UPDATES

റസ്റ്റൊറന്റ് ജീവനക്കാരനെ ‘നഗ്നനാക്കി കസേരയില്‍ ബന്ധിച്ച് വായില്‍ ആപ്പിളും മലദ്വാരത്തില്‍ കാരറ്റും തിരുകി കയറ്റി’; ലോക പ്രശസ്ത ഷെഫിനെതിരേ അന്വേഷണം

മിഷേലിന്‍ സ്റ്റാര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഒറേലിയന്‍ ലാര്‍ജോയ്‌ക്കെതിരേയാണ് ആരോപണം

                       

ഒരു ഫ്രഞ്ച് ആഢംബര ഹോട്ടലിലെ റസ്റ്റൊറന്റിന്റെ അടുക്കളയില്‍ നടന്നെന്ന് പറയുന്ന ‘ റാഗിംഗ്’ ലോക പ്രശസ്തനായൊരു ഷെഫിനെ പ്രതി കൂട്ടിലാക്കിയിരിക്കുന്നു. മികച്ച ഷെഫുകള്‍ക്ക് ലഭിക്കുന്ന ആഗോള ബഹുമതിയായ മിഷേലിന്‍ സ്റ്റാര്‍ പുരസ്‌കാരം നേടിയിട്ടുള്ള ഓറേലിയാന്‍ ലാര്‍ജ്യുവിനെതിരെയാണ്‌ ആരോപണം.

ഒരു അടുക്കള സഹായിയെ(കമ്മിസ് ഷെഫ്) നഗ്നനാക്കി കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് ലാര്‍ജോയ്‌ക്കെതിരെയുള്ള പരാതി. ലൈംഗിക-ശാരീരിക പീഡനങ്ങള്‍ നടന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരിക്കുന്നത്.

ഫ്രാന്‍സിന്റെ തെക്ക്-പടിഞ്ഞാറന്‍ കടലോര മേഖലയായ ബിയാറിട്‌സില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ ഡു പാലെ (പാലസ്) എന്ന അത്യാഢംബര ഹോട്ടലില്‍ റസ്റ്റൊറന്റ് നടത്തി വരികയായിരുന്നു ലാര്‍ജോ. ഇവിടേക്ക് പുതിയതായി ജോലിക്കെത്തിയ ജീവനക്കാരനെയാണ് നഗ്നനാക്കിയശേഷ ഒരു കസേരയില്‍ ബന്ധിക്കുകയും ഇയാളുടെ വായില്‍ ഒരു അപ്പിളും മലദ്വാരത്തില്‍ ഒരു കാരറ്റും തിരുകി കയറ്റി മണിക്കൂറോളം പീഡനത്തിന് ഇരയാക്കിയതായി പരാതിയുള്ളത്. ഇയാളെ ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കുമ്പോള്‍ ലാര്‍ജ്യു  ഉള്‍പ്പെടെയുള്ള ഷെഫുമാര്‍ ചുറ്റിലമുണ്ടായിരുന്നുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോളേജുകളിലും മറ്റും നടക്കാറുള്ള റാഗിംഗിന് സമാനമായൊരു ക്രൂരതയാണ് ലാര്‍ജോയുടെ റസ്റ്റൊറന്റിലേക്ക് പുതുമുഖമായി എത്തിയ ജീവനക്കാരന് നേരിടേണ്ടി വന്നത്. ഹേസിംഗ്(hazing-english) അഥവ ബിസുറ്റാജ്(bizutage-french) എന്ന ഈ ക്രൂരത ഫ്രാന്‍സില്‍ നിയമപരമായി നിരോധിച്ചതാണ്. ലാര്‍ജോയുടെ റസ്റ്റൊറന്റില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ തന്നെ ഈ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. പൊലീസ് ഇപ്പോള്‍ ആ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

പാചക ശാസ്ത്രത്തിലെ അത്ഭുതപ്രതിഭയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷെഫ് ആണ് ഓറേലിയാന്‍ ലാര്‍ജ്യു. ഒരു രാത്രിക്ക് ശരാശരി മുപ്പത്താറായിരത്തിന് മുകളില്‍(400 യൂറോ) ചാര്‍ജ് ഈടാക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് ഡു പാലെ. ഇവിടെ 2020 മുതലാണ് ലാര്‍ജ്യു റെസ്റ്റൊറന്റ് നടത്തി വരുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് മിഷേലിന്‍ സ്റ്റാര്‍ ബഹുമതി ലഭിക്കുന്നത്.

തനിക്കെതിരേ വന്നിരിക്കുന്ന ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയാണ് ലാര്‍ജ്യു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള തെറ്റായ ആരോപണങ്ങള്‍ എന്നായിരുന്നു മാസ്റ്റര്‍ ഷെഫിന്റെ പ്രതികരണം. യഥാര്‍ത്ഥ്യം ഒരുതരത്തിലും പ്രതിഫലിക്കാത്ത കഥകളാണ് തനിക്കെതിരേ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വരുന്നതെന്നാണ് ഫ്രാന്‍സ് ബ്ലൂ റേഡിയോയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ലാര്‍ജ്യു  പരാതിപ്പെടുന്നത്. തന്റെ പേരും പ്രശസ്തിയും നശിപ്പിക്കാനുള്ള തന്ത്രമായും ആരോപണങ്ങളെ ലാര്‍ജ്യു ചൂണ്ടിക്കാട്ടുന്നു.

അതേസമയം ലാര്‍ജ്യു റസ്റ്ററന്റ് നടത്തിപ്പ് ഒഴിഞ്ഞുവെന്ന കാര്യം ഹോട്ടല്‍ ഉടമകളായ ഹ്യാട്ട് ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 21 ന് ലാര്‍ജ്യുവുമായുണ്ടായിരുന്ന കരാര്‍ അവസാനിച്ചെന്നാണ് ഹോട്ടല്‍ ഗ്രൂപ്പ് പറയുന്നത്. ഇത്തരമൊരു കാര്യം തങ്ങളുടെ ഹോട്ടലില്‍ നടന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ഹ്യാട്ട് ഗ്രൂപ്പിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍