UPDATES

ലോക ജേതാക്കളായ ആ പെണ്‍കുട്ടികളെ അപമാനിച്ച ചുംബനം

റൂബിയെല്‍സും ബ്രിജ്ഭൂഷണുമൊക്കെയാണ് വനിത താരങ്ങളുടെ യഥാര്‍ത്ഥ എതിരാളികള്‍

                       

ഞായറാഴ്ച്ച രാത്രി സിഡ്‌നി സ്റ്റേഡിയത്തില്‍ നടന്ന വനിത ലോക കപ്പ് ഫുട്‌ബോള്‍ ഫൈനല്‍. കളിയുടെ ആദ്യ പകുതിയിലെ 29 ആം മിനിട്ട്. ഗോള്‍ പോസ്റ്റിലേക്കു കുതിച്ചു പാഞ്ഞെത്തിയ പന്ത് കൈയിലൊതുക്കാന്‍ ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ മേരി എര്‍പ്‌സി പരാജയപ്പെട്ട, ആ നിമിഷത്തില്‍ സ്‌പെയിന്‍ ചരിത്രമെഴുതി. അവരുടെ വനിത ഫുട്‌ബോള്‍ ടീം ഇതാദ്യമായി ലോക കപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ജര്‍മനിക്ക് പിന്നാലെ, പുരുഷ-വനിത ഫുട്‌ബോള്‍ ലോക കിരീടം നേടുന്ന രണ്ടാമത്തെ രാജ്യമാണ് ഇനിയവര്‍.

സ്പാനീഷ് ജനതയെ ഒന്നടങ്കം ഉന്മാദത്തിലാക്കിയ വിജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ ഓള്‍ഗ കര്‍മോനയുടെ ഗോളായിരുന്നു. ആ 22 കാരിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിനം. ഗാലറിയിലിരിക്കുന്ന അമ്മയുടെയും ചേട്ടന്റെയും സാന്നിധ്യത്തില്‍ തന്നെയവള്‍ തന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ നേട്ടം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, മൈതാനത്ത് ഓള്‍ഗയെ തേടിയെത്തിയ സ്പാനിഷ് ഓഫീഷ്യലിന് അവളോട് പങ്കുവയ്ക്കാനുണ്ടായിരുന്നത്, ഏറ്റവും മോശമായൊരു വാര്‍ത്തയായിരുന്നു; പിതാവിന്റെ മരണ വാര്‍ത്ത.

ഫൈനലിന് രണ്ട് ദിവസം മുമ്പാണ്, ദീര്‍ഘകാലമായി രോഗാവസ്ഥയിലായിരുന്ന പിതാവ് മരിക്കുന്നത്. ഫൈനലിന് തയ്യാറെടുക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ഓള്‍ഗയോട് വിവരം മറച്ചുവയ്ക്കാമെന്നത് കുടുംബത്തിന്റെ തീരുമാനമായിരുന്നു. ഒന്നും അറിയിക്കാതെയാണ് അമ്മയും സഹോദരനും ഫൈനല്‍ കാണാന്‍ സിഡ്‌നിയിലെത്തിയത്.

എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോള്‍ റിയല്‍ മാഡ്രിഡിന്റെ ലൈഫ്റ്റ് ബാക്ക് തന്റെ സാമൂഹ്യ മാധ്യമ പേജില്‍ ഇങ്ങനെ കുറിച്ചു;

‘എനിക്കറിയാം, ഈ രാത്രി താങ്കള്‍ എന്നെ തന്നെ കണ്ടു കൊണ്ടുകൊണ്ടിരിക്കുകയാണെന്ന്, എന്നെയോര്‍ത്ത് അഭിമാനം കൊള്ളുന്നുണ്ടെന്ന്…’ ഒപ്പം, മെഡല്‍ ചുംബിച്ചു നില്‍ക്കുന്ന തന്റെ ചിത്രവും ചേര്‍ത്തു.

ഓള്‍ഗ കര്‍മോന

സ്വന്തം രാജ്യത്തും ലോകത്തും ആഘോഷപ്പെട്ടുകൊണ്ടേയിരിക്കുന്ന പുരുഷ കായിക താരങ്ങള്‍ക്കൊപ്പം ഓള്‍ഗ കര്‍മോന-യെ പോലുള്ള സ്ത്രീകള്‍ ഉണ്ടാകുമോയെന്നറിയില്ല. ഓള്‍ഗയുടെയും കൂട്ടുകാരികളുടെയും നേട്ടങ്ങള്‍ക്ക് തിളക്കം വേഗത്തില്‍ കുറഞ്ഞുപോയേക്കാം. കായിക മേഖല ഇപ്പോഴും വനിതകളെ കൂടുതലായും സൈഡ് ബഞ്ചില്‍ ഇരുത്തിയിരിക്കുകയാണ്. മറ്റൊരു വശത്ത്, വനിത താരങ്ങള്‍ നിരന്തരമായ അടിച്ചമര്‍ത്തലുകള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരകളായിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യന്‍ വനിത ഗുസ്തി താരങ്ങള്‍ ഉദ്ദാഹരണം.

സ്‌പെയിന്‍ വനിത ഫുട്‌ബോള്‍ ടീം, താരങ്ങളുടെ കലാപങ്ങളുടെ പേരിലായിരുന്നു ഞായറാഴ്ച്ചയ്ക്ക് മുമ്പ് വരെ വാര്‍ത്തകളായിക്കെണ്ടിരുന്നത്. കോച്ച് ഹോര്‍ഹെ വില്‍ഡയെ ചോദ്യം ചെയ്തതിന്റെ പേരില്‍ പല പ്രതിഭകള്‍ക്കും ടീമിലെ സ്ഥാനം തെറിച്ചിരുന്നു. ആ തിരിച്ചടികള്‍ മറികടന്നാണ് ഓള്‍ഗയും സംഘവും രാജ്യത്തിന് അഭിമാനമായത്.

സ്പാനിഷ് വനിത ടീം കാലങ്ങളായി അവിടെ നടക്കുന്ന വിവേചനങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും പേരുദോഷം ചുമന്നുകൊണ്ടിരിക്കുകയാണ്.

സ്‌പെയിന്റെ ആദ്യ വനിത ലോക കിരീടം വിജയം തന്നെ വാര്‍ത്തയായിരിക്കുന്നത് മറ്റൊരു തരത്തിലാണ്; ഒരു ചുംബനത്തിന്റെ പേരില്‍.

സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയെല്‍സ് ഒരു ടീം അംഗത്തോട് തന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ ഏകപക്ഷീയമായി തെരഞ്ഞെടുത്ത രീതി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായപ്പോള്‍, ആ സ്ത്രീകളും അവരുടെ അദ്ധ്വാനവും വിജയവും മൊത്തത്തില്‍ അപമാനിക്കപ്പെടുകയാണുണ്ടായത്.

ലോക കപ്പ് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് വിജയികളായ ടീമിലെ കളിക്കാര്‍ക്ക് മെഡലുകള്‍ സമ്മാനിക്കുന്ന ചടങ്ങിലാണ് റൂബിയെല്‍സ് തന്നിഷ്ടം കാണിച്ചത്. സ്പാനീഷ് ഫോര്‍വേഡ് ജെന്നിഫര്‍ ഹെര്‍മോസോയെ ആവേശത്തോടെ കടന്നു പിടിച്ചുകൊണ്ട് റൂബിയെല്‍സ് ആദ്യം അവളുടെ കവിളുകളിലും പിന്നീട് ചുണ്ടിലും ചുംബിക്കുകയായിരുന്നു. സ്‌പെയ്ന്‍ രാജ്ഞി ലെറ്റീസിയയുടെ സാന്നിധ്യത്തില്‍.

ആ ചുംബനം എല്ലാ സന്തോഷത്തെയും അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു ജെന്നിഫറിന്. അവരത് പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. ടീമിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായ മറ്റൊരു വീഡിയോയില്‍ റൂബിയെല്‍സിന്റെ ചുംബനത്തിലുള്ള അനിഷ്ടം വ്യക്തമാക്കിക്കൊണ്ട് ജെന്നിഫര്‍ പറഞ്ഞത്, ‘ എനിക്കത് ഒട്ടും ഇഷ്ടമായില്ല’ എന്ന് തന്നെയാണ്.

ജെന്നിഫര്‍ ഹെര്‍മോസോയെ ചുംബിക്കുന്ന ലൂയിസ് റൂബിയെല്‍സ്

സോഷ്യല്‍ മീഡിയയില്‍ ആ വാരിപുണരലും ചുംബനവും വൈറലായി മാറിയിട്ടുണ്ട്. ഒപ്പം വിമര്‍ശങ്ങളും. റൂബിയെല്‍ലസിന്റെ പെരുമാറ്റം മോശമായിപ്പോയി എന്നാണ് സ്‌പെയിന്‍കാര്‍ കുറ്റപ്പെടുത്തുന്നത്. വനിത ഫുട്‌ബോള്‍ ലോകത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളാണ് ഈ പ്രവര്‍ത്തി ചൂണ്ടിക്കാണിക്കുന്നതെന്ന് ചിലര്‍ ആരോപിക്കുമ്പോള്‍, റൂബിയെല്‍സ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. എന്തായാലും ഈ വിവാദത്തില്‍ ഇതുവരെ ലൂയിസ് റൂബിയെല്‍സോ, സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനോ യാതൊന്നും പ്രതികരിച്ചിട്ടില്ല.

ആളുകള്‍, അടിസ്ഥാനമില്ലാതെ ക്ഷോഭിക്കുന്നതല്ല. ഈ ചുംബന വിവാദം പലതും ഓര്‍മിപ്പിക്കുന്നുണ്ട്. സ്പാനീഷ് വനിത ഫുട്‌ബോള്‍ ലോകത്ത് നടക്കുന്ന നെറികേടുകള്‍ തന്നെയാണത് ഓര്‍മിപ്പിക്കുന്നത്. 27 വര്‍ഷക്കാലം സ്‌പെയിന്‍ ദേശീയ വനിത ടീമും നിയന്ത്രിച്ചിരുന്നത് ഹോര്‍ഹെ വില്‍ഡ എന്ന കോച്ചായിരുന്നു. അയാളുടെ ഏകാധിപത്യ ഭരണമായിരുന്നു. തനിക്ക് താത്പര്യമില്ലാത്ത കളിക്കാരെ ‘ പക്വതയില്ലാത്ത പെണ്‍കുട്ടികള്‍’ എന്നു പുച്ഛിച്ച് പുറത്താക്കുന്നതിലായിരുന്നു വില്‍ഡ കുപ്രശസ്തനായത്. നിരവധി കളിക്കാരുടെ ഭാവി അയാള്‍ തകര്‍ത്തു.

എല്ലാം സഹിച്ച് തുടരാന്‍ തങ്ങള്‍ തയ്യാറാല്ലെന്ന് പ്രഖ്യാപിച്ച് ഹോര്‍ഹെ വില്‍ഡയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഒടുവില്‍ കളിക്കാര്‍ തയ്യാറായി. വില്‍ഡയുടെ കീഴില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് തന്നെയവര്‍ പറഞ്ഞു. 15 കളിക്കാര്‍ ഫെഡറേഷന് നല്‍കിയ കത്തില്‍ പരിശീലക സ്ഥാനത്ത് നിന്നും വില്‍ഡയെ ഒഴിവാക്കണമെന്നും, അല്ലാത്തപക്ഷം ദേശീയില്‍ ടീമില്‍ തങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. ആദ്യമെല്ലാം വില്‍ഡയെ സംരക്ഷിച്ചു തന്നെയാണ് ഫെഡറേഷന്‍ നിന്നതെങ്കിലും 2015 ല്‍ രണ്ടര പതിറ്റാണ്ടിന് മുകളിലെത്തിയ അയളുടെ ‘ സേവനം’ ഫെഡറേഷന്‍ അവസാനിപ്പിച്ചു.

സ്‌പെയ്ന്‍ പുരുഷ ടീമിന് കിട്ടുന്ന അംഗീകരമോ സൗകര്യങ്ങളോ വനിത ടീമിന് കിട്ടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഈ കിരീട വിജയം കാര്യങ്ങള്‍ മാറ്റുമെന്നും വിശ്വാസമില്ല. തങ്ങളെ രണ്ടാം നിരയായാണ് പരിഗണിക്കുന്നതെന്ന് താരങ്ങള്‍ തന്നെയാണ് പരാതിപ്പെടുന്നത്. ഫെഡറേഷന്‍ അധികാരികള്‍ യാതൊരു മര്യാദയും കാണിക്കുന്നില്ല, പുരുഷ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന തരത്തില്‍ കായിക സൗകര്യങ്ങളോ ആരോഗ്യപരിരക്ഷകളോ തങ്ങള്‍ക്ക് നല്‍കുന്നില്ല, വളരെ പരിമിതമായ തോതിലാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നതെന്നും വനിത താരങ്ങള്‍ പരാതിപ്പെടുന്നു. അടിച്ചമര്‍ത്തലിന്റെ അന്തരീക്ഷമായിരുന്നു, മുന്‍ പരിശീലകന്‍ ഹോര്‍ഹെ വില്‍ഡ സൃഷ്ടിച്ചു വച്ചിരുന്നത്. എപ്പോഴും എവിടെയും തങ്ങള്‍ നിരീക്ഷക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു; വനിത താരങ്ങള്‍ നേരിട്ടതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ബുദ്ധിമുട്ടുകള്‍ പറയുന്നു.

പരിശീലകനും ഫെഡറേഷനുമെതിരേ പലതവണയായി കളിക്കാര്‍ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. വനിത കളിക്കാരോടുള്ള വളരെ മോശമായ പെരുമാറ്റവും വ്യക്തിതാത്പര്യത്തോടെ ദേശീയ ടീമിലേക്ക് താരങ്ങളെ പരിഗണിക്കാതിരിക്കുകയും, ഒഴിവാക്കുകയും ചെയ്യുന്നതുമാണ് കളിക്കാരെ കലാപങ്ങള്‍ക്കായി പ്രകോപിതരാക്കിയത്. ഫെഡറേഷന്‍ പ്രസിഡന്റിന്റെ തന്നിഷ്ടത്തിന് ഇരയാകേണ്ടി വന്ന ജെന്നിഫര്‍ ഹെര്‍മോസോയും ഇത്തരം പ്രതിഷേധങ്ങളെ നയപരമായി പിന്തുണച്ച താരമാണ്.

എന്തെല്ലാം പ്രതിസന്ധികളാണ് സ്‌പെയിന്റെ വനിത ദേശീയ ടീം നേരിട്ടത്. എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ടാണ് അവര്‍ ലോക ചാമ്പ്യന്മാരായത്. പക്ഷേ, ആ വിജയത്തെ വിവാദത്തിന്റെ നിഴലിലേക്ക് തള്ളിയിടുകയാണ് ഉണ്ടായിരിക്കുന്നത്.

വനിത ഫുട്‌ബോള്‍ ലോക കിരീടം നേടിയ സ്‌പെയിന്‍ ടീം

ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റൂബിയെല്‍സിന്റെതായി പുറത്തു വന്ന മറ്റൊരു വീഡിയോയില്‍ പറയുന്നത്, ലോക കിരീടം നേടിയതിനുള്ള സമ്മാനമായി കളിക്കാര്‍ക്ക് ഇബിസ(ഒരു മെഡിറ്ററേനിയന്‍ ദ്വീപ്)യിലേക്ക് വിനോദ യാത്ര ഒരുക്കുമെന്നാണ്. ഇതിന്റെ കൂട്ടത്തില്‍ അയാള്‍ പറയുന്ന മറ്റൊരു കാര്യം; തന്റെയും ജെന്നിഫര്‍ ഹെര്‍മോസോയുടെയും വിവാഹ ആഘോഷത്തിനുള്ള അവസരം കൂടിയായിരിക്കും അതെന്നാണ്.

എന്നാല്‍, റൂബിയെല്‍സിനും ഹെര്‍മോസോയ്ക്കും ഇടയില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്നത് ആര്‍ക്കും അറിയാത്ത കാര്യമാണ്. ആ വിവാഹ പ്രഖ്യാപനം ഇപ്പോഴത്തെ ചുംബന വിവാദത്തിനുള്ള അയാളുടെ പരോക്ഷ മറുപടിയായും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്.

സഹ കളിക്കാരുമായി ലോക്കര്‍ റൂമില്‍ വച്ചുള്ള ആഘോഷങ്ങള്‍ക്കിടയില്‍ ഹെര്‍മോസ് പറഞ്ഞത് ആ ചുംബനം അവള്‍ക്ക് ഇഷ്ടമായില്ലെന്ന് തന്നെയാണ്.

സ്‌പെയ്‌നിലെ ഏറ്റവും പ്രമുഖമായ ദിനപത്രം എല്‍ പൈസ്-ന്റെ എഡിറ്റര്‍ നാദിയ ട്രോഞ്ചോനി ഞായറാഴ്ച്ചത്തെ വിജയത്തെക്കുറിച്ച് ഒരു വിശകലനം എഴുതിയിരുന്നു. അതിലവര്‍ പറയുന്നത്, കിരീട നേട്ടത്തിന് അപ്പുറമുള്ള വിജയം ആണിതെന്നാണ്. വനിത താരങ്ങള്‍ അംഗീകാരത്തിനായി ദീര്‍ഘകാലമായി പോരാട്ടം നടത്തുകയായിരുന്നുവെന്നാണ് നാദിയ ചൂണ്ടിക്കാണിക്കുന്നത്. ആ സ്ത്രീകളുടെ പിടിവാശി ഒടുവില്‍ പുരുഷാധിപത്യത്തെ പരാജയപ്പെടുത്തിയെന്നത് ഈ രാജ്യത്തെ പെണ്‍കുട്ടികള്‍ ആഘോഷിക്കുകയാണെന്നും അവര്‍ എഴുതുന്നു. അതേസമയം തന്നെ നാദിയ ട്രോഞ്ചോനി എഴുതുന്ന വസ്തുതയൊന്നുണ്ട്; റൂബിയെല്‍സിന്റെ ചുംബനം ഓര്‍മിപ്പിക്കുന്നത്, മുന്നോട്ട് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നാണ്.

വാസ്തവം തന്നെയാണത്, സ്‌പെയിനില്‍ ആയാലും ഇന്ത്യയിലായാലും പുരുഷന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും നിറഞ്ഞ ഏകാധിപത്യ അന്തരീക്ഷത്തിലുള്ള കളിക്കളത്തിലാണ് സ്ത്രീകള്‍ക്ക് അവരുടെ രാജ്യത്തിന് വേണ്ടി പോരാടേണ്ടി വരുന്നത്. അവരുടെ യഥാര്‍ത്ഥ എതിരാളികള്‍ എതിരെ മത്സരിക്കുന്നവരല്ല, ലൂയിസ് റൂബിയെല്‍സിനെയും ബ്രിജ്ഭൂഷണെയും പോലുള്ളവരാണ്.

Share on

മറ്റുവാര്‍ത്തകള്‍