UPDATES

‘സ്പാനിഷ് ബ്രിജ്ഭൂഷണ്’ എതിരേ പോരാടാന്‍ ഫുട്‌ബോള്‍ കിരീട ജേതാക്കള്‍

ആ ചുംബനം തന്റെ അനുവാദത്തോടെയല്ലെന്ന് ഹോര്‍മോസോ

                       

ലോക കിരീടം നേടിയതിന്റെ ആഹ്ലാദമല്ല, ഒരു ചുംബനത്തിന്റെ പേരിലുള്ള കലാപത്തിലാണ് ഇപ്പോള്‍ സ്‌പെയിന്‍ വനിത ഫുട്‌ബോള്‍. ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ചുംബിച്ചത് തന്റെ അനുവാദം ഇല്ലാതെയാണെന്ന് സ്‌പെയിന്‍ താരം ജെന്നിഫര്‍ ഹെര്‍മോസോ പരസ്യമായി വ്യക്തമാക്കിയതോടെ, പ്രസിഡന്റ് രാജിവയ്ക്കാതെ തങ്ങള്‍ ഇനി കളിക്കാന്‍ ഇറങ്ങില്ലെന്നാണ് വനിത ടീം നിലപാടെടുത്തിരിക്കുന്നത്. 81 കളിക്കാര്‍ ഇക്കാര്യം ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍-ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വിവാദങ്ങള്‍ ശക്തമായി തുടരുന്നതിനിടയില്‍ വെള്ളിയാഴ്ച്ച ലൂയിസ് കൂസലില്ലാതെ പറഞ്ഞത്, താന്‍ രാജിവയ്ക്കില്ലെന്നാണ്.

‘ഞാനൊരു ലൈംഗിക ആക്രമണത്തിന്റെ ഇര’ ആയതായി അനുഭവപ്പെടുന്നു’ എന്നാണ് ഹോര്‍മോസോ പറയുന്നത്. ഞായറാഴ്ച്ച നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ കിരീടം നേടിയത്. ലോക കപ്പ് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് വിജയികളായ ടീമിലെ കളിക്കാര്‍ക്ക് മെഡലുകള്‍ സമ്മാനിക്കുന്ന ചടങ്ങിലാണ് സ്പാനിഷ് ഫട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയെല്‍സ് ഹെര്‍മോസോയെ ആവേശത്തോടെ കടന്നു പിടിച്ച്, ആദ്യം അവളുടെ കവിളുകളിലും പിന്നീട് ചുണ്ടിലും ചുംബിച്ചത്. ഈ സംഭവം വലിയ വിവാദമായി. ഇതു നടന്ന് മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ, ‘ അത് തനിക്കൊട്ടും ഇഷ്ടമായില്ല’ എന്ന് ഹോര്‍മോസോ പറയുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

പ്രസിഡന്റ് ചുംബിച്ചത് തന്റെ അനുവാദത്തോടെയല്ല എന്നാണ് പത്താം നമ്പര്‍ താരം പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും അക്രമണത്തിന്റെ ഇരയാക്കിയെന്നും വെള്ളിയാഴ്ച്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ ഹോര്‍മോസോ നിരാശപ്പെടുന്നുണ്ട്. ലോക കിരീടം നേടിയതിലുള്ള സന്തോഷവും ആശ്ചര്യവും, ലോകത്തോടുള്ള നന്ദിയും വിവരിച്ചശേഷമാണ്, നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവത്തെ കുറിച്ചും ഹോര്‍മോസോ തുറന്നു പറയുന്നത്.

ലോക ജേതാക്കളായ ആ പെണ്‍കുട്ടികളെ അപമാനിച്ച ചുംബനം

ലൂയിസ് റൂബിയെല്‍സ് ചുംബന വിവാദത്തില്‍ തന്നെ പ്രതിരോധിച്ച് നടത്തിയ വിശദീകരണം വന്നതിനു പിന്നാലെയാണ് ഹോര്‍മോസോയും രംഗത്തു വന്നത്. ‘ വ്യാജ ഫെമിനിസം’ എന്നായിരുന്നു തനിക്കെതിരെയുള്ള ആരോപണങ്ങളെ ഫെഡറേഷന്‍ പ്രസിഡന്റ് പുച്ഛിച്ചത്. അദ്ദേഹം സ്വയം തന്നെയൊരു ‘ഇര’ ആയാണ് ചിത്രീരിച്ചത്. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ളതാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്നും റൂബിയെല്‍സ് പറഞ്ഞു.

‘ ഞാന്‍ അവളോട് ചുംബിച്ചോട്ടോയെന്ന് ചോദിച്ചിരുന്നു, അവള്‍ അതിന് സമ്മതവും പറഞ്ഞു’-ഇത്തരത്തില്‍ പറഞ്ഞാണ് റൂബിയെല്‍സ് താന്‍ നിഷ്‌കളങ്കനാണെന്ന് സ്ഥാപിക്കുന്നത്.

ഞങ്ങള്‍ തമ്മിലുണ്ടായ സംസാരത്തില്‍ ചുംബനത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ലെന്നാണ്, റൂബിയെല്‍സിനുള്ള മറുപടി കൂടിയായി ഹോര്‍മോസോ പ്രസ്താവനയില്‍ പറയുന്നത്.’ റൂബിയെല്‍സ് പറയുന്നതുപോലെയല്ല കാര്യങ്ങള്‍. ആ ചുംബനം ഉഭയസമ്മതപ്രകാരമായിരുന്നില്ല. നടന്ന കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് ഒട്ടും ആസ്വാദ്യകരവുമായിരുന്നില്ല’.

അത്തരമൊരു ആഹ്ലാദകരമായ ചടങ്ങില്‍ അങ്ങനെ സംഭവിച്ചത് തനിക്ക് ആഘാതമായെന്നും ഹോര്‍മോസോ പറയുന്നു. എനിക്ക് നേരിട്ടതുപോലെ മറ്റാര്‍ക്കും സംഭവിക്കരുത്, ജോലി സ്ഥലത്തോ, സാമൂഹിക-കായിക മേഖലയിലോ ഇത്തരം ഉഭസമ്മതപ്രകാരമല്ലാതെയുള്ള പ്രവര്‍ത്തികളുടെ ഇരകളാകരുത്. എന്റെ ഭാഗത്ത് നിന്നും ഒരു തരത്തിലുമുള്ള സമ്മതമില്ലാതെ നടന്ന കാര്യമാണ്. ഞാനൊരു ദുര്‍ബലയാണെന്നും ലൈംഗികതയിലൂന്നിയ ആവേശകരമായ പ്രവര്‍ത്തിയുടെ ഇരയാക്കപ്പെട്ടെന്നും തോന്നി. ഞാനൊട്ടും ബഹുമാനിക്കപ്പെട്ടില്ല’- സ്പാനിഷ് ഫോര്‍വേഡ് തന്റെ നിരാശ തുടരുന്നു. ഈ രാജ്യത്തിന്റെ വനിത കായിക മേഖലയെ, ഈ ചരിത്ര മുഹൂര്‍ത്തത്തെ, വ്യക്തിപരമായി എന്നെ ബഹുമാനിക്കാത്തൊരാളെ തിരിച്ചു ബഹുമാനിക്കേണ്ടതില്ലെന്ന് കരുതുന്നതായും അവര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ലൂയിസ് റൂബിയെല്‍സിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യാതെ ദേശീയ ടീമിനു വേണ്ടി തങ്ങള്‍ക്ക് കളിക്കില്ലെന്ന്, ലോക കപ്പ് സ്‌ക്വാഡിലെ 23 കളിക്കാരും, മറ്റ് 56 വനിത ഫുട്‌ബോള്‍ താരങ്ങളും ഒപ്പുവച്ച് സംയുക്ത പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയാണ്, ജെന്നിഫര്‍ ഹോര്‍മോസോയും എല്ലാം തുറന്നു പറഞ്ഞ് രംഗത്തു വന്നത്.

ഇത്രയൊക്കെ പ്രതിഷേധങ്ങളും വിവാദങ്ങളും അന്വേഷണങ്ങളും ഉണ്ടായിട്ടുണ്ടും, പൊതുവെ പ്രതീക്ഷിച്ചതുപോലെ സ്ഥാനം വിട്ടിറങ്ങാനല്ല, തന്റെ പിന്തുണ കൂട്ടി അധികാരത്തില്‍ തന്നെ തുടരാനാണ് ലൂയിസ് റൂബിയെല്‍സ് പദ്ധതിയിടുന്നത്. ഫുട്‌ബോള്‍ ഫെഡറേഷനെ തന്റെ കൂടെ നിര്‍ത്തിയിരിക്കുകയാണ് പ്രസിഡന്റ്. 140 അംഗ ഫെഡറേഷനില്‍ ആകെയുള്ളത് ആറ് വനിതകളാണ്.

സ്‌പെയിന്‍ ഭരണകൂടവും ഫെഡറേഷനിലെ ചില അംഗങ്ങളും ചുംബന വിവാദത്തില്‍ നടപടിയുണ്ടാകണമെന്ന് ആവശ്യമുന്നയിച്ചിട്ടുപോലും റൂബിയെല്‍സ് കുലുങ്ങിയിട്ടില്ല. എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നാണ് അയാള്‍ വാദിക്കുന്നത്. പരസ്പര സമ്മതത്തോടെ നടന്ന ചുംബനമാണെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചുകൊണ്ട് സ്ത്രീകളുടെ പോരാട്ടത്തെ തന്നെ അപഹസിക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍