UPDATES

സയന്‍സ്/ടെക്നോളജി

ഒടിടിയിലേക്ക് കൂടുമാറുന്ന ഇന്ത്യക്കാര്‍

എന്തിനും ഏതിനും ഇന്റര്‍നെറ്റ്

                       

വിനോദകാര്യങ്ങളില്‍ പരമ്പരാഗത സംവിധാനങ്ങളെ വിട്ട് ഇന്ത്യക്കാര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ കൂടുതലായി ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. ‘ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് 2023’-ല്‍ പറയുന്നത് 70 കോടിക്ക് മുകളില്‍(707 മില്യണ്‍) ഇന്ത്യക്കാര്‍ ഒടിടി(ഓവര്‍-ദ-ടോപ്) പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (IAMAI) ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ കാന്തറും സംയുക്തമായി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 90,000-ത്തിലധികം വീടുകള്‍ ഉള്‍പ്പെടുത്തി നടത്തിയ വിപുലമായ ICUBE 2023 സര്‍വേയിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആവേശകരമായ വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് ലോകത്തേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ട് ടിവി, സ്പീക്കറുകള്‍, സ്ട്രീമിംഗ് സ്്റ്റിക്കുകള്‍, പ്ലെയറുകള്‍ തുടങ്ങിയവ വാങ്ങുന്നതില്‍ 2021 നും 2023 നും ഇടയില്‍ 58 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 20 കോടിക്കു മുകളില്‍(208 മില്യണ്‍) ആളുകള്‍ വീഡിയോ കണ്ടന്റുകള്‍ കാണാന്‍ വേണ്ടി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുന്നുണ്ട്. 18 കോടി(181 മില്യണ്‍) ആളുകളാണ് ഇപ്പോഴും പരമ്പരാഗതമായ രീതിയില്‍ ടെലിവിഷനുകളെ ആശ്രയിക്കുന്നത്. ഈ വ്യത്യാസം കാണിക്കുന്നത്, ടിവി കാണുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ അവരുടെ വിനോദാസ്വാദനത്തിന് തെരഞ്ഞെടുക്കുന്നുവെന്നാണ്.

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍, പണം കൈമാറ്റം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ആശയവിനിമയം, സോഷ്യല്‍ മീഡിയ ഇടപെടല്‍, ഗെയിമിംഗ് എന്നിവയ്‌ക്കൊക്കെയായി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒടിടി കഴിഞ്ഞാല്‍, ആശയവിനിമയത്തിനും, സോഷ്യല്‍ മീഡിയ ഉപയോഗത്തിലുമാണ് ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. സബ്സ്‌ക്രൈബ് ചെയ്തതോ ഉപയോക്താവ് സൃഷ്ടിച്ചതോ ആയ ഓഡിയോ/വീഡിയോ ഉള്ളടക്കങ്ങളുടെ സ്ട്രീമിംഗ് ആയാണ് ഇന്റര്‍നെറ്റ് ഇന്‍ ഇന്‍ഡ്യ റിപ്പോര്‍ട്ടില്‍ ഒടിടിയെ നിര്‍വചിച്ചിരിക്കുന്നത്. സന്ദേശങ്ങള്‍ അയക്കല്‍, ഇമെയില്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങി ഓണ്‍ലൈന്‍ വഴിയുള്ള വിവിധ ഇടപെടലുകളെയാണ് കമ്മ്യൂണിക്കേഷന്‍ അഥവ ആശയവിനിമയം എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

നഗരങ്ങളില്‍ മാത്രമാണ് ഈ വര്‍ദ്ധനവ് എന്നു കരുതേണ്ട. ഗ്രാമീണ മേഖലയില്‍ വ്യക്തമായ ഉയര്‍ച്ച ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ ഉണ്ടായിട്ടുണ്ട്. അമ്പത് ശതമാനം ഉപഭോക്താളാണ് ഗ്രാമീണമേഖലയില്‍ നിന്നുണ്ടായിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ഉപഭോഗ രീതി രൂപപ്പെടുത്തുന്നതില്‍ നമ്മുടെ ഗ്രാമങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഈ കണക്കുകള്‍ അടിവരയിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

2023 ല്‍ ഇന്ത്യയുടെ മൊത്തം ഇന്റര്‍നെറ്റ് ഉപഭോഗം 82 കോടിക്ക്(820 മില്യണ്‍) മുകളിലായി എന്നാണ് കണക്ക്. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷം ഇന്റര്‍നെറ്റ് ഉപഭോഗ നിരക്ക് മന്ദഗതിയിലായിട്ടുണ്ട്, പ്രത്യേകിച്ച് നഗരമേഖലകളില്‍. എന്നിരിക്കില്‍ തന്നെ അഞ്ചു കോടിയോളം പുതിയ ഉപഭോക്താക്കള്‍ ഉണ്ടായത് ശ്രദ്ധേയമായ നേട്ടമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 57 ശതമാനത്തോളം വരുന്ന പ്രാദേശിക ഭാഷ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളും ഇന്റര്‍നെറ്റ് വളര്‍ച്ചയില്‍ നിര്‍ണായകമാകും. ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വ്യാപനമുള്ള സംസ്ഥാനങ്ങള്‍പോലും ശരാശരിയേക്കാള്‍ കൂടുതല്‍ ഉപഭോക്തൃ വര്‍ദ്ധനവ് കാണിക്കുന്നത് രാജ്യത്താകമാനമുള്ള ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍