UPDATES

ഫുട്‌ബോള്‍ ലോകത്തെ അടിമക്കച്ചവടം

ചെല്‍സി മുന്‍ ഉടമ അബ്രമോവിച്ചും സൂപ്പര്‍താരങ്ങളുടെ ഏജന്റും യുവതാരങ്ങളെ വഞ്ചിച്ചതിന്റ ഞെട്ടിക്കുന്ന വിവരങ്ങള്‍-ഒസിസിആര്‍പി അന്വേഷണ റിപ്പോര്‍ട്ട്

                       

കളിക്കളത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ അളവ് വളരെ പ്രധാനപ്പെട്ട ഒന്നാണ്. സാഹചര്യങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമൊത്ത് കാലുകള്‍ ചലിപ്പിച്ചാല്‍ മാത്രമേ ഗോള്‍ വല കുലുക്കാന്‍ ഒരു കാല്‍പന്ത് കളിക്കാരന് സാധിക്കുകയുള്ളു. എന്നാല്‍ കഴിവ് മാത്രം അടിസ്ഥാനമാക്കിയുള്ള ഈ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ വര ചിലര്‍ ചതിയിലൂടെ മാറ്റി വരച്ചാലോ? അദൃശ്യമായിരുന്നുകൊണ്ട് ആരൊക്കെയോ ചേര്‍ന്ന് ചലിപ്പിക്കുന്ന കഥയിലെ കളിപ്പാവകളായി തീര്‍ന്നവര്‍. ആവേശത്തിന്റെയും അഭിനിവേശത്തിന്റെയും കളിയായ കാല്‍പ്പന്തുകളിയിലെ വലിയ ചതിയുടെ ചുരുളഴിച്ചിരിക്കുകയാണ് ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്റ്റ്).

ഫിഫ നിരോധിച്ച ടി പി ഒ കരാറുകള്‍(തേര്‍ഡ് പാര്‍ട്ടി ഓണര്‍ഷിപ്പ്) വഴി പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ മുന്‍ ഉടമ റോമന്‍ അബ്രമോവിച്ച് ഒന്നിലധികം യുവ ഫുട്‌ബോള്‍ കളിക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ തട്ടിപ്പിലൂടെ സ്വന്തമാക്കുകയും അധിക ലാഭം ഉണ്ടാക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

സ്ലൊവേനിയന്‍ ഫുട്‌ബോള്‍ താരമായ എമിര്‍ ഡൗട്ടോവിച്ച് ഒരു കാലത്ത് തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളില്‍ ഒന്നായിരുന്നു. 2012 ല്‍ വെറും 16 വയസ്സുള്ളപ്പോഴാണ് അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ പരിശീലനത്തിന് ക്ഷണിക്കപ്പെടുന്നത്. മാഞ്ചസ്റ്ററിലെ ഭാഗ്യപരീക്ഷണത്തിന് ശേഷം, എന്‍ കെ മാരിബോറിന്റെ(ഫുട്‌ബോള്‍ ക്ലബ്) സ്പോര്‍ട്സ് ഡയറക്ടറുമായി ഒരു മീറ്റിംഗിനായി എമിറിനെ കൊണ്ടുപോയി. തന്റെ ഫുട്‌ബോള്‍ ഭാവിയുടെ വിധി തന്നെ മാറ്റിക്കുറിക്കാന്‍ പോന്നതായിരിക്കൂം ആ കൂടിക്കാഴ്ച്ചയെന്ന് എമിര്‍ കരുതി.

2000 മുതല്‍ തന്നെ പല സൂപ്പര്‍ താരങ്ങളെയും പ്രതിനിധികരിച്ചിട്ടുള്ള പിനി സാവി, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി എഫ് സിയുടെ ഉടമയായ റഷ്യന്‍ വംശജനായ റോമന്‍ അബ്രമോവിച്ചുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. പിനി സാവിയുടെ ബന്ധമൂലം ഉടന്‍ തന്നെ റോമന്‍ അബ്രമോവിച്ചിന്റെ ഗ്ലാമറസ് ടീമിലേക്ക് താന്‍ തെരെഞ്ഞെടുക്കുമെന്നായിരുന്നു എമിര്‍ സ്വപ്നം കണ്ടിരുന്നത്.

പിനി സാവിയുടെ പ്രതിനിധി വച്ച് നീട്ടിയ കരാറില്‍ എമിറും അദ്ദേഹത്തിന്റെ പിതാവും മാതാവും ഒപ്പം എന്‍ മാരിബോര്‍ ഡയറക്ടറും ഒപ്പു വെക്കുമ്പോള്‍ ഒറ്റ രാത്രി കൊണ്ടുള്ള ഒരു പറിച്ചു നടലാണ് എമിര്‍ പ്രതീക്ഷിച്ചിരുന്നത്. ആ കരാര്‍ തന്റെ ജീവിതത്തിലെ വഴിത്തിരിവായിരിക്കും എന്നാണ് എമിറും കരുതിയിരുന്നത്.

എമിറിന്റെ പിതാവിന് ഈ കരാറിനെ പറ്റി സംശയങ്ങളുണ്ടായിരുന്നുവെങ്കിലും സ്‌പോര്‍ട്‌സ് ഡയറക്ടറുടെ നിര്‍ബന്ധത്തിന് അദ്ദേഹവും വഴങ്ങുകയായിരുന്നു. നിങ്ങള്‍ ഇപ്പോള്‍ ഒപ്പിട്ടില്ലങ്കില്‍ പിന്നെ ഒരിക്കലും നിങ്ങള്‍ക്ക് അതിന് സാധിക്കുകയില്ലെന്നാണ് ഡയറക്ടര്‍ അവരോട് പറഞ്ഞത്.

‘ഇതേ രീതിയില്‍ പല പേപ്പറുകളിലും അവര്‍ പറഞ്ഞത് പ്രകാരം ഞാന്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. സത്യത്തില്‍ എന്റെ കരിയറിലെ വലിയ കുതിപ്പ് ആയിരുന്നെന്നാണ് ആ സമയത്ത് എന്റെ വിചാരം. ആ സമയത്ത് എനിക്ക് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമായിരുന്നു പിനി സാവി എന്റെ ഏജന്റായി മാറുക എന്നത്. പക്ഷെ ഞാന്‍ ഒപ്പിട്ടു നല്‍കിയ കരാര്‍ ചെല്‍സിയുമായോ മറ്റേതെങ്കിലും ഫുട്‌ബോള്‍ ക്ലബുമായോ ആയിരുന്നില്ല. പകരം, അബ്രമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സ് ആസ്ഥാനമായുള്ള ഒരു കമ്പനിയായ ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡിനാണ് എന്റെ ഭാവി വാഗ്ദാനം ചെയ്യപ്പെട്ടത’്-എമിര്‍ ഒസിസിആര്‍പിയോടു പറഞ്ഞു.

എമിറിന്റെ കരാര്‍ കൈമാറുന്നതിന് എന്‍ കെ മാരിബോറിന് ഒരു ദശലക്ഷം യൂറോ നല്‍കണമെന്ന ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സ് സമ്മതപ്രകാരമാണ് ഈ കരാര്‍ നടന്നത്. അബ്രമോവിച്ചിന്റെ ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സുമായുള്ള എമിര്‍ ഡൗട്ടോവിച്ചിന്റെ കരാര്‍ ഒരു തേര്‍ഡ് പാര്‍ട്ടി ഓണര്‍ ഷിപ് (TPO) ആയിരുന്നു. ഈ കരാറില്‍ ഒപ്പ് വാക്കുന്നതിലൂടെ ഒരു കായിക താരം അവരുടെ സാമ്പത്തിക അവകാശങ്ങള്‍ കരാര്‍ ഒപ്പിട്ട കമ്പനിക്ക് നല്‍കുന്നു. അത് വഴി ആ വ്യക്തി എത്ര സമ്പാദിക്കണമെന്നും എവിടെ മത്സരിക്കണമെന്നും ഉടമക്ക് നിശ്ചയിക്കാനാകും. 2007-ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും 2015 ന്റെ തുടക്കത്തില്‍ ഫിഫയും ഇത്തരത്തിലുള്ള ടി പി ഒ-കളെ നിരോധിച്ചിട്ടുണ്ട്. യുവേഫ ജനറല്‍ സെക്രട്ടറി ജിയാനി ഇന്‍ഫാന്റിനോ ടി പി ഒ-യെ ആധുനിക അടിമത്തമായി ഉപമിച്ചിരുന്നു.

ഏറ്റവും പുതിയതായി പുറത്തു വന്ന രേഖകള്‍ പ്രകാരം റോമന്‍ അബ്രമോവിച്ചും പിനി സാവിയും ചേര്‍ന്ന് നിരവധി കായിക താരങ്ങളെയാണ് ഇത്തത്തില്‍ കബളിപ്പിച്ചിരിക്കുന്നത്. 18 വയസിനു താഴെയുള്ള നിരവധി പേരുടെ ട്രാന്‍ഫര്‍ ഫീസില്‍ നിന്ന് പണം സമ്പാദിക്കുകയും അവരുടെ കഠിനാദ്ധ്വാനത്തില്‍ നിന്ന് അനധികൃതമായി വന്‍ സാമ്പത്തിക ലാഭം നേടിയതായും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒസി സി ര്‍ പി യും അവരുടെ അന്താരാഷ്ട്ര മാധ്യമ പങ്കാളികളും അബ്രമോവിച്ചിന്റെ ഓഫ്ഷോര്‍ കമ്പനികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എമിര്‍ മാത്രമാണ് സംസാരിക്കാന്‍ തയ്യാറായ ഏക വ്യക്തി. സൈപ്രിയറ്റ് കോര്‍പ്പറേറ്റിന്റെ കീഴിലുള്ള മെറിറ്റ് സര്‍വീസില്‍ നിന്നാണ് ഇതിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകളുടെയും (ഐസിഐജെ) പേപ്പര്‍ ട്രയല്‍ മീഡിയയുടെയും നേതൃത്വത്തിലുള്ള ആഗോള അന്വേഷണ സഹകരണമായ സൈപ്രസ് കോണ്‍ഫിഡന്‍ഷ്യലിന്റെ ഭാഗമാണ് ഈ അന്വേഷണം.

പുത്ത് വന്ന വിവരങ്ങളെ പറ്റിയുള്ള ചോദ്യങ്ങളോട് അബ്രമോവിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല. പിനി സാവിയാകട്ടെ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു. മുന്‍കാലങ്ങളിലുണ്ടായിരുന്ന കളിക്കാരുമായുള്ള കരാറുകളെ പറ്റി പ്രതികരിക്കാന്‍ കഴിയില്ലെന്നും, ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സുമായി എമിര്‍ ഡൗട്ടോവിച്ച് കരാറില്‍ ഒപ്പുവച്ച സമയത്തെ ട്രാന്‍സ്ഫര്‍ പോളിസി, റിക്രൂട്ട്മെന്റ്, സ്പോര്‍ട്സ് കാര്യങ്ങള്‍ എന്നിവയുടെ മേല്‍നോട്ടമുണ്ടായിരുന്ന വ്യക്തികള്‍ ക്ലബ് വിട്ട് പോയെന്നും എന്‍ കെ മാരിബോര്‍ പറഞ്ഞു. പിനി സാവിയുടെ ആരോപണ വിധേയനായ പ്രതിനിധി ഇത് വരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പൂര്‍ത്തീകരിക്കപ്പെടാത്ത വാഗ്ദാനം

2000-കളില്‍, കായികലോകവുമായി മികച്ച ബന്ധമുണ്ടായിരുന്ന സാവി ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള കായിക താരങ്ങളുടെ ഏജന്റ് ആയിരുന്നു. 2003-ല്‍ അബ്രമോവിച്ചിന്റെ ചെല്‍സി എഫ്സി ഏറ്റെടുക്കാന്‍ സാവി സഹായിച്ചതായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ലീസ്റ്റണ്‍ ഹോള്‍ഡിംഗ്സിനായി പിനി സാവി കളിക്കാരെ തേടിയതിനാല്‍ വര്‍ഷങ്ങളോളം അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതായി പുറത്തുവന്ന രേഖകള്‍ വ്യക്തമാകുന്നുണ്ട്. സൂപ്പര്‍ ഏജന്റ് എന്ന് അറിയപ്പെട്ടിരുന്ന സാവി ബ്രസീലിയന്‍ ഫോര്‍വേഡ് ആയ നെയ്മറെ ബാഴ്സലോണയില്‍ നിന്ന് പാരീസ് സെന്റ് ജെര്‍മെയ്നിലേക്ക് കൊണ്ടുപോയ 222 ദശലക്ഷം യൂറോ ഇടപാട് സാവിയെ 2017 ഒട്ടുമിക്ക റിപ്പോര്‍ട്ടുകളിലും ഇടം പിടിച്ചിരുന്നു.

അബ്രോമോവിച്ച് ചെല്‍സി വാങ്ങിയതിന് ശേഷവും സാവി സൂപ്പര്‍ താരങ്ങളെ കൊണ്ടുവന്നത് തുടര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ക്ലബ് അതിന്റെ ആദ്യത്തെ ഇംഗ്ലീഷ് പ്രീമിയര്‍ കപ്പ് സ്വന്തമാക്കി. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന രേഖകള്‍ സാവിയും ലീസ്റ്റണ്‍ ഹോള്‍ഡിംഗ്സും തമ്മിലുള്ള സാമ്പത്തിക കരാറുകളിലേക്കും വിരല്‍ ചൂണ്ടുന്നു.

2011 ലെ ‘കളിക്കാരുടെ നിക്ഷേപ കരാറിന്റെ’ നിബന്ധനകള്‍ പ്രകാരം, സാവി ശുപാര്‍ശ ചെയ്ത കളിക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ കൈക്കലാക്കാന്‍ ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്‌സ് 10 ദശലക്ഷം യൂറോ നല്‍കും. വില്‍പ്പനയുടെ ലാഭത്തില്‍ സാവിക്ക് പങ്കുചേരാം അല്ലെങ്കില്‍ ഒരു കമ്മീഷന്‍ നേടാം.

പിനി സാവിയുമായുള്ള ബന്ധം പല മുന്‍ നിര കളിക്കാരുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചതായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ടി പി ഒ കരാറില്‍ ഒപ്പു വച്ച പല കളിക്കാരും എലൈറ്റ് യൂറോപ്യന്‍ ഗെയിമിന്റെ സമ്പത്തില്‍ നിന്നും ഗ്ലാമറില്‍ നിന്നും ഒരു പാട് അകലെയാണ്. ചോര്‍ന്ന സൈപ്രസ് കോണ്‍ഫിഡന്‍ഷ്യല്‍ ഫയലുകളില്‍ കാമറൂണിയന്‍ താരം ഗെയ്ല്‍ എറ്റോക്കിന്റെ സ്‌കാന്‍ ചെയ്ത കത്തുകളും ഉള്‍പ്പെടുന്നുണ്ട്. 2011 ല്‍ ലീസ്റ്റണ്‍ ഹോള്‍ഡിംഗ്സുമായി സൈന്‍ അപ്പ് ചെയ്യുന്നതിന് മുമ്പ്, അദ്ദേഹത്തിന് 18 വയസ്സ് മാത്രമായിരുന്നു പ്രായം.ടി പി ഓ കരാറില്‍ ഒപ്പിട്ട് ആറു മാസങ്ങള്‍ക്ക് ശേഷം ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സ് ഒരു സീസണില്‍ അദ്ദേഹത്തിന് വെറും 25,000 യൂറോ മാത്രമാണ് നല്‍കിയത്. 2014 ജനുവരിയില്‍, ബെല്‍ജിയത്തില്‍ സര്‍ക്കിള്‍ ബര്‍രോഗിനായി കളിക്കുമ്പോള്‍ ഗെയ്ല്‍ എറ്റോക്ക് സാവിയില്‍ നിന്ന് തന്റെ ശമ്പളത്തിന്റെ 5,000-യൂറോ അഡ്വാന്‍സ് ആവശ്യപ്പെട്ടതായി കാണിക്കുന്നുണ്ട്. പിന്നീട് ഓരോ സീസണിലും അത് 50,000 യൂറോ ആയി വര്‍ദ്ധിച്ചു. എന്നിരുന്നാലും ഇവര്‍ രണ്ടുപേരുമായുള്ള തന്റെ ഇടപാടുകള്‍ വ്യക്തമാക്കാന്‍ ഗെയ്ല്‍ തയ്യാറല്ല.

സാധ്യമായ നിയമ ലംഘനങ്ങള്‍

അബ്രമോവിച്ചിന്റെ ടി പി ഒ ക്രമീകരണങ്ങള്‍ രണ്ട് തരത്തില്‍ ഫിഫയുടെ നിയമങ്ങള്‍ ലംഘിച്ചിരിക്കാമെന്ന് പുറത്തു വന്നിരിക്കുന്ന രേഖകള്‍ സൂചിപ്പിക്കുന്നു. 2015-ല്‍ ഫിഫ ടി പി ഒ ഡീലുകള്‍ നിയമവിരുദ്ധമാക്കിയിരുന്നു, നിലവിലുള്ള കരാറുകള്‍ കാലഹരണപ്പെടുന്നതുവരെയോ അല്ലെങ്കില്‍ പുതിയൊരു ക്ലബ്ബിലേക്ക് മാറ്റുന്നത് വരെയോ മാത്രമേ നിലവിലുള്ള ടി പി ഒ കരാറുകള്‍ നിലനില്‍ക്കുകയുള്ളു. ഓരോ ട്രാന്‍സ്ഫറിനും ആ ക്ലബും കളിക്കാരനും തമ്മില്‍ പുതിയ കരാര്‍ ആവശ്യമാണ്, അത് പഴയ ടി പി ഒ കരാറിന് പകരമാണ്. അതിനാല്‍ തന്നെ 2015 ശേഷം ഒരു തവണ മാത്രമേ മൂന്നാം കക്ഷി ഉടമസ്ഥന് അവരുടെ കളിക്കാരെ വില്‍ക്കാന്‍ സാധിക്കുകയുള്ളു.

പക്ഷെ അബ്രമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ബാലന്‍സ് ഷീറ്റുകള്‍ മറ്റൊരു കഥയാണ് പറയുന്നത്. ഫിഫയുടെ വിലക്ക് പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഒന്നിലധികം തവണ അവര്‍ രണ്ട് കളിക്കാരെ ഇത്തരത്തില്‍ ടി പി ഒ-യ്ക്ക് വിധേയമാക്കിയതായി വ്യക്തമാക്കുന്നു. ഇതു വിലക്കിന്റെ ലംഘനമായി കണക്കാമെന്നു വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സ് കൂടാതെ അബ്രമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ കോണിബെയര്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെയും 2019 ലെ അവ്യക്തമായ ആസ്തികള്‍ കാണിക്കുന്ന പട്ടികയിലുള്ള 25 പേരുള്‍പ്പടെ 2015 നിരോധന കാലയളവ് കഴിഞ്ഞിട്ടും പലതവണ ട്രാന്‍സ്ഫര്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

2014 യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്കെതിരെ പോര്‍ച്ചുഗീസ് ടീമായ സ്‌പോര്‍ട്ടിംഗ് ലിസ്ബണിനായി ആന്‍ഡ്രേ കളിച്ചിരുന്നുവെന്ന് 2020 ല്‍ നിന്നുള്ള ബിബിസി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു, അബ്രമോവിച്ചിന് ആന്‍ഡ്രേയുടെ സാമ്പത്തിക ഇടപാടുകളുടെ പകുതിയും കൈവശം ഉണ്ടായിരുന്നു. 2017 ഒക്ടോബറില്‍ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ വാറ്റ്‌ഫോര്‍ഡിനായി ആന്‍ഡ്രേ കാരില്ലോ ബൂട്ടണിഞ്ഞിട്ടുണ്ടായിരുന്നു എന്നിരുന്നാലും അബ്രമോവിച്ചിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന്റെ പ്രകടനത്തെയോ ഗെയിമുകളുടെ ഫലത്തെയോ സ്വാധീനിച്ചതായോ രേഖകള്‍ ഒന്നും തന്നെയില്ല.

പുറത്ത് വന്ന ചില രേഖകള്‍ പ്രകാരം കരാറില്‍ ഒപ്പു വച്ചതാരങ്ങളുടെ കൈമാറ്റത്തെ സ്വാധീനിക്കാന്‍ അബ്രമോവിച്ചിന്റെ ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സിന് അധികാരം നല്‍കുന്നവയാണ്. ഇത്തരം കരാറുകള്‍ ഫിഫ 2008 ല്‍ നടപ്പിലാക്കിയ ഫുട്‌ബോള്‍ ക്ലബുകള്‍ കളിക്കാരുടെ മേലുള്ള തങ്ങളുടെ ടി പി ഐ (തേര്‍ഡ് പാര്‍ട്ടി ഇന്‍ഫ്‌ളുവെന്‍സ്) തടയുന്നതാണ്. എന്നാല്‍ ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സിന് ഫിഫ ഈ നിയം കൊണ്ടുവന്നതിനു ശേഷവും അനധികൃതമായി ഇത് തുടര്‍ന്നിരുന്നതായി വെളിവാക്കുന്നു. കരാറുകളില്‍ ഇത്തരം ക്‌ളോസുകള്‍ വയ്ക്കുന്നത് ഫിഫയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ നിയമങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സിന് കളിക്കാരുടെ ക്ലബ് മാറ്റങ്ങളില്‍ പൂര്‍ണ അധികാരം ഉണ്ടായിരിക്കും എന്ന ഉടമ്പടി എഴുതി ചേര്‍ത്തിരിക്കുന്നത്.

ഇതേ ക്‌ളോസുകള്‍ക്കൊപ്പം ആന്‍ഡ്രെ കാരില്ലോയുടെ അവകാശങ്ങളെ ബന്ധപ്പെട്ടുള്ള സ്പോര്‍ട്ടിംഗ് ലിസ്ബണും ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്‌സും തമ്മിലുള്ള 2011 ലെ കരാറില്‍ ട്രാന്‍ഫര്‍ ഓഫറായി ആയി ക്ലബ്ബ് ആറ് മില്യണ്‍ ഡോളര്‍ സ്വീകരിക്കണമെന്നും ഈ ഓഫര്‍ ക്ലബ്ബ് നിരസിക്കുകയാണെങ്കില്‍ ഓഫര്‍ ചെയ്തിരിക്കുന്ന തുകയുടെ 45 ശതമാനം ലീസ്റ്റണ്‍ ഹോള്‍ഡിംഗിന് നല്‍കേണ്ടതായി വരുമെന്നും വ്യവസ്ഥ വച്ചിരിക്കുന്നു. ഈ ക്ലോസ് പ്രകാരം ആന്‍ഡ്രേ കാരില്ലോയുടെ പ്ലേയര്‍ രജിസ്‌ട്രേഷന്റെ പൂര്‍ണ നിയന്ത്രണം ക്ലബ്ബിനു ലഭിക്കും.

2012-ല്‍ സ്ലോവേനിയയില്‍ തിരിച്ചെത്തിയ എമിര്‍ ഡൗട്ടോവിച്ച് സാവി തന്റെ പ്രതിനിധിയാകാനുള്ള കരാറിലാണ് ഒപ്പ് വച്ചത് എന്നാണ് വിശ്വസിച്ചിരുന്നത്. ഈ കരാര്‍ തന്നെ താരപദവിയിലേക്ക് നയിക്കുമെന്നും കരുതി യഥാര്‍ത്ഥത്തില്‍ എമിര്‍ അപ്പോഴേക്കും ലെയ്സ്റ്റണ്‍ ഹോള്‍ഡിംഗ്സിന്റേതായി കഴിഞ്ഞിരുന്നു. അദേഹം എവിടെ കളിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുണ്ടായിരുന്നു.

ഒ സി സി ആര്‍ പി യുടെ അന്താരാഷ്ട്ര മാധ്യമ പങ്കാളികള്‍ ലീസ്റ്റണ്‍ ഹോള്‍ഡിംഗ്സ് എന്ന കമ്പനിയെ പറ്റി ചോദിക്കുന്നത് വരെയും അദ്ദേഹത്തിന് എമിര്‍ ഡൗട്ടോവിച്ചിന് അത് അബ്രമോവിച്ചിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്നോ അതിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ചോ അറിവില്ലായിരുന്നു.

ഞാന്‍ ചെന്നുപെട്ട ചതിയുടെ കണക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നോട് പറയുന്നതുവരെ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ റോമന്‍ അബ്രമോവിച്ചിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നത് എന്ന്. ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എമിര്‍ ഡൗട്ടോവിച്ച് പറയുന്നു.

താമസിയാതെ എമിറിനെ മറ്റൊരു ക്ലബ്ബിലേക്ക് മാറ്റി. അതു പക്ഷെ പ്രധാനപ്പെട്ട ഏതെങ്കിലും മത്സരത്തിലേക്കോ പ്രീമിയര്‍ ലീഗിലേക്കോ ആയിരുന്നില്ല, പകരം സെര്‍ബിയയിലെ ഒ എഫ് കെ ബിയോഗ്രാഡ് ക്ലബ്ബിലേക്ക് ആയിരുന്നു. ഈ ക്ലബ്ബ് മാറ്റത്തില്‍ എമിറിനു യാതൊരു അഭിപ്രായവുമില്ലായിരുന്നു എന്നാണ് വസ്തുത. അതിനു തൊട്ട് പിന്നാലെ എമിറിനെ വീണ്ടും ബെല്‍ജിയം ക്ലബ്ബായ മൗസ്‌ക്രോണിലേക്ക് മാറ്റി. ഇത്തവണയും തന്നോട് ഒന്ന് ചോദിക്കുക കൂടെ ചെയ്യാതെയാണ് മാറ്റിയതെന്ന് എമിര്‍ പറഞ്ഞത്.

ഇത്രയൊക്കെ കഷ്ടപെട്ടിട്ടും എമിറിന്റെ കരിയര്‍ ഒരിക്കലും മുകളിലേക്ക് ഉയര്‍ന്നില്ല. അതിനു കാരണമായി 2012-ല്‍ തനിക്കുണ്ടായ പരിക്കിനെ ഭാഗികമായി അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്. എങ്കിലും അറിയാതെ ചെന്നുപെട്ട ചതി മൂലം അയാളുടെ കരിയര്‍ പൂര്‍ണമായും നിറം കെട്ട് പോകുകയായിരുന്നു. ‘എന്നെ ഒരു വില്പന ചരക്കായി അവര്‍ ഉപയോഗിച്ചു’ എമിര്‍ പറയുന്നു.

ഒസിസിആര്‍പി മാധ്യമപ്രവര്‍ത്തകരായ ടോം സ്‌റ്റോക്‌സ്, പീറ്റ് ജോന്‍സ് എന്നിവരാണ് ഈ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒസിസിആര്‍പി ചെയ്ത ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. പ്രസ്തുത റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷയാണ് അനുമതിയോടു കൂടി അഴിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍