ഗാസ സിറ്റിയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ 2.5 ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി സൈന്യം അറിയിച്ചു. അതേസമയം, ഇസ്രയേല്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസയിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായി നടത്തിയ വ്യോമാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 12 പേര്‍ കുട്ടികളാണ്.
ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സൈന്യം താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹമാസ് തീവ്രവാദികള്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേല്‍ നിരവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ തകര്‍ത്തു. ഇതിനിടയില്‍, ഷെയ്ഖ് റാഡ്വാന്‍ പ്രദേശത്തെ ഒരു വീടിന് നേരെ നടന്ന ആക്രമണത്തില്‍ അമ്മയും മൂന്ന് കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.
പുതിയ ആക്രമണങ്ങളും പലായനം ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളും ഗാസ സിറ്റിയില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, യാത്രാചെലവുകളും താമസിക്കാനുള്ള സ്ഥലമില്ലായ്മയും കാരണം പല കുടുംബങ്ങള്‍ക്കും പലായനം ചെയ്യാന്‍ സാധിക്കുന്നില്ല. സുരക്ഷിതമായ ഇടമില്ലാത്തതിനെ തുടര്‍ന്ന് പലായനം ചെയ്യാന്‍ മടിക്കുന്നവരുമുണ്ട്.
അതേസമയം, ഇസ്രയേല്‍ സൈന്യം 2.5 ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തുവെന്ന് അവകാശപ്പെടുമ്പോള്‍, ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍ താഴെയാണ്. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഗാസയിലെ മാനുഷിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്ന് യുഎന്നും ദുരിതാശ്വാസ സംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗാസയില്‍ ഇപ്പോഴും ബന്ദികളായി കഴിയുന്നവരുടെ ബന്ധുക്കള്‍ യുദ്ധം നിര്‍ത്തിവെക്കാന്‍ ഇസ്രയേലിനോട് അപേക്ഷിക്കുന്നുണ്ട്. ആക്രമണങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ അപഹരിച്ചേക്കുമോ എന്ന ആശങ്കയിലാണവര്‍. 2023 ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ 64,700-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ, പ്രധാന നഗരങ്ങളുടെ വലിയ ഭാഗങ്ങള്‍ പൂര്‍ണ്ണമായി നശിക്കുകയും 20 ലക്ഷത്തോളം വരുന്ന പലസ്തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. Israel intensifies attacks in Gaza; 32 dead, including 12 children
Content Summary: Israel intensifies attacks in Gaza; 32 dead, including 12 children
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.