UPDATES

ഇന്ത്യയില്‍ എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി നിഷേധിക്കപ്പെടുന്നത്?

ഹിന്ദുത്വയ്ക്കെതിരായ പരാതികള്‍ രാജ്യത്ത് അടിച്ചുതാഴ്ത്തപ്പെടുന്നത് എങ്ങനെയാണെന്ന് കൂടി നോക്കൂ…

                       

ഇന്ത്യയില്‍ എങ്ങനെയാണ് ഒരു സാധാരണ പൗരന്- മുസ്ലിമിനോ ദളിതനോ ആദിവാസിക്കോ പ്രത്യേകിച്ച്- നീതി നിഷേധിക്കപ്പെടുന്നത് ?

ഉദ്ദാഹരണം മുസാഫര്‍നഗറിലുണ്ട്.

എട്ട് വയസുള്ള മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപിക, മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് (ഭീഷണിപ്പെടുത്തിയും) തല്ലിച്ച സംഭവം അവര്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് അധ്യാപികയ്‌ക്കെതിരേ പരാതി ഇല്ല. പഠിക്കാത്തതിന് അധ്യാപകര്‍ സാധാരണ വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാറുള്ളതിനപ്പുറത്തേക്ക് മറ്റൊന്നും നേഹ പബ്ലിക് സ്‌കൂളിലെ ആ ക്ലാസ് മുറിയില്‍ നടന്നിട്ടില്ലെന്ന് ആ കുടുംബം സമ്മതിക്കണം. അതിനുവേണ്ടിയുള്ള സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ത്രാണിയൊന്നും ഇര്‍ഷാദ് ത്യാഗിയെന്ന പാവം കര്‍ഷകനില്ല.

40 സെക്കന്റുള്ള ആ വീഡിയോ കണ്ട് നടുങ്ങിയതാണ്. അതൊരു സാധാരണ ശിക്ഷയായിരുന്നില്ല. തൃപ്ത ത്യാഗിയെന്ന അധ്യാപികയുടെ മുസ്ലിം വിരോധം എത്രമാത്രം അപകടകരമാണെന്ന് തെളിയുക്കുന്നതായിരുന്നു ആ വീഡിയോ ദൃശ്യങ്ങള്‍.

എന്നിട്ടും അവര്‍ ചെയ്ത അക്ഷന്ത്യവമായ അപരാധം ഒത്തുതീര്‍ക്കപ്പെടുന്നു. അവിടെയാണ്, സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നത്.

തന്റെ മകന് നേരിടേണ്ടി വന്ന ക്രൂരത കണ്ട്(വീഡിയോ ദൃശ്യങ്ങളിലൂടെ) ഞെട്ടിത്തകര്‍ന്നുപോയ പിതാവാണ് ഇര്‍ഷാദ് ത്യാഗി. എന്നിട്ടും ഇര്‍ഷാദ് പരാതിയുമായി മുന്നോട്ടു പോകുന്നില്ല.

ഹിന്ദുത്വയ്‌ക്കെതിരായ പരാതികള്‍ രാജ്യത്ത് അടിച്ചുതാഴ്ത്തപ്പെടുന്നതും ഇങ്ങനെയാണ്. ആ വീഡിയോ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ റൈറ്റ് വിംഗ് ഹാന്‍ഡിലുകള്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിലൂടെയവര്‍ ആഗ്രഹിക്കുന്നത് അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്താനാണ്.

വെറുപ്പിന്റെ പരിശീലനം നടക്കുന്ന ക്ലാസ് മുറികള്‍

അധ്യാപികയ്‌ക്കെതിരേ പരാതിയുമായി മുന്നോട്ടു പോകാതിരിക്കാന്‍ സമ്മര്‍ദ്ദം ശക്തമാണ് ആ കുടുംബത്തിനുമേല്‍. പല യൂട്യൂബ് ചാനലുകളും ഇര്‍ഷാദി ത്യാഗിയെ കാണാന്‍ എത്തിയിരുന്നു. അവരൊക്കെ, തങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്ന കാര്യങ്ങള്‍ ഇര്‍ഷാദിനെക്കൊണ്ട് പറയിച്ച് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയാണ്. അത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ എല്ലാം, തൃപ്ത ത്യാഗിയെന്ന അധ്യാപികയ്‌ക്കെതിരായോ, അവരുടെ ക്രൂരതയ്‌ക്കെതിരായോ ഇര്‍ഷാദിന് വലിയ പരാതികളൊന്നുമില്ല.

മുസാഫര്‍നഗറിലെ ഒരു ചെറുഗ്രാമമാണ് ഖുബ്ബാപൂര്‍. ദ വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, ഒരു എസ് യു വിയ്ക്ക് കടന്നു പോകാന്‍ ബുദ്ധിമുട്ടുന്ന റോഡുകളാണ് അവിടെയിപ്പോഴുമുള്ളത്. കരിമ്പിന്‍ പാടങ്ങളാണ് ആ ഗ്രാമത്തെ മൂടിനില്‍ക്കുന്നത്. ‘ത്യാഗി’ എന്ന ജാതിപ്പേരില്‍ അറിയപ്പെടുന്നവരാണ് ജനങ്ങളില്‍ അധികവും. ഹിന്ദുവിലും മുസ്ലിമിലും ‘ത്യാഗി’യുണ്ട്. മുസ്ലിം ഭൂരിപക്ഷമായൊരു ഇടുങ്ങിയ തെരുവിലാണ് ഇര്‍ഷാദും കുടുംബവും താമസിക്കുന്നത്. ആ ഗ്രാമത്തിലുള്ളവര്‍ തങ്ങളോട് പറഞ്ഞത്’ എല്ലാം ഒത്തുതീര്‍പ്പില്‍ എത്തി’യെന്നാണെന്ന് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, കേസ് ഒഴിവാക്കാന്‍ ഗ്രാമത്തലവന്‍ നേരിട്ട് കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ്. എഫ് ഐ ആര്‍ പിന്‍വലിക്കുന്നില്ലെങ്കില്‍, പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണു ഗ്രാമത്തലവന്റെ ഭീഷണി. പ്രമുഖ മാധ്യമപ്രവകര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി സമൂഹമാധ്യമമായ ‘ എക്‌സില്‍’ കുറിക്കുന്നതും, ഒത്തുതീര്‍പ്പില്‍ എത്താന്‍ കുട്ടിയുടെ കുടുംബത്തിനുമേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നാണ്.

രാജ്ദീപ് പറയുന്നതുപോലെ, ആ വീഡിയോയില്‍ അധ്യാപിക പറയുന്നതെന്താണെന്ന് നമ്മളെല്ലാവരും കണ്ടതാണ്. എങ്കിലും, അധമ പ്രവര്‍ത്തിയെന്ന് വിമര്‍ശിക്കപ്പെട്ട അധ്യാപികയെ പ്രതിരോധിക്കാനാണ് ഹിന്ദുത്വവാദികള്‍ തുടക്കം മുതല്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പിന്തുണയാണ് തൃപ്തി ത്യാഗിക്കും ആത്മവിശ്വാസം നല്‍കുന്നത്. ഇന്നലയെവര്‍ കാമറകള്‍ക്ക് മുന്നില്‍ പറഞ്ഞത്, തന്റെ പ്രവര്‍ത്തിയില്‍ നാണക്കേടും തോന്നുന്നില്ല എന്നാണ്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു വശത്ത് തന്റെ കുട്ടിക്ക് നീതി കിട്ടണം എന്ന ആവശ്യം പിതാവിനുണ്ടെങ്കിലും, സ്വാധീനമുള്ളവര്‍-രാഷ്ട്രീയക്കാരും, ഗ്രാമത്തലവനെയും പോലുള്ളവരടക്കം-ശക്തമായ സമ്മര്‍ദ്ദം അയാള്‍ക്കും കുടുംബത്തിനും മേല്‍ ചെലുത്തുന്നതിനാല്‍ എല്ലാം അവസാനിപ്പിക്കാനും അയാള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറയുന്നു.

10 B ക്ലാസ് മുറിയില്‍ നടന്ന ജാതിക്കൊല

അയാളെ ഏറ്റവുമധികം സമ്മര്‍ദ്ദത്തിലാക്കുന്നത്, ഒത്തുതീര്‍പ്പിന് തയ്യാറാകുന്നില്ലെങ്കില്‍ രണ്ട് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്ന ഭീഷണിയാണ്. താനും തന്റെ കുട്ടിയും കാരണം വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകുമോയെന്ന ഭയം ഇര്‍ഷാദിന് മേല്‍ അവരുണ്ടാക്കിയിട്ടുണ്ട്.

ഈ സമ്മര്‍ദ്ദ ശക്തികളില്‍ ഏറ്റവും ആശ്ചര്യജവകമായ ഇടപെടല്‍ നടത്തിയിരിക്കുന്നത് കാര്‍ഷിക ബില്ലുകള്‍ക്കെതിരായ സമരത്തിലൂടെ ശ്രദ്ധേയനായ കര്‍ഷക നേതാവ് നരേഷ് ടിക്കായത്താണ്.

ഇര്‍ഷാദിന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പറഞ്ഞത്, എഫ് ഐ ആര്‍ പിന്‍വലിക്കാന്‍ തീരുമാനമായിട്ടുണ്ട്. രണ്ട് വിഭാഗങ്ങളും സംതൃപ്തരാണ്’ എന്നായിരുന്നു. തനിക്ക് വളരെയധികം സ്വാധീനമുള്ള പ്രദേശമാണിതെന്നും കൂടി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പറഞ്ഞുവയ്ക്കുന്നുണ്ട്. ഖുബ്ബാപൂരിലെത്തിയ നരേഷ് ടിക്കായത്ത്, വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനെ കണ്ടതിനൊപ്പം അധ്യാപിക തൃപ്ത ത്യാഗിയെയും സന്ദര്‍ശിച്ചിരുന്നു. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനാണ് തന്റെ ഇടപെടലെന്നാണ് കര്‍ഷക നേതാവിന്റെ ന്യായവാദം. അധ്യാപികയ്‌ക്കെതിരായ എഫ് ഐ ആര്‍ പിന്‍വലിക്കപ്പെടുന്നതോടെ എല്ലാം ശാന്തമായി തന്നെ തുടരുമെന്നാണ് നരേഷ് ടിക്കായത്ത് പറയുന്നത്.

നൂഹിലെ ബുള്‍ഡോസര്‍ രാജ്: ഇടിച്ചുനിരപ്പാക്കിയ കോടതി വിധികളും ചട്ടങ്ങളും

ആ വീഡിയോ കണ്ടവര്‍ക്ക് അറിയാം, തൃപ്ത ത്യാഗിയെന്ന അധ്യാപികയുടെ പ്രവര്‍ത്തിയുടെ പിന്നിലുള്ള വികാരം എന്തായിരുന്നുവെന്ന്. ആ ക്രൂരതയ്‌ക്കെതിരേ പരാതിപ്പെടാനോ, കുറ്റക്കാരിക്കെതിരേ നിയമ നടപടി സ്വീകരിക്കാനോ ആ വിദ്യാര്‍ത്ഥിക്കും കുടുംബത്തിന് അവകാശമില്ലാതെ പോകുന്നു. മറിച്ചുണ്ടായാല്‍, സംഭവിക്കുന്ന സാമുദായിക സംഘര്‍ഷത്തിന് ആ സാധു കുടുംബം ഉത്തരവാദിയാകുമെന്ന്! നരേഷ് ടിക്കായത്തിനെ പോലുള്ളവരും ഉയര്‍ത്തുന്നത് പരോക്ഷമായ ഭീഷണി തന്നെ.

ഇതിലെ ഏറ്റവും തമാശ തോന്നുന്ന കാര്യം, കഴിഞ്ഞ ദിവസം നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ രണ്ട് വിഭാഗങ്ങളിലെയും നേതാക്കളെല്ലാം ചേര്‍ന്ന് അടികൊണ്ട വിദ്യാര്‍ത്ഥിയെയും അടിച്ച വിദ്യാര്‍ത്ഥിയെയും പരസ്പരം ആലിംഗനം ചെയ്യിച്ചിരുന്നു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം ആ സ്‌നേഹപ്രകടനത്തിലും, അതിന് അവസരമൊരുക്കിയവര്‍ക്കും നന്ദിയും കടപ്പാടും അറിയിച്ച് വികാരം കൊണ്ടിരുന്നു.

അതേ, നരേഷ് ടിക്കായത്തും കൂട്ടരും തന്നെയാണ്, രണ്ട് കൂട്ടര്‍ക്കും സന്തോഷമാകാനും, മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനുമുള്ള സാമൂഹിക ഉത്തരവാദിത്തം പേറി ആ സാധു കുടുംബത്തെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഇങ്ങനെയൊക്കെയാണ് ഒരു സാധാരണ പൗരന്- മുസ്ലിമിനോ ദളിതനോ ആദിവാസിക്കോ പ്രത്യേകിച്ച്- നീതി നിഷേധിക്കപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍