UPDATES

പേടിച്ചിരുന്നാലെങ്ങനെ, പട്ടിണി മാറ്റണ്ടേ… തൊഴിലും കൂലിയുമില്ലാത്തതുകൊണ്ട് യുദ്ധം പോലും പ്രശ്‌നമല്ലാതാകുന്ന ഇന്ത്യക്കാര്‍

യുദ്ധത്തിന്റെ കൊടുമ്പിരിയിൽ നിൽക്കുന്ന ഇസ്രയേൽ തൊഴിലാളികളുടെ ക്ഷാമം മൂലം ദുരിതത്തിലാണ്.

                       

പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി വെറും 241.9 രൂപയാണ്. ഉത്തർ പ്രദേശ് മോഡലിൽ തൊഴിലാളികൾക്ക് കിട്ടുന്നതാകട്ടെ 309.3 രൂപയും. മറ്റു ഉത്തരേന്ത്യന്‍
സംസ്ഥാനങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. ഒഡീഷയിൽ കിട്ടുന്നത് 285.1 രൂപയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഒരു പുരുഷ തൊഴിലാളിക്ക് ദിവസം കിട്ടുന്നത് വെറും 303.5 രൂപയാണ്. അപ്പോൾ  കുറവ് ദിവസക്കൂലിയുള്ള അല്ലെങ്കിൽ കൂടുതൽ ആളുകൾക്ക് ജോലി വാഗ്ദാനം നല്കാനില്ലാത്ത  സംസ്ഥാനങ്ങൾ എങ്ങനെയാണ് ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നേടികൊടുക്കുന്നത്. എങ്ങനെയാണ് രാജ്യത്തു ഉയർന്നു കൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ ഈ സംസ്ഥനങ്ങളിലെ ജനങ്ങൾ നേരിടുക. സംസ്ഥാനങ്ങൾക്ക് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൃത്യമായ ആശയങ്ങളുണ്ട്. കുറഞ്ഞ വേതനത്തിൽ പണി എടുക്കുന്ന തൊഴിലാളികളെയും, വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളെയും രാജ്യത്തിനു പുറത്തേക്ക് തൊഴിൽ സേവനങ്ങൾ നൽകി അയക്കുക. നിലവിൽ യുദ്ധത്തിന്റെ കൊടുമ്പിരിയിൽ നിൽക്കുന്ന ഇസ്രയേൽ തൊഴിലാളികളുടെ ക്ഷാമം മൂലം ദുരിതത്തിലാണ്. ഇസ്രയേലുമായി മികച്ച നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യയിൽ നിന്ന് അനവധി ആളുകളെ രാജ്യത്തേക്ക് കൊണ്ടുപോകാൻ തയ്യറായിരിക്കുയാണ് ഇസ്രയേൽ.

ഒഡീഷ, പഞ്ചാബ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥനങ്ങളിൽ നിന്ന് ഇസ്രയേലിലേക്ക് വിവിധ ജോലികളിലേക്കായി 600 ഓളം ഉദ്യോഗാർത്ഥികളെയാണ് സർക്കാർ അഭിമുഖ്യത്തോടെ
ക്ഷണിച്ചിരിക്കുന്നത്. ” വർഷങ്ങളായി ഞാൻ മേസ്തിരി പണിയാണ് ചെയ്യുന്നത്‌. കഴിഞ്ഞ 10 വർഷമായി എന്റെ വരുമാനത്തിലുണ്ടായ വർദ്ധനവ് വെറും 4,000 രൂപയാണ്. ജീവിതം വരുമാനത്തേക്കാൾ ചെലവേറിയതാണ് താനും. ഈ ചെലവ് കണ്ടെത്തുന്നതിന് കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികളും നമ്മൾ കണ്ടെത്തണം. ആ ജോലി ഇന്ത്യയിലില്ലെങ്കിൽ വിദേശത്ത്.” രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള നാല്പത്തിരണ്ടുകാരൻ ജഗദീഷ് പ്രസാദ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറയുന്നു. ഇസ്രയേലിലേക്കുള്ള ജോലി ഒഴിവിലേക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അഭിമുഖത്തിനും ജോലി സ്ക്രീനിംഗിനുമായി എത്തണമന്ന അറിയിപ്പ് ലഭിച്ചതനുസരിച്ച് എത്തിയതാണ് പ്രസാദ്.

ഡിസംബറിലാണ്, ഹരിയാന സർക്കാർ   ഇസ്രയേലിലെ 10,000 തസ്തികകൾ നികത്താൻ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നതായി പരസ്യം നൽകുന്നത്. മരപ്പണിക്കാർ, ഇരുമ്പ് ബെൻഡർമാർ, സെറാമിക് ടൈൽ ഫിക്‌സർമാർ, മേസ്തിരി തുടങ്ങി ജോലി ഒഴിവുകളാണുള്ളത്. 1.37 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളമായി വാഗ്‌ദനം ചെയ്യുന്നത്. ഹരിയാന ഫോറിൻ കോർപ്പറേഷൻ ഡിപ്പാർട്ട്‌മെന്റ്, ഹരിയാന കൗശൽ റോസ്ഗർ നിഗം ലിമിറ്റഡ് (എച്ച്‌കെആർഎൻഎൽ), ഹരിയാന സ്‌കിൽ ഡെവലപ്‌മെന്റ് മിഷൻ എന്നിവ ചേർന്നാണ് റോഹ്തക്കിൽ നടന്നുകൊണ്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ആറ് ദിവസത്തെ സ്ക്രീനിംഗ് ക്യാമ്പിന്റെ മൂന്നാം ദിവസമായ ജനുവരി 19 നാണ് പ്രസാദിനെ അഭിമുഖത്തിനായി വിളിച്ചിരിക്കുന്നത്‌.  “അച്ചാ ഗയാ” അഭിമുഖം നന്നായിരുന്നെന്ന് പ്രസാദ് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറയുന്നു. “ഭിത്തിയുടെ ഒരു ഭാഗം എങ്ങനെ പ്ലാസ്റ്റർ ചെയ്യാമെന്ന് കാണിക്കാൻ അവർ എന്നോട് പറഞ്ഞു, ജോലിക്ക് തിരഞ്ഞെടുത്താൽ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഏത് കമ്പനിയാണ് ഞങ്ങളെ നിയമിക്കുകയെന്ന് ഒരു ഊഹവുമില്ല. അതിനനുസരിച്ചേ  ഇസ്രയേലിൽ എവിടെയാണെന്ന് അറിയാൻ കഴിയുകയുള്ളു. ” ഹയർ സെക്കന്ററി വിദ്യാഭ്യാസമുള്ള പ്രസാദ് പറയുന്നു, ദൗസയിൽ എട്ട് പേരടങ്ങുന്ന കുടുംബമാണ് പ്രസാദിന്റേത്. ജോലി സാധ്യതകൾ അറിഞ്ഞപ്പോൾ ദൗസയിലെ ഒരു എൻഎസ്‌ഡിസി സെന്ററിലാണ് രജിസ്റ്റർ ചെയ്യുന്നത്, തുടർന്ന് ഇന്റർവ്യൂവിനായി റോഹ്തക് സെന്ററിൽ റിപ്പോർട്ട് ചെയ്യാൻ അറിയിപ്പ് വന്നതായി പ്രസാദ് പറയുന്നു. ” ദൗസയിലെ തന്റെ രണ്ട് കുട്ടികളുടെയും മറ്റു കുടുംബാഗംങ്ങളുടെയും ഉപജീവനത്തിനുള്ള പണം മാത്രമാണ് ഇപ്പോൾ എന്റെ മനസ്സിലുള്ളത്.” പ്രസാദ് കൂട്ടിച്ചേർത്തു.

ഇസ്രയേലിൽ നടക്കുന്ന യുദ്ധം ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസാദിന് പറയാനുള്ളത് ഇങ്ങനെയാണ്. “ഒരിക്കലുമില്ല. ആളുകൾ അവകാശപ്പെടുന്നത് പോലെ ഇസ്രയേൽ സുരക്ഷിതമല്ലെങ്കിൽ, എന്തിനാണ് സർക്കാർ ഞങ്ങളെ അങ്ങോട്ട് അയയ്ക്കുന്നത്? അതിർത്തിയിലാണ് പോരാട്ടം നടക്കുന്നതെന്ന് കേൾക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്ത് മറ്റെവിടെയെങ്കിലും എന്നെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. , ”അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും, തൊഴിലില്ലയുമായും പ്രസാദിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികളും ധാരാളമുണ്ട്. റോഹ്തകിലെ റിക്രൂട്ട്‌മെന്റിൽ, രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള 25-കാരനായ രാംപാൽ ഗഹ്‌ലോട്ട് അഭിമുഖത്തിനായി തന്റെ ഊഴത്തിനായി കാത്തിരിക്കുകയാണ്. ചരിത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗഹ്‌ലോട്ട്. “കോളേജിനുശേഷം, ഞാൻ അഞ്ച് സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ പങ്കെടുത്തു, ഒന്നും ലഭിച്ചില്ല. നിയമനം കിട്ടാതായതോടെ എന്റെ കുടുംബ ഭൂമിയിൽ കൃഷിയിറക്കി. പക്ഷെ പണം വളരെ കുറവാണ്. സിക്കാറിലെ എൻഎസ്ഡിസി സെന്ററിൽ ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല. പിന്നീടാണ്, ഇസ്രയേലിലെ ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിനെക്കുറിച്ച് കേട്ടപ്പോൾ, സ്റ്റീൽ ഫിക്സർ തസ്തികയിലേക്ക് അപേക്ഷിക്കാൻ തീരുമാനിച്ചത്.” ഗഹ്‌ലോട്ട് പറയുന്നു.

ജനുവരി 21 വരെ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടക്കുന്നുണ്ടെന്നും ജനുവരി 23 മുതൽ യുപിയിലും ഡ്രൈവ് നടത്തുമെന്നും എച്ച്‌കെആർഎൻഎൽ ഓഫീസർ പല്ലവി സന്ദിർ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറയുന്നു. അഭിമുഖത്തിന്റെ ഭാഗമായി, ഇസ്രയേലിൽ നിന്നുള്ള ഒരു ടീമിന് ജോലി ചെയ്തു കാണിക്കാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. ഇസ്രയേലിൽ നിർമ്മാണ വ്യവസായത്തിലെ 80,000 ത്തോളം തൊഴിലാളികളും പലസ്തീനിൽ നിന്നായിരുന്നു. ഒക്ടോബർ 7 ന് സംഘർഷം ആരംഭിച്ചതു മുതൽ ഇസ്രയേൽ പലസ്തിനികളുടെ പ്രവേശനം നിരോധിച്ചതോടെ, ഈ ജോലികൾക്ക് ആളുകളെ ലഭിക്കാതായി. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളിളെ അതുകൊണ്ടു തന്നെ ഇസ്രയേൽ പ്രതീക്ഷിക്കുന്നുണ്ട്. ഇസ്രയേലിൽ ഏകദേശം 18,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്, അവരിൽ ഭൂരിഭാഗവും ആരോഗ്യ പരിചരണ രംഗത്ത്‌ ജോലി ചെയ്യുന്നവരാണ്.  കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യ  സന്ദർശിച്ച ഇസ്രയേൽ സാമ്പത്തിക-വ്യവസായ മന്ത്രി മന്ത്രി നിർ ബർകത്ത് ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. മേഖലയിലെ യുദ്ധം തൊഴിലാളികളുടെ ക്ഷാമം സൃഷ്ടിച്ചതോടെ, ഇന്ത്യയിൽ നിന്ന് ടെൽ അവീവിലേക്ക് തൊഴിലാളികളെ എത്തിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ കഴിഞ്ഞ മാസം ചർച്ച നടത്തിയതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

Share on

മറ്റുവാര്‍ത്തകള്‍