ഏഴ് ദിവസത്തെ വെടി നിര്‍ത്തലിന് ശേഷം ഇസ്രയേല്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ്. ഹമാസിനെതിരായെന്നു പറയുന്ന യുദ്ധത്തില്‍ ഐ ഡി എഫിന്റെ (ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സ്) പുതിയ ലക്ഷ്യങ്ങള്‍ കൂടുതല്‍ ആശങ്കള്‍ ഉയര്‍ത്തുന്നതാണ്. അതായത്, കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടേക്കാം.
യുദ്ധം മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത ഒന്നാണ്. യുദ്ധത്തില്‍ സാങ്കേതിക വിദ്യ കൂടി കലരുമ്പോള്‍ അതിന്റെ ആഘാതം ഇരട്ടിക്കുന്നു. ഗാസയിലെ ആക്രമണങ്ങളുടെ തീവ്രത ഒരിക്കലും ഇസ്രയേല്‍ മറച്ചു വച്ചിട്ടില്ല. ആദ്യ ദിനം തൊട്ട് തന്നെ ഇസ്രയേല്‍ വ്യോമസേനയുടെ തലവന്‍ തങ്ങളുടെ ആക്രമണത്തെ കുറിച്ചു സംസാരിച്ചിരുന്നു. ഹമാസ് ലക്ഷ്യ കേന്ദ്രങ്ങള്‍ മാത്രമാണ് തങ്ങള്‍ ആക്രമിച്ചതെന്നായിരുന്നു വാദം. ഗാസയിലെ ആക്രമണങ്ങള്‍ക്കായി ലക്ഷ്യങ്ങള്‍(ടാര്‍ഗറ്റ്) തെരഞ്ഞെടുക്കുന്നതിന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവലംബിച്ച പല മാര്‍ഗങ്ങളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ളതാണ്. പ്രത്യേകിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്. ഗാസയില്‍ നടത്തിയ ബോംബാക്രമണത്തില്‍ എ ഐ വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഇസ്രയേലിന്റെ സാങ്കേതിക വൈദഗ്ധ്യം വളരെ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളതാണ്. 2021 മെയ് മാസത്തില്‍ ഗാസയില്‍ നടത്തിയ 11 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ മെഷീന്‍ ലേണിംഗും നൂതന കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് കൊണ്ട് ‘ആദ്യത്തെ എ ഐ യുദ്ധം’ തങ്ങള്‍ നടത്തിയിരുന്നതായി ഇസ്രയേലി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.
യുദ്ധ സമയങ്ങളില്‍ ഐ ഡി എഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം വലിയ രീതിയില്‍ ആശ്രയിച്ചിരുന്നുവെന്നാണ് ഐഡിഎഫിന്റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്. മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങളും നൂതന കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളും ഉപയോഗിച്ച് വലിയ അളവിലുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്നതിനും, തുടര്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനും എ ഐ യുടെ സഹായം തേടിയിരിക്കാം എന്നാണ് ഐഡിഎഫിന്റെ അടുത്ത വൃത്തങ്ങള്‍ വ്യകതമാക്കുന്നത്. എന്നിരുന്നാലും ഇത്തരം അവകാശവാദങ്ങള്‍ക്ക് മറ്റ് സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
വാസ്തവത്തില്‍ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് (ഐഡിഎഫ്) തങ്ങളുടെ വിപുലമായ യുദ്ധോപകരണങ്ങള്‍ പ്രയോഗിക്കാനുള്ള അവസരമാണ് നല്‍കിയത്. എ ഡി എഫ് ‘ദി ഗോസ്പല്‍’ എന്ന് പേരിട്ടിരിക്കുന്ന ഒരു ടാര്‍ഗറ്റ്-ക്രിയേഷന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കൊണ്ടാണ് ആക്രമണങ്ങള്‍ നടത്തിയിരുന്നത് എന്നാണ് ലഭ്യമായ വിവരങ്ങള്‍. ലക്ഷ്യസ്ഥാനം തിരിച്ചറിയുന്നതിനും കൃത്യമായി ഇരകളെ ടാര്‍ഗറ്റ് ചെയ്യുന്നതിനും ‘ദ ഗോസ്പല്‍’ അവരെ സഹായിച്ചിരുന്നു. ഹാമാസിനെതിരെയുള്ള യുദ്ധത്തില്‍ എ ഐ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചതായി ഐ ഡി എഫിന്റെ വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നു.
ഇസ്രയേല്‍ സൈന്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ദിനം പ്രതി വളര്‍ന്ന് കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയെ എങ്ങനെ അപകടകരമായ വിധത്തില്‍ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഗാസയില്‍ നടത്തിയ അക്രമം. സൈനികപ്രവര്‍ത്തനങ്ങളില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് വഴി സിവിലിയന്‍ ജനതയ്ക്ക് ഉണ്ടാക്കാനിടയുള്ള അപകടം വളരെ വലുതാണ്. യുദ്ധക്കളത്തില്‍ സൈനികര്‍ എ ഐ പോലുള്ള നൂതന വിദ്യകള്‍ ഉപയോഗിക്കുന്നത് വഴിയും സുതാര്യമല്ലാത്ത ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും ധാര്‍മികവും, നിയമപരവും മാനുഷികവുമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്.
വര്‍ഷത്തില്‍ 50 എന്നതില്‍ നിന്നും ദിവസത്തില്‍ 100 എന്ന കണക്കിലേക്ക് ഉയര്‍ന്ന ടാര്‍ഗറ്റുകള്‍
നവംബര്‍ ആദ്യത്തില്‍ തന്നെ ഗാസയിലെ 12,000-ല്‍ അധികം വരുന്ന ലക്ഷ്യസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞതായി ഐ ഡി എഫിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിംഗ് പറഞ്ഞു. ശത്രുവിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമായിരിക്കും തങ്ങളുടേത് എന്നാണ് ടാര്‍ഗറ്റിംഗ് പ്രക്രിയയെ കുറിച്ച് ഐ ഡി എഫ് വിവരിച്ചത്. ഹമാസ് പ്രവര്‍ത്തകര്‍ എവിടെ ഒളിച്ചാലും രക്ഷയില്ലെന്നും ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. ഐ ഡി എഫിന്റെ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ 2019 ലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടാര്‍ഗറ്റിംഗ് ഡിവിഷന്‍ ആരംഭിക്കുന്നത്. ഒന്നിലധികം ടാര്‍ഗറ്റുകളെ ആക്രമിക്കാനുള്ള ഓട്ടോമാറ്റിക് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ഗോസ്പല്‍ ഉപയോഗിച്ചതായി +972 മാഗസിനും സ്ഥിരീകരിച്ചിട്ടുണ്ട് (ഇസ്രായേല്‍, പലസ്തീന്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വതന്ത്ര ഓണ്‍ലൈന്‍ മാഗസിനും മീഡിയ പ്ലാറ്റ്ഫോമാണ് +972 മാഗസിന്‍).
സമീപ വര്‍ഷങ്ങളില്‍ 30,000 നും 40,000 നും ഇടയില്‍ വരുന്ന തീവ്രവാദികളുടെ വിവരങ്ങളടങ്ങുന്ന ഡാറ്റാബേസ് നിര്‍മിക്കാന്‍ ടാര്‍ഗറ്റ് ഡിവിഷന്‍ ഐ ഡി എഫിനെ സഹായിച്ചിട്ടുണ്ട്. കൊലപ്പെടുത്താനുളള ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട തീവ്രവാദികളെ നിശ്ചയിക്കുന്നതില്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഐ ഡി എഫിന്റെ ടാര്‍ഗറ്റിങ് ഡിവിഷന്‍ എ ഐ യുടെ സാധ്യതകള്‍ ഉപയോഗിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്നതാണെന്നും, ടാര്‍ഗറ്റ് ഡിവിഷനില്‍ നൂറുകണക്കിന് ഉദ്യോഗസ്ഥരും സൈനികരും ഉള്‍പെടുന്നതാണെന്നും ജനുവരി വരെ ഐ ഡി എഫിന്റെ തലവനായി സേവനമനുഷ്ഠിച്ച അബീബ്ബ് കൊച്ചബി പറഞ്ഞു. മനുഷ്യനെക്കാളും കൂടുതല്‍ ഫലപ്രദമായി വിവരങ്ങള്‍ ഉല്പാദിപ്പിക്കാന്‍ എ ഐ-ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആബീബ് പറയുന്നതനുസരിച്ച് 2021 മേയില്‍ നടന്ന ഹമാസുമായുള്ള ഇസ്രയേലിന്റെ 11 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ഗോസ്പല്‍ ഒരു ദിവസം സജീവമാക്കിയിരുന്നു, അന്ന് ഗോസ്പല്‍ പ്രതിദിനം 100 ടാര്‍ഗെറ്റുകള്‍ സൃഷ്ടിച്ചിരുന്നു. അതിനു മുന്‍പ് പ്രതി വര്‍ഷം ഗാസയില്‍ 50 ടാര്‍ഗെറ്റുകള്‍ മാത്രമാണ് ഇസ്രയേലിന് നിര്‍മിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പ്രതിദിനം 100 ടാര്‍ഗറ്റുകള്‍ സൃഷ്ടിക്കാനും അവയില്‍ 50% പേരെ ആക്രമിക്കാനും സാധിക്കുന്നു.
ഗോസ്പലില്‍ ഏത് തരത്തിലുള്ള ഡാറ്റയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ സാധാരണയായി എ ഐ-ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത് ഡ്രോണ്‍ ഫൂട്ടേജില്‍ നിന്നും, ചോര്‍ത്തിയ സംഭാഷണങ്ങളില്‍ നിന്നുമൊക്കെയാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മുന്‍ ഗാസ യുദ്ധത്തില്‍ ഐ ഡി എഫിന് വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച്, മുന്‍കാലങ്ങളില്‍ ഐ ഡി എഫ് ഹമാസ് അംഗങ്ങളുടെ മാത്രം വീടുകളായിരുന്നു ബോംബാക്രമണത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാലിപ്പോള്‍ ഹമാസ് പ്രവര്‍ത്തകന്‍ എന്ന് സംശയിക്കുന്ന എല്ലാവരുടെയും വീടുകള്‍ ലക്ഷ്യമിടുകയും തകര്‍ക്കുകയുമാണ്.
മരണസംഖ്യ ഉയര്‍ത്തുന്നു
ശത്രുവിന് വലിയ നാശനഷ്ടമുണ്ടാക്കുകയും, അതേസമയം തങ്ങളുടെ സൈനികര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും എന്നതാണ് ഗോസ്പല്‍ ആക്രമണം വഴി ഇസ്രയേല്‍ കൈവരിക്കുന്ന നേട്ടം. ഇത് പോരാട്ടത്തിന്റെ ശക്തി കൂട്ടുകയും എതിരാളികളെ നിഷ്പ്രഭരാക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ട്രാഫിക് സിഗ്‌നല്‍ നിര്‍ദേശങ്ങള്‍ കിട്ടുന്ന തരത്തിലാണ് എ ഐ അല്‍ഗോരിതം വഴിയും വിവരങ്ങള്‍ ലഭിക്കുക, ഒരു സ്ഥലത്ത് അവശേഷിക്കുന്ന ആളുകളുടെ എണ്ണം വരെ ഈ ഡാറ്റയില്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും വിഷയത്തില്‍ ബന്ധപ്പെട്ട വിദഗ്ദ്ധര്‍ പറയുന്നത്, ടാര്‍ഗറ്റ് ചെയ്തുളള ആക്രമണങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവന്‍ അപഹരിക്കുന്നതില്‍ കുറവ് വരുത്തുണ്ടെന്ന ഇസ്രയേല്‍ വാദം അംഗീകരിക്കാനാവില്ല എന്നാണ്.
നവംബറില്‍ ഐഡിഎഫ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, യുദ്ധത്തിന്റെ ആദ്യ 35 ദിവസങ്ങളില്‍ ഇസ്രയേല്‍ ഗാസയിലെ 15,000 ലക്ഷ്യകേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ജനസാന്ദ്രത കൂടിയ ഈ പ്രദേശത്ത് മുമ്പ് നടത്തിയ സൈനിക ആക്രമണത്തേക്കാള്‍ വളരെ കൂടുതലാണിത്. 2014 ല്‍ 51 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍, ഐഡിഎഫ് ന് 5,000 മുതല്‍ 6,000 വരെ ലക്ഷ്യങ്ങള്‍ മാത്രമാണ് തകര്‍ക്കാന്‍ സാധിച്ചത്.
ഓരോ ഹമാസ് പ്രവര്‍ത്തകന്റെ വീടുകള്‍ ആക്രമിക്കുമ്പോള്‍, ആ പ്രദേശത്തു താമസിക്കുന്ന എത്ര സാധാരണക്കാര്‍ കൊലപ്പെടുമെന്ന് ഐ ഡി എഫിന്റെ ടാര്‍ഗറ്റിങ് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ഓരോ ടാര്‍ഗറ്റിലും, ഒരു സ്ട്രൈക്കില്‍ എത്ര സാധാരണക്കാര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന നാശനഷ്ടങ്ങള്‍ അടങ്ങിയ ഫയല്‍ ഉണ്ടായിരിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കൂട്ടക്കൊലപാതകത്തിന്റെ ഫാക്ടറി
എ ഐ സംവിധാനമുപയോഗിച്ച് നിര്‍മിച്ച ചെക്ക് ലിസ്റ്റ് പ്രകാരമാണ് ഡിവിഷനിലെ ഓരോരുത്തരും പ്രവര്‍ത്തിക്കുന്നത്. ലക്ഷ്യത്തെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ സമയമില്ലെന്നും ടാര്‍ഗറ്റുകള്‍ സൃഷ്ടിക്കുന്നതിന് മുന്‍പ് അത് പ്രാവര്‍ത്തികമാകുകയുമാണ് അവിടെ നടക്കുന്നതെന്നും ഐ ഡി എഫ് ടാര്‍റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്രോതസ് വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നതിനായി ഗോസ്പല്‍ ഐ ഡി എഫിനെ പ്രാപ്തമാക്കുന്നു. ഇവിടെ നിലവാരത്തിനല്ല എണ്ണത്തിലാണ് കാര്യം എന്നും സ്രോതസ് പറഞ്ഞു. ഗോസ്പലിന്റെ സഹായമുള്ളതിനാല്‍ ഓരോ ആക്രമണത്തിന് മുന്‍പും ലക്ഷ്യം മറികടക്കുന്നതിനായി ധാരാളം സമയം ചെലവഴിക്കേണ്ടതില്ല. മാനുഷിക നിയമങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന വിദഗ്ദ്ധരെ സംബന്ധിച്ചിടത്തോളം ഇസ്രയേല്‍ അവലംബിക്കുന്ന നൂതന മാര്‍ഗങ്ങള്‍ വലിയ തോതില്‍ ആശങ്ക ഉളവാക്കുന്നതാണ്.