UPDATES

തൊഴില്‍ രഹിത ഇന്ത്യ

രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് കൂപ്പുകുത്തി രാജ്യം

                       

രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് കൂപ്പുകുത്തി ഇന്ത്യ. രാജ്യത്തിന്റെ ആത്മാവുറങ്ങുന്ന ഗ്രാമീണ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തളളി വിടാന്‍ പാകത്തിലുള്ള സാഹചര്യമാണ് നിലവിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള തിങ്ക്-ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (CMIE) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്, ദേശീയ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറില്‍ 10.05% ആയി ഉയര്‍ന്നതായി കാണിക്കുന്നത്. സെപ്റ്റംബറില്‍ 7.09 ശതമാനമായിരുന്നു. 2021 മെയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത് സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധനവ് വലിയ രീതിയിലുള്ള ആശങ്കകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ മണ്‍സൂണ്‍ മഴയാണ് ഗ്രാമീണ മേഖലയെ തൊഴിലില്ലായ്മയുടെ പ്രതിസന്ധിയിലേക്ക് നയിച്ച ഒരു പ്രധാന ഘടകം. ലോകത്ത് അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ സാരമായ ആഘാതമാണ് ഇതു മൂലം ഉണ്ടായിരിക്കുന്നത്. അതേസമയം, നിര്‍മാണത്തിലും ഉപഭോഗത്തിലുമുള്ള വളര്‍ച്ചയുടെ സഹായത്തോടെ നഗരപ്രദേശങ്ങള്‍ ഗ്രാമീണ മേഖലയുമായി താരതമ്യേന ശക്തമായ സാമ്പത്തിക പ്രവര്‍ത്തനം നിലനിര്‍ത്തിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്കുകളെക്കുറിച്ചുള്ള ത്രൈമാസ അപ്ഡേറ്റുകള്‍ക്കൊപ്പം, വാര്‍ഷിക അടിസ്ഥാനത്തില്‍ രാജ്യത്തുടനീളമുള്ള തൊഴിലില്ലായ്മ കണക്കുകള്‍ മാത്രമേ പുറത്തുവിടാറുള്ളൂ. ഒക്ടോബറില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച്, 2022-2023 കാലയളവില്‍ ദേശീയ തൊഴിലില്ലായ്മ നിരക്ക് 3.2% ആണ്. എന്നാല്‍ പല വിദഗ്ധരും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളെക്കാള്‍ കൂടുതല്‍ അധികാരമായി ഉപയോഗിച്ച് പോരുന്നത് തിങ്ക്-ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയില്‍ നിന്നുള്ള ഡാറ്റയാണ്. ഓരോ തവണയും കണക്കിലെ അധികാരിത വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ തവണ സര്‍വേകള്‍ ഇവര്‍ നടത്തുന്നുണ്ട്. എത്ര പേര്‍ ജോലി ചെയ്യുന്നു, എത്ര പേര്‍ ജോലി ചെയ്യുന്നില്ല എന്നതിനെക്കുറിച്ചുള്ള സമഗ്രത ലഭിക്കാന്‍ അവര്‍ പ്രതിമാസം 1,70,000-ത്തിലധികം വീടുകളുമായി സംവദിക്കുന്നുണ്ട്. ഈ ഡാറ്റ കൂടുതല്‍ കൃത്യവും ഇന്ത്യയിലെ തൊഴില്‍ വിപണി മനസിലാക്കാന്‍ സഹായകരവുമാണെന്ന് കരുതപ്പെടുന്നത്.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വര്‍ഷവും ആറു ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക മേഖല പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും വേഗതയേറിയ നിരക്കുകളിലൊന്നായ ഈ വളര്‍ച്ച, തൊഴില്‍ തേടുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാകുന്നില്ല. ഒക്ടോബറില്‍ ഏകദേശം 10 ദശലക്ഷം വ്യക്തികളാണ് ഇന്ത്യയിലെ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതെന്ന് സി എം ഐ ഇയുടെ ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ പരിമിതമായ തൊഴില്‍ അവസരങ്ങള്‍ക്കായാണ് മത്സരിക്കുന്നത്.

തൊഴില്‍ പ്രശ്നങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍, ഇന്‍ഫോസിസ് ലിമിറ്റഡും വിപ്രോ ലിമിറ്റഡും ഉള്‍പ്പെടുന്ന നിരവധി ഇന്ത്യന്‍ ടെക്-സര്‍വീസസ് ഔട്ട്സോഴ്സിംഗ് സ്ഥാപനങ്ങള്‍ അടുത്തിടെ കോളേജ് പഠനം പൂര്‍ത്തിയാക്കിയ ബിരുദധാരികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനാകുന്നില്ല. ജനസംഖ്യയുടെ കാതലായ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിപ്പിക്കുന്നതിലേക്ക് വഴിവയ്ക്കും. മൂന്നാം തവണയും അധികാരത്തിലെത്താനായി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് രാഷ്ട്രീയമായ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. നിലവിലെ ഇന്ത്യയിലെ തൊഴില്‍ സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ ഭൂരിഭാഗം ജനസംഖ്യയും ജോലിയില്ലാതെ തുടരുകയാണ്. ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും ബന്ധപ്പെട്ട അധികാരികള്‍ക്കുമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ പുതിയതും ക്രിയാത്മകവുമായ ആശയങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. തൊഴില്‍ അവസരങ്ങള്‍ ഒരുക്കി നല്‍കുന്നതിലൂടെ ഇന്ത്യയുടെ മികച്ച ഭാവി ഉറപ്പാക്കുന്നതിന് ഇത് നിര്‍ണായകമാണ്.

പല യുവ തൊഴിലാളികളും പറയുന്നത്, മോശമായ വേതനം ലഭിക്കുന്ന ചെറിയ ജോലികള്‍ സ്വീകരിക്കുന്നതിന് പകരം, പരിശീലനം ലഭിച്ച നൈപുണ്യമുള്ള ജോലികള്‍ക്കായി കാത്തിരിക്കാനാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നാണ്. ഈ പ്രവണത ഹരിയാന, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ത്തിയാതായി ജനുവരിയില്‍ സിഎംഐഇ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മാരുതി സുസുക്കി പോലുള്ള ആഗോള കമ്പനികള്‍ സ്ഥിതി ചെയ്യുന്ന നിര്‍മാണ കേന്ദ്രമായ വടക്കന്‍ സംസ്ഥാനമായ ഹരിയാനയില്‍, തൊഴിലില്ലായ്മ നിരക്ക് കോവിഡ് മഹാമാരിക്കു മുമ്പുള്ള 20% ല്‍ നിന്ന് ഡിസംബറില്‍ 37.4% എന്ന റെക്കോര്‍ഡിലേക്കാണ് ഉയര്‍ന്നത്. മോശമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാഹചര്യം ഉപഭോക്തൃ ആവശ്യത്തെ ബാധിക്കുമെന്നും സ്വകാര്യ നിക്ഷേപങ്ങളെ വലിച്ചിഴയ്ക്കുമെന്നും വളര്‍ച്ച സാധ്യതകളെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ ആദ്യമേ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍