UPDATES

വായിച്ചോ‌

ആ ചുംബനം അത്ര എളുപ്പമല്ലായിരുന്നു

സ്‌പെഡര്‍മാന്‍-മേരി ജെയ്ന്‍ ചുംബനത്തിനു പിന്നിലെ കഥ

                       

2002-ലെ സ്പൈഡർമാൻ എന്ന സിനിമയിൽ ടോബി മാഗ്വെയറും കിർസ്റ്റിൺ ഡൺസ്റ്റും ഹോളിവുഡിലെ അവിസ്മരണീയമായ ചുംബനങ്ങളിൽ ഒന്നിനാണ് പിറവി നൽകിയത്. കുട്ടികളുടെയും മുതിർന്നവരുടെയും ആരാധക ഹൃദയം ഒരു പോലെ കീഴടക്കിയ മാർവൽ സൂപ്പർ ഹീറോ ആണ് സ്പൈഡർ മാൻ. 2002 ൽ സാം റൈമിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്പൈഡർ മാനിൽ ഏറെ ചർച്ചയായ രംഗമായിരുന്നു തലകീഴായി കിടക്കുന്ന സ്പൈഡർ മാന്റെ മുഖം മൂടി പകുതി മാത്രം നീക്കി മേരി ജെയ്ൻ ചുംബനം നൽകുന്നത്. എന്നാൽ ഈ രംഗം ചിത്രീകരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് പറയുകയാണ് കിർസ്റ്റിൺ ഡൺസ്റ്റ്.

സ്പൈഡർ മാനെ പുനരുജ്ജീവിപ്പിക്കുന്നു എന്ന് തോന്നുന്ന തരത്തിലുള്ള അവിസ്മരണീയ നിമിഷമായത് സ്‌ക്രീനിൽ അനുഭവപ്പെടണമെന്നായിരുന്നു സംവിധായകൻ സാം റൈമിയുടെ ആവശ്യം എന്നാണ് മേരി ജെയ്ൻ വാട്‌സൻ്റെ വേഷം ചെയ്ത കിർസ്റ്റൺ, പറയുന്നത്.

‘ സിനിമയിൽ, കോരിച്ചൊരിയുന്ന മഴയിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന സ്പൈഡർമാന് ഒരു “നന്ദി” ചുംബനം നൽകുന്നതിനായി മേരി ജെയ്ൻ സ്പൈഡർമാൻ്റെ (ടോബി) മുഖംമൂടി പാതിവഴിയിൽ നീക്കം ചെയ്യുന്ന രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുന്നതിനു മുന്നോടിയായി സംവിധായകൻ സാം റൈമി തനിക്ക് പ്രശസ്തമായ ‘ബുക്ക് ഓഫ് കിസ്സസ്’ എന്ന പുസ്തകം നൽകിയിരുന്നു. മാത്രമല്ല ആ രംഗം വളരെ പ്രത്യേകതയുള്ളതാക്കാൻ അദ്ദേഹം വളരെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.  അതുകൊണ്ടു തന്നെ എന്റെ ചുംബനം അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചത്. രംഗത്തിൽ മഴപെയ്യുന്നതിനാൽ ടോബിക്ക് ശ്വസിക്കാൻ സാധിച്ചിരുന്നില്ല.’  ഐടിവിയുടെ ജോനാഥൻ റോസ് ഷോയിലാണ് കിർസ്റ്റിൺ ഡൺസ്റ്റ് ഇക്കാര്യങ്ങൾ പറഞ്ഞത്.

താൻ ഈ രംഗം ചിത്രീകരിക്കുന്നതിന് വേണ്ടി കഠിന പ്രയത്നം നടത്തി എന്ന് പറയുകയാണ് ടോബി മാഗ്വെയർ. ‘ഓരോ തവണ ടേക്ക് എടുക്കുമ്പോഴും എന്നെ സംബന്ധിച്ച് അത് വെല്ലുവിളി നിറഞ്ഞതായിരുന്നു, ശ്വാസം എടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു.

ഡേവിഡ് കോപ്പിൻ്റെ തിരക്കഥയിൽ നിന്ന് സാം റൈമി സംവിധാനം ചെയ്ത , റൈമിയുടെ സ്‌പൈഡർ മാൻ ട്രൈലോജിയിലെ ആദ്യ ഭാഗമാണ് 2002 ൽ പുറത്തിറങ്ങിയത്. കൊളംബിയ പിക്‌ചേഴ്‌സ് മാർവൽ എൻ്റർപ്രൈസസും ലോറ സിസ്‌കിൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വില്ലെം ഡാഫോ , കിർസ്റ്റൺ ഡൺസ്റ്റ് , ജെയിംസ് ഫ്രാങ്കോ , ക്ലിഫ് റോബർട്ട്‌സൺ , റോസ്മേരി ഹാരിസ് എന്നിവരോടൊപ്പം ടോബി മാഗ്വയറാണ് പ്രധാന കഥാപാത്രമായ സ്‌പൈഡർമാനായി അവതരിച്ചത്. സ്പൈഡർമാന് ഏറെ ആരാധകരെ സൃഷ്ടിച്ചെടുത്ത വർഷം കൂടിയായിരുന്നു 2002 .

Share on

മറ്റുവാര്‍ത്തകള്‍