ഒരു തൊഴിൽമേഖലയെന്ന നിലയിൽ സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ച ചെയ്യാനുമായി സംഘടിപ്പിച്ച ചലച്ചിത്ര കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശം ചർച്ചയാവുകയാണ്. സിനിമ മേഖലയിലെ പട്ടിക ജാതി മുന്നേറ്റങ്ങളെയും രണ്ടു വർഷം മുമ്പ് നടന്ന കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ വർഷങ്ങളായി നേരിട്ടുക്കൊണ്ടിരുന്ന ജാതിവിരുദ്ധതയ്ക്ക് എതിരെ നടത്തിയ സമരത്തെയും റദ്ദു ചെയ്യുന്ന രീതിയിലായിരുന്ന അടൂരിന്റെ പരാമർശം. സംവരണം സീറ്റുകൾ അട്ടിമറിക്കുകയും പിന്നാക്ക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഗ്രാന്റുകൾ തടഞ്ഞു വയ്ക്കുകയും ചെയ്ത ഡയറക്ടർ ശങ്കർ മോഹനെതിരെ വിദ്യാർത്ഥികൾ ശബ്ദമുയർത്തിയപ്പോൾ അന്ന് ശങ്കറിന് പൂർണ്ണ പിന്തുണയുമായാണ് ചെയർമാനായ അടൂരെത്തിയത്.
വിദ്യാർത്ഥി സമരം ആളിക്കത്തിയതോടെ ഇരുവർക്കും രാജി വയ്ക്കേണ്ടി വന്നു. എന്നാൽ വീണ്ടും രണ്ട് വർഷങ്ങൾക്ക് ശേഷവും പൊതുവേദിയിൽ അടൂർ പ്രത്യക്ഷപ്പെട്ടത്. ആ നടപടിയെ സാധൂകരിച്ച് കൊണ്ടാണ്. സിനിമ കോൺക്ലേവിൽ അടൂർ നടത്തിയ പരാമർശം ഇങ്ങനെയാണ്;
”പട്ടിക ജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നും അല്ലാതെ അവർക്ക് ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം നൽകരുത്. ഒന്നരക്കോടി രൂപ വളരെ വലിയ തുകയാണ്. പലരും ചെയ്ത സിനിമകൾ വളരെ നിലവാരമില്ലാത്തതാണ്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമരം മോശമായിരുന്നു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനായിരുന്നു സമരം എന്നിങ്ങനെ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അടൂർ ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിൽ ഉൾപ്പെട്ടിരുന്നത്”.
ചലച്ചിത്ര മേളയിലൂടെ അന്ന് ചർച്ചയായ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആ സമരം ഫലം കണ്ടിരുന്നു. തങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് മാത്രം പ്രവർത്തിച്ചിരുന്ന ഡയറക്ടറും ചെയർമാനും സ്ഥാനമൊഴിഞ്ഞതോടെ നിലവിൽ നന്നായി പ്രവർത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് ഇത്തരത്തിലുള്ള പരാമർശം നടത്തിയതിൽ വിദ്യാർത്ഥികൾക്ക് എതിർപ്പുണ്ട്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരങ്ങളെക്കുറിച്ച് അറിയാത്ത ഒരാളാണ് ഇത്തരത്തിൽ ഒരു പരമാർശം നടത്തിയതെങ്കിൽ അംഗീകരിക്കാൻ സാധിച്ചേനെ. രാജി വച്ചതിന് ശേഷം ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയോ ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ പോകുന്നു എന്നതിനെക്കുറിച്ചോ അടൂർ തിരക്കിയിട്ടില്ലെന്ന് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർപേഴ്സണും 2022ലെ സമരത്തിൽ പങ്കാളിയുമായിരുന്ന ശ്രീദേവൻ കെ പെരുമാൾ അഴിമുഖത്തോട് പറഞ്ഞു. അന്ന് ഡയറക്ടറായിരുന്ന ശങ്കർ മോഹനെ വെള്ളപൂശാനുള്ള അവസരമായിട്ടാണ് അടൂർ ആ വേദിയെ കണ്ടത്. ഈ പരാമർശത്തിലൂടെ അടൂരിന്റെ നയവും ഞങ്ങളുടെ സമരം എന്തിനു വേണ്ടിയായിരുന്നു എന്നതും വ്യക്തമാണെന്നും ശ്രീദേവൻ വ്യക്തമാക്കി.
വിദ്യാർത്ഥികൾ ശങ്കർ മോഹന് എതിരെ പരാതി കൊടുത്ത സമയത്ത് പ്രശ്നം എന്താണെന്ന് കേൾക്കാനോ ഒത്തുതീർപ്പാക്കാനോ അടൂർ ശ്രമിച്ചിട്ടില്ല. ശങ്കർ മോഹനാണ് ശരിയെന്ന നിലപാട് ആയിരുന്നു അന്ന് അടൂരിന് ഉണ്ടായിരുന്നത്. ഏകദേശം 50 ദിവസത്തോളമാണ് ഞങ്ങൾ സമരം ചെയ്തത്. ശങ്കർ മോഹൻ രാജി വച്ചാലേ പിന്മാറുവെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അതോടെയാണ് സമരത്തിൽ നിന്ന് പിൻവാങ്ങിയതും. ആ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോൾ മനസിലായെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
ഫിലിം പോളിസി കോൺക്ലേവിൽ പല തരത്തിലുള്ള കാര്യങ്ങൾ ആണല്ലോ ചർച്ച ചെയ്തിരുന്നത്. അതിൽ തൊഴിലിടങ്ങളിൽ നേരിടുന്ന അരക്ഷിതാവസ്ഥയും, ജൂനിയർ ആർട്ടിസ്റ്റുകളായി പോകുന്ന ആളുകളുടെ പ്രശ്നങ്ങളും ഉൾപ്പെടെ ചർച്ച ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമാ മേഖലയിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് മുന്നിൽക്കണ്ട് സർക്കാർ മുൻകൈയെടുത്താണ് സിനിമ കോൺക്ലേവ് സംഘടിപ്പിച്ചത്. രണ്ട് ദിവസം നീണ്ടു നിന്ന പരിപാടിയുടെ ഉദ്ദേശ ലക്ഷ്യത്തെ മുഴുവനായി റദ്ദു ചെയ്ത് കളയുന്ന രീതിയിലായി പോയി അടൂരിന്റെ പരാമർശം. ഇത്തരം പ്രശ്നങ്ങൾ അഭിസംബോധന ചെയ്യേണ്ടുന്ന വേദിയിൽ വീണ്ടും വീണ്ടും ഇയാളെ വിളിക്കുന്നു എന്നതിനോട് എതിർപ്പുള്ളതായും ശ്രീദേവൻ വ്യക്തമാക്കുന്നു.
ഇതൊരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്. ഞങ്ങളോട് ഇപ്പോഴത്തെ ചെയർമാൻ പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്. ഇതൊരു ഫ്രീസ്പേസ് ആണ്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഡിഗ്രി കഴിഞ്ഞു വന്ന 21 വയസിന് മുകളിൽ പ്രായമുള്ളവരാണ്. സാമൂഹ്യബോധമുള്ള വിദ്യാർത്ഥികൾ തന്നെയാണ് ഞങ്ങൾ. ഇങ്ങനെയുള്ള ഒരു സ്പേസിൽ അച്ചടക്ക പ്രശ്നം ഉണ്ടാവുന്നില്ല. ഇത്തരത്തിൽ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവുമുള്ള സ്പേസ് ഉണ്ടെങ്കിലേ സിനിമയേ ആ രീതിയിൽ നോക്കി കാണാൻ സാധിക്കൂ. പ്രൊപ്പഗണ്ട ചിത്രങ്ങളിറക്കി അവയ്ക്ക് ദേശീയ അവാർഡ് കൊടുക്കുന്ന കാലമാണിത്. ഇങ്ങനെയൊരു കാലത്ത് ഇത്തരം പ്രശ്നങ്ങൾക്ക് എതിരെ സംസാരിക്കാൻ ഒരിടം ആവശ്യമാണ് അത്തരത്തിലൊരു സ്പേസാക്കി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ മാറ്റാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഞങ്ങളുടെ സമരങ്ങളും അതിനു വേണ്ടിയായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെയാണ് നടക്കുന്നതെന്ന് അറിയില്ലെന്ന് അടൂർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വർഷം മുമ്പ് വരെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചിരുന്നത് ഇവിടുത്തെ മുൻ ഡയറക്ടർമാരോ ചെയർമാൻമാരോ മുഖേന ലഭിച്ചിട്ടുള്ള ഉപകരണങ്ങൾ കൊണ്ടാണ്. എന്നാൽ ഈ വർഷം പുതിയ ഉപകരണങ്ങൾ എത്തുന്നുണ്ട്. എല്ലാത്തരത്തിലുള്ള മാറ്റവും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാവുന്നുണ്ട്. ഇത്തരം മാറ്റങ്ങളെയെല്ലാം റദ്ദു ചെയ്ത് കൊണ്ടായിരുന്നു അടൂരിന്റെ പരാമർശം. രാജ്യാന്തര മേളകളിലേക്കും ഇവിടുന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്. അടൂരിന് ശേഷം വന്ന ഡയറക്ടറും ചെയർമാനും ആണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നത്.
വിദ്യാർത്ഥികൾ നടത്തിയ സമരത്തിലൂടെ സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പൂർണ്ണ പിന്തുണ ലഭിച്ചിരുന്നു. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവാരവും ഉയർന്നിട്ടുണ്ട്.
സർക്കാരിൽ നിന്നുള്ള പിന്തുണയും എടുത്തു പറയേണ്ടത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷത്തേതിനെക്കാൾ ഇരട്ടി തുകയാണ് സർക്കാർ അനുവദിച്ച് നൽകിയിരിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള ഫണ്ടിന് വേണ്ടിയും അപേക്ഷ നൽകിയിരുന്നു. അതിന് വേണ്ടിയുള്ള ചർച്ചകൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഈ ശ്രമങ്ങൾക്കിടയിലാണ് അടൂരിന്റെ പരാമർശം. അന്ന് തീരുമാനങ്ങൾ എടുത്തിരുന്നത് അന്നത്തെ ചെയർമാൻ ആയിരുന്ന അടൂരും ചെയർമാൻ ആയിരുന്ന ശങ്കർ മോഹനും ആയിരുന്നു എന്നാൽ ഇന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും ഇത്തരം ചർച്ചകളിൽ ഉൾപ്പെടുത്തുന്നുണ്ട്. നന്നായി പോകുന്ന ഒരു സ്ഥാപനത്തെ വസ്തുതകൾ തിരക്കാതെ കരിവാരി തേക്കാനുള്ള ശ്രമം കൂടിയാണ് അടൂർ നടത്തിയതെന്ന് ശ്രീദേവൻ പറഞ്ഞു.
content summary: The chairperson of the K.R. Narayanan Film Institute asks, “Isn’t Adoor’s policy and the goal of our struggle clear?”