ഇറാന്റെ സുരക്ഷിത ആണവ കേന്ദ്രമായ ഫോർഡോയ്ക്ക് നേരെ വീണ്ടും ആക്രമണം. ഇസ്രയേലാണ് ആക്രമണത്തിന് പിന്നിൽ. ആണവ കേന്ദ്രത്തിലേക്കുള്ള പാതകൾ തകർത്തതായും ഇസ്രയേൽ വ്യക്തമാക്കുന്നു. ആക്രമണം നടന്നതായി ഇറാനും സ്ഥിരീകരിച്ചു. ഫോർഡോ ആണവ കേന്ദ്രം വീണ്ടും ആക്രമിക്കപ്പെട്ടതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന കോം പ്രവിശ്യയിലെ ക്രൈസസ് ആന്റ് മാനേജ്മെന്റ് അതോറിറ്റിയെ ഉദ്ധരിച്ച് കൊണ്ടാണ് റിപ്പോർട്ട്.
ആക്രമണം ഉണ്ടായതായി ഇറാൻ സ്ഥിരീകരിച്ചെങ്കിലും എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഫോർഡോ ആണവകേന്ദ്രത്തിന് നേരെയല്ല ആക്രമണം ഉണ്ടായതെന്നും പ്രദേശത്തേക്കുള്ള റോഡാണ് ആക്രമിച്ചതെന്നുമാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പർവ്വത നഗരമായ കോമിനടുത്ത് പ്രകൃതിയാലും ഇറാന്റെ സൈനിക വലയത്താലും സംരക്ഷിതമായ നിലയിലാണ് ഫോർഡോ ആണവ കേന്ദ്രം. പ്രത്യേകമായി രൂപകല്പന ചെയ്ത ബി2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോഗിച്ച് യുഎസ് ആക്രമണം നടത്തിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രയേൽ ആക്രമണം. ഉപരിതലത്തിൽ നിന്ന് 80 മുതൽ 90 മീറ്റർ വരെ താഴെയാണ് ഫോർഡോ സ്ഥിതി ചെയ്യുന്നത്. യുഎസ് ഓപ്പറേഷൻ മിഡ് ഹാമർ സൃഷ്ടിച്ച ആഘാതം എത്രത്തോളമാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ ഇതുവരെ നിർണയിച്ചിട്ടില്ലെങ്കിലും ഫോർഡോ ഭൂഗർഭ പ്രദേശങ്ങളിൽ ഇത് വളരെ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആണവ നിരീക്ഷണം സംഘം പറയുന്നത്. ആക്രമണത്തിനായി ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി ബോഡിയുടെ അടിയന്തര യോഗത്തിൽ പറഞ്ഞു.
ഇസ്രയേൽ നടത്തിയ ഇറാൻ ആക്രമണത്തിൽ ഇറാൻ സൈന്യത്തിന്റെ ആസ്ഥാനം തകർന്നതായും റിപ്പോർട്ടുകളുണ്ട്. മിസൈലുകൾ സംഭരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്ന വ്യോമതാവളങ്ങളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. എച്ച് 14 , എഫ് 5, എഎച്ച് 1 അടക്കം തകർന്നതായും ഇസ്രയേൽ സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു. ഇസ്രയേൽ ജെറ്റുകൾക്ക് എതിരെയുള്ള ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ഈ വ്യോമതാവളം. ടെഹ്റാന്റെ മധ്യത്തിൽ തങ്ങൾ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി. ആക്രമണങ്ങൾ അതിശക്തമായി തന്നെ തുടരുമെന്നും യുദ്ധലക്ഷ്യം കൈവരിക്കും വരെ പ്രതിരോധം തുടരുമെന്ന് ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.
content summary: Israel has once again targeted Iran’s underground uranium enrichment facility at Fordo