UPDATES

ഗാസ ശാന്തമാകുമോ?

ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തലിന്റെ വിശദാംശങ്ങളറിയാം

                       

ഒന്നര മാസത്തിലേറെയായി നീണ്ടുനിന്ന ആക്രമണങ്ങള്‍ക്ക് താത്കാലിക വിരാമമിട്ട് ഗാസയില്‍ നാലുദിവസത്തെ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
ചര്‍ച്ചകള്‍ക്കും സന്ധി സംഭാഷണങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം നടപ്പിലായത്. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്രവിജയമാണ് ഇപ്പോഴുണ്ടായിരിക്കുന്ന വെടിനിര്‍ത്തല്‍. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് വെടിനിര്‍ത്തല്‍ നടപ്പില്‍ വരുമെന്നാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചത്.

ഏഴാഴ്ചകളോളം തുടര്‍ച്ചയായി നീണ്ടുനിന്ന യുദ്ധത്തിന്റെ ഭീകരതകള്‍ സഹിച്ച ഗാസയിലെ 2.3 ദശലക്ഷം ജനങ്ങള്‍ക്കും ഹമാസ് ബന്ദികളാക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും ഈ നയതന്ത്ര മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന തടവുകാരുടെ വിട്ടയക്കല്‍ വ്യാഴാഴ്ച നടക്കേണ്ടതായിരുന്നുവെങ്കിലും 24 മണിക്കൂര്‍ നീണ്ട നയതന്ത്ര ചര്‍ച്ചയില്‍ അവസാനനിമിഷം സൈന്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടി വന്നതിനാല്‍ ഇത് മാറ്റി വെക്കേണ്ടതായി വന്നു. പ്രായോഗികമായ ചില പ്രശ്‌നങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ഇസ്രയേല്‍ വൈകിയ വേളയില്‍ ചില അഭ്യര്‍ത്ഥനകള്‍ നല്‍കിയെന്നും ഒപ്പം ഹമാസ് മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ബന്ദികളുടെ മുഴുവന്‍ തിരിച്ചറിയല്‍ വിവരങ്ങളും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഖത്തറിന്റെ മധ്യസ്ഥത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നാലു ദിവസത്തെ വെടിനിര്‍ത്തലിന് ഇരുപക്ഷവും കരാറിലെത്തിയത്. അതിനാല്‍ തന്നെ ഇരു കൂട്ടരും തമ്മിലുള്ള ആശയവിനിമയങ്ങള്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഖത്തറിലേക്കും പിന്നീട് ഗാസയ്ക്ക് പുറത്തുള്ള ഹമാസ് നേതാക്കളിലേക്കും എത്തേണ്ടതിനാല്‍ പ്രശ്‌നങ്ങളുടെ പരിഹാരം മന്ദഗതിയിലായേക്കാം. മോചിപ്പിക്കപ്പെടേണ്ടവരുടെ പട്ടിക ഇരുവിഭാഗവും പരസ്പരം കൈമാറിയതായും ഹമാസ് ബന്ദികളാക്കിയ 13 സ്ത്രീകളെയും കുട്ടികളെയും വെള്ളിയാഴ്ച ഉച്ചയോടെ മോചിപ്പിക്കുമെന്നും മജീദ് അല്‍ അന്‍സാരി പറഞ്ഞു. ഒപ്പം പലസ്തീനികള്‍ക്കുള്ള അടിയന്തര സഹായം ദ്രുതഗതിയില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ചുമതലയുള്ള ഇസ്രയേലി ഉദ്യോഗസ്ഥന്‍ ജനറല്‍ ഗാല്‍ ഹിര്‍ഷ്, മോചിപ്പിക്കേണ്ടവരുടെ പേരുവിവരങ്ങള്‍ അടങ്ങുന്ന പട്ടിക ഇസ്രയേലിന് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഈജിപ്തിലേക്ക് റഫ അതിര്‍ത്തി വഴി വിട്ടയക്കുമെന്നും തുടര്‍ന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് (ഐസിആര്‍സി)-ന്റെ സഹായത്തോടെ ഇസ്രയേലിലേക്ക് കൊണ്ടുവരുമെന്നാണ് ഇസ്രയേലില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കരാര്‍ പ്രകാരം, ഇസ്രയേലില്‍ ആക്രമണം നടത്തിയതിന് ശേഷം ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന 240-ലധികം ഇസ്രയേലികളില്‍ 50 പേരെയെങ്കിലും ഹമാസ് മോചിപ്പിക്കും. ആറാഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന ബോംബാക്രമണം, ഇന്ധനം, ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ഉപരോധം ഏര്‍പ്പെടുത്തിയ ഇസ്രയേല്‍ കുറഞ്ഞത് 150 പലസ്തീന്‍ തടവുകാരെയെങ്കിലും മോചിപ്പിക്കുകയും ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ അനുവദിക്കാനും കരാര്‍ പ്രകാരം തീരുമാനമായിട്ടുണ്ട്.

ഗാസയുടെ തെക്കുഭാഗത്തുള്ള ഇസ്രയേലിന്റെ സൈനിക വിമാനങ്ങളെ തിരിച്ചവിളിക്കുമെന്നും. വടക്കു ഭാഗത്തുള്ള വ്യോമ പ്രവര്‍ത്തനം ദിവസത്തില്‍ ആറ് മണിക്കൂറായി പരിമിതപ്പെടുത്താനും, വെടി നിര്‍ത്തല്‍ കാലയളവില്‍ ഗാസയില്‍ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ഇസ്രയേല്‍ സമ്മതിച്ചതായും ഹമാസ് നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

ബന്ദികളാക്കി വച്ചിരിക്കുന്നതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കൈമാറ്റം നല്ല രീതിയില്‍ നടക്കുകയും ഹമാസ് തടവിലാക്കി വച്ചിരിക്കുന്ന കൂടുതല്‍ സ്ത്രീകളെയോ കുട്ടികളെയോ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇരുഭാഗത്ത് നിന്നും കൂടുതല്‍ മോചനങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെടിനിര്‍ത്തല്‍ ചിലപ്പോള്‍ 10 ദിവസം വരെ നീണ്ടുനിന്നേക്കാം എന്നും ചില സ്രോതസുകള്‍ വ്യക്തമാക്കുന്നു.

ഖത്തര്‍, യു.എസ്, ഈജിപ്ത് എന്നെ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ നടപ്പില്‍ വന്നിരിക്കുന്നത്. ഒക്ടോബര്‍ 7 ന് നടന്ന ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ ജീവന്‍ നഷ്ടപെട്ട 1,200 ഓളം പേരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ഒപ്പം 240-ലധികം ആളുകളെ ബന്ദികളാക്കി പാര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ 14,000 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ആയിരകണക്കിന് കുട്ടികളും ഉള്‍പ്പെടുന്നു. വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിയില്‍ ഇനിയും ഒരുപാട് പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. യുദ്ധത്തില്‍ ഗാസയുടെ വടക്ക് പ്രദേശത്തുള്ള ദലക്ഷക്കണക്കിനു മനുഷ്യര്‍ക്കു വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

ആയിരക്കണക്കിന് ഹമാസ് പോരാളികളെ കൊന്നതായി ഇസ്രയേല്‍ പറയുന്നുണ്ടെങ്കിലും വാദം സാധൂകരിക്കത്തക്ക തെളിവുകള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. എന്നിരുന്നാലും വെടി നിര്‍ത്തലിന് മുന്നോടിയായി ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് സമീപം ഇസ്രയേല്‍ കനത്ത പോരാട്ടമാണ് നടത്തിയത്.

വെള്ളിയാഴ്ച എത്ര പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കുമെന്നുള്ള വിശദാംശങ്ങള്‍ മജീദ് അല്‍ അന്‍സാരി വ്യക്തമാക്കിയിട്ടില്ല. ദോഹയിലെ ഓപ്പറേഷന്‍ റൂം ബന്ദികളെ മോചിപ്പിക്കുന്നതും വെടിനിര്‍ത്തലും നിരീക്ഷിക്കുകയും, ഇസ്രയേല്‍ ദോഹയിലെ ഹമാസിന്റെ ഓഫീസ്, ഐസിആര്‍സി എന്നിവയുമായി തത്സമയ ആശയവിനിമയം നടത്തുകയും ചെയ്യുമെന്നാണ് മജീദ് അല്‍ അന്‍സാരി പറഞ്ഞത്. ഓപ്പറേഷന്‍ റൂമിലൂടെ എല്ലാവരുമായും വളരെ വ്യക്തമായി ആശയവിനിമയം നടത്തുകയും കൈമാറ്റം സംഭവിക്കുന്ന അന്തരീക്ഷം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുകയും, ഈ ഉടമ്പടി വലിയ പ്രതീക്ഷകളാണ് നല്‍കുന്നതെന്നും, സ്ഥിരമായി വെടിനിര്‍ത്തല്‍ സാധ്യമാകാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിശാലമായ ഭൂഗര്‍ഭ ശൃംഖലയുടെ ഭാഗമായ തുരങ്കം ഇസ്രയേല്‍ സൈനികര്‍ ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ ഈ വാദം ഹമാസ് നിഷേധിച്ചു. ഹമാസിനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ നേരിട്ട കനത്ത നാശനഷ്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും സംഘടിക്കാന്‍ വെടിനിര്‍ത്തല്‍ അവസരം നല്‍കുമെന്നും നിരീക്ഷണമുണ്ട്. പലസ്തീന്‍ തടവുകാരുടെ മോചനം ഹമാസിന്റെ പ്രോപഗാണ്ടകള്‍ക്ക് ആകാം കൂട്ടുമെന്നും, യുദ്ധം അവസാനിച്ചാല്‍ ഗാസയില്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിനു വലിയ വിജയം കൈവരിക്കാനുള്ള സാധ്യതയുണ്ടെന്നും പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍