March 19, 2025 |

നാല്‍പ്പതാണ്ടിലും തിളക്കം കൂടുന്ന കിരീടം

ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോക കീരിടം നേടിയിട്ട് 40 വര്‍ഷം തികയുന്നു

മുന്‍ ലോകകപ്പുകളില്‍ തീര്‍ത്തും നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീം ഇംഗ്ലീഷ് മണ്ണില്‍ ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയെത്തുമെന്ന് ആരും കരുതിയില്ല. 1983ല്‍ നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചായായിരുന്നു കപില്‍ ദേവും സംഘവും ചരിത്രം കുറിച്ച് കിരീടനേട്ടത്തിലെത്തിയത്. ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് 40 വയസ് പൂര്‍ത്തിയാകുന്നു. 1983 ജൂണ്‍ 25 ന് ആയിരിന്നു കപിലിന്റെ ചെകുത്താന്മാര്‍ ലോഡ്‌സില്‍ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉയര്‍ത്തിയത്. അപ്രതീക്ഷിതമായി ലോക കിരീട നേട്ടത്തില്‍ ഇന്ത്യന്‍ സംഘം എത്തിയപ്പോള്‍ ക്രിക്കറ്റ് താരമാവണമെന്ന ആ ആഗ്രഹം ഇന്ന് തലമുറകള്‍ പിന്‍തുടരുകയാണ്. സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, മൊഹിന്ദര്‍ അമര്‍നാഥ്, യഷ്പാള്‍ ശര്‍മ, എസ്എം പട്ടില്‍, കപില്‍ ദേവ്, കിര്‍ത്തി ആസാദ്, റോജര്‍ ബിന്നി, മദന്‍ ലാല്‍, സയിദ് കിര്‍മാനി, ബല്‍വിന്ദര്‍ സന്ധു എന്നിവരാണ് ലോക കിരീട നേട്ടത്തിലെ ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍.

മൂന്നാം കിരീടം നേടുന്നതുവരെ ലോകകപ്പില്‍ ഒരു ജയം മാത്രമാണ് ഇന്ത്യക്ക് ഉണ്ടായിരുന്നത്. 83 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. സിംബാംബ്വേയെ കപില്‍ ഒറ്റയ്ക്ക് തോല്‍പിച്ചത് ഇന്നും അവിശ്വസനീയമാണ്. 78 റണ്‍സിനിടെ ഏഴ് വിക്കറ്റ് വീണെങ്കിലും കപിലിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 175 റണ്‍സ്. അതും വെറും 138 പന്തില്‍. മൈതാനത്തിന്റെ അതിരുകള്‍ അളന്ന 16 ഫോറുകള്‍. ആകാശം ഭേദിച്ച ആറ് സിക്‌സറുകള്‍. പിന്നീട് സെമിയില്‍ ഇംഗ്ലണ്ടിനേയും മുട്ടുകുത്തിച്ച് ഇന്ത്യ ഫൈനലിലേക്ക്. ഹാട്രിക് കിരീടമായിരുന്നു വെസ്റ്റ് ഇന്‍ഡീസിസിന്റെ ലക്ഷ്യം. ക്ലൈവ് ലോയ്ഡിന്റെ പേസ് ബാറ്ററി ഫൈനലില്‍ ഇന്ത്യയെ 183ന് എറിഞ്ഞിട്ടു. 38 റണ്‍സെുത്ത കെ ശ്രീകാന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രീകാന്തിന് പിന്നാലെ അമര്‍നാഥ് (26), സന്ദീപ് പാട്ടില്‍ (27) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളിങ്ങിനെതിരെ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വീന്‍ഡീസിന്റെ ഗ്രീനിഡ്ജിനെയും ഹെയ്ന്‍സിനെയും തുടക്കത്തിലെ പുറത്താക്കി സന്ധുവും മദന്‍ലാലും മികച്ച തുടക്കം നല്‍കി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സ് ഇന്ത്യയെ ലാഘവത്തോടെയാണ് കണ്ടത്്. വന്നപാടേ റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ ഓരോന്നായി ബൗണ്ടറിയിലെത്തി. ഇന്ത്യന്‍ ബൗളിങ്ങിനെ റിച്ചാര്‍ഡ്സ് അതിര്‍ത്തി കടത്തുന്ന സമയത്ത് മദന്‍ ലാല്‍ കപിലിനടുത്തെത്തി. ” നിങ്ങളെനിക്ക് പന്തു തരൂ. ഞാന്‍ മുന്‍പ് റിച്ചാര്‍ഡ്സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കല്‍ക്കൂടി എനിക്ക് അതിന് സാധിക്കും.” പന്ത് മദന്‍ലാലിന് കൈമാറി കപില്‍, 27 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 33 റണ്‍സെടുത്തിരുന്ന റിച്ചാര്‍ഡ്സിന് 28-ാം പന്തില്‍ പിഴച്ചു. മദന്‍ ലാലിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ച റിച്ചാര്‍ഡ്‌സിന്റെ ബാറ്റില്‍ നിന്നും പന്ത് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങി.

കപില്‍ ഓടി. മറ്റൊരു വശത്തു നിന്ന് യശ്പാല്‍ ശര്‍മയും. ഇതുകണ്ട് ശര്‍മയോട് ഓട്ടം നിര്‍ത്താന്‍ മദന്‍ ലാല്‍ അലറി. അവിശ്വസനീയമായി കപില്‍ ആ ക്യാച്ച് കൈപ്പിടിയിലാക്കി. 33 റണ്‍സെടുത്ത ബാറ്റിംഗ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിനെ കപില്‍ അവിശ്വസനീയമായി കൈയില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ തലവര മാറി. ക്ലൈവ് ലോയ്ഡും ലാറി ഗോമസും ബാച്ചുസുമെല്ലാം ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. പക്ഷേ വീണ്ടും ഇന്ത്യയെ ഞെട്ടിച്ച് ജെഫ് ഡുജോണും മാല്‍ക്കം മാര്‍ഷലും പിടിച്ചുനിന്നു. എന്നാല്‍ മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ വിന്‍ഡീസ് 140ന് നിലംപൊത്തി. 73 പന്തുകള്‍ നേരിട്ട് 25 റണ്‍സെടുത്ത ഡുജോണിന്റെ കുറ്റി പിഴുത അമര്‍നാഥ് 51 പന്തില്‍ നിന്ന് 18 റണ്‍സെടുത്തിരുന്ന മാര്‍ഷലിനെ ഗാവസ്‌ക്കറുടെ കൈകളിലെത്തിച്ചു.

ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് വ്യാഴാഴ്ച 37 വയസ് തികയുകയാണ്. അന്നുവരെ കളിച്ച 52 ഏകദിനങ്ങളില്‍ 38 എണ്ണത്തിലും വിജയിച്ച വിന്‍ഡീസ് കരുത്തിനെയാണ് ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യ മറികടന്നത്. 1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങള്‍ക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയന്‍ പട തന്നെയായിരുന്നു. താരതമ്യേന ദുര്‍ബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തുപോലുമില്ല. എന്നാല്‍ അന്ന് കപിലും സംഘവും ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ പുതുചരിത്രം കുറിച്ചു. അന്ന് തുറന്നു കപിലിന്റെ ചെകുത്താന്‍മാര്‍ തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നത്.

 

 

 

×