June 26, 2026 |

ചരിത്രവും സംസ്കാരവും തേടി ഒരു സഞ്ചാരി; ഗൗരിയുടെ കഥകൾ എന്ന യാത്ര ലോകം

യാത്രകളെ വെറും കാഴ്ചകളായി മാത്രമല്ല, മറിച്ച് ഓരോ നാടിൻ്റെയും ചരിത്രവും സംസ്കാരവും മനുഷ്യ ജീവിതങ്ങളെയും രേഖപെടുത്തുന്നതാണ്

‘ജീവിതത്തിൽ ഇനി ഒരു സ്ഥലത്തേക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞാൽ ഞാൻ തിരഞ്ഞെടുക്കുക വാരണാസി ആയിരിക്കും. എൻ്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതൽ സ്വപ്നം കണ്ട് ഞാൻ ആദ്യമായി പോയ സോളോ യാത്ര അത് വാരാണസിയിലേക്കായിരുന്നു. എൻ്റെ അമ്മ വീട് പോലെയാണ് എനിക്ക് വാരണാസി. എല്ലാ വർഷവും ഞാൻ വാരണാസിയിലേക്ക് ഒരു യാത്ര പോകും എൻ്റെ നാട്ടിലുള്ളതിനേക്കാൾ എനിക്ക് പരിചയക്കാർ വാരാണസിയിലാണുള്ളത്. ജീവിതത്തിൽ എന്നെ അത്രമേൽ സ്വാധീനിച്ച വേറെ ഒരു സ്ഥലമില്ല. ജീവിതത്തെ വളരെ സരസമായി കാണാനും മരണം എന്നത് സ്വാഭാവികമാണെന്നും ജീവിതത്തിൻ്റെ വെറും ഭാഗം മാത്രം ആണെന്നും മനസിലാക്കി തരാൻ വാരാണസിയെക്കാളും മികച്ച വേറെ സ്ഥലമില്ല’…. സോളോ ട്രാവലർ ആയ ഗൗരിയുടെ വാക്കുകളാണിവ.

‘ഗൗരിയുടെ കഥകൾ’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രദ്ധേയമായ ഗൗരി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ തനിച്ച് സഞ്ചരിച്ചു തൻ്റെ യാത്രനുഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പൊതു ജനങ്ങളുമായി പങ്കുവയ്ക്കുന്നു. യാത്രകളെ വെറും കാഴ്ചകളായി മാത്രമല്ല, മറിച്ച് ഓരോ നാടിൻ്റെയും ചരിത്രവും സംസ്കാരവും മനുഷ്യ ജീവിതങ്ങളെയും രേഖപെടുത്തുന്ന സഞ്ചാരിയാണ് ആലപ്പുഴ സ്വദേശിയായ ഗൗരി. സാധാരണ കണ്ട് വരുന്ന യാത്ര വിവരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ആ നാടിൻ്റെ ,ചരിത്രത്തെയും,സംസ്‍കാരത്തെയും, അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളെയും കോർത്തിണക്കിയാണ് ഗൗരി തൻ്റെ യാത്രകൾ അവതരിപ്പിക്കുന്നത്.

കഥകൾ തേടിയുള്ള യാത്ര

യാത്രകളോടും ഭക്ഷണങ്ങളോടും വളരെയേറെ താല്പര്യമുള്ള അച്ഛൻ രവികുമാറിൽ നിന്നാണ് ഗൗരിക്കും യാത്രകളോട് പ്രണയം തോന്നി തുടങ്ങിയത്. ഓരോ യാത്രകൾക്ക് ശേഷവും അച്ഛൻ പറഞ്ഞു തരുന്ന കഥളിൽ നിന്ന് യാത്രയെ ഇഷ്ട്ടപെടുകയും പിന്നീട് തനിച്ചു യാത്ര ചെയ്യാനുള്ള പ്രചോദനവുമായി കണ്ടു. കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാ ഞായറാഴ്ചകളിലും അടുത്ത സ്ഥലങ്ങളിലേക്ക് യാത്ര പോകുമായിരുന്നു. അതായിരുന്നു തുടക്കം. ചെന്നൈയിൽ നിന്ന് കാഞ്ചിപുരത്തേക്കുള്ള യാത്രയായിരുന്നു ഗൗരിയുടെ ആദ്യ യാത്ര.

ഗൗരി

ഇങ്ങനെ ചെറിയ യാത്രകളിൽ തുടങ്ങി ഇന്ന് ഗൗരി ഇന്ത്യയുടെ പല ഭാഗങ്ങൾ സന്ദർശിക്കുകയും കൂടാതെ ചൈന, നേപ്പാൾ,ഇൻഡോനേഷ്യ, എന്നീ രാജ്യങ്ങളിൽ യാത്ര ചെയ്യുകയും പല ജീവിതങ്ങളെയും സംസ്‍കാരത്തെയും രുചികളെയും മനസിലാക്കി സാധാരണക്കാരായ മനുഷ്യരോട് സംസാരിച്ചു അവരുടെ ജീവിതവും കഥകളും അറിയുകയും അത്‌ ജനങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുന്നു. ഓരോ യാത്രക്ക് ശേഷവും അച്ഛനോട് തന്റെ യാത്ര വിശേഷങ്ങളും കഥകളും ഗൗരി പറയാറുണ്ടായിരുന്നു. പെട്ടന്ന് ഉണ്ടായ അച്ഛന്റെ മരണത്തിന് ശേഷം തന്റെ യാത്രകളുടെ കഥകൾ അച്ഛനോടെന്നെ പോലെ പറയാൻ അച്ഛനെ നഷ്ടപ്പെട്ട ശ്യൂനതയെ മറികടക്കാൻ ഇൻസ്റ്റാഗ്രാമിൽ റീൽസിലൂടെ ഗൗരി തന്റെ യാത്രയുടെ വിശേഷങ്ങളും ചരിത്രവും പങ്ക് വെക്കാൻ തുടങ്ങി.

നാടും രുചികളും

ഓരോ യാത്രയിലും പുതിയ രുചികൾ തേടുക എന്നത് ഗൗരിയുടെ യാത്ര ശീലങ്ങളിൽ പ്രധാനമാണ്. സ്വധേവാ ഭക്ഷണപ്രിയയായ ഗൗരി ഓരോ നാട്ടിലെയും തനത് ഭക്ഷണം രീതികളെ ആസ്വദിച്ചു കഴിക്കുകയും ആ വിഭവങ്ങളിൽ മറഞ്ഞിരിക്കുന്ന രുചി വൈവിധ്യങ്ങളെ മനസിലാക്കി അവർ ജനങ്ങൾക്കായി പങ്ക് വയ്ക്കുന്നു. ഗൗരി പങ്കുവച്ച പ്രശസ്തമായ ചില ഭക്ഷണങ്ങളാണ് പഞ്ചാബ് ഗുൽച്ച. റൊട്ടിയുമായി സാമ്യമുള്ള ഒരു നാനാണ് ഗുൽച്ച. വെളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞ് റൊട്ടിക്ക് മുകളിൽ വിതറി ചുട്ടെടുക്കുന്നു. എന്നിട്ട് അതിനു മുകളിൽ വെണ്ണ ഒഴിക്കും. ഗ്രീൻപീസ് കറിക്കും ടോമാറ്റർ ചട്ട്ണിക്കും ഒപ്പമാണ് കുൽച്ച വിളമ്പുക.

ബാലിയിലെ നാസി അഥവാ റൈസ് ഇതിനോടപ്പം ലഭിക്കുന്ന മീൻ പൊരിച്ചതും മീൻ തലയുടെ സൂപ്പും ഇത് ബാലിയിലെ പ്രശസ്തമായ റെസ്റ്റോറൻ്റിലെ വിഭവമാണ്. ഉത്തരേന്ത്യയിൽ പ്രശസ്തമായ വിഭവമാണ് ലക്ക്നൗ കുൽച്ച നിഹാരി. പത്തു മുതൽ പന്ത്രണ്ട് മണിക്കൂർ വരെ അടുപ്പിൽ വെച്ച് കാച്ചി കുറുക്കിയ മട്ടൻ കറിയാണ് ഇത്. ഇതിന് പുറമേ കോഴിക്കോടൻ ഹൽവ, ചെട്ടിനാട് സമയൽ കാഠ്മണ്ഡുവിലെ യൊമാരി, എന്നിവയും ധാരാളം തെരുവോര കടകളിൽ നിന്നുള്ള ഭക്ഷണങ്ങളും തൻ്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘ഗൗരിയുടെ യാത്രകൾ’, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു പ്രചോദനമാണ്. യാത്ര എന്നത് വിനോദത്തിനപ്പുറം ഓരോ നാടും സംസ്കാരവും തൊട്ടറിയുകയും അവരുടെ ജീവിതങ്ങളെ മനസിലാക്കുകയും ചെയ്യുക എന്നത് കൂടിയാണ്. ഓരോ യാത്രക്ക് മുൻപും ആ സ്ഥലത്തെ കുറിച്ച് കൂടുതൽ പഠിക്കുകയും മനസിലാക്കുകയും ചെയ്യുകയും യാത്രകളെ കേവലം കാഴചകളിൽ ഒതുക്കാതെ ആ നാടിൻ്റെ ചരിത്രവും കഥകളുമായി ഗൗരി പങ്കുവെക്കുന്നു.

ഇനിയും മടുക്കാതെ യാത്ര ചെയ്യണം ഒത്തിരി കഥകൾ പറയണം, പഴമകളുടെയും, നാടൻ ജീവിത രീതികളുടെയും, മനുഷ്യ ബന്ധങ്ങളുടെയും കഥകൾ,എന്ന ലക്ഷ്യത്തോടെ ഗൗരിയുടെ യാത്രകളും കഥകളും തുടരുന്നു.

Content Summary: A traveler in search of history and culture; Gauri’s stories are a journey around the world

ഫാത്തിമ ജിന്‍സിന

ഫാത്തിമ ജിന്‍സിന

അഴിമുഖത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഫാത്തിമ ജിന്‍സിന

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×