June 13, 2026 |
Share on

ആദ്യം മുന്നറിയിപ്പ്, പിന്നാലെ വെടി, ഹെലികോപ്റ്ററില്‍ നിന്നും യുഎസ് മറൈനുകള്‍ കപ്പലിലേക്ക്; വീഡിയോ

മുന്നറിയിപ്പ് അവഗണിക്കുന്നതിന് പിന്നാലെയാണ് വെടിയുതിര്‍ക്കുന്നത്

അമേരിക്കന്‍ നാവിക ഉപരോധം ലംഘിച്ച് ഹോര്‍മുസ് കടലിടുക്കിന് സമീപത്തുകൂടി സഞ്ചരിക്കാന്‍ ശ്രമിച്ച ഇറാനിയന്‍ പതാകയുള്ള ചരക്കുകപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ ഉപരോധത്തിന് വിധേയമായ എം വി തൂസ്‌ക എന്ന കപ്പലാണ് സൈനിക നടപടിയിലൂടെ പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം അറബിക്കടലില്‍ വെച്ചാണ് സംഭവം നടന്നത്. ആറ് മണിക്കൂറോളം നീണ്ടുനിന്ന നിരന്തരമായ മുന്നറിയിപ്പുകള്‍ക്ക് ശേഷവും കപ്പലിലെ ജീവനക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നാണ് യുഎസ് സെന്‍ട്രല്‍ കമാണ്ട് അറിയിച്ചു. തുടര്‍ന്ന്, കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാന്‍ യുഎസ്എസ് സ്പ്രുവാന്‍സ് നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന്, യുഎസ്എസ് സ്പ്രുവാന്‍സ് തന്റെ 5-ഇഞ്ച് എംകെ 45 ഗണ്‍ ഉപയോഗിച്ച് കപ്പലിന്റെ എഞ്ചിന്‍ റൂമിന് നേരെ വെടിയുതിര്‍ക്കുകയും തൂസ്‌കസ്‌കയുടെ പ്രൊപ്പല്‍ഷന്‍ (സഞ്ചാരശേഷി) പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തുവെന്നും അവര്‍ പറയുന്നു.

തുടര്‍ന്ന് 31-ാമത് മറൈന്‍ എക്‌സ്‌പെഡിഷനറി യൂണിറ്റിലെ യുഎസ് മറൈനുകള്‍ കപ്പലില്‍ പ്രവേശിക്കുകയും (ബോര്‍ഡിംഗ്) പൂര്‍ണ്ണമായ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കപ്പല്‍ നിലവില്‍ അമേരിക്കന്‍ കസ്റ്റഡിയിലാണ്. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വളരെ ആസൂത്രിതവും തൊഴില്‍പരമായ കാര്യക്ഷമതയോടെയും ആനുപാതികവുമായ രീതിയിലാണ് അമേരിക്കന്‍ സേന പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നാവിക ഉപരോധം ആരംഭിച്ചതിന് ശേഷം, ഇതുവരെ 25 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിടാനോ ഇറാനിയന്‍ തുറമുഖത്തേക്ക് തിരികെ പോകാനോ യുഎസ് സേന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹെലികോപ്റ്ററുകള്‍ കപ്പലിന് മുകളില്‍ വട്ടമിട്ടു പറക്കുന്നതും, മറൈനുകള്‍ കയര്‍ ഉപയോഗിച്ച് കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. മുന്നറിയിപ്പിന്റെ ഭാഗമായി കപ്പലിന് നേരെ വെടിയുതിര്‍ക്കുന്നതും, ഇതിനെത്തുടര്‍ന്ന് കപ്പലിന്റെ വേഗത കുറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം മറൈനുകള്‍ സുരക്ഷാ സ്ഥാനങ്ങളില്‍ നിലയുറപ്പിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. കപ്പലില്‍ എന്തൊക്കെ ചരക്കുകളാണ് ഉള്ളതെന്ന് പരിശോധിച്ചുവരികയാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

ഈ നടപടിക്കെതിരെ ഇറാന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. അമേരിക്കയുടേത് സായുധമായ കടല്‍ക്കൊള്ളയാണെന്നും ഇതിന് ഉടന്‍ തന്നെ തിരിച്ചടി നല്‍കുമെന്നും ഇറാനിയന്‍ സൈനിക വക്താവ് പ്രഖ്യാപിച്ചു. ഇറാന്റെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തിയിട്ട് മറ്റുള്ളവര്‍ക്ക് സുരക്ഷ പ്രതീക്ഷിക്കരുതെന്ന് ഇറാന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റും വ്യക്തമാക്കി. എണ്ണ വിപണി എല്ലാവര്‍ക്കും ഒരുപോലെ തുറന്നുകൊടുക്കുക അല്ലെങ്കില്‍ വലിയ വില നല്‍കാന്‍ തയ്യാറാവുക എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഈ പുതിയ സംഭവം മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. നയതന്ത്രപരമായും സൈനികപരമായും വലിയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Summary: Video of the operation shows US Marines boarding and taking control of Iranian vessel Touska.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×