June 26, 2026 |

‘നാല് പേരുള്ള നായർ തറവാട്ടിലെ കഥകൾ മാത്രമല്ല സിനിമയാകുന്നത്’, വ്യക്തമാകുന്നത് അടൂരിന്റെ മാടമ്പിത്തരമെന്ന് വി. എസ് സനോജ്

പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള മനോഭാവമാണ് പ്രശ്നം

സിനിമ കോൺക്ലേവിൽ സ്ത്രീകൾക്കെതിരെയും ദളിതർക്കെതിരെയും അധിക്ഷേപ പരാമർശം നടത്തിയതിൽ രൂക്ഷ വിമർശനമാണ് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനെതിരെ ഉയരുന്നത്. അതേസമയം, താൻ ആർക്കും എതിരായി സംസാരിച്ചിട്ടില്ലെന്ന വിശദീകരണവുമായി അടൂരും രം​ഗത്തെത്തിയിരുന്നു.

അടൂരിൻ്റെ മാടമ്പിത്തരവും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സംവിധായകൻ വി എസ് സനോജ് അഴിമുഖത്തോട് പറഞ്ഞു. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി എസ് സനോജ് സംവിധാനം ചെയ്യുന്ന അരിക് എന്ന ചിത്രം ഈ വർഷം ഫെബ്രുവരിയിലാണ് റിലീസ് ചെയ്തത്.

‘ഷാജി. എൻ. കരുണിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നതാണ്. മാടമ്പികളുടെ മനോഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഒരു പ്രശ്നമായാണ് ഇതിനെ കാണാൻ സാധിക്കുന്നത്.

എംപവർമെന്റ് പ്രോജക്ടിന്റെ ഒന്നരക്കോടിക്ക് ഭയങ്കരമായ നികുതി പണത്തിന്റെ മൂല്യം കൂട്ടിപറയുകയും ആ കാരണം കൊണ്ട് സ്ത്രീകൾക്കും ദളിതർക്കും സിനിമയെടുക്കാൻ പണം നൽകേണ്ടതില്ലെന്നുമാണ് അടൂർ പറഞ്ഞിരിക്കുന്നത്. അവർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നാണ് അദ്ദേഹത്തിൻ്റെ ഉപദേശം. പരിശീലനം നൽകുന്നതോ ഒരു കാര്യത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതോ തെറ്റാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. എന്നാൽ പറയുന്ന രീതിയിലും അവരുടെ മനോഭാവത്തിലുമാണ് പ്രശ്നം. പറഞ്ഞ കാര്യത്തിൽ മറ്റൊരു കാര്യം കൂടി ഒളിഞ്ഞിരിപ്പുണ്ട്. അടൂരിന്റെ വാക്കുകളിലെ ഉപവാചകമാണ് പ്രശ്നം.

ഒരു കാര്യം അതേ ഉദ്ദേശത്തോട് കൂടിയല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. ഉപവാചകത്തിലെ ധ്വനിയും രാഷ്ട്രീയവും ശ്രദ്ധിക്കേണ്ടതാണ്. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരെ അപമാനിക്കുന്ന തരത്തിലുള്ള ഒരു ധ്വനി അടൂരിന്റെ വാക്കുകളിലുണ്ടായിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെയാണ് വേദിയിൽ വെച്ച് തന്നെ അതിനോടുള്ള പ്രതിഷേധം അറിയിച്ചതും.

എൻഎഫ്ഡിസി (നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) ഇതുപോലുള്ള പ്രോജക്ട് കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ 19 വർഷമായി ചെയ്യുന്നുമുണ്ട്. അവിടെ എല്ലാവർക്കും പരിശീലനം കൊടുക്കണമെന്ന് അടൂർ പറഞ്ഞിട്ടില്ല. കെഎസ്എഫ്ഡിസിക്ക് (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ) ഇത്തരത്തിലൊരു പ്രോജക്ട് വരുമ്പോൾ അധിക ചെലവായിട്ടും ധൂർത്തടിക്കാനുള്ള വഴിയായിട്ടും പരിചയമില്ലാത്തവർ എടുക്കുന്ന എന്തൊക്കെയോ സിനിമകളായിട്ടും കണക്കാക്കുകയാണ് ചെയ്യുന്നത്.

അടൂരിന്റെ സിനിമാ ആഖ്യാനത്തോട് യോജിപ്പുള്ളത് പോലെ തന്നെ വിയോജിപ്പുമുണ്ട്. അടൂരെടുക്കുന്ന എല്ലാ സിനിമയും മികച്ച വിജയമായതല്ല, എന്നാൽ നല്ല സിനിമകൾ ചെയ്തിട്ടുമുണ്ട്. അടൂർ ചിന്തിക്കുന്നത് പോലെ 25 ലക്ഷത്തിൽ നാല് പേരുള്ള ഏതെങ്കിലും നായർ തറവാട്ടിൽ നടക്കുന്ന കഥകൾ മാത്രമല്ലല്ലോ ലോകത്ത് നടക്കുന്നത്. കഥയിലെ ആഖ്യാനത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് അതിൻ്റെ പ്രൊഡക്ഷനും വ്യത്യാസമുണ്ടാകും. സിനിമയിൽ എല്ലാ ജോലികളും കൃത്യമായി തന്നെ ചെയ്യേണ്ടതല്ലേ? ഇപ്പോൽ ലോകമെമ്പാടുമുള്ള സ്ക്രീനിങ്ങ് രീതികളെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ചുള്ള ഉപകരണങ്ങളും മറ്റും ഉപയോ​ഗിച്ചാണ് ഷൂട്ട് ചെയ്യുന്നതും. അതിനെല്ലാം പണം ആവശ്യമാണ്. ഒന്നര കോടി രൂപയാണ് പ്രൊഡക്ഷന് വേണ്ടി ലഭിക്കുന്നത്. അതിൽ 40 ലക്ഷം രൂപ മാർക്കറ്റിങ്ങിനാണ് ഉപയോ​ഗിക്കുന്നത്. അത് അവർ തന്നെ ഉപയോ​ഗിക്കുന്ന പണമാണ്. ഇതിൽ ഒരു കോടി 10 ലക്ഷം മാത്രമാണ് അപ്പോൾ പ്രൊഡക്ഷന് വേണ്ടി വരുന്നത്. ഇത് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി അനുഭവസമ്പത്തുള്ള പ്രൊഡക്ഷൻ കൺട്രോളറെ അവർ തന്നെ ലൈൻ പ്രൊഡ്യൂസറായി വെക്കുന്നുണ്ട്. അവർ തന്നെ ഫിനാൻസ് ഓഫീസറെയും വെക്കുന്നുണ്ട്. പല സെക്ഷനുകളിലുള്ള ​ഗ്രൂമിങ്ങ് കഴിഞ്ഞിട്ടാണ് വരുന്നതും. നിലവിൽ മെന്റർ പോലെ ഒരാളെക്കൂടി നിയമിക്കുന്നുണ്ട്. ഇതെല്ലാം കഴിഞ്ഞാണ് സിനിമയിറങ്ങുന്നത്. അപ്പോൾ അടൂരെന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.

സമത്വത്തിന് വേണ്ടി നിലകൊള്ളുന്നത് കൊണ്ടാണ് സംവരണത്തെ എതിർക്കുന്നതെന്ന് ചിലർ പറയാറുണ്ടല്ലോ? ശരിക്കും സംവരണത്തെ എതിർക്കുന്നത് സമത്വത്തിൽ വിശ്വസിക്കുന്നവരല്ല. സംവരണത്തോട് എതിർപ്പുള്ളത് കൊണ്ട് മാത്രമാണ് അവർ എങ്ങനെ ചെയ്യുന്നത്. ഇവിടെ അടൂർ ​ഗോപാലകൃഷ്ണൻ ചെയ്തതും അത് തന്നെയാണ്. മറ്റുള്ളവരെ നന്നാക്കാൻ വേണ്ടി പറയുകയാണെന്ന് വാദിക്കുമ്പോഴും ഇവരൊക്കെ ഒന്നുമറിയാതെ എന്ത് ചെയ്യാൻ വന്നതാണ് എന്ന തരത്തിലുള്ള മനോഭാവമാണ് കാണിച്ചുന്നത്,’ വി എസ് സനോജ് അഴിമുഖത്തോട് പറഞ്ഞു.

Content Summary: V.S. Sanoj criticises Adoor Gopalakrishnan for opposing Kerala govt’s funding for SC/ST and women filmmakers

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×