ഇറാന്റെ പരമോന്നത നേതൃത്വ പദവിയില്‍ ആയത്തുള്ള അലി ഖൊമേനി തനിക്ക് പിന്‍ഗാമിയെ തേടുന്നു. ഉന്നത പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ടിലെ മൂന്നു പേരെ തന്റെ പിന്‍ഗാമിയെ കണ്ടെത്താനായി രണ്ടു വര്‍ഷം മുമ്പ് ഖൊമേനി തന്നെ നിയോഗിച്ചിരുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ പിന്‍ഗാമിക്കായുള്ള അന്വേഷണം ഊര്‍ജിതമായിരിക്കുകയാണ്. ഇസ്രയേലും അമേരിക്കയും ഇറാനെ ആക്രമിക്കുകയും പരമോന്നത നേതാവിനെ വധിക്കുകയോ പിടികൂടുകയോ ചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നാണ്, ഈ വിഷയത്തില്‍ അറിവുള്ള അഞ്ചു പേര്‍ തങ്ങളോട് സംസാരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖൊമേനിയുടെ ഓഫീസില്‍ നിന്നോ പിന്തുടര്‍ച്ചാവകാശ സമിതിയെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സില്‍ നിന്നോ ഇക്കാര്യത്തില്‍ അഭിപ്രായങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നുണ്ട്.
തന്റെ പിന്‍ഗാമിക്കായുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ യഥാസമയം ഖൊമേനിയെ അറിയിക്കാറുണ്ടെന്നാണ് വാര്‍ത്താവൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് സമ്മതിച്ചിട്ടുള്ളത്. നിലവില്‍ ഖൊമേനി കുടുംബത്തോടൊപ്പം രഹസ്യതാവളത്തില്‍ സുരക്ഷിതരാണെന്നാണ് വിവരം. ഇസ്ലാമിക് റവല്യൂഷണറി ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ്(ali-ye Amr) ആണ് ഖൊമേനിയുടെ സുരക്ഷ ചുമതല നോക്കുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ ഖൊമേനി കൊല്ലപ്പെട്ടാല്‍ ഭരണസ്ഥിരതയ്ക്കും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തുടര്‍ച്ചയ്ക്കുമായി ഭരണകൂടം ഉടന്‍ തന്നെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവിനെ പ്രഖ്യാപിക്കും. ഇറാന്റെ ഇനിയുള്ള രാഷ്ട്രീയ പാത പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ ഖൊമേനിയുടെ പിന്‍ഗാമിയെ എത്രയും വേഗം നിശ്ചയിക്കുമെന്നാണ് വാര്‍ത്ത സ്രോതസ്സുകള്‍ റോയിട്ടേഴ്‌സിനോട് പറയുന്നത്.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ അന്തരിച്ച അയത്തുള്ള റുഹുള്ള ഖൊമേനിയുടെ ആശയങ്ങളോട് ഭക്തി കാണിക്കുന്ന ഒരു പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് ഖൊമേനിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ളതും, പിന്തുടര്‍ച്ച ചര്‍ച്ചകളുടെ ഭാഗമായതുമായി ഒരു വ്യക്തി റോയിട്ടേഴ്‌സിനെ അറിയിക്കുന്നത്.
വിദേശ ആക്രമണങ്ങളെയും ആഭ്യന്തര കലാപങ്ങളെയും ഒരുപോലെ ചെറുക്കുന്നതിന് കൂടുതല്‍ മിതമായ ഒരു നേതാവിനെ അടുത്ത പരമോന്നത നേതാവായി അവതരിപ്പിക്കാനാണ് ഇറാന്‍ അധികാരത്തിന്റെ ഉന്നതതലത്തിലുള്ളവര്‍ ആലോചിക്കുന്നതെന്നും പറയുന്നു.
മൂന്നു പതിറ്റാണ്ടായുള്ള സര്‍വാധികാരി
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുള്ള ഖൊമേനിയുടെ മരണം നടന്ന 1989 ലാണ് ആയത്തുള്ള അലി ഖൊമേനി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇസ്ലാമിലെ ഷിയ വിഭാഗത്തിലെ-പ്രത്യേകിച്ച് ഇറാനില്‍- ഉന്നത പദവിയിലിരിക്കുന്ന മതനേതാവിന് ലഭിക്കുന്ന സ്ഥാനപ്പേരാണ് ‘ആയത്തുള്ള’. ‘ദൈവത്തിന്റെ അടയാളം’ ‘ദൈവത്തിന്റെ പ്രതിഫലനം’ എന്നൊക്കെയാണ് അര്‍ത്ഥം. ഇസ്ലാമിക നിയമത്തിലും ദൈവശാസ്ത്രത്തിലും വിപുലമായ അറിവുള്ള ഒരു പുരോഹിതനായാണ് ആയത്തുള്ളയെ കണക്കാക്കുന്നത്.
ആയത്തുള്ള അലി ഖൊമേനി
രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നെങ്കിലും, അലി ഖൊമേനി ഒരു ഇടത്തരം പുരോഹിതന്‍ മാത്രമായിരുന്നു. തുടക്കത്തില്‍ സ്വാധീനമുള്ള മറ്റ് പുരോഹിതന്മാര്‍ അലി ഖൊമേനിയെ പരമോന്നത സ്ഥാനത്തിന് അര്‍ഹനായി കണ്ടിരുന്നില്ല. അദ്ദേഹം ദുര്‍ബലനും, റൂഹുള്ളയെ പോലൊരു ഗംഭീര നേതാവിന്റെ പിന്‍ഗാമിയാന്‍ യോഗ്യതയില്ലാത്തവനുമെന്ന് പറഞ്ഞു തള്ളിക്കളയുകയായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ആയത്തുള്ള അലി ഖൊമേനിയുടെ അധികാരലബ്ദിയായിരുന്നു. ഇറാന്റെ ചോദ്യം ചെയ്യപ്പെടാത്ത തീരുമാനമെടുക്കുന്നയാളാകാന്‍ അദ്ദേഹം സ്വാധീനം സര്‍വ്വയിടങ്ങളിലും ചെലുത്തി. എതിരാളികളെയെല്ലാം തന്ത്രപൂര്‍വ്വം നിശബ്ദരാക്കി. ജനകീയ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തി. റെവല്യൂഷണറി ഗാര്‍ഡ്‌സിനെ തന്റെ ചൊല്‍പ്പടിയിലാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇതൊന്നും ഒരിളക്കവും ഉണ്ടായിട്ടുമില്ല.
ആരാകും അടുത്ത നേതാവ്?
രണ്ടു പേരുകളാണ് ഇപ്പോള്‍ പിന്തുടര്‍ച്ചാവകാശ ചര്‍ച്ചകളില്‍ മുന്‍നിരയിലുള്ളത്. ആയത്തുള്ള അലി ഖമേനിയുടെ 56 കാരനായ മകന്‍ മൊജ്തബ ഖൊമേനിയും, ഇസ്ലാമിക വിപ്ലവത്തിന്റെ പിതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ചെറുമകന്‍ ഹസന്‍ ഖൊമേനിയും. എങ്കിലും ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ മാറിയേക്കാം എന്നും പരമോന്നത നേതാവിനായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും വാര്‍ത്ത സ്രോതസുകള്‍ പറയുന്നു.
ഹസന്‍ ഖൊമേനി
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ ചെറുമകനായ ഹസന്‍ ഖൊമേനി പൊതുവില്‍ ഒരു പരിഷ്‌കരണവാദിയായാണ് അറിയപ്പെടുന്നത്. രാജ്യത്ത് സാമൂഹികവും രാഷ്ട്രീയവുമായ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനെ അനുകൂലിക്കുന്ന പരിഷ്‌കരണവാദ വിഭാഗത്തിന്റെ ഭാഗത്താണ് ഹസന്‍ നില്‍ക്കുന്നത്. കടുത്ത യാഥാസ്ഥിതികരാണ് ഇറാനെ നിയന്ത്രിക്കുന്നതെന്നതാണ് ഇതിലെ വൈരുധ്യം. എങ്കിലും അദ്ദേഹത്തിന്റെ വംശാവലിയുടെ പേരില്‍ രാജ്യത്ത് ബഹുമാനവും സ്വാധീനവും വളരെയേറെയുള്ള ഹസനെ തള്ളിക്കളയാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങള്‍ അദ്ദേഹത്തിന് വിശ്വാസ്യത നേടിക്കൊടുക്കുന്ന ഘടകമാണ്. മുതിര്‍ന്ന മത പുരോഹിതന്മാര്‍ക്കും റെവല്യൂഷണറി ഗാര്‍ഡുകള്‍ക്കും ഇടയില്‍ ഹസന് കാര്യമായ ബഹുമാനവും സ്വാധീനവുമുണ്ട് എന്നാണ് പറയുന്നത്.
എന്നാല്‍ മുന്‍കാലങ്ങളില്‍ ഇറാനിയന്‍ രാഷ്ട്രീയത്തില്‍ പരിഷ്‌കരണവാദി വിഭാഗവുമായുള്ള ഹസന്‍ ഖൊമേനിയുടെ ബന്ധം അദ്ദേഹത്തിന് തിരിച്ചടിയായിട്ടുള്ളതാണ്. 1990-കളില്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമിയുടെ കീഴില്‍ പുറം ലോകവുമായി കൂടുതല്‍ തുറന്ന സമീപനവും ഇടപെടലും ആഗ്രഹിച്ച പരിഷ്‌കരണവാദികളുമായുള്ള കൂട്ടുകെട്ട് മത പുരോഹിതരുടെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുള്ളതാണ്.
ഹസന്‍ ഖൊമേനി
‘ഇറാനിയന്‍ ജനതയുടെ ഈ ചെറുതും നിസ്സാരനുമായ സേവകന്‍, നിങ്ങള്‍ക്ക് ആവശ്യമെന്ന് തോന്നുന്ന ഏത് മുന്നണിയിലോ വേദിയിലോ അഭിമാനത്തോടെ സന്നിഹിതനാകാന്‍ തയ്യാറാണെന്ന് ഞാന്‍ ഒരിക്കല്‍ കൂടി വിനയപൂര്‍വ്വം പ്രഖ്യാപിക്കുന്നു,’ എന്ന് 53-കാരനായ ഹസന്‍ ഖൊമേനി ശനിയാഴ്ച പറഞ്ഞിരുന്നു. പരമോന്നത നേതാവിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഒരു പൊതു സന്ദേശമായിരുന്നു അത്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ബോംബിടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹസന്‍ ഇതു പുറത്തു വിട്ടത്.
ഇസ്രയേലും അമേരിക്കയും ഇറാന് ഭീഷണിയായി മാറിയതോടെയാണ് ഹസന്‍ ഖൊമേനിയുടെ പേര് അടുത്ത പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് ഗൗരവമായി പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലും മൊജ്തബ ഖൊമേനിയെക്കാള്‍ കൂടുതല്‍ അനുരഞ്ജനാത്മകമായ ഒരു തിരഞ്ഞെടുപ്പായിരിക്കും ഹസന്‍ ഖൊമേനി എന്നാണ്, ഉന്നത പുരോഹിത സമിതിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അഞ്ചുപേരും റോയിട്ടേഴ്‌സിനോട് പറയുന്നത്.
മൊജ്തബ ഖൊമേനി
അതേസമയം മൊജ്തബ ഖൊമേനിയാകട്ടെ, തന്റെ പിതാവിന്റെ കടുത്ത നയങ്ങളോട് അടുത്തുനില്‍ക്കുന്നയാളാണ്. ഹസന്‍ ഖൊമേനിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് മൊജ്തബ ഖൊമേനി. രാജ്യത്തിനകത്തെ എതിരാളികളെ അടിച്ചമര്‍ത്തുന്നത് മുതല്‍ വിദേശ ശത്രുക്കളോട് കര്‍ശനമായി നിലപാട് സ്വീകരിക്കുന്നത് വരെയുള്ള എല്ലാ പ്രധാന വിഷയങ്ങളിലും മൊജ്തബ ഖമേനിയുടെ വീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ പിതാവിന് ചേര്‍ന്നതാണ്. ഇത്തരം സമീപനം ഇറാന്‍ പുറത്തു നിന്നുള്ള ആക്രമണത്തിനിരയാകുമ്പോള്‍ അപകടകരമാണെന്ന വിമര്‍ശനവുമുണ്ട്.
ഇറാനിയന്‍ മതജീവിതത്തിന്റെ കേന്ദ്രമായ കോം നഗരത്തിലെ ഒരു മത സെമിനാരിയില്‍ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഒരു ഇടത്തരം പുരോഹിതനാണ് മൊജ്തബ. ഇസ്ലാമിക് റിപ്പബ്ലിക്കില്‍ ഇതുവരെയും ഔപചാരിക സ്ഥാനം അദ്ദേഹം വഹിച്ചിട്ടില്ല. എന്നിരുന്നാലും തന്റെ പിതാവിന്റെ കാവല്‍ക്കാരനായി തിരശ്ശീലയ്ക്ക് പിന്നില്‍ നിന്നും ഇറാന്‍ ഭരണത്തില്‍ മൊജ്തബ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ഇറാന്‍ വാച്ചേഴ്സ് പറയുന്നത്.
മൊജ്തബ ഖൊമേനി
പിതാവിന്റെ ഓഫിസില്‍ ജോലി ചെയ്തതൊഴിച്ചാല്‍ ഒരിക്കലും തിരഞ്ഞെടുക്കപ്പെടുകയോ സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്ക് നിയമിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത മൊജ്തബയ്‌ക്കെതിരേ 2019-ല്‍ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനവര്‍ പറഞ്ഞ കാരണം, പരമോന്നത നേതാവിനെ ഔദ്യോഗികമായി പ്രതിനിധീകരിച്ചുവെന്നതാണ്.
പരിവര്‍ത്തകനാകുമോ ഹസന്‍?
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ രാഷ്ട്രീയ വിശകലനവിദഗ്ധനായ ഹൊസൈന്‍ റാസം റോയിട്ടേഴ്‌സിനോട് പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അതിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും റിപ്പബ്ലിക്കിന്റെ നിലനില്‍പ്പ് എന്നാണ് റാസം ചൂണ്ടിക്കാണിക്കുന്നത്. ഇസ്ലാമിക് റിപ്പബ്ലിക് നിലനില്‍ക്കുന്ന സാഹചര്യം ഗണ്യമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നതാണ് റാസം കാരണമായി പറയുന്നത്.
ഹൊസൈന്‍ റാസം പറയുന്നത് ഹസന്‍ ഖൊമിനേയായിരിക്കും അടുത്ത പരമോന്നത നേതാവിലേക്കുള്ള മികച്ച തിരഞ്ഞെടുപ്പ് എന്നാണ്. വളരെ പതുക്കെയാണെങ്കിലും പരിവര്‍ത്തനം സാധ്യമാക്കുന്നൊരാളെ വേണം തിരഞ്ഞെടുക്കാനെന്നാണ് റാസം അഭിപ്രായപ്പെടുന്നത്.
ഇറാനിയന്‍ ജനതയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം കണക്കിലെടുത്ത് ഇറാന്റെ പരമോന്നത നേതാവാകാന്‍ ഹസന്‍ ഖൊമേനിക്ക് കൂടുതല്‍ സാധ്യതയാണ് അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സുമായി അടുത്ത നില്‍ക്കുന്ന, റോയിട്ടേഴ്‌സിന്റെ വാര്‍ത്ത സ്രോതസുകളായ അഞ്ചു വ്യക്തികളും പറയുന്നത്. ഒരു കടുത്ത യാഥാസ്ഥിതകനെക്കാള്‍, ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ട ഒരു പരമോന്നത നേതാവിനെ ഹസന്‍ ഖൊമേനിയിലൂടെ കിട്ടുമെന്നാണ് അവര്‍ പറയുന്നത്.
മൊജ്തബയെ പിതാവ് തടയുമോ?
തന്റെ പിന്‍ഗാമി ആരാകണമെന്നതിനെ കുറിച്ച് ഖൊമേനി ഇതുവരെ പരസ്യമായി യാതൊരു അഭിപ്രായവും പങ്കുവച്ചിട്ടില്ല. മകന്‍ അധികാരമേറ്റെടുക്കുന്നതിനെ അദ്ദേഹം മുമ്പ് പലതവണ എതിര്‍ത്തിരുന്നുവെന്നാണ് വാര്‍ത്ത സ്രോതസുകള്‍ പറയുന്നത്. കുടുംബ പാരമ്പര്യം ഭരണതലത്തില്‍ വേണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. ഷാ ഭരണകാലത്ത് പിന്തുടര്‍ന്നിരുന്ന പാരമ്പര്യ ഭരണത്തിലേക്ക് ഇറാന്‍ മടങ്ങിവരുമോ എന്നായിരുന്നു മകനെ അധികാരം ഏല്‍പ്പിക്കുന്നത് എതിര്‍ക്കുന്നതിന് അദ്ദേഹത്തിനുള്ള ആശങ്ക.
റെവല്യൂഷണറി ഗാര്‍ഡ്‌സ് കളിക്കുമോ?
ഹസനും മൊജ്തബയും കൂടാതെ പരമോന്നത നേതാവിന്റെ പിന്‍ഗാമിയാകുമെന്ന് കരുതിയ വേറെയും ഉന്നതരുണ്ടായിരുന്നു. പക്ഷേ, അവരൊക്കെ ഇക്കാലത്തിനിടയില്‍ മരിച്ചു പോയി. ഇവരില്‍ പ്രധാനികളായിരുന്ന മുന്‍ പ്രസിഡന്റ് ഹാഷെമി റഫ്‌സന്‍ജനി 2017-ലും, മുന്‍ ജുഡീഷ്യറി മേധാവി മഹ്‌മൂദ് ഹാഷെമി ഷഹ്റൂദി 2018-ലും മരിച്ചു. 2024-ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റൈസിയും പരോമന്നത നേതാവാകാന്‍ പരിഗണക്കപ്പെട്ടിരുന്നയാളാണ്. മറ്റൊരു മുതിര്‍ന്ന പുരോഹിതനായ സാദേഗ് അമോലി ലാരിജാനിയും ഈ പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ പിന്നീട് മാറ്റിനിര്‍ത്തുകയാണ് ചെയ്തത്.
അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സ് അംഗം ആയത്തുള്ള അലിറേസ അറഫിയെ പോലുള്ള ചിലരും ആ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും മൊജ്തബ ഖമേനി, ഹസന്‍ ഖൊമേനി എന്നിവരെക്കാള്‍ പിന്നിലാണ് അവരുടെ സാധ്യതകള്‍.
മറ്റൊരു തന്ത്രം ആവിഷ്‌കരിക്കാനുള്ള സാധ്യതയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മുന്‍നിരയിലുള്ളവരെ ഒഴിവാക്കി, അത്ര പ്രാധാന്യമില്ലാത്ത ഒരു പുരോഹിതനെ റെവല്യൂഷണറി ഗാര്‍ഡ്‌സ് തങ്ങളുടെ കരുവായി നിര്‍ത്തിക്കൊണ്ട് തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് തിങ്ക്-ടാങ്കിലെ ഇറാന്‍ പ്രോജക്ട് ഡയറക്ടര്‍ അലി വീസ് പറയുന്നത്.
‘ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ അവര്‍ മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ 30 വര്‍ഷത്തിലേറെയായി ആയത്തുള്ള ഖൊമേനി വഹിച്ചിരുന്ന അതേ അധികാരങ്ങള്‍ പുതിയതായി തിരഞ്ഞെടുക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കുകയമില്ല,’ എന്നാണ് അലി വീസ് പറയുന്നത്.
പരമോന്നത നേതൃത്വവും തിരഞ്ഞെടുപ്പും
1979-ല്‍ ഷാ ഭരണകൂടത്തെ പുറത്താക്കി ഇസ്ലാമിക് റിപ്പബ്ലിക് രൂപീകരിച്ചതോടെ സ്ഥാപിക്കപ്പെട്ട സ്ഥാനമാണ് പരമോന്നത നേതാവിന്റെത്. തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റും പ്രസിഡന്റുമെല്ലാം ഉണ്ടെങ്കിലും രാജ്യത്തിന്റെ ആത്യന്തികമായ അധികാരം പരമോന്നത നേതാവിന്റെ കൈയിലാണ്.
ഇറാന്റെ പരമോന്നത നേതാവിനെ ഔദ്യോഗികമായി നിയമിക്കുന്നത് ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന 88 മുതിര്‍ന്ന പുരോഹിതന്മാരുടെ ഒരു സമിതിയായ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ആണ്. അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സിലേക്ക് മത്സരിക്കണമെങ്കില്‍ ഖൊമേനിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, കര്‍ശനമായ വ്യവസ്ഥകള്‍ പുലര്‍ത്തുന്ന ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചിരിക്കണം. നിലവിലെ ഭരണകൂടത്തിന് സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളെ മാത്രമെ മത്സരിക്കാന്‍ അനുവദിക്കൂ.
നിലവിലെ പ്രതിസന്ധികള്‍
മറ്റൊരു പ്രശ്‌നം നേരിടുന്നത് നിലവിലെ യുദ്ധാന്തരീക്ഷമാണ്. വെടിനിര്‍ത്തലിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും സൈനിക സംഘര്‍ഷത്തിന്റെ ആശങ്ക ഒഴിയാത്തതുകൊണ്ട്, ഒരു പുതിയ നേതാവിനെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനും, അദ്ദേഹത്തിന്റെ സുരക്ഷിതമായ സ്ഥാനാരോഹണത്തിനും കഴിയുമോ എന്നകാര്യം സംശയമാണ്. ആയത്തുള്ള അലി ഖൊമേനിയുടെ പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ആശങ്കയുയര്‍ത്തുന്നതാണെങ്കില്‍ തന്നെയും തല്‍ക്കാലം അദ്ദേഹം തന്നെ തുടരാനുള്ള സാഹചര്യവും കാണുന്നുണ്ട്.
മറ്റൊരു വെല്ലുവിളി റവല്യൂഷണറി ഗാര്‍ഡ്‌സുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലെ(ഐആര്‍ജിസി) കമാന്‍ഡര്‍മാരിലെ പല ഉന്നതരും ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരമോന്നത നേതാവിന്റെ ഭരണം നടപ്പിലാക്കുന്നതിലും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ നിലനിര്‍ത്തുന്നതിലും ഐആര്‍ജിസി നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍, അവരുടെ ഉന്നത കമാന്‍ഡര്‍മാരെ ഇസ്രയേല്‍ ഇല്ലാതാക്കി എന്നത് ഇറാനിലെ അധികാര കൈമാറ്റത്തെ സങ്കീര്‍ണ്ണമാക്കിയേക്കുമെന്നാണ് കരുതുന്നത്. ഐആര്‍ജിസിയുടെ സ്വാധീനം സൈനിക കാര്യങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ഇറാനിലെ രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ കാര്യമായ പങ്കാളിത്തം അവര്‍ക്കുണ്ട്.
ആയത്തുള്ള അലി ഖൊമേനിയുടെ പ്രായവും പതിറ്റാണ്ടുകളായി ഇറാനിയന്‍ രാഷ്ട്രീയത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന ഈ നേതാവിന്റെ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളും കാരണം, സ്ഥാനം കൈമാറുന്നതിനുള്ള ആസൂത്രണങ്ങള്‍ മുന്‍പ് തന്നെ ആരംഭിച്ചിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ഇറാന്റെ അടുത്ത സഖ്യകക്ഷിയായ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സന്‍ നസ്രല്ലയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതോടെയാണ് ഖൊമേനിയുടെ സ്ഥാനമാറ്റം ഗൗരവമായത്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞാഴ്ച്ച ഇസ്രയേല്‍ ആക്രമണം നടത്തിയതോടെ ഈ വിഷയം കൂടുതല്‍ ത്വരിതപ്പെടുത്താന്‍ ആലോചിച്ചു. അമേരിക്കയും അവരെ ആക്രമിച്ചതോടെ കാര്യങ്ങള്‍ വീണ്ടും വഷളായി.
ഇസ്രയേല്‍ ഖൊമേനിക്കെതിരേ വധഭീഷണി മുഴക്കിയിരുന്നു. പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ ഭീഷണി മുഴക്കി. ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും, അദ്ദേഹം എളുപ്പമുള്ളൊരു ലക്ഷ്യമാണെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. Hassan Khomeini or Mojtaba Khamenei, Who will be the successor to Iran’s Supreme Leader Ayatollah Ali Khamenei
Content Summary; Hassan Khomeini or Mojtaba Khamenei, Who will be the successor to Iran’s Supreme Leader Ayatollah Ali Khamenei
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.