UPDATES

10 B ക്ലാസ് മുറിയില്‍ നടന്ന ജാതിക്കൊല

ഇന്ത്യയില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിക്കു കൂടി ജനിച്ച ജാതിയുടെ പേരില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു

                       

ഒക്ടോബര്‍ 22, കുറച്ചു ദിവസങ്ങളായി ക്ലാസിലെ കുട്ടികളുടെ മുന്നില്‍ വച്ച് അധ്യാപകര്‍ ജാതി പറഞ്ഞു കളിയാക്കുകയാണ്. സഹിക്കാന്‍ കഴിയാതെയായി. അതുകൊണ്ടായിരുന്നു സച്ചിന്‍, പ്രിന്‍സിപ്പാളിനും, വൈസ് പ്രിന്‍സിപ്പാളിനും പരാതി കൊടുത്തത്.

ആ പത്താം ക്ലാസുകാരന്റെ പരാതി വായിച്ചശേഷം പ്രിന്‍സിപ്പാള്‍ അജയ് അഗര്‍വാള്‍ അവനോട് ചോദിച്ചു,

‘ നീ ആ ജാതിയില്‍ തന്നെയുള്ളതല്ലേ, അതുമാറാനൊന്നും പോകുന്നില്ല, പിന്നെന്താണ് കുഴപ്പം?’

അന്ന് രാത്രി സച്ചിന്‍ കുല്‍ദീപ് അവന്റെ അച്ഛന്‍ ഭന്‍വാരിലാലിനെ ഫോണ്‍ വിളിച്ചു. വിവേക് സാറും രാജ്കുമാര്‍ സാറും അവനോട് കാണിക്കുന്ന ജാതി വിവേചനത്തെക്കുറിച്ച് പറഞ്ഞ് കരഞ്ഞു.

ഫോണ്‍ വച്ചശേഷം സച്ചിന്‍, സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും അവന്റെ 10-ബി ക്ലാസ് മുറിയിലേക്ക് പോയി.

പിറ്റേ ദിവസം ക്ലാസ് മുറി വൃത്തിയാക്കാന്‍ വന്ന ജീവനക്കാരനാണ് തൂങ്ങിയാടി നില്‍ക്കുന്ന ആ പതിനഞ്ചുകാരന്റെ മൃതദേഹം ആദ്യം കാണുന്നത്.

ഇന്ത്യയില്‍ ഒരു ദളിത് വിദ്യാര്‍ത്ഥിക്കു കൂടി ജനിച്ച ജാതിയുടെ പേരില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു.

വെറുപ്പിന്റെ പരിശീലനം നടക്കുന്ന ക്ലാസ് മുറികള്‍

കോട്പുതാലി-ബെഹ്‌റോര്‍ ജില്ലയിലെ പയോട്ടയില്‍ സ്ഥിതി ചെയ്യുന്ന ജവഹര്‍ നവോദയ വിദ്യാലയ’-യിലെ വിദ്യാര്‍ത്ഥിയായിരുന്നു സച്ചിന്‍ കുല്‍ദീപ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഒരു ബോര്‍ഡിംഗ് സ്‌കൂളായിരുന്നു അത്.

സച്ചിന്‍ ആത്മഹത്യ ചെയ്ത കാര്യം തങ്ങളെ അറിയിക്കാനുള്ള ദയ പോലും സ്‌കൂള്‍ അധികൃതര്‍ കാണിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്നേ ദിവസം രാവിലെ എട്ടു മണിക്ക് പൊലീസാണ് കുടുംബത്തെ ബന്ധപ്പെട്ട് എത്രയും വേഗം സ്‌കൂളില്‍ എത്താന്‍ ആവശ്യപ്പെട്ടത്.

ജയ്പൂരിലെ ഹനുത്പുര എന്ന ഗ്രാമത്തില്‍ നിന്നും രാവിലെ 10 മണിയോടെ സച്ചിന്റെ കുടുംബാംഗങ്ങള്‍ സ്‌കൂളില്‍ എത്തി. പ്രിന്‍സിപ്പാളിനോടും വൈസ് പ്രിന്‍സിപ്പാളിനോടും അവര്‍ സച്ചിനെ കുറിച്ച് തിരക്കി. രണ്ടു പേരും തൃപ്തികമായ മറുപടി കൊടുക്കാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. സച്ചിന് എന്തു പറ്റിയെന്നറിയാതെ വെപ്രാളപ്പെട്ട് നടന്ന ബന്ധുക്കളോട് ഒടുവില്‍ ഒരു സ്‌കൂള്‍ ജീവനക്കാരനാണ് പറഞ്ഞത്, സുഖമില്ലാത്തതുകൊണ്ട് സച്ചിനെ പയോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്.

അപ്പോഴൊന്നും ആ വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താക്കളോ ബന്ധുക്കളോ അറിയുന്നില്ല, സച്ചിന്‍ മരിച്ചു എന്ന യാഥാര്‍ത്ഥ്യം.

സച്ചിന്റെ പിതാവിന്റെ സഹോദരന്‍ സത്യപാലിന്റെ പ്രതികരണം ദി ഇന്ത്യന്‍ എക്‌സ്പ്രസ് തേടിയിരുന്നു.’ അന്ന്(ഓഗസ്റ്റ് 22) രണ്ട് അധ്യാപകരും സച്ചിനെ മാനസികമായും ശാരീരികമായും വളരെയധികം പീഡിപ്പിച്ചിരുന്നതായി ഒരു സഹപാഠി പറഞ്ഞു. പരീക്ഷകളില്‍ മാര്‍ക്ക് കുറച്ച് അവന്റെ ഭാവി ഇല്ലാതാക്കി കളയുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ആ സഹപാഠി ഞങ്ങളോട് പറഞ്ഞു.’

പത്താം ക്ലാസില്‍ പഠിക്കുന്ന സച്ചിനെയും ദില്‍കുഷിനെയും വിവേക്, രാജുകുമാര്‍ എന്നീ അധ്യാപകര്‍ക്കൊപ്പം സ്‌കൂള്‍ ഗ്രൗണ്ടില്‍ കണ്ടതായി ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു.

തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് തെറ്റാണെന്ന് സമ്മതിക്കണമെന്നും ഇനിയത് ആവര്‍ത്തിക്കരുതെന്നും സച്ചിന്‍ അധ്യാപകനോട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അധ്യാപകന്‍, താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്ന് വാദിച്ച് വീണ്ടും സച്ചിനെതിരേ ജാതിയാക്ഷേപം തുടരുകയുണ്ടായതെന്നും വീഡിയോയില്‍ ഒരു വിദ്യാര്‍ത്ഥി പറയുന്നുണ്ട്.

രാജ് കുമാര്‍ എന്ന അധ്യാപകന്‍ രണ്ട് തവണ സച്ചിനെ തല്ലിയെന്നും തലമുടിയില്‍ കുത്തിപ്പിടിച്ചെന്നും ജാതി പറഞ്ഞു കളിയാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിനക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് വച്ചാല്‍ ചെയ്‌തോളാന്‍ അധ്യാപകന്‍ സച്ചിനെ വെല്ലുവിളിച്ചു. ഈ സംഭവത്തിന് ശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച സച്ചിനെ അതിന്റെ പേരിലും വഴക്കു പറഞ്ഞുവെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നുണ്ട്.

വിവേക് സാറും രാജ്കുമാര്‍ സാറും വലിയ കാശുള്ള വീട്ടുകാരായതുകൊണ്ട് അവരെ എല്ലാവര്‍ക്കും പേടിയാണെന്നും വിദ്യാര്‍ത്ഥികള്‍ തുറന്നു പറയുന്നുണ്ട്.

‘സ്പാനിഷ് ബ്രിജ്ഭൂഷണ്’ എതിരേ പോരാടാന്‍ ഫുട്ബോള്‍ കിരീട ജേതാക്കള്‍

പിറ്റേ ദിവസം സച്ചിന് പരീക്ഷയുണ്ടായിരുന്നതായാണ്. ദില്‍കുഷിനൊപ്പം പഠിച്ചു കൊണ്ടിരിക്കുന്നതനിടയില്‍ സച്ചിന്‍ തന്റെ അവസ്ഥ കൂട്ടുകാരനോട് പറഞ്ഞു സങ്കടപ്പെട്ടിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ദില്‍കുഷ് സ്‌കൂള്‍ ഹോസ്റ്റലുകളില്‍ ഒന്നായ ഉദയ്ഗിരി ഹൗസിലേക്ക് പോയി. സച്ചിനെ വിളിച്ചപ്പോള്‍ താന്‍ ആരവല്ലി ഹൗസിലേക്കാണ്(മറ്റൊരു ഹോസ്റ്റല്‍ കെട്ടിടം)പോകുന്നതെന്നു പറഞ്ഞു. സ്‌കൂളിന്റെ നാല് ഹോസ്റ്റലുകളില്‍ ഒന്നിലേക്കും സച്ചിന്‍ പോയില്ല. ആ വിദ്യാര്‍ത്ഥി പോയത് സ്വന്തം ക്ലാസ് മുറിയിലേക്കായിരുന്നു-10 ബി-യിലേക്ക്. ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി അവനിരുന്ന ആ മുറിയില്‍, എല്ലാം നഷ്ടപ്പെട്ടവന്റെ നിരാശയില്‍ സച്ചിന്‍ കുല്‍ദീപ് ജീവിതം അവസാനിപ്പിച്ചു.

സച്ചിന്‍ മൃതദേഹം തറയില്‍ മുട്ടിയ നിലയില്‍ ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, സച്ചിന്റെത് ആത്മഹത്യ തന്നെയാണോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന സംശയവും വീട്ടുകാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

സച്ചിന്റെ മരണത്തില്‍ പ്രതികളായവര്‍ ശിക്ഷിക്കപ്പെടണമെന്ന കുടുംബം ശക്തമായി വാദിച്ചു. അക്കാര്യത്തില്‍ ഉറപ്പ് കിട്ടാതെ സച്ചിന്റെ മൃതദേഹം സ്വീകരിക്കല്ലെന്ന കടുത്ത നിലപാടിലായിരുന്നു അവര്‍. ജില്ല ഭരണകൂടം കുടുംബവുമായി ചര്‍ച്ച നടത്തി ഉറപ്പു കൊടുത്തതോടെയാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായത്.

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ മറ്റൊരു ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍’ ആണെന്ന പരാതി ശക്തമായതോടെ, ഓഗസ്റ്റ് 23-ന് തന്നെ പരഗ്പുര പൊലീസ് കൊലപാതക കുറ്റമടക്കം ചേര്‍ത്ത് രണ്ട് അധ്യാപകര്‍ക്കുമെതിരേ-രാജ്കുമാര്‍ യാദവ്, വിവേക് യാദവ്- എഫ് ഐ ആര്‍ ഇട്ടു. പ്രഥമദൃഷ്ടിയില്‍ ആത്മഹത്യയാണെങ്കിലും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ അസ്വഭാവികത ആരോപിക്കപ്പെട്ട സാഹചര്യത്തിലാണ് കുലക്കുറ്റം ചേര്‍ത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. രാജ്കുമാറിനെയും വിവേകിനെയും സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍