UPDATES

വെറുപ്പിന്റെ പരിശീലനം നടക്കുന്ന ക്ലാസ് മുറികള്‍

ഇത്തരം പരിശീലനം മുന്നേ കിട്ടിയവരെയാണ് ഗുജറാത്തിലും മണിപ്പൂരിലും ഹരിയാനയിലുമൊക്കെ കണ്ടത്

                       

ഉത്തര്‍പ്രദേശിലെ ഫരീദബാദില്‍ രണ്ടര വയസും പതിനൊന്നു മാസവും പ്രായമുള്ള രണ്ട് ദളിത് കുഞ്ഞുങ്ങളെ ചുട്ടുകൊലപ്പെടുത്തുന്നു. ഈ സംഭവത്തെ കുറിച്ച് അന്ന് കേന്ദ്ര മന്ത്രിയായിരുന്ന വി കെ സിംഗിനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞു, മറുപടി ഇങ്ങനെയായിരുന്നു;

‘പട്ടിയെ കല്ലെറിഞ്ഞാലും അതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് പറയരുത്’

2015-ല്‍ ആയിരുന്നു ഈ സംഭവം. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ട് ഒരു വര്‍ഷം തികഞ്ഞിരുന്നു.

2014-ല്‍ ആണ് പൂനെയിലെ ഉന്നതി നഗറില്‍ നമസ്‌കാര പ്രാര്‍ഥനക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൊഹ്‌സീന്‍ ഷെയ്ഖിനെ അക്രമാസക്തരായ ഒരുകൂട്ടം ഹിന്ദു മതമൗലികവാദികള്‍ വളഞ്ഞിട്ട് ആക്രമിച്ചു കൊന്നത്. സോഷ്യല്‍ മീഡിയകളില്‍ ശിവജിയുടെയും, ബാല്‍ താക്കറയുടെയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ഇട്ടെന്നാരോപിച്ചായിരുന്നു ഹിന്ദുരാഷ്ട്ര സേനക്കാര്‍ ഐ ടി വിദഗ്ധനായ ചെറുപ്പക്കാരന് മരണം വിധിച്ചത്. മൊഹ്‌സീന്‍ ഒരു തെറ്റും ചെയിതിരുന്നില്ല.

നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ 17 ആം നാളിലാണ് മൊഹ്‌സിന്‍ ഷെയ്ഖ് കൊല്ലപ്പെട്ടത്. ഇന്ത്യയുടെ പ്രധാനമന്ത്രി മൊഹ്‌സീന് വേണ്ടി ഒരു വാക്ക് ശബ്ദിച്ചില്ല.

2014 മുതല്‍ എത്രയെത്ര ഹീന കൃത്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നു. ദളിതരും മുസ്ലിമും കൂട്ടത്തോടെയും ഒറ്റ തിരിഞ്ഞും കൊല്ലപ്പെടുന്നു, ആക്രമിക്കപ്പെടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയോ, അദ്ദേഹത്തിന്റെ അധികാര ദര്‍ബാറിലെ ഏതെങ്കിലും സാമന്തരോ അംഗ രാജാക്കളോ വേവലാതിപ്പെടുന്നില്ല.

ഇതാണ് യാഥാര്‍ത്ഥ്യം. മുസാഫര്‍ നഗര്‍ സ്‌കൂളിലെ ‘ വെറുപ്പിന്റെ ക്ലാസ് മുറി’ യില്‍ തന്റെ മകന്‍ അനുഭവിച്ച അപമാനത്തില്‍ പരാതിയും കേസും ഇല്ലെന്ന് ഇര്‍ഷാദ് എന്ന പിതാവിന് പറയേണ്ടി വന്നതും ആ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ്.

പരാതി കൊടുത്തിട്ട് കാര്യമില്ല, നീതി കിട്ടില്ല എന്നാണ് ആ പിതാവ് പറയുന്നത്. തന്റെ പരാതി ഒരുപക്ഷേ മറ്റ് പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ഭയവും അയാള്‍ക്കുണ്ട്.

ആ കര്‍ഷകന് സ്വന്തം നിലയ്ക്ക് നടപ്പാക്കാവുന്നൊരു തീരുമാനം എടുത്തു, മകനെ ആ സ്‌കൂളിലേക്ക് വിടുന്നില്ല.

ഇര്‍ഷാദിന്റെ മകന്‍, ഗുണന പട്ടിക തെറ്റിച്ചതിനുള്ള ശിക്ഷ ആയിട്ടില്ല, ക്ലാസ് മുറിയിലെ ഓരോ കുട്ടികളെയും ഭീഷണിപ്പെടുത്തി അവന്റെ മുഖത്ത് തല്ലിച്ചത്. തൃപ്ത ത്യാഗി എന്ന അധ്യാപികയ്ക്ക് ആ മുസ്ലിം കുട്ടിയോടുള്ള വര്‍ഗ്ഗീയ വിദ്വേഷമായിരുന്നു അവരുടെ പ്രവര്‍ത്തിയില്‍ ഉണ്ടായിരുന്നത്. മുഹമ്മദന്‍(മുസ്ലിം) കുട്ടികളെ അവര്‍ തെരഞ്ഞെുപിടിച്ച് ശിക്ഷിക്കാറുണ്ടെന്ന് 40 സെക്കന്‍ഡ് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

ആ എട്ടു വയസുകാരന്റെ സഹപാഠികള്‍ക്ക് തങ്ങളുടെ കൂട്ടുകാരനെ മര്‍ദ്ദിക്കുന്നതില്‍ വിഷമവും വിയോജിപ്പുമുണ്ട്. എങ്കിലും അധ്യാപികയുടെ ഭീഷണിയ്ക്കു ഭയന്ന് അവരോരുത്തരും ‘ അക്രമകാരി’കളാവുകയാണ്. ഇത്തരം പരിശീലനം മുന്നേ കിട്ടിയവരെയാണ് ഗുജറാത്തിലും മണിപ്പൂരിലും ഹരിയാനയിലുമൊക്കെ കണ്ടത്.

മുസ്ലിം കുട്ടികളെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്നതിന് ഖുബ്ബാപൂരിലെ നേഹ സ്‌കൂളിന്റെ ഉടമ കൂടിയായ തൃപ്തയ്ക്കുള്ള ന്യായം, ‘ മുസ്ലിം വിദ്യാര്‍ത്ഥികളെ അവരുടെ അമ്മമാര്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും, അതുമൂലം കുട്ടികളുടെ വിദ്യാഭ്യാസം നശിച്ചു പോകുമെന്നുമാണ്.

‘ ഇനിയവന്റെ അരയില്‍ അടിക്കു, അടി കൊണ്ട് അവന്റെ മുഖം ചുവന്നു’.

‘എന്തിനാണ് അവനെ പതിയെ അടിക്കുന്നത്, ശക്തിയില്‍ അടിക്കൂ’

‘ഇനി ആരുടെ ഈഴമാണ്?’

‘ ഞാനീ മുഹമ്മദ്ദന്‍ കുട്ടികളെ മുമ്പും തല്ലാറുണ്ട്’

വീഡിയോയില്‍ കേള്‍ക്കുന്ന തൃപ്ത ത്യാഗിയുടെ വാക്കുകളാണ്. തന്റെ വിദ്യാര്‍ത്ഥിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയാണോ, അതോ, ഒരു മുസ്ലിമിനോടുള്ള വെറുപ്പാണോ ആ അധ്യാപികയ്ക്കുള്ളത്?

തൃപ്തയുടെ പ്രവര്‍ത്തിയുടെ ദൂരവ്യാപകമായ പ്രത്യാഘാതം, ആ ക്ലാസ് മുറിയിലെ ഇതര മതസ്ഥരായ കുട്ടികളിലും മുസ്ലിം വിരോധം ഉണ്ടാക്കുമെന്നതാണ്. ഈ രാജ്യത്തെ ന്യൂനപക്ഷത്തിനു മേല്‍ മര്‍ദ്ദനാധികാരം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ ‘ പഠിക്കുകയാണ്’.

Share on

മറ്റുവാര്‍ത്തകള്‍