December 10, 2024 |

ഇന്ത്യയിൽ എണ്ണ വില കൂടുമോ

ഇറാൻ-ഇസ്രായേൽ സംഘർഷം

ഇറാൻ-ഇസ്രായേൽ സംഘർഷം വർധിക്കുന്നതനുസരിച്ച് ഇന്ത്യയിൽ ക്രൂഡ് ഓയിൽ വില കൂടുമെന്ന ആശങ്കകൾ ഉയരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ദാതാക്കളായ പശ്ചിമേഷ്യയിലെ, വർധിച്ചു വരുന്ന പിരിമുറുക്കങ്ങൾ ക്രൂഡ് ഓയിൽ ഇറക്കുമതി പരിങ്ങലിലാക്കുക്കുമോ?  വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നതനുസരിച്ച്, സ്ഥിതിഗതികൾ വികസിച്ചുകൊണ്ടിരിക്കുന്ന നിലക്ക് അപകടസാധ്യത വിലയിരുത്താൻ ദിവസങ്ങളെടുക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ വലിയ ഉയർച്ചയുണ്ടാകുമെന്നാണ് സൂചനകൾ. റഷ്യയിൽ നിന്ന് പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ഇറാൻ-ഇസ്രായേൽ സംഘർഷം എങ്ങനെയാണ് ബാധിക്കുക?

ക്രൂഡ് ഓയിലിൻ്റെ ഉപയോഗത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന്റെ ആവശ്യകതയുടെ 85 ശതമാനത്തിലധികം നിറവേറ്റാൻ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഉയർന്ന ഇറക്കുമതി കണക്കിലെടുക്കുമ്പോൾ, എണ്ണ വിലയിലെ ചാഞ്ചാട്ടം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. പണപ്പെരുപ്പ സമ്മർദങ്ങൾ കൂടാതെ, ഉയർന്ന എണ്ണവിലയ്ക്ക് ഇന്ത്യയുടെ വ്യാപാര സന്തുലിതാവസ്ഥ, വിദേശനാണ്യ കരുതൽ ശേഖരം, രൂപയുടെ മൂല്യം, സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയിലും സ്വാധീനമുണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള പിരിമുറുക്കങ്ങൾക്കിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര എണ്ണ വില കുതിച്ചുയരുകയാണ്, ആഗോള ബെഞ്ച്മാർക്ക് ബ്രെൻ്റ് ക്രൂഡ് ബാരലിന് 90 ഡോളർ കടന്നിരുന്നു. പ്രധാന എണ്ണ ഉൽപ്പാദകർ തങ്ങളുടെ ഉൽപ്പാദനം വെട്ടിക്കുറച്ചതോടെ വില ഇതിനകം തന്നെ ഉയർന്നിരുന്നു, കൂടാതെ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ വില വർദ്ധനവിന് ആക്കം കൂട്ടുന്നുണ്ട്.

ചില എണ്ണ വിപണി നിരീക്ഷകരും വ്യവസായ നിരീക്ഷകരും സൂചിപ്പിക്കുന്നത് പ്രകാരം ക്രൂഡ് ഓയിലിൻ്റെ വിതരണത്തിലോ, ഇറക്കുമതിയിലോ തടസങ്ങൾ ഉണ്ടായേക്കാം. അതുമല്ലെങ്കിൽ എണ്ണ ഉൽപ്പാദനത്തിനു വേണ്ട സംസ്കരണ വസ്തുക്കളെയോ ബാധിച്ചേക്കാം. ഇത്തരത്തിൽ സംഘർഷം പ്രധാനമായും എണ്ണയുടെ ഭൗതിക ലഭ്യതയെ ബാധിക്കുകയാണെങ്കിൽ വില ബാരലിന് 100 ഡോളറിലേക്കും അതിനു മുകളിലേക്കും കടക്കാൻ സാധ്യതയുണ്ട്. ടെഹ്‌റാൻ യുഎസ് ഉപരോധത്തിന് കീഴിലായതിനാൽ ഇന്ത്യ നിലവിൽ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. എന്നാൽ ഇറാന്റെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. സംഘർഷം ഇറാൻ്റെ വിതരണത്തെ ബാധിക്കുകയാണെങ്കിൽ, റഷ്യ പോലുള്ള വിതരണക്കാരെ ചൈന ആശ്രയിച്ചേക്കാം. ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള മത്സരത്തിന് വഴിവച്ചേക്കാം. നിലവിൽ ഇന്ത്യയും ചൈനയുമാണ് വിലക്കിഴിവുള്ള റഷ്യൻ ക്രൂഡ് ഏറ്റവും കൂടുതൽ വാങ്ങുന്നത്.

റഷ്യയെ കൂടാതെ മറ്റ് പശ്ചിമേഷ്യൻ വിതരണക്കാരായ ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ വലിയ അളവിൽ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നതനുസരിച്ച്, പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതിയിലെ സംഘർഷത്തിൻ്റെ സ്വാധീനം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ്, കാരണം ഇന്ത്യയുടെ പശ്ചിമേഷ്യൻ എണ്ണ വിതരണത്തിൻ്റെ സിംഹഭാഗവും ആ വഴിയിൽ നിന്നാണ്. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ സൂയസ് കനാൽ-ചെങ്കടൽ ഷിപ്പിംഗ് റൂട്ട് ഇതിനകം തന്നെ സ്വാധീനം ചെലുത്തിയതിനാൽ, ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള ഒരു വലിയ തടസ്സം ആഗോള, പ്രാദേശിക എണ്ണ പ്രവാഹത്തെ വൻതോതിൽ ബാധിച്ചേക്കാം.

മാർച്ചിൽ, Kpler-ൽ നിന്നുള്ള കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, റഷ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് സ്രോതസ്സ്, കൂടാതെ ഈ മാസത്തെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 33 ശതമാനവും റഷ്യയിൽ നിന്നാണ്. മാർച്ചിലെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവയ്ക്ക് ഏകദേശം 48 ശതമാനം ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ, റിഫൈനറി മേഖലയിലെ ഉദ്യോഗസ്ഥർ വിലയിൽ വർധനയുണ്ടാകുമെന്ന ആശങ്കകൾ ശക്തമാകുമ്പോഴും എണ്ണയുടെ ലഭ്യതയെക്കുറിച്ച് അധികം ആശങ്കപ്പെടുന്നില്ല. ആഗോള വിലയ്ക്ക് അനുസൃതമായി റീട്ടെയിൽ ഇന്ധന വില വർധിപ്പിക്കാൻ തീരുമാനമായില്ലേങ്കിൽ, ഉയർന്ന എണ്ണ വില റിഫൈനറുകളിലും ഇന്ധന ചില്ലറ വ്യാപാരികളുടെയും സാമ്പത്തികമായി പരുങ്ങലിലാക്കും. എന്നിരുന്നാലും, ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത ഏതാനും ആഴ്‌ചകളിൽ വിലവർദ്ധന സാധ്യമായേക്കില്ല.

×