December 13, 2024 |
Share on

ഗാസയില്‍ ഇസ്രയേലികളെ തന്നെ കൊന്ന് ഇസ്രയേല്‍ സൈന്യം

വീണ്ടുമൊരു മാധ്യമപ്രവര്‍ത്തകനെയും കൊന്നു

ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേലി ബന്ദികളെ ഗാസയില്‍ ഇസ്രയേലി സൈന്യം തന്നെ വെടിവച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇതിനൊപ്പം ഒരു പലസ്തീന്‍ മാധ്യമപ്രവര്‍ത്തകനെയും വെള്ളിയാഴ്ച്ച ഇസ്രയേലി സൈന്യം വധിച്ചിട്ടുണ്ട്. കനത്ത ആക്രമണം ഇപ്പോഴും ഇസ്രയേലിന്റെ ഭാഗത്ത് നിന്നും ഗാസയില്‍ നടക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകങ്ങള്‍.

ഇസ്രയേലി ബന്ദികളുടെ മരണവാര്‍ത്ത ഒരു യു എസ് പ്രതിനിധി സംഘത്തില്‍ നിന്നാണ് പുറത്തു വരുന്നത്. ഗാസയില്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പരിശ്രമിക്കുന്ന സംഘമാണ് യു എസ്സില്‍ നിന്നും എത്തിയിരിക്കുന്നത്.

ഗാസ നഗരപരിധിയിലുള്ള ഷിജയ്യയിലാണ് ഇസ്രയേലി ബന്ദികള്‍ കൊല്ലപ്പെടുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഹമാസും ഇസ്രയേലി സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു വരികയാണ്. ഇതിനിടയിലാണ്, ഹമാസ് അംഗങ്ങളെന്ന തെറ്റിദ്ധാരണയില്‍ തങ്ങളുടെ മുന്നില്‍പ്പെട്ട മൂന്ന് ഇസ്രയേലി ബന്ദികളെ അവരുടെ തന്നെ സൈനികര്‍ വെടിവച്ചു വീഴ്ത്തിയത്. അക്രമികളാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറയുന്നു. കൊല്ലപ്പെട്ട മൂന്നു പേരും ഒന്നുകില്‍ അവരെ ബന്ദികളാക്കിയവരുടെ കൈകളില്‍ നിന്നു രക്ഷപ്പെട്ട് വന്നവരോ, അതല്ലെങ്കില്‍ അവരെ അവിടെ ഉപേക്ഷിച്ചതോ ആയിരിക്കാമെന്നും സൈനിക വക്താവ് പറയുന്നു. അവര്‍ എങ്ങനെ ഈ പ്രദേശത്ത് എത്തിയെന്നതിനെപ്പറ്റി വ്യക്തമായ വിവരം അറിവായിട്ടില്ലെന്നും സംഭവിച്ചതില്‍ അഗാധമായ ദുഖമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടക്കുമെന്നും ഹിഗാരി പ്രസ്താവിക്കുന്നുണ്ട്.

കൊല്ലപ്പെട്ട മൂന്നു ബന്ദികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗാസ അതിര്‍ത്തിയിലുള്ള ഇസ്രയേല്‍ അധിനിവേശ മേഖലയില്‍ നിന്നുള്ളവരാണ് മൂന്നു പേരും. 28 വയസുള്ള യോതം ഹെയിം, 25 കാരനായ സമേര്‍ അല്‍-തലാല്‍ക, 26 കാരനായ എലോണ്‍ ഷംറിസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സഹിക്കാന്‍ കഴിയാത്ത ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും, എല്ലാ ഇസ്രയേലികളെയും ഹമാസിന്റെ തടവറയില്‍ നിന്നും മോചിപ്പിക്കുക തന്നെ ചെയ്യുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ, ഈ സംഭവത്തിന്‍മേല്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്.

ഒക്‌ടോബര്‍ 7 ന് നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നാലെ 240 ഓളം ബന്ദികളെ ഇസ്രയേലില്‍ നിന്നും ഹമാസ് പിടികൂടിയിട്ടുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചതിന് പകരമായി ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടുകൊടുത്തിരുന്നുവെങ്കിലും ഇപ്പോഴും നൂറോളം പേര്‍ അവരുടെ തടവില്‍ തന്നെയാണെന്നാണ് വിവരം.

അല്‍-ജസീറയുടെ കാമറമാന്‍ സമേര്‍ അബു ദഖയാണ് കൊലപ്പെട്ടത്. അവരുടെ ചീഫ് കറസ്‌പോണ്ടന്റ് വെയ്ല്‍ ദഹ്ദൗന് സാരമായ പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനുസില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഒരു സ്‌കൂളിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ അതേ സ്ഥലത്ത് തന്നെ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നതും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുന്നതെന്നും അല്‍-ജസീറ നെറ്റ്‌വര്‍ക്ക് അറിയിച്ചു. ഇസ്രയേല്‍ കരയുദ്ധം രൂക്ഷമായിരിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ് ഖാന്‍ യൂനൂസ്. ഇത്തവണത്തെ ഇസ്രയേല്‍-ഹമാസ് യുദ്ധം സജീവമായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ദഹ്ദൗ. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഭാര്യയും കുട്ടികളുമടക്കം ദഹ്ദൗന്റെ കുടുംബം കൊല്ലപ്പെട്ടിരുന്നു. ദഹ്ദൗന്റെ കൈയില്‍ ആഴത്തിലുള്ള മുറിവാണ് ഏറ്റിരിക്കുന്നതെന്ന് അല്‍-ജസീറ അറിയിച്ചു.

ഗാസയില്‍ ഇത്തവണ കൊല്ലപ്പെടുന്ന 64-മത്തെ ജേര്‍ണലിസ്റ്റാണ് അബു ദഖ. 57 പലസ്തീന്‍, നാല് ഇസ്രയേല്‍, മൂന്ന് ലബനീസ് മാധ്യമപ്രവര്‍ത്തകര്‍ മൊത്തം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കമ്മിറ്റി ടു പ്രൊജക്ട് ജേര്‍ണലിസ്റ്റ്‌സ് പുറത്തുവിട്ട വിവരം.

അവര്‍ നടത്തുന്ന കുറ്റങ്ങളും കൊലപാതകങ്ങളും ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുന്നവരെ ടാര്‍ഗറ്റ് ചെയ്ത് ഇല്ലാതാക്കുകയാണെന്നാണ് ജേര്‍ണലിസ്റ്റുകളുടെ കൊലപാതകത്തെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭയിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ ഇസ്രയേലിനെതിരേ അഞ്ഞടിച്ചത്. അബു ദഖയുടെ കൊലപാതകത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ ഇസ്രയേല്‍ സൈന്യം തയ്യാറായിട്ടില്ലെന്നാണ് അസോഷ്യേറ്റ് പ്രസ് പറയുന്നത്.

×