UPDATES

വിദേശം

രാജി വയ്ക്കാനൊരുങ്ങി സ്പാനിഷ് പ്രധാനമന്ത്രി

ഭാര്യക്കെതിരെയുള്ള അഴിമതി ആരോപണത്തിലാണ് തീരുമാനം

                       

അഴിമതി ആരോപണത്തെ തുടർന്ന് അധികാരത്തിന്റെ തലപ്പത്തിരിക്കുന്നവർ രാജിവയ്ക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ സ്പാനിഷ് പ്രധാനമന്ത്രി പദവി ഒഴിയാൻ തയ്യാറെടുക്കുന്നത് ഭാര്യ നേരിടുന്ന അഴിമതി ആരോപണം മൂലമാണ്. 2018 മുതൽ സ്‌പൈനിന്റെ പ്രധനമന്ത്രി പദം വഹിക്കുന്ന പെഡ്രോ സാഞ്ചസാണ് രാജി വയ്ക്കനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. ഈ ആഴ്‌ചയിലെ അദ്ദേഹത്തിന്റെ പൊതു ചുമതലകൾ റദ്ദാക്കിയിട്ടുണ്ട്. തീരുമാനം വരും ദിവസങ്ങളിൽ വ്യക്തമാക്കും. ഭാര്യ ബെഗോന ഗോമസിനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജി തീരുമാനം പരസ്യമാക്കുന്നത്.

മാഡ്രിഡ് കോടതിയാണ് ബെഗോന ഗോമസിൻ്റെ വ്യവസായങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മനോസ് ലിംപിയാസ് (ക്ലീൻ ഹാൻഡ്‌സ്) എന്ന സംഘടന നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കോടതി ഉത്തരവിറങ്ങി മണിക്കൂറുകൾക്കുള്ളിലാണ് തൻറെ എക്സ് പോസിറ്റിലൂടെ രാജി പ്രഖ്യാപനം നടത്തുന്നത്. എക്‌സിൽ പങ്കുവച്ച കത്തിൽ അദ്ദേഹത്തിനെതിരെയുള്ള വാർത്ത കുറിപ്പുകളും പരാമർശിക്കുന്നുണ്ട്. തീവ്ര വലതുപക്ഷ രാഷ്ട്രീയ വീക്ഷണങ്ങളോട് ചായ്വുള്ള വെബ്സൈറ്റുകളിൽ നിന്നുള്ള വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് മനോസ് ലിംപിയാസ് പരാതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യ ബെഗോന തൻ്റെ നിരപരാധിത്വം തെളിയിക്കാൻ പരിശ്രമിക്കും. അതോടൊപ്പം തനിക്കെതിരായ തെറ്റായ ആരോപണങ്ങളിലെ സത്യം കണ്ടെത്താൻ നിയമ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

തനിക്കും ഭാര്യയ്ക്കും നേരെ ഉയർന്നു വന്ന അഴിമതി ആരോപണങ്ങൾ തൻ്റെ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ഗൂഢാലോചനയാണെന്നും സാഞ്ചസ് ആരോപിച്ചു. പ്രധാനമായും കൺസർവേറ്റിവ് പീപ്പിൾസ് പാർട്ടി (പിപി ) നേതാവ് ആൽബെർട്ടോ നൂനെസ് ഫീജോയും തീവ്ര വലതുപക്ഷ വോക്‌സ് പാർട്ടിയുടെ നേതാവ് സാൻ്റിയാഗോ അബാസ്കലും തീവ്ര വലതുപക്ഷ ഡിജിറ്റൽ ഗാലക്‌സിയായ മനോസ് ലിംപിയാസുമായി കൂടി ചേർന്നുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയ എതിരാളികൾ തനിക്കും ഭാര്യയ്ക്കും എതിരെ അടിസ്ഥാനരഹിതമായ ഉപദ്രവവും ഭീഷണിപ്പെടുത്തലുമാണ് നടത്തുന്നതെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. ഈ കാമ്പെയ്‌ൻ നിരന്തരമായും വ്യാപകമായും തനിക്ക് നേരെ പ്രയോഗിച്ചുകൊണ്ടിരിക്കുയാണെന്ന് അദ്ദേഹം പറയുന്നു. സാധ്യമായ എല്ലാ ദിശകളിൽ നിന്നുമുള്ള അക്രമണമായാണ് അദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തിയത്. കര, വായു, കടൽ എല്ലാ വഴികളിലൂടെയും ഞാൻ ഇത് നേരിട്ടുകൊണ്ടിരിക്കുന്ന അദ്ദേഹം പറഞ്ഞു. തെറ്റായ ആരോപണങ്ങളിലൂടെയും അടിസ്ഥാനരഹിതമായ വിമർശനങ്ങളിലൂടെയും ഭാര്യയെ ലക്ഷ്യം വച്ചുകൊണ്ട് തൻ്റെ വ്യക്തിപരവും രാഷ്ട്രീയവുമായ തകർച്ചയാണ് ഈ പ്രചാരണത്തിൻ്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

എന്നിരുന്നാലും, ഏറ്റവും പുതിയ സംഭവവികാസങ്ങൾ ആഴത്തിൽ ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ ഈ ഘട്ടത്തിൽ എത്തിയിരിക്കുന്നു, ഞാൻ എന്നോട് തന്നെ നിയമപരമായി ചോദിക്കുന്ന ചോദ്യം ഇതാണ്, ‘എല്ലാം വിലപ്പെട്ടതാണോ?’ ആത്മാർത്ഥമായി പറയുകയാണെങ്കിൽ എനിക്കറിയില്ല. എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. എന്നാൽ ഇതെല്ലാം ഞാൻ ജോലി തുടരുമെന്ന് നിങ്ങളോട് പറയാൻ തന്നെയാണ് പ്രേരിപ്പിക്കുന്നത്. എന്നാൽ ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുമ്പോൾ കുറച്ച് ദിവസത്തേക്ക് എൻ്റെ എല്ലാ പൊതു ചുമതലകളും റദ്ദാക്കുകയാണ്. അടുത്ത തിങ്കളാഴ്ച, ഏപ്രിൽ 29 ന്, എൻ്റെ തീരുമാനം അറിയിക്കാൻ ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ എത്തും.”അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിൻ്റെ വാക്കുകൾ പുറത്തുവന്നതിനുപിന്നാലെ മന്ത്രിമാരടക്കം പിന്തുണയുമായി എത്തിയിരുന്നു. സ്പെയിനിൻ്റെ പരിസ്ഥിതി മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ തെരേസ റിബേര എഴുതി: “രാഷ്ട്രീയത്തിൽ എല്ലാം നടക്കില്ല. നമുക്ക് മികച്ച ഒരു പ്രധാനമന്ത്രിയുണ്ട്. അദ്ദേഹമോ അദ്ദേഹത്തിന്റെ കുടുംബമോ ഇത് അർഹിക്കുന്നില്ല. തീർച്ചയായും സ്‌പെയിനും ഇത് അർഹിക്കുന്നില്ല.” തൊഴിൽ മന്ത്രിയും മറ്റൊരു ഉപപ്രധാനമന്ത്രിയും സുമാർ പ്ലാറ്റ്‌ഫോമിലെ സാഞ്ചസിൻ്റെ സഖ്യകക്ഷികളുടെ നേതാവുമായ യോലാൻഡ ഡയസും അദ്ദേഹത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. “ഈ വലതുപക്ഷ ആക്രമണത്തിന് തങ്ങളുടെ ഗൂഢാലോചന നടപ്പാക്കാനാകില്ല. ജനാധിപത്യത്തെയും പുരോഗമനത്തെയും സംരക്ഷിക്കുകയും, ജന ജീവിതം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന സർക്കാരിൻ്റെ നിയമസാധുതയെയും ഞങ്ങൾക്ക് സംരക്ഷിക്കേണ്ടതായുണ്ട്.” അവർ പറഞ്ഞു.

എന്നാൽ ഈ നീക്കം സാഞ്ചസിൻ്റെ വിമർശകർക്കുള്ള വലിയ തിരിച്ചടിയായിരുന്നില്ല. ബുധനാഴ്ച വൈകുന്നേരം ഒരു പിപി വക്താവ് നൽകിയ പ്രസ്താവനയിൽ: “അഞ്ച് ദിവസത്തേക്ക് അപ്രത്യക്ഷമാകുന്നതിനുപകരം, അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ സർക്കാരിനെയും ഭാര്യയെയും ചുറ്റിപ്പറ്റിയുള്ള അഴിമതികളെക്കുറിച്ച് പൂർണ്ണമായ വിശദീകരണം നൽകാൻ പ്രധാനമന്ത്രി അടിയന്തിരമായി പ്രത്യക്ഷപ്പെടണമെന്നാണ് ഞങ്ങൾ കരുതുന്നു. പെഡ്രോ സാഞ്ചസ് സുതാര്യതയെക്കാൾ നിശബ്ദതയുടെ പാത തിരഞ്ഞെടുത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രശ്നം രാഷ്ട്രീയം മാത്രമല്ല; അത് അടിസ്ഥാനപരമായി ജുഡീഷ്യൽ ആണ്.” അദ്ദേഹം പറഞ്ഞു.

രണ്ടാം തവണയും അധികാരത്തിൽ വന്ന സാഞ്ചസ്, കൗശലക്കാരനും ധീരനുമായ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അതിപ്രശസ്തനാണ്. 2018ൽ മരിയാനോ റജോയുടെ അഴിമതിയിൽ മുങ്ങിയ പിപി സർക്കാരിനെ അട്ടിമറിച്ച് അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ഈ അഴിമതി ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിഛായയെയും, നിലവിലെ സർക്കാരിനെയും ബാധിക്കുമോ എന്ന ആശങ്കയും ആളുകൾ പങ്കുവെക്കുന്നുണ്ട്.

English summary; spanish pm ancelled his public duties after court launched investigation aginst his wife

Share on

മറ്റുവാര്‍ത്തകള്‍