയ്ക്കുന്ന ഉപാധി. ‘ ഞാന്‍ ഒപ്പിടാന്‍ പറഞ്ഞ കരാറില്‍ ഇറാന്‍ ഒപ്പിടേണ്ടതായിരുന്നു. ഇതെന്തൊരു നാണക്കേടായി, വെറുതെ മനുഷ്യജീവിതങ്ങള്‍ പാഴാക്കി കളയുകയാണ്’ ട്രംപിന്റെ സഹതാപം പറച്ചില്‍ ഇങ്ങനെയാണ്. ‘ ലളിതമായി പറഞ്ഞാല്‍, ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. ഞാന്‍ അത് വീണ്ടും വീണ്ടും പറയുന്നു! തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലെ പോസ്റ്റില്‍ ഇക്കാര്യം കൂടി പറയുന്നുണ്ട് ട്രംപ്, അതിനോടൊപ്പമാണ്, ‘എല്ലാവരും ഉടന്‍ തന്നെ ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞു മാറണം!’ എന്ന് കൂടി അദ്ദേഹം മുന്നറിയിപ്പോ ഉപദേശമോ പോലെ പറഞ്ഞിരിക്കുന്നത്.

ഇസ്രയേല്‍ വക മുന്നറിയിപ്പ് ടെഹ്‌റാന്‍ നിവാസികള്‍ക്ക് കിട്ടിയത് ട്രംപിന്റെ ഉപദേശം വരുന്നതിന് 20 മണിക്കൂര്‍ മുന്‍പാണ്. ഏകദേശം ഒമ്പത് മില്യണ്‍ ജനങ്ങള്‍ ടെഹ്‌റാനിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും അവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗസയിലെയും പലസ്തീനിലെ മറ്റ് പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് അവര്‍ കുറെക്കാലങ്ങളായി നല്‍കി വരുന്ന ഒഴിപ്പിക്കല്‍ മുന്നറിയിപ്പു പോലെ. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുമെന്നു പറഞ്ഞാണ് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെടുന്നത്.

ഹമാസ് കേന്ദ്രങ്ങള്‍ എന്ന പേരില്‍ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയുമെല്ലാം ജനവാസ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുന്നതുപോലെയാണ് ഇറാനെതിരായ ആക്രമണത്തിന്റെ സ്വഭാവവും മാറ്റുന്നത്. വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, ആണവ കേന്ദ്രങ്ങള്‍, സൈനിക കമാന്‍ഡ് ശൃംഖലകള്‍ എന്നിവയ്ക്കെതിരെ ആരംഭിച്ച ആക്രമണങ്ങള്‍ ഇപ്പോള്‍ ഇറാന്റെ എണ്ണ, വാതക വ്യവസായത്തെയും തലസ്ഥാനത്തെയും കേന്ദ്രീകരിച്ചുള്ള ഒരു യുദ്ധത്തിലേക്ക് മാറ്റുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ഇറാന്‍ സ്‌റ്റേറ്റ് മീഡിയ ഓഫിസില്‍ നടത്തിയ ആക്രമണം.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐആര്‍ഐബി) കെട്ടിടത്തില്‍ തത്സമയ സംപ്രേക്ഷണം നടക്കുന്നതിനിടയിലാണ് ഇസ്രയേലി ആക്രമണം ഉണ്ടാകുന്നത്. നിരവധി ജീവനക്കാര്‍ക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. തത്സമയ ഷോയില്‍ അവതാരകന്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഇസ്രയേലിന്റെ ഈ പ്രവര്‍ത്തി ‘ യുദ്ധകുറ്റകൃത്യം’ ആയാണ് ഇറാന്‍ അപലപിക്കുന്നത്. ഇസ്രയേലിനെതിരേ നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ടെഹ്‌റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ചെയ്തിരിക്കുന്നത് ഹീനമായ കാര്യവും യുദ്ധകുറ്റവുമാണ്. ഞങ്ങളുടെ ജനങ്ങള്‍ക്കെതിരേ കൂടുതല്‍ ആക്രമണം ഉണ്ടാകാതിരിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗണ്‍സില്‍ ഉടന്‍ തന്നെ നടപടിയെടുക്കണം എന്നാണ് ഇറാന്‍ വിദേശകാര്യ വക്താവ് പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ആക്രമണത്തിലൂടെ ഇതുവരെ ഇറാനിലെ ഉന്നത സൈനിക കമാന്‍ഡര്‍മാര്‍, ആണവ ശാസ്ത്രജ്ഞര്‍, സാധാരണക്കാര്‍ എന്നിവരുള്‍പ്പെടെ കുറഞ്ഞത് 224 പേരെ ഇസ്രയേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തിരിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.  Iran-Israel conflict update: Trump tells Tehran to evacuate after Israel warns attack

Content Summary; Iran-Israel conflict update: Trump tells Tehran to evacuate after Israel warns attack

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×