തന്റെ ജന്മം തന്നെയാണ് ഏറ്റവും വലിയ തെറ്റെന്ന് നിരാശപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാല ഹോസ്റ്റലില്‍ ജീവിതം അവസാനിപ്പിച്ച ദളിത് വിദ്യാര്‍ത്ഥിയായിരുന്നു രോഹിത് വെമുല. എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം, ആ പിഎച്ച്ഡി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസ് അവസാനിപ്പിച്ചിരിക്കുകയാണ് തെലങ്കാന പൊലീസ്. ശരിയായ ജാതി പുറത്തറിയുമെന്ന പേടിയിലാണ് രോഹിത് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ അന്തിമമായ കണ്ടെത്തല്‍.
രോഹിതിന്റെ ആത്മഹത്യയില്‍ കാരണക്കാരെന്ന് ആരോപിക്കപ്പെട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദ് മുന്‍ ബിജെപി എംപി ബന്ദാരു ദത്താത്രേയ, എംഎല്‍സി ആയിരുന്ന എന്‍ രാമചന്ദ്ര റാവു, കാമ്പസിലെ എബിവിപി നേതാക്കള്‍ എന്നിവരെയെല്ലാം കുറ്റവിമുക്തരാക്കിയാണ് മേയ് മൂന്ന് വെള്ളിയാഴ്ച്ച തെലങ്കാന ഹൈക്കോര്‍ട്ടില്‍ പൊലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നില്ല വെമുലയെന്നും, തന്റെ യഥാര്‍ത്ഥ ജാതി വിവരങ്ങള്‍ പുറത്തു വരുമെന്നു ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണെന്നും, എസ് സി വിഭാഗമാണെന്നു തെളിയിക്കാനുള്ള രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ് നാല് മാസം കഴിയുമ്പോഴാണ്, രാജ്യത്ത് കോളിളക്കമുണ്ടാക്കിയൊരു കേസ് പൊലീസ് അവസാനിപ്പിക്കുന്നത്. തെലങ്കാനയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പത്തു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പൊലീസ് റിപ്പോര്‍ട്ട് വന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. മേയ് 13 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
2016 ജനുവരി 17 നാണ് രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. രാജ്യമാകമാനം പടര്‍ന്ന പ്രതിഷേധത്തില്‍, ജസ്റ്റീസ് ഫോര്‍ വെമുല കാമ്പയിന് ഒപ്പം നിന്നവരായിരുന്നു കോണ്‍ഗ്രസ്. ന്യൂനപക്ഷങ്ങള്‍ക്കും, ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളിലുമുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങളും അവരുടെ വ്യക്തിത്വവും സംരക്ഷിക്കാന്‍ രോഹിത് വെമുല ആക്ട് കൊണ്ടു വരുമെന്നു പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. ഭാരത് ജോഡ് യാത്ര തെലങ്കാനയില്‍ എത്തിയപ്പോള്‍ രോഹിതിന്റെ അമ്മ രാധിക വെമുല യാത്രയുടെ ഭാഗമായി രാഹുലിനൊപ്പം കിലോമീറ്ററുകള്‍ നടന്നിരുന്നു. രാധികയെ ആശ്വസിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേരാന്‍ രാഹുല്‍ രാധികയോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കുള്ള തന്റെ പിന്തുണ അറിയിച്ച രാധിക, രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പങ്കുവച്ച ട്വീറ്റില്‍ പറഞ്ഞത്; ബിജെപി-ആര്‍എസ്എസ്സില്‍ നിന്നും ഭരണഘടനയെ കോണ്‍ഗ്രസ് മോചിപ്പിക്കുമെന്നും, രോഹിതിന് നീതി നേടിക്കൊടുക്കുമെന്നും, രോഹിത് ആക്ട് നടപ്പിലാക്കുമെന്നും, നീതിന്യായ സംവിധാനത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും ദളിത് പ്രാധിനിത്യം ഉറപ്പാക്കുമെന്നുമായിരുന്നു.
പൊലീസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോ കേന്ദ്ര നേതാക്കളോ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
സെക്ഷന്‍ 306,(ആത്മഹത്യ പ്രേരണ), എസ് സി/ എസ് ടി പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റി(പിഒഎ) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ചേര്‍ത്തായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസ് അവസാനിപ്പിച്ച് പൊലീസ് വിശദീകരണം നല്‍കുമ്പോള്‍, അവര്‍ വെമുലയുടെ ജാതിയില്‍ മാത്രമാണ് ചുറ്റിത്തിരിയുന്നത്. രോഹിത് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് യാതൊന്നും തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നാണ് ദ വയര്‍ പറയുന്നത്. ആരോപിക്കപ്പെട്ടതുപോലുള്ള എന്തെങ്കിലും സാഹചര്യങ്ങളോ, ഘകങ്ങളോ രോഹിതിന്റെ ആത്മഹത്യയ്ക്ക് കാരണമായിട്ടില്ലെന്നും, ഏതെങ്കിലും വ്യക്തികള്‍ക്ക് ഈ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നുമാണ് പൊലീസ് കണ്ടുപിടിച്ചിരിക്കുന്നത്. അമ്മയ്ക്ക് എസ് സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും താന്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവനല്ലെന്ന കാര്യം രോഹിതിന് അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഇക്കാര്യം പുറത്തറിഞ്ഞാല്‍ തന്റെ ഡിഗ്രികളെല്ലാം റദ്ദാക്കപ്പെടാനും നിയമ നടപടി നേരിടാനും സാധ്യയുണ്ടെന്ന ഭയം രോഹിതിനെ അലട്ടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രോഹിതിന്റെ അമ്മ രാധിക ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ ഉള്‍പ്പെട്ട മാലാ വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ഇവര്‍ ഒബിസിക്കാരായ വഡ്ഡേര വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ് വളര്‍ന്നത്. രോഹിതിന്റെ പിതാവ് മണികുമാര്‍ വഡ്ഡേര വിഭാഗത്തില്‍പ്പെട്ടയാളാണ്. രാധിക ദളിത് ആണെന്ന് അറിഞ്ഞതിനു പിന്നാലെ അവരെയും മക്കളെയും മണികുമാര്‍ ഉപേക്ഷിച്ചുവെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്വന്തം പ്രശ്‌നങ്ങളില്‍ മൂലം പുറംലോകവുമായി ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കാതിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു രോഹിത് എന്നു കൂടി പൊലീസ് പറയുന്നതുണ്ട്. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പരാതിപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു അടക്കം ആര്‍ക്കും ഈ മരണത്തില്‍ പങ്കില്ലെന്നും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. സര്‍വകലാശാലയ്‌ക്കെതിരായ പ്രതിഷേധമായിരുന്നു കാരണമെങ്കില്‍, അക്കാര്യങ്ങള്‍ പ്രത്യേകമായി എഴുതേണ്ടതായിരുന്നുവെന്നും അങ്ങനെയൊന്നും തന്നെ രോഹിതിന്റെ ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് സര്‍വകലാശാലയാണ് കാരണമെന്നു പറയാനാകില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. ജാതി നിര്‍ണയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തയ്യാറാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാധിക വെമുലയോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ അവരതിന് തയ്യാറിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. രോഹിതിനെയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എഎസ്എ) നേതാക്കളായ വിദ്യാര്‍ത്ഥികളെയും യൂണിവേഴ്‌സിറ്റ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത് സര്‍വകലാശാല അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വച്ച നിബന്ധനകള്‍ ലംഘിച്ചതുകൊണ്ടാണ് പുറത്താക്കല്‍ നടപടി വേണ്ടി വന്നതെന്നു കൂടി പൊലീസ് റിപ്പോര്‍ട്ടില്‍ അധികാരി വര്‍ഗത്തിനായുള്ള പ്രതിരോധമായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
English Summary- Telangana police closes hyderabad university student rohith vemula suicide case