ഗാസയിൽ വെടിനിർത്തലിനുള്ള യു എൻ തീരുമാനം വീണ്ടും വീറ്റോ ചെയ്തു
ഗാസയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. ഫെബ്രുവരി 20 ന് നടന്ന വോട്ടെടുപ്പിലാണ് അമേരിക്കയുടെ എതിര്‍പ്പ്. ഇത് മൂന്നാം തവണയാണ് അമേരിക്ക പ്രമേയം വീറ്റോ ചെയ്യുന്നത്. ആറാഴ്ച നീണ്ട വെടിനിര്‍ത്തലിനായി യു എസിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ ഈ തീരുമാനം അട്ടിമറിക്കുമെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് അമേരിക്കയുടെ നീക്കം. ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ വേളയില്‍, നൂറിലധികം ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയക്കണമെന്നും പകരമായി, പലസ്തീനി തടവുകാരെ മോചിപ്പിക്കാമെന്നുമാണ് യു എസ് മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം.
അള്‍ജീരിയയാണ് യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ട് വന്നത്. യു.എസ് മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. യു.കെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നപ്പോള്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ബന്ദി മോചനം മുന്‍നിര്‍ത്തിയുള്ള താത്കാലിക വെടിനിര്‍ത്തലിന് ശ്രമം തുടരുമെന്നാണ് അമേരിക്ക നല്‍കുന്ന ന്യായീകരണം.
ഇപ്പോള്‍ ഈ പ്രമേയത്തെ പിന്തുണച്ചാല്‍ തിരിച്ചൊന്നും നല്‍കാതെ ഹമാസ് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുമെന്നും, കൂടാതെ ഈ തീരുമാനത്തിന് കൂട്ട് നിന്നാല്‍ ഹമാസിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നും യു.എസ് അംബാസഡര്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
അള്‍ജീരിയ മുന്നോട്ട് വച്ച പ്രമേയത്തിന് പകരം യു എസ് മുന്നോട്ട് വെയ്ക്കുന്ന ബദല്‍ പ്രമേയത്തെ പിന്തുണയ്ക്കാന്‍ ലിന്‍ഡ തോമസ്-ഗ്രീന്‍ഫീല്‍ഡ് കൗണ്‍സില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു. യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ വിഷയങ്ങളെ കുറിച്ച് ഇസ്രയേലുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും, ഇതുവരെ അനുകൂലമായ പ്രതികരണം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം അമേരിക്കന്‍ സ്വാധീനം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ യു എസിനുള്ളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ജോ ബൈഡനുമേല്‍ സമ്മര്‍ദ്ദമുണ്ട്.
അതേസമയം, ഹമാസിനെ പൂര്‍ണമായി പരാജയപ്പെടുത്തുന്നത് വരെ അന്താരാഷ്ട്ര ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നത്.
ഗാസയിലെ മനുഷ്യരുടെ അവസ്ഥയും അവിടുത്തെ സാഹചര്യവും അസഹനീയമാണമെന്നാണ,് ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതിന് ശേഷം ഫ്രഞ്ച് അംബാസഡര്‍ നിക്കോളാസ് ഡി റിവിയര്‍ പറഞ്ഞത്. അമേരിക്കയുടെ വീറ്റോ പ്രയോഗം അവരുടെ ഇരട്ട നിലപാടുകളുടെ ഉദ്ദാഹരണമാണെന്ന് ഈജിപ്ഷ്യന്‍ അംബാസഡര്‍ ഒസാമ മഹ്‌മൂദ് അബ്ദുല്‍ ഖാലിക് മഹ്‌മൂദ് കുറ്റപ്പെടുത്തി. യു എസിന്റെ പ്രവര്‍ത്തിയില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. മനുഷ്യത്വരഹിതമായ വിവേചന നടപടികളാണ് ഇസ്രയേല്‍ തുടരുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ വുസി മഡോണ്‍സെലയും പറഞ്ഞു.
ആക്രമണത്തിനിടെ ഹമാസ് പിടികൂടി ബന്ദികളാക്കിയ 105 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാന്‍ 2023 നവംബറില്‍ നടത്തിയത് പോലൊരു സമവായം രൂപികരിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഗാസയില്‍ മതിയായ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ ആവര്‍ത്തിച്ച് പറയുന്നുമുണ്ട്. ഒപ്പം യുഎന്‍ ഒരു ഭീകര സംഘടന ആണെന്നും ഗാസയില്‍ യു എന്‍ ഹമാസിനൊപ്പമാണെന്നും ഇസ്രയേലിന്റെ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ചൊവ്വാഴ്ച സുരക്ഷാ കൗണ്‍സിലില്‍ വച്ച് പറഞ്ഞിരുന്നു.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദമുയര്‍ത്തിയ അള്‍ജീരിയ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും ഇസ്രയേലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പ്രമേയത്തെ അനുകൂലിച്ചുള്ള ഓരോ വോട്ടും പലസ്തീനികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള പിന്തുണയാണെന്ന് യു.എന്നിലെ അള്‍ജീരിയന്‍ പ്രതിനിധി അമര്‍ ബെന്‍ഡാമ പറഞ്ഞു. അതിനെതിരേ വോട്ട് ചെയ്യുന്നത് ക്രൂരതയാണെന്നും അമര്‍ ബെന്‍ഡാമ വ്യക്തമാക്കി. വെടിനിര്‍ത്തലിനൊപ്പം അന്താരാഷ്ട്ര നീതിന്യായ കോടതി ജനുവരിയില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു.
യുദ്ധ നീണ്ടു പോകുന്ന സാഹചര്യത്തില്‍ ഗാസയില്‍ പട്ടിണി മരണത്തിനിരയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയരുകയാണെന്നാണ് യുനിസെഫ് ചൂണ്ടിക്കാട്ടുന്നത്. 90 % ശതമാനത്തിലേറെ കുട്ടികളും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുകയാണ്. 70 ശതമാനത്തിലേറെ കുട്ടികളും പകര്‍ച്ചവ്യാധിയുടെ പിടിയിലാണെന്നും യുനിസെഫ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.