June 26, 2026 |
Share on

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം: അഞ്ച് കുട്ടികളടക്കം 13 മരണം

വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതായി പരാതി

മാസങ്ങളായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഗാസയിൽ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ അഞ്ച് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു ഗാസയെ നടുക്കിയ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. ഗാസ സിവിൽ ഡിഫൻസ് ഏജൻസിയാണ് മരണവിവരങ്ങൾ പുറത്തുവിട്ടത്.

ഖാൻ യൂനിസിന് സമീപം മവാസിയിലെ അഭയാർത്ഥി ക്യാമ്പിൽ ഡ്രോൺ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നാല് പേർ കൊല്ലപ്പെട്ടു. സുരക്ഷിത മേഖലയെന്ന് കരുതിയിരുന്ന ഇടത്താണ് ആക്രമണം ഉണ്ടായത്. ജബാലിയ അഭയാർത്ഥി ക്യാമ്പിന് സമീപം 11 വയസ്സുകാരി കൊല്ലപ്പെട്ടു. ഒരു സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചതായും റിപ്പോർട്ടുകളുണ്ട്. നഗരത്തിന്റെ കിഴക്കൻ മേഖലയിൽ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ 10-ന് അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷമുള്ള ഏറ്റവും വലിയ ലംഘനങ്ങളിലൊന്നാണ് ഇതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം ആരോപിച്ചു. വെടിനിർത്തൽ നടപ്പിലായ ശേഷം ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 425 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലിലേക്ക് ഗാസയിൽ നിന്നും ഷെൽ ആക്രമണം ഉണ്ടായെന്നും അതിന് മറുപടിയായിട്ടാണ് തൊടുത്തുവിട്ട കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേൽ ഭാഗത്ത് വെടിനിർത്തലിന് ശേഷം ഇതുവരെ മൂന്ന് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×