UPDATES

ഇന്ത്യയില്‍ 42 ശതമാനം ബിരുദധാരികള്‍ തൊഴില്‍ രഹിതര്‍

ഉന്നത വിദ്യാഭ്യാസം നേടുന്ന യുവാക്കളില്‍ തൊഴിലില്ലായ്മ രൂക്ഷം

                       

ഇന്ത്യയിലെ 42.3 ശതമാനത്തോളം ബിരുദധാരികളും രൂക്ഷമായ തൊഴിലില്ലായ്മയുടെ ഇരകളാണെന്ന് റിപ്പോര്‍ട്ട്. 25 വയസിന് താഴെയുള്ള യുവാക്കളെയാണ് പ്രധനമായും തൊഴിലില്ലായ്മ ബാധിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറ്റു മതവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പട്ടികജാതി വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് സാമൂഹ്യമായും സാമ്പത്തികമായും ഉയര്‍ച്ച കൈവരിക്കാനാവുന്നില്ലെന്നും സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അസിം പ്രേംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എംപ്ലോയ്മെന്റ് ബുധനാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ റിപ്പോര്‍ട്ടാണ് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്നുവെന്ന കണക്കുകള്‍ പുറത്തു വിട്ടത്. 2017-18 വര്‍ഷങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.7 ശതമാനമായിരുന്നു. 2021-22 ല്‍ ഇത് 6.6 ശതമാനമായി കുറഞ്ഞുവെങ്കിലും, ഈ കാലഘട്ടങ്ങളില്‍ ഇന്ത്യയിലെ 25 വയസിന് താഴെയുള്ള ബിരുദധാരികളില്‍ 42 ശതമാനത്തിലധികം പേരും തൊഴിലില്ലാത്തവരായി തുടരുകയാണെന്ന് സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യയുടെ 2023 ലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കോവിഡ് മഹാമാരിക്ക് മുന്‍പ് 50 ശതമാനം സ്ത്രീകള്‍ സ്വയം തൊഴില്‍ ചെയ്യുന്നവരായിരുന്നു. മഹാമാരിക്ക് ശേഷം ഇതില്‍ 10 ശതമാനത്തോളം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലെ വര്‍ദ്ധനവിനെ ഇത് സൂചിപ്പിക്കുന്നുണ്ടെങ്കിലും, പകര്‍ച്ചവ്യാധി മൂലമുണ്ടായ ദുരിതത്തിന്റെ പ്രതിഫലനമെന്നോണം സ്വയം തൊഴില്‍ രംഗത്തെ വരുമാനത്തില്‍ വലിയ രീതിയിലുള്ള ഇടിവാണുണ്ടായത്. 2019 ന്റെ ആദ്യ പാദത്തില്‍ ഉണ്ടായിരുന്നതിന്റെ 85 ശതമാനം മാത്രമായിരുന്നു 2022-ല്‍ ലഭിച്ച അകെ വരുമാനം. ഇന്ത്യയില്‍ പൊതുവില്‍, ഇന്റര്‍ജനറേഷന്‍ മൊബിലിറ്റിയില്‍ വലിയ ഉയര്‍ച്ചയുണ്ട് (ഒരു കുടുംബത്തിലെ തലമുറകള്‍ക്കിടയിലെ സാമൂഹിക സാമ്പത്തിക പദവികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെയാണ് ഇന്റര്‍ജനറേഷന്‍ മൊബിലിറ്റി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. രാഷ്ട്രീയത്തിലോ സാമ്പത്തിക ശാസ്ത്രത്തിലോ സാമൂഹിക നിലയിലോ കരിയറിലോ മൊബിലിറ്റി സംഭവിക്കാം). എന്നാല്‍ മറ്റു മതവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊഴില്‍ പരമായി ഇന്റര്‍ജനറേഷന്‍ മൊബിലിറ്റിയില്‍ കാര്യമായ ഉയര്‍ച്ച അടയാളപ്പെടുത്താനായിട്ടില്ല.

വിദ്യാഭ്യാസത്തെയും പ്രായപരിധിയെയും അടിസ്ഥാനമാക്കിയുള്ള തൊഴിലില്ലായ്മയുടെ കാര്യത്തില്‍ 25 വയസിന് താഴെയുള്ള ബിരുദധാരികളില്‍ 42.3 ശതമാനം പേര്‍ തൊഴിലില്ലാത്തവരാണെന്നും അതേ പ്രായത്തിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുടെ കണക്ക് 21.4 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ യോഗ്യത കുറവായതോടെ തൊഴിലില്ലായ്മ നിരക്കും കുറയുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ഒരു ബിരുദധാരി ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലിയും, അതിലൂടെ ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ വേതനവും വളരെ ഉയര്‍ന്നതാണ്. ഈ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ നിലവിലെ സമ്പദ്വ്യവസ്ഥ പര്യാപ്തമല്ലെങ്കില്‍ ബിരുദധാരികള്‍ തൊഴിലില്ലായ്മ നേരിടേണ്ടിവരും.

മറ്റൊന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നവര്‍ ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ഒരു രക്ഷിതാവിനെങ്കിലും നല്ല ജോലിയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരോ ആയിരിക്കും. അത്തരം വിഭാഗത്തില്‍പ്പെടുന്ന യുവാക്കള്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതരാണ്. നിലവില്‍ സംഭവിച്ചുകൊണ്ടിരുക്കുന്ന തൊഴിലില്ലായ്മയുടെ രണ്ടു സാധ്യതകള്‍ ഇതാണെന്ന് ഇന്ത്യാ വര്‍ക്കിംഗ് സര്‍വേയുടെ പ്രധാന അന്വേഷകരും റിപ്പോര്‍ട്ടിന്റെ സഹ രചയിതാവുമായ റോസ എബ്രഹാം ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദീകരിച്ചു.

ഈ സാമൂഹ്യഘടനയനുസരിച് വിദ്യഭ്യാസം കുറഞ്ഞ മേഖലയില്‍ ഉയര്‍ന്ന തൊഴില്‍ നിരക്കും, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുറഞ്ഞ തൊഴില്‍ നിരക്കും അനുഭവപ്പെടുന്നുണ്ട്.

2018-ല്‍ സാധരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 75.6 ശതമാനം എസ് സി / എസ് ടി വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് ഇതേ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആണ്‍മക്കളുണ്ട്. 2004-ല്‍ ഇത് 86.5 ശതമാനമായിരുന്നു. അതായത് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കൂലിത്തൊഴിലാളികളുടെ മക്കള്‍ മറ്റ് തരത്തിലുള്ള ജോലികളിലേക്ക്, തിരിഞ്ഞുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജനറല്‍ വിഭാഗത്തെ പരിശോധിക്കുയാണെങ്കില്‍ 2004-ല്‍ 83.2 ശതമാനത്തില്‍ നിന്ന് ഇത് 2018-ല്‍ 53 ശതമാനമായി കുറഞ്ഞത് കാണാം. അതായത് 2004 നും 2018 നും ഇടയിലായി, മൊബിലിറ്റിയില്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവന്നിട്ടുണ്ട്. ഈ ഉയര്‍ച്ച പ്രശംസനീയര്‍ഹമാണ്. പക്ഷെ ജനറല്‍ വിഭാഗത്തിന് മാത്രമേ കാലങ്ങളായി ഉയര്‍ച്ച സംഭവിക്കുന്നുള്ളു.

എസ്സി/എസ്ടിക്ക് മൊബിലിറ്റിയില്‍ വളര്‍ച്ച സംഭവിക്കുന്നില്ല എന്നല്ല, പക്ഷേ ഒരു പരിധി വരെ മാത്രമാണ് കൈവരിക്കുന്നതെന്ന് റോസ എബ്രഹാം പറഞ്ഞു. 1983 നും 2021 നും ഇടയിലുള്ള ജാതി തിരിച്ചുള്ള തൊഴില്‍ നിരക്കില്‍ ദിവസവേതനത്തില്‍ ജോലിയെടുക്കുന്ന പട്ടികജാതി തൊഴിലാളികളുടെ പങ്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജനറല്‍ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ഇതിലും മികച്ച മാറ്റം സംഭവിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു. ഉദാഹരണത്തിന്, 2021-ല്‍, 40 ശതമാനം പട്ടികജാതി തൊഴിലാളികള്‍ സാധരണ ജോലിയില്‍ ഏര്‍പെട്ടപ്പോള്‍ , ജനറല്‍ വിഭാഗത്തില്‍ ഇത് 13 ശതമാനം മാത്രമാണ്. മറ്റു ജോലികളില്‍ ഏര്‍പ്പെടുന്ന, പട്ടികജാതി തൊഴിലാളികളുടെ നിരക്ക് 22 ശതമാനവും, ജനറല്‍ വിഭാഗത്തില്‍ 32 ശതമാനവുമാണ്.

Share on

മറ്റുവാര്‍ത്തകള്‍