UPDATES

മലദ്വീപില്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ സൈന്യം?

എന്തുകൊണ്ടാണ് സൈനികരെ തിരിച്ചയക്കണമെന്ന ആവിശ്യം നിരന്തരമായി ഉന്നയിക്കപ്പെടുന്നത് ?

                       

ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധം പുലര്‍ത്തിയിരുന്ന രാജ്യമായിരുന്നു മാലദ്വീപ്. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ അവധിക്കാല ലക്ഷ്യസ്ഥാനവും മാലദ്വീപ് തന്നെ. ദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രിയെ അപഹസിച്ചു സാമൂഹ്യമാധ്യമങ്ങളില്‍ എത്തും മുന്‍പ് തന്നെ ഈ ബന്ധത്തിന് കോട്ടം തട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. മാലദ്വീപില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ദശാബ്ദക്കാലമായി വടംവലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു വലിയ ഭൗമരാഷ്ട്രീയ പോരാട്ടത്തിന് അന്ത്യം കുറിച്ചത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്. 2023 ന്റെ അവസങ്ങളില്‍ അധികാരത്തിലെത്തിയ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയെ പിന്തുണയ്ക്കുന്നവനും, ഇന്ത്യയുടെ വിമര്‍ശകനുമാണ്. മുന്‍ പ്രസിഡന്റ് മുഹമ്മദ് സോഹലിന്റെ ഭരണകാലയളവില്‍ തന്നെ മുയിസു ഇന്ത്യയുടെ മാലിയിലുള്ള നിയന്ത്രണത്തെ വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രാജ്യത്തു ഇന്ത്യ വിരുദ്ധ വികാരങ്ങള്‍ ശക്തമായിരുന്നു. ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ നേതൃത്വത്തിലുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി ഇന്ത്യ സ്വാധീനിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന ആക്ഷേപം ദ്വീപ് രാഷ്ട്രത്തില്‍ പ്രബലമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് മാലദ്വീപില്‍ നിലയുറപ്പിക്കാനും രാജ്യത്ത് സ്വാധീനം ചെലുത്താനും സര്‍ക്കാര്‍ അനുവദിച്ചുവെന്ന് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന മുയിസു അധികാരത്തിലെത്തി കുറാച്ചുനാള്‍ക്കുള്ളില്‍ തന്നെ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. മാര്‍ച്ച് 15-ന് അകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ന്യൂഡല്‍ഹിക്ക് മുന്നില്‍ സമയപരിധി വച്ചിരിക്കുകയാണ് മുയിസുവിന്റെ ദ്വീപ് ഭരണകൂടം.

എന്തുകൊണ്ടാണ് ഇന്ത്യന്‍ സൈന്യം ദ്വീപില്‍ നിലയുറപ്പിച്ചിരിക്കുന്നത്?

പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ നയതന്ത്ര മേഖലകളില്‍ ഇന്ത്യയ്ക്കും മാലദ്വീപിനും ദീര്‍ഘകാലത്തെ സഹകരണമുണ്ട്. അന്നത്തെ പ്രസിഡന്റ് മൗമൂണ്‍ അബ്ദുള്‍ ഗയൂമിന്റെ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് 1988 നവംബറില്‍ ഒരു സൈനിക ഓപ്പറേഷനായി ഇന്ത്യയുടെ സൈനികര്‍ മാലദ്വീപില്‍ എത്തുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിന് വേണ്ടിയാണ് സൈനിക സഹായം ഗയൂമ് ആവശ്യപെട്ടത്. അന്ന് ദ്വീപിലെത്തിയ സൈനികര്‍ക്ക് ഭരണകൂടത്തെ അധികാരത്തില്‍ സുരക്ഷിതരായി പിടിച്ചുനിര്‍ത്താനും അട്ടിമറിക്ക് ശ്രമിച്ച വിമതരെ പിടികൂടാനും കഴിഞ്ഞു. അന്നുമുതല്‍ ദ്വീപ് ഭരണകൂടത്തിന് വേണ്ടി സഹായങ്ങള്‍ നല്‍കി ഇന്ത്യന്‍ സൈനികര്‍ മാലദ്വീപില്‍ നിലയുറപ്പിക്കുന്നുണ്ട്.

ഇന്ത്യ ഔട്ട് ക്യാമ്പയിന്‍

2020-ഓടെയാണ് ദ്വീപില്‍ ഇന്ത്യ ഔട്ട് ക്യാമ്പയിനിന് തുടക്കമാവുന്നതും വ്യപകമായി പ്രചരിക്കുകയും ചെയ്യുന്നത്. ദ്വീപിലെ ഇന്ത്യ വിരുദ്ധ വികാരം ഈ ക്യാമ്പയിനിനു മുന്നേ തന്നെ ശക്തമായിരുന്നു. ചൈന അനുകൂല പ്രോഗ്രസീവ് പാര്‍ട്ടിയുടെ (പിപിഎം) നേതാവ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം 2013-ല്‍ പ്രസിഡന്റായതു മുതല്‍ ഈ വിരോധത്തിന് പഴക്കമുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യ ഔട്ട് ക്യാമ്പയിന്‍ വാദിക്കുന്നതിനു വിപരീതമായി സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 88 ഇന്ത്യന്‍ സൈനികര്‍ മാത്രമാണ് നിലവില്‍ മാലിദ്വീപിലുള്ളത്. മാലദ്വീപ് സൈനികര്‍ക്ക് യുദ്ധത്തിലും,നിരീക്ഷണത്തിലും രക്ഷാ-സഹായ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുന്നതിനായാണ് പ്രധാനമായും സൈനികരെ ദ്വീപിന്റെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുള്ളത്. സൈനിക പിന്‍ബലത്തിനായി ഇന്ത്യയില്‍ നിന്ന് പട്ടാളക്കരെ രാജ്യത്ത് വിന്യസിക്കുന്നതില്‍ ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും പരോക്ഷമായ വിമര്‍ശനം നിലനിന്നിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് ചൂണ്ടികാണിക്കുന്നു. സൈനികരെ പിന്‍വലിക്കാന്‍ ന്യൂഡല്‍ഹിക്ക് ദ്വീപ് സര്‍ക്കാര്‍ ഔദ്യോദിക അറിയിപ്പ് നല്‍കിയെങ്കിലും, ഈ ആവിശ്യം ഉന്നയിച്ചു നടക്കുന്ന ക്യാമ്പയിനാണ് ഇന്ത്യ ഔട്ട്. മാലദ്വീപില്‍ ഇന്ത്യ സൈനിക സഹായത്തിനായി വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്ന ക്യാമ്പയിന്‍ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി സൈനികരെ ചിത്രീകരിക്കുന്നുമുണ്ട്. മാലദ്വീപ് ഉള്‍പ്പെടുന്ന മനോഹര്‍ പരീക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസസിലെ റിസര്‍ച്ച് അനലിസ്റ്റായ ഡോ. ഗുല്‍ബിന്‍ സുല്‍ത്താനയുടെ വിലയിരുത്തലനുസരിച്ച്, 2022 വരെ മാലിദ്വീപില്‍ ഏകദേശം 88 ഇന്ത്യന്‍ സൈനികര്‍ ഉണ്ടായിരുന്നു. ദ്വീപിലെ പ്രാദേശിക വാര്‍ത്താ സ്ഥാപനങ്ങള്‍ സണ്‍ ഓണ്‍ലൈന്‍, മാലിദ്വീപ് ജേര്‍ണല്‍ എന്നിവയും ഇന്ത്യയില്‍ നിന്നുള്ള 88 സൈനികരുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സൈനികരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള പ്രാദേശിക മാധ്യമങ്ങളുടെ ആവിശ്യത്തില്‍ സോലിഹ് സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന്, 2023-ല്‍, പ്രസിഡന്റ് മുയിസു അധികാരമേറ്റ് ആഴ്ചകള്‍ക്ക് ശേഷം, കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 77 ഇന്ത്യന്‍ സൈനികര്‍ മാലിദ്വീപിലുള്ളതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതായത് 2022 നും 2023 നും ഇടയില്‍ വിവിധ റോളുകളില്‍ ഏര്‍പ്പെട്ടിരുന്ന 10 ഇന്ത്യന്‍ സൈനികരെങ്കിലും മാലിദ്വീപ് തിരിച്ചയച്ചിരിക്കാന്‍ സാധ്യതയുണ്ട്. പ്രസിഡന്റിന്റെ ഓഫീസ് നവംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹെലികോപ്റ്റര്‍ വിഭാഗത്തില്‍ 24 സൈനികര്‍, 25 പേര്‍ ഡോര്‍ണിയര്‍ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും, രണ്ടാമത്തെ ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, കൂടാതെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും എഞ്ചിനീയറിംഗ് ജോലികള്‍ക്കുമായി 26 സൈനികരെയുമായാണ് വിന്യസിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് സൈനികരെ തിരിച്ചയക്കണമെന്ന ആവിശ്യം നിരന്തരമായി ഉന്നയിക്കപ്പെടുന്നത് ?

2010 ലും 2015 ലും ഇന്ത്യ മാലിദ്വീപിന് നല്‍കിയ രണ്ട് ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ (എഎല്‍എഫ്) സംബന്ധിച്ച ദീര്‍ഘകാല തര്‍ക്കമാണ് ഇതിനുള്ള പ്രധാന പ്രേരണകളിലൊന്ന്, ഇവ രണ്ടും സമുദ്ര തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സമുദ്ര കാലാവസ്ഥയ്ക്കുമാണ് ഉപയോഗിച്ചത്. നിരീക്ഷണത്തിനും ദ്വീപുകള്‍ക്കിടയില്‍ രോഗികളെ എയര്‍ലിഫ്റ്റിംഗ് ചെയ്യുന്നതിനും ഇവ ഉപയോഗപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളുടെ നിബന്ധനകള്‍ അനുസരിച്ച്, ഈ ഹെലികോപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്ന മാലദ്വീപ് ദേശീയ പ്രതിരോധ സേനയെ പരിശീലിപ്പിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ മാലിദ്വീപിലേക്ക് അയച്ചിരുന്നു. ഈ ഹെലികോപ്റ്ററുകള്‍ മാനുഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു, എന്നാല്‍ ഇന്ത്യ വിരുദ്ധ മണ്ഡലത്തിലെ ചിലര്‍, പ്രത്യേകിച്ച് യമീന്റെ പാര്‍ട്ടി (പിപിഎം) ഈ ഹെലികോപ്റ്ററുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യ രാജ്യത്ത് സൈനിക സാന്നിധ്യം സൃഷ്ടിക്കുകയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് 2021 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സഹകരണവുമായി പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചത് മറ്റൊരു പ്രധാന കാരണം ഇന്ത്യയുമായുള്ള ഇടപാടുകളില്‍ സോലിഹ് ഗവണ്‍മെന്റിന്റെ സുതാര്യതയില്ലായ്മയാണ്.

Share on

മറ്റുവാര്‍ത്തകള്‍