UPDATES

ശൗര്യയും പോയി ഇതോടെ കുനോ നാഷണൽ പാർക്കിൽ ചത്ത ചീറ്റപ്പുലികളുടെ എണ്ണം പത്തായി

കുനോയിൽ, ഇരുവരും റോക്ക് സ്റ്റാർസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

                       

2022-ൽ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ആഫ്രിക്കൻ രാജ്യമായ  നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പുലികളിൽ ഒരെണ്ണം കൂടി ചത്തതായി നാഷണൽ പാർക്കിലെ വന്യജീവി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തളർച്ച മൂലം  ചികിത്സയിലായിരുന്ന ശൗര്യ എന്ന ചീറ്റയാണ് ജനുവരി 16-ാം തീയതി രാവിലെ ചത്തത്.

“ജനുവരി 16ന് രാവിലെ 11 മണിയോടെയാണ് നാഷണൽ പാർക്കിലെ ട്രാക്കിംഗ് ടീം ചീറ്റ പുലിയെ അവശനിലയിൽ കണ്ടെത്തുകയായത്. തുടർന്ന് ടീം സിപിആർ (കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ) നൽകിയെങ്കിലും ചികിത്സകളോട് പ്രതികരിച്ചില്ലെന്ന് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ലയൺ പ്രൊജക്റ്റ് ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.  പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാരണം അറിയാൻ കഴിയൂവെന്നും ഔദ്യോഗിക പ്രവാസ്തവനയിൽ വ്യക്തമാക്കുന്നുണ്ട്. ശൗര്യ കൂടി ചത്തതോടെ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം പത്തായി ഉയർന്നു. ചത്ത ചീറ്റ പുലികളിൽ 10ൽ ഏഴെണ്ണം മുതിർന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്.

നമീബിയയിലെ മൃഗ സംരക്ഷകർ ശൗര്യയെയും സഹോദരൻ ഗൗരവിനെയും എൽട്ടൺ എന്നും ഫ്രെഡി എന്നുമാണ് വിളിച്ചിരുന്നത്. കുനോയിൽ, ഇരുവരെയും റോക്ക് സ്റ്റാർസ് എന്നാണ് വിളിച്ചിരുന്നത്. കുനോ നാഷണൽ പാർക്കിലെ ‘ ദ വൈറ്റ് വാക്കേഴ്‌സ്’ എന്നറിയപ്പെടുന്ന പുലികളുടെ കൂട്ടമായ അഗ്നി, വായു എന്നിവയുമായി ശൗര്യയെയും സഹോദരൻ ഗൗരവും മുമ്പ്  ഏറ്റുമുട്ടിയിട്ടുണ്ട്. എന്നിരുന്നാലും റോക്ക് സ്റ്റാർസിന് സാരമായ പരിക്കുകളൊന്നും ഏറ്റിരുന്നില്ല. നിലവിൽ വന്യജീവി ഉദ്യോഗസ്ഥർ ഗൗരവിനെ നിരീക്ഷിച്ച് വരികയാണ്. അനുയോജ്യമായ സമത്ത് മാത്രമേ കാട്ടിലേക്ക് തുറന്ന് വിടുകയുള്ളു.

ചീറ്റ പുലിയുടെ മോശം ആരോഗ്യാവസ്ഥ മരണ ദിവസം മാത്രമാണ് തങ്ങളുടെ ശ്രദ്ധയിൽ പെട്ടതെന്നും വളരെ ദൗർഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത് എന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) അസീം ശ്രീവാസ്തവ ‘ദി ഇന്ത്യൻ എക്‌സ്പ്രസിന്’ നൽകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. 2022 ൽ തുടങ്ങിയ ‘പ്രൊജക്ട് ചീറ്റ’ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിൽ എത്തിയത്. പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 91 കോടി രൂപയായിരുന്നു.

ആദ്യ ഘട്ടത്തിൽ 8 ചീറ്റകൾ നമീബിയയിൽ നിന്നും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് എത്തിച്ചത്. എന്നാൽ അണുബാധയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം ശൗര്യയടക്കം 10 ചീറ്റകളാണ് ഇതിനോടകം ചത്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിലെ ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോർട്ട് ചെയ്തത്. മഴക്കാലത്ത് പ്രാണികൾ മൂലമുണ്ടാകുന്ന അണുബാധയാണ് അവസാനത്തെ രണ്ട് മരണങ്ങൾക്ക് കാരണമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു.

ഒരു കാലത്ത് ഇന്ത്യയിൽ ധാരാളം ചീറ്റപ്പുലികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇവ ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സർക്കാർ നമീബിയയിൽ നിന്ന് ‘പ്രൊജക്ട് ചീറ്റ ‘ യിലൂടെ ചീറ്റ പുലികളെ ഇന്ത്യയിൽ എത്തിച്ചത്. വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസവ്യവസ്ഥ നശിക്കുക കൂടി ചെയ്തതോടെ ഇന്ത്യയിൽ ചീറ്റകൾ  ഇല്ലാതായി. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോഴേയ്ക്കും അവസാനത്തെ ചീറ്റയും ചത്തൊടുങ്ങിയിരുന്നു.1952 ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹ‍ർലാൽ നെഹ്റു-വാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ പല ഉഷ്ണമേഖലാ രാജ്യങ്ങളിലും ചീറ്റകളുടെ എണ്ണം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. മനുഷ്യൻ്റെ ഇടപെടലാണ് ഇതിനു പിന്നിലെ പ്രധാനകാരണങ്ങളിലൊന്ന്. ലോകത്തെ ഏറ്റവും വേഗമേറിയ ജീവി എന്ന റെക്കോഡ് ചീറ്റകൾക്കാണ്. ഒറ്റ മിനിട്ടിനുള്ളിൽ 200 മുതൽ 300 മീറ്റർ വരെ കുതിച്ചെത്താനുള്ള കഴിവ് ഇവയ്ക്കുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍