UPDATES

ലോകത്തെ അമ്പരിപ്പിക്കാന്‍ വീണ്ടുമൊരു അംബാനി കല്യാണം

ബില്‍ ഗേറ്റ്‌സും സക്കര്‍ബര്‍ഗും മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെ അതിഥികള്‍, 2,500 വിഭവങ്ങള്‍, മൂന്നു ദിവസം നീളുന്ന പ്രീ-വെഡ്ഡിംഗ് പാര്‍ട്ടി

                       

അംബാനി കുടുംബം മറ്റൊരു വിവാഹത്തിന് കൂടി ഒരുങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം കല്യാണം എന്നത് വെറുമൊരു ആഘോഷം മാത്രമല്ല, ലോകത്തിലെ സഹസ്രകോടീശ്വരന്മാര്‍ തൊട്ട് ഇന്ത്യയിലെ സാധാരണക്കാരായവരെ കൂടി അമ്പരപ്പിക്കുന്നതിനായി രൂപ കല്പന ചെയ്ത ഒരു ഉപാധി കൂടിയയാണ്.

2018-ലാണ് രാജ്യം കണ്ട ഏറ്റവും ആഢംബരപൂര്‍വ്വമായ വിവാഹമായി മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹം നടത്തിയത്. 800 കോടിക്കു മുകളിലായിരുന്നു ചെലവ്. അംബാനി കുടുംബം വീണ്ടുമൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോള്‍ ഇത്തവണത്തെ ആഘോഷങ്ങള്‍ എങ്ങനെ ആയിരിക്കും എന്നത് കൗതുകം ഉണര്‍ത്തുന്ന കാര്യമാണ്. മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിയാണ് വിവാഹിതനാകാന്‍ പോകുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ എന്‍കോര്‍ ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനും സിഇഒ-യുമായ വീരന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റ് ആണ് വധു. ഡി എന്‍ എയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍കോര്‍ ഹെല്‍ത്ത്കെയര്‍ കമ്പനിയുടെ മൂല്യം ഏകദേശം 2,000 കോടി രൂപ (ഏകദേശം 280 ദശലക്ഷം ഡോളര്‍) ആണ്.

ഫോബ്സ് മാസിക പുറത്ത് വിട്ട ലോകത്തിലെ ധനികരുടെ പട്ടിക പ്രകാരം, തുണിത്തരങ്ങള്‍ മുതല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങി ഭൂരിഭാഗം മേഖലകളിലും ആധിപത്യമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി 112 ബില്യണ്‍ ഡോളര്‍ (81.4 ലക്ഷം കോടി ഇന്ത്യന്‍ രൂപ ) ആസ്തിയുള്ള ഏഷ്യയിലെ ഏറ്റവും വലിയ ധനികനാണ്. മുംബൈയില്‍ 27 നിലകളിലായി സമാനതകളില്ലാത്ത സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ആന്റിലിയ എന്ന അംബാനിയുടെ വീട്, ലോകത്തിലെ ഏറ്റവും ചെലവേറിയ വസ്തുവായി ഫോര്‍ബ്സിന്റെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. നിലവില്‍ 15,000 കോടി രൂപയില്‍ അധികമാണ് ആന്റിലിയയുടെ വിലമതിപ്പ്. ജൂലൈ മാസത്തില്‍ ആയിരിക്കും സമ്പന്ന കുടുംബങ്ങള്‍ ഒന്നിക്കുന്ന ആഡംബര വിവാഹം നടക്കുക എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

വിവാഹത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന മൂന്ന് ദിവസം നീണ്ട പ്രീ-വെഡിംഗ് ആഘോഷം അത്യാഢംബരത്തിന് ഒരു കുറവും വരുത്തില്ല എന്നാണ് ലഭിക്കുന്ന സൂചന.

ഗുജറാത്തിലെ ജാംനഗറിലെ 3,000 ഏക്കറിലുള്ള പൂന്തോട്ടത്തിലായിരിക്കും ചടങ്ങ് ഒരുക്കുന്നത്. പുള്ളിപ്പുലി, കടുവ, സിംഹം എന്നിവയുള്‍പ്പെടെ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള 2,000 -ത്തോളം മൃഗങ്ങളെ സംരക്ഷിക്കുന്ന അംബാനിയുടെ മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. റിലയന്‍സിന്റെ ഊര്‍ജ ബിസിനസുകളുടെയും ഗ്രീന്‍ എനര്‍ജിയിലെ ആഗോള പ്രവര്‍ത്തനങ്ങളുടെയും തലവനും ആനന്ദ് അംബാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2035- ഓടെ നെറ്റ് സീറോ എമിഷന്‍ കൈവരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഇവാങ്ക ട്രംപ് എന്നിവരുള്‍പ്പെടെയുള്ളവരും, ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെ അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ആയിരം അതിഥികളാണ് ചടങ്ങിന് ക്ഷണിക്കപ്പെട്ടിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. മാന്ത്രികനായ ഡേവിഡ് ബ്ലെയ്നൊപ്പം ബാര്‍ബഡിയേന്‍ ഗായികയും ഗാനരചയിതാവുമായ റിയാനയും സ്റ്റാര്‍ പെര്‍ഫോമറായി ചടങ്ങിന് മാറ്റ് കൂട്ടാന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്.

മൂന്ന് ദിവസം കൊണ്ട് 2,500 ലേറെ വിഭവങ്ങള്‍ ഇവിടെ തയ്യാറാക്കപ്പെടുമെന്നാണ് കരുതുന്നത്. ഒരു തവണ തയ്യാറാക്കിയ വിഭവം പിന്നീട് ആവര്‍ത്തിക്കില്ല. പുതിയ വിഭവങ്ങളായിരിക്കും ഓരോ ദിവസവും അതിഥികളുടെ മുമ്പില്‍ എത്തുക. 25ലധികം വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തിലാണ് ചടങ്ങില്‍ ഭക്ഷണമൊരുങ്ങുന്നത്. പ്രഭാത ഭക്ഷണത്തിന് തന്നെ എഴുപതോളം വ്യത്യസ്ത വിഭവങ്ങളുടെ മെനു ഉണ്ടായിരിക്കും.

അംബാനി കുടുംബത്തിന്റേതിന് സമാനമായി വിവാഹം നടത്തുവാന്‍ പലര്‍ക്കും സാധിക്കില്ലെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം വിവാഹങ്ങളും ആര്‍ഭാടപൂര്‍വം തന്നെയാണ് നടക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഓരോ വര്‍ഷവും 600 കോടിക്കു മുകളിലാണ് ഇന്ത്യയില്‍ കല്യാണങ്ങള്‍ക്കായി ചെലവഴിക്കുന്നത്. വിവാഹവും തുടര്‍ന്നുള്ള ആഘോഷവും ഇന്ത്യയിലെ നാലാമത്തെ വലിയ വ്യവസായമാണ്.

Share on

മറ്റുവാര്‍ത്തകള്‍