(വില്ല്യം ബൂത്ത്, കരോള്‍ മോറെല്ലോ ദ വാഷിംഗ്ടണ്‍ പോസ്റ്റിനു വേണ്ടി ചെയ്ത റിപ്പോര്‍ട്ട്. 2014 ല്‍ ഇസ്രയേല്‍ ഗാസയോട് നടത്തിയ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്ന ഈ റിപ്പോര്‍ട്ട് അനുമതിയോടെ അഴിമുഖം വിവര്‍ത്തനം ചെയ്ത് ഉപയോഗിച്ചതാണ്. നിലവിലെ പശ്ചാത്തലില്‍ പുനപ്രസിദ്ധീകരിക്കുന്നു)
പലസ്തീന്‍ ജനതയ്ക്ക് ഒരു തുറമുഖവും വിമാനത്താവളവും വേണം. അവരുടെ തീരപ്രദേശങ്ങളില്‍ നിന്നും പുറം ലോകത്തേക്ക് സഞ്ചരിക്കാന്‍ അവര്‍ക്കാവണം.
‘എല്ലാം തയ്യാറാണ്. രൂപകല്‍പനാ പഠനങ്ങളും വാണിജ്യ പദ്ധതിയും പാരിസ്ഥിതിക അവലോകനവും ഞങ്ങളുടെ പക്കലുണ്ട്. ഇതൊക്കെയാണ് അവശ്യം. നിങ്ങള്‍ ഒരു വാക്ക് പറഞ്ഞാല്‍ മാത്രം മതി,’ ട്രാന്‍സ്പോര്‍ട്ടേഷന്‍ മന്ത്രാലയത്തിലെ ഗാസ തുറമുഖ അതോറിറ്റിയുടെ ഡയക്ടര്‍ ജനറലായ സൗദ് ആബിദ് പറഞ്ഞു.
തുറമുഖം എന്ന ആശയം രൂപം കൊണ്ടിട്ട് 14 വര്‍ഷം ആകുന്നവെന്ന് ആബിദ് സമ്മതിക്കുന്നു. ‘പക്ഷെ ഇതാണ് കൃത്യമായ സമയം,’ അദ്ദേഹം പറഞ്ഞു.
സാങ്കേതികമായി പറഞ്ഞാല്‍ ഗാസയില്‍ ഒരു വിമാനത്താവളം ഉണ്ട്. പലസ്തീന്‍ വിമോചന സംഘടനയുടെ (പിഎല്‍ഒ) നേതാവായിരുന്ന യാസര്‍ അറാഫത്തിന്റെ പേരിലുണ്ടായിരുന്ന വിമാനത്താവളം 2001ല്‍ കണ്‍ട്രോള്‍ ടവറില്‍ ഇസ്രായേല്‍ ബോംബിട്ടതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. മൂന്ന് യുദ്ധങ്ങള്‍ക്ക് ശേഷം വിമാനത്താവള പരിസരം ഒരു ദുരന്ത സിനിമയുടെ സെറ്റിനെ അനുസ്മരിപ്പിക്കും. രണ്ടാഴ്ച മുമ്പ് ഇസ്രായേലി ടാങ്കുകള്‍ ചീറിപ്പാഞ്ഞതാണ് അതിന്റെ ടാര്‍മാര്‍ക്കില്‍ സംഭവിച്ച അവസാന ചലനം.
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വെടിനിറുത്തലിന്റെ ആദ്യ ദിനമായിരുന്ന തിങ്കളാഴ്ച ഇസ്രായേലിന്റെയും പലസ്തീന്റെയും പ്രതിനിധികള്‍ നീണ്ടു നില്‍ക്കുന്ന ഒരു വെടിനിറുത്തലിന്റെ സാധ്യത ആരായാന്‍ കെയ്റോയില്‍ യോഗം ചേര്‍ന്നിരുന്നു.
അവിടെ ഇരു ഭാഗങ്ങളും തങ്ങളുടെ ആവശ്യങ്ങളുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. റോക്കറ്റ് തൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഗാസയില്‍ നിന്നും ഇസ്രായേലിലേക്കുള്ള തുരങ്കങ്ങള്‍ അടയ്ക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെടുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന് വേണ്ടത് നിരായുധമായ ഒരു ഗാസയാണ്. ഏഴ് വര്‍ഷമായി നീളുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ഇസ്രായേലിലേക്കും ഈജിപ്തിലേക്കുമുള്ള അതിര്‍ത്തികള്‍ തുറക്കണമെന്നും വെസ്റ്റ് ബാങ്കില്‍ സമീപകാലത്ത് ഇസ്രായേല്‍ നടത്തിയ സൈനിക നടപടികള്‍ക്കിടയില്‍ അറസ്റ്റിലായ ഹമാസ് അംഗങ്ങളെ മോചിപ്പിക്കണമെന്നും ഹമാസും അനുകൂല സംഘടനകളും ആവശ്യപ്പെടുന്നു. കടലിനെയും ആകാശത്തിനെയും കുറിച്ചും പലസ്തീനികള്‍ സംസാരിക്കുന്നു.
ശൈശവദശയിലായിരുന്ന പലസ്തീന്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക നേട്ടമായിരുന്നു 1998-ലെ അരാഫത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ സാന്നിധ്യത്തില്‍ യാസര്‍ അരാഫത്ത് കണ്ണുനീര്‍ വാര്‍ത്തു. GZA എന്ന കോഡോടുകൂടിയ ഈജിപ്ത്യന്‍ അതിര്‍ത്തിയിലെ വിമാനത്താവളം രണ്ട് വര്‍ഷത്തേക്ക് പലസ്തീന്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമായി വര്‍ത്തിച്ചു. മൂന്ന് വിമാനങ്ങള്‍ അടങ്ങിയ അവരുടെ എയര്‍ലൈന്‍സ് ഗാസയില്‍ നിന്നും അമ്മാനിലേക്കും ഡമാസ്‌കസിലേക്കും ദുബായിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും യാത്രക്കാരുമായി പറന്നു.
രണ്ടാം പലസ്തീന്‍ ഇന്‍തിഫാത (ഉയിര്‍ത്തെഴുന്നേല്‍പ്) നടന്ന 2001ല്‍ ഇസ്രായേല്‍ സേന വിമാനത്താവളത്തിന്റെ കണ്‍ട്രോള്‍ ടവറും റഡാര്‍ കേന്ദ്രവും തകര്‍ത്തു. പിന്നീട് ഇസ്രായേല്‍ സേന വിമാനത്താവളത്തിന്റെ റണ്‍വേ നശിപ്പിച്ചു. മാത്രമല്ല 2009-ലും 2012-ലും വിമാനത്താവളത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഹമാസ് നിര്‍മിച്ച തുരങ്കങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഇസ്രായേല്‍ ഉദ്യാഗസ്ഥന്‍ തടവിലാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ പത്ത് ദിവസം മുമ്പാണ് ഇസ്രായേല്‍ അവസാനമായി വിമാനത്താവളം ആക്രമിച്ചത്.
ഗാസ വിമാനത്താവളം ഇപ്പോള്‍
കാസാബ്ലാങ്കയിലെ സൗകര്യങ്ങളോട് കിടപിടിക്കുന്ന രീതില്‍ മൊറോക്കന്‍ ആര്‍ക്കിടെക്ടുകള്‍ രൂപകല്‍പന ചെയ്ത വിമാനത്താവളത്തിലെ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ ഇപ്പോള്‍ നാമമാത്രമായി മാത്രമേ നിലനില്‍ക്കുന്നുള്ളു. സംവിധാനങ്ങള്‍ക്ക് നേരെ ബോംബ്, ഷെല്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും വെടിയുണ്ടയേറ്റ് അരിപ്പപോലാവുകയും ചെയ്തു. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ കൊണ്ടുപോവുക കൂടി ചെയ്തതോടെ വിമാനത്താവളം ഏകദേശം നഗ്‌നമായ അവസ്ഥയിലാണ്. ടാര്‍മാക്കില്‍ ഉപയോഗിച്ചിരുന്ന ടാര്‍ പോലും നീക്കം ചെയ്യുകയും കടലോരങ്ങളിലെ മറ്റ് ചില പ്രദേശങ്ങളില്‍ റോഡ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുകയും ചെയ്തു.
ഇബ്രാഹിം അബുഷാര്‍ എട്ട് വര്‍ഷമായി വിമാനത്താവളത്തിന് സമീപമാണ് താമസിക്കുന്നത്. സമീപകാലത്ത് അദ്ദേഹത്തിന്റെ മുറ്റത്തുകൂടി ഒരു ഇസ്രായേലി ടാങ്ക് ഉഴുത് മറിച്ച് കടന്നുപോയി. നശിപ്പിക്കപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറാഫത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമ്മാനിലേക്കും ജോര്‍ദാനിലേക്കും പറന്നത് അദ്ദേഹം ഓര്‍ക്കുന്നു.
‘അത് നല്ല വിമാനത്താവളമായിരുന്നു, മനോഹരമായ വിമാനത്താവളം,’ അബുഷാര്‍ പറഞ്ഞു. ‘ഒരു വിമാനത്താവളത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാവില്ല.’
ഒരു പക്ഷെ ഒരു തുറമുഖത്തിന് മാത്രം സാധിച്ചേക്കാം.
എന്നാല്‍ ചരക്ക് വിമാനങ്ങളുടെയും ആഴക്കടല്‍ തുറമുഖത്തിന്റെയും കാര്യം ഗാസക്കാര്‍ മറന്നേക്കാനാണ് ഔദ്യോഗിക ഇസ്രായേല്‍ നിലപാട്. കഴിഞ്ഞ മാര്‍ച്ചില്‍ ഗാസ മുനമ്പിലുള്ള പലസ്തീന്‍ പോരാളികള്‍ക്കായി ഇറാനില്‍ നിന്നും കൊണ്ടുവന്ന രഹസ്യ ആയുധശേഖരം ഇസ്രായേല്‍ സേന പിടിച്ചെടുത്തിരുന്നു.
എന്നാല്‍ തുറമുഖം എന്ന ആശയം ഭൂരിപക്ഷം ഇസ്രായേലികളും കരുതുന്നത് പോലെ ഭ്രാന്തമായ ഒന്നല്ലെന്നാണ് മുന്‍ ഇസ്രായേലി ദേശീയ സുരക്ഷ ഉപദേഷ്ടാവായ ഗിയോറ എയ്ലാന്റ് കരുതുന്നു.
‘എല്ലാ കപ്പലുകളും ഗാസ നിയന്ത്രിക്കുന്ന ഹമാസിന് ആയുധങ്ങളുമായി എത്തുന്നവയാണ് എന്ന ഭീതിയാണ് നിലനില്‍ക്കുന്നത്,’ അദ്ദേഹം പറയുന്നു. എന്നാല്‍ ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ലോകത്ത് എറ്റവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന ഒന്നാണ് കടല്‍സഞ്ചാരമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഗാസയില്‍ തുറമുഖം വന്നാല്‍, എല്ലാ കപ്പലുകളും ആദ്യം ഇറ്റലിയിലോ ഗ്രീസിലോ സൈപ്രസിലോ നങ്കൂരമിടണമെന്ന് ഇസ്രായേലിന് ആവശ്യപ്പെടാമെന്നും അവിടെ വച്ച് ചരക്കുകളും രേഖകളും പരിശോധിക്കാവുന്നതാണെന്നും എയ്ലാന്റ് പറയുന്നു. പിന്നീട് ഇസ്രായേല്‍ കടലിലേക്ക് ഇസ്രായേല്‍ സേനയുടെ മേല്‍നോട്ടത്തില്‍ കപ്പലുകള്‍ കൊണ്ടുവരാവുന്നതാണ്.
തുറമുഖത്തിന്റെ പ്രവര്‍ത്തന ചുമതല ഒരു മൂന്നാം കക്ഷിയെ ഏല്‍പ്പിക്കാവുന്നതാണ്. ഗാസ-ഈജിപ്ത് അതിര്‍ത്തിയുടെ മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ അസിസ്റ്റന്‍സ് മിഷനെ വേണമെങ്കില്‍ പരിശോധന ചുമതല ഏല്‍പ്പിക്കുകയും ചെയ്യാവുന്നതാണ്.
‘വടി മാത്രം ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ല. ഹമാസും ഗാസയും നിശബ്ദരായി ഇരിക്കാനുള്ള കൃത്യമായ കാരണങ്ങളും നമ്മള്‍ അവര്‍ക്ക് നല്‍കണം,’ ഒരു തുറമുഖം സ്ഥാപിക്കാന്‍ നിരവധി വര്‍ഷങ്ങള്‍ എടുക്കുമെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് എയ്ലന്റ് പറഞ്ഞു.
രണ്ടാം ഇന്‍ത്തിഫാദ് പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഫ്രഞ്ച്-ഡച്ച് കൂട്ടായ്മ തുറമുഖം നിര്‍മ്മിക്കാന്‍ ആരംഭിച്ചെങ്കിലും ഇസ്രായേല്‍ പിന്മാറിയതിനെ തുടര്‍ന്ന് നിര്‍മ്മാണം നിറുത്തി വയ്ക്കുകയായിരുന്നെന്ന് ഗാസ തുറമുഖ അതോറിറ്റിയുടെ തലവന്‍ ആബിദ് പറഞ്ഞു.
തന്റെ സ്വപ്നപദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങളും അലങ്കാര പുഷ്പങ്ങളും ഫര്‍ണിച്ചറുകളും യൂറോപ്പിലേക്ക് കയറ്റിയയ്ക്കാന്‍ തുറമുഖം ഗാസ നിവാസികളെ സഹായിക്കും. തുറമുഖം വെസ്റ്റ് ബാങ്കില്‍ സ്ഥാപിക്കുന്ന പക്ഷം ജോര്‍ദാന് മെഡിറ്ററേനിയന്‍ കടലിലേക്ക് പ്രവേശനം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തുറമുഖം നിര്‍മ്മിക്കാനും പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കാനും ടര്‍ക്കിയും നോര്‍വെയും തയ്യാറാണെന്നും ഇതിന്റെ സാധ്യതകളെ കുറിച്ച് ടര്‍ക്കി ഒബാമ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായും പലസ്തീന്‍ പത്രമായ അല്‍-റിസാല ഈ അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗാസയില്‍ ആഴക്കടലില്‍ തുറമുഖം നിര്‍മ്മിക്കുന്നതിനിടയില്‍ കടല്‍ വ്യാപാരം ദ്രുതഗതിയിലാക്കാന്‍ സഹായിക്കുന്ന തരത്തില്‍ ചെറിയ മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് സ്വിസ് മനുഷ്യാവകാശ സംഘടനയായ യൂറോ മിഡ് ഒബ്സര്‍വര്‍ ഈ അടുത്ത കാലത്ത് പറഞ്ഞിരുന്നു.
സ്ഥിരം തുറമുഖത്തിന് ഉപരിയായി ഈജിപ്ത് തീരപ്രദേശങ്ങളില്‍ കാണുന്നത് പോലെ നീളത്തിലുള്ള കടല്‍പ്പാലം നിര്‍മിക്കാന്‍ ഗാസയെ അനുവദിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് വാദിക്കുന്നവരും ഉണ്ട്.
‘നമ്മുടെ വിധി നിര്‍ണയിക്കാന്‍ നമുക്ക് തന്നെ സാധിക്കണം, അല്ലാതെ അത് ഇസ്രായേലിനെയും ഈജിപ്തിനെയും ഏല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്,’ ഗാസ പത്രമായ അല്‍-അയ്യാമിന്റെ എഡിറ്റര്‍ ഹമെദ് ജാഡ് പറുന്നു. ‘നമ്മുടെ സര്‍ക്കാരിന് പരമാധികാരം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം.’
(അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍/ റിപ്പോര്‍ട്ടുകള്‍/ വിശകലനങ്ങള്‍ എന്നിവ സാഹചര്യത്തിനനുസരിച്ച് പുനപ്രസിദ്ധീകരിക്കുന്നതാണ് എഡിറ്റേഴ്സ് പിക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്)