UPDATES

വിദേശം

മഹാദുരന്തം; ഗാസയില്‍ ഇസ്രയേല്‍ കൊന്നവരുടെ എണ്ണം 20,000 കടന്നു

1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ പോലും ഇത്രയും മനുഷ്യ ജീവനുകള്‍ ഒടുങ്ങിയിട്ടില്ല

                       

ഹമാസിനെതിരായ യുദ്ധം എന്നു പ്രഖ്യാപിച്ച് ഒക്‌ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതിനായിരം കടന്നു. ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കാണിത്.

ഡിസംബര്‍ 22 വെള്ളിയാഴ്ച്ച പുറത്തു വിട്ട കണക്കില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന ആക്രമണത്തില്‍ ഇതുവരെ 20,057 പലസ്തീനികള്‍ കൊല്ലപ്പെട്ടൂവെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. സമീപകാല ചരിത്രത്തില്‍ ഇത്രയുമധികം പലസ്തീനികള്‍ ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടില്ല. 1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ പോലും ഇത്രയും മനുഷ്യ ജീവനുകള്‍ ഒടുങ്ങിയിട്ടില്ല. ആ യുദ്ധത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം ഏകദേശം 15,000 ആണെന്നാണ് പലസ്തീന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്. നക്ബ അഥവ മഹാദുരന്തം എന്ന് അടയാളപ്പെട്ട അറബ്-ഇസ്രയേല്‍ യുദ്ധത്തെക്കാള്‍ കൊടും വിപത്താണ് ഇപ്പോള്‍ ഗാസയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന മരണ കണക്ക് കൃത്യതയുള്ളതാണെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ആശുപത്രികളില്‍ നിന്നും മോര്‍ച്ചറികള്‍ നിന്നും നേരിട്ട് ശേഖരിക്കുന്ന കണക്കാണ് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. പലസ്തീനികള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് രേഖാമൂലം നല്‍കുന്നതും ആരോഗ്യമന്ത്രാലയം വഴിയാണ്. മാധ്യമങ്ങള്‍ക്കു പുറമെ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളും സംഘടനകളും ഗാസ ആരോഗ്യമന്ത്രാലയത്തെ തന്നെയാണ് ആശ്രയിക്കുന്നത്. യുദ്ധത്തിനു മുമ്പും അങ്ങനെയായിരുന്നു.

എന്നാല്‍ ഇസ്രയേലും അമേരിക്കന്‍ ഭരണകൂടവും ഈ കണക്കുകള്‍ അംഗീകരിക്കുന്നില്ല. ഇത് യഥാര്‍ത്ഥ സംഖ്യയല്ലെന്നാണ് അവര്‍ വാദിക്കുന്നത്. അതിനു കാരണം പറയുന്നത്, ഗാസ ആരോഗ്യമന്ത്രാലയത്തെ നിയന്ത്രിക്കുന്നത് ഹമാസ് ആണെന്നതാണ്. ഭീകരരുടെയും സാധാരണക്കാരുടെയും എണ്ണം വേര്‍തിരിക്കാതെയുള്ള കണക്കാണ് പുറത്തു വരുന്നതെന്നാണ് ഇസ്രയേല്‍-അമേരിക്കന്‍ ഭരണകൂടങ്ങള്‍ ആരോപിക്കുന്നത്. ഇസ്രയേല്‍ ഇപ്പോഴും പറയുന്നത്, അവര്‍ ആക്രമിക്കുന്നത് ഹമാസിനെ മാത്രമാണെന്നാണ്. എത്ര സാധാരണക്കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന ചോദ്യത്തില്‍ നിന്നും അവര്‍ ഒഴിഞ്ഞുമാറും. വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്, അവരുടെ ചോദ്യത്തോട് ഔദ്യോഗികമല്ലാതെ ഇസ്രയേല്‍ പ്രതിരോധ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ആയിരത്തോളം ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ഈ കണക്കു പ്രകാരം ഏകദേശം മുപ്പതിനായിരത്തിനു മുകളില്‍ അംഗസംഖ്യവരുന്ന ഹമാസിന്റെ ചെറിയൊരു അനുപാതം മാത്രമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 20,000 പേര്‍ കൊല്ലപ്പെട്ടൂവെന്ന കണക്ക് ശരിയായാല്‍, ഗാസയില്‍ കൊന്നൊടുക്കപ്പെട്ട ബാക്കി മനുഷ്യര്‍ അന്നാട്ടിലെ പാവപ്പെട്ട മനുഷ്യരാണ്, വെറും സാധാരണക്കാര്‍. അതില്‍ നല്ലൊരു ശതമാനം കുട്ടികളാണ്.

ഇസ്രയേല്‍ ആക്രമണം ഗാസയിലെ ആശുപത്രികളും ലക്ഷ്യം വച്ചതോടെ കൊല്ലപ്പെടുന്നവരുടെ കണക്ക് രേഖപ്പെടുത്തുക ബുദ്ധിമുട്ടായി മാറിയിരുന്നു. കഴിഞ്ഞമാസം അതുകൊണ്ട് തന്നെ വ്യക്തമായ വിവരം പുറത്തുവിടാനും സാധിച്ചില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയപ്പോഴാണ് ഏറ്റവും പുതിയ കണക്കുകള്‍ ആരോഗ്യമന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയും ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടാണ് നിലവില്‍ ആശ്രയിക്കുന്നത്. സംശയകരമായതൊന്നും കണക്കില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും അത് യഥാര്‍ത്ഥമാണോ അല്ലയോ എന്നു കണ്ടെത്താനാകുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് ഒരു ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

മറ്റൊരു യാഥാര്‍ത്ഥ്യം കൂടി നിലനില്‍ക്കുന്നുണ്ട്. കിട്ടിയ മൃതദേഹങ്ങള്‍ എണ്ണിയാണ് ഇപ്പോഴുള്ള കണക്ക് തിട്ടപ്പെടുത്തിയിരിക്കുന്നത്. എത്രയെത്ര പേരായിരിക്കാം, മിസൈലുകള്‍ വീണ് നിലംപരിശാകുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കൊപ്പം മണ്ണിനടിയിലായിരിക്കുക? ആ കണക്ക് എങ്ങനെ തിട്ടപ്പെടുത്താനാകും?

Share on

മറ്റുവാര്‍ത്തകള്‍